അമേരിക്കയിലെ കൊളറാഡോയില്‍ വീട്ടുകാരെല്ലാം ഉറങ്ങിക്കിടക്കുന്ന സമയത്ത് വളര്‍ത്തുപട്ടി അബദ്ധത്തില്‍ സ്റ്റൗ ഓണ്‍ ചെയ്യുകയും അടുക്കളയ്ക്ക് തീപ്പിടിക്കുകയും ചെയ്തു. ഇരുട്ടില്‍ റോന്തു ചുറ്റാനിറങ്ങിയ പട്ടിയുടെ വികൃതിയില്‍ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

പുലര്‍ച്ചെ 4.40-ഓടെ പട്ടി അബദ്ധത്തില്‍ സ്റ്റൗ ഓണാക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെല്ലാം തീപടര്‍ന്നു. മുറിയിലെ ചൂട് കൂടിയതോടെ ആപ്പിള്‍ ഹോം അസിസ്റ്റന്റ് ഉപകരണമായ ഹോംപാഡ് അലാറം മുഴക്കി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു.

കഴിഞ്ഞമാസമാണ് ഈ സംഭവമുണ്ടായത്. പട്ടി കിച്ചണ്‍ കൗണ്ടറില്‍ കയറിനില്‍ക്കുന്നതും കാല്‍ തട്ടി പിന്നാലെ തീ ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. നിമിഷങ്ങള്‍ക്കകം സ്റ്റൗവിനു മുകളില്‍ വെച്ച ബോക്‌സുകള്‍ക്ക് തീപ്പിടിച്ചു. അടുക്കളയിലാകെ തീ പടര്‍ന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തുന്നതിനുമുമ്പേ വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നെത്തി തീയണച്ചു. ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പുക ശ്വസിച്ചതുമൂലമുള്ള ബുദ്ധിമുട്ടുകാരണം വീട്ടുടമ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മറ്റു പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.