1997 ജൂണ്‍ 13. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഉപഹാര്‍ എന്ന തിയേറ്ററില്‍ 'ബോര്‍ഡര്‍' എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ഷോ ആയതുകൊണ്ട് തന്നെ തിയേറ്റര്‍ ഹൗസ് ഫുള്ളാണ്. ഫയര്‍ എക്‌സിറ്റുകളും ഇടയ്ക്കുള്ള വാതിലുകളും അടച്ചുപൂട്ടി, സീറ്റ് വര്‍ധിപ്പിച്ചിട്ടുമുണ്ട്. ആകെയുള്ളത് ഒരൊറ്റ വാതില്‍ മാത്രം.
ആളുകളെല്ലാം സിനിമയില്‍ മുഴുകിയിരിക്കുകയാണ്. ഏകദേശം അഞ്ചുമണിയായപ്പോള്‍ തിയേറ്ററിനുള്ളിലേക്ക് കട്ടിയുള്ള പുക കടന്നുവരാന്‍ തുടങ്ങി. ബാല്‍ക്കണിയുടെ ഭാഗത്താണ് ആദ്യം പുകനിറഞ്ഞത്. പലരും ശ്വാസം കിട്ടാതെ നിലത്തുവീണു. ചിലര്‍ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ഇറങ്ങി. ആ തിക്കിലും തിരക്കിലും പെട്ട് പലരും അവിടെ തന്നെ വീണു. സമയം ചെല്ലുന്തോറും പുകനിറഞ്ഞു, ഒന്നും കാണാത്തത്ര പുക. അധികം വൈകാതെ തീപിടുത്തവും. അവരെ അവിടുന്ന് രക്ഷപ്പെടുത്താനും കഴിഞ്ഞില്ല. കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ഏഴുമണിയായപ്പോഴാണ് അഗ്നിശമനസേനയെത്തി പുക ഒരുവിധം നിയന്ത്രണത്തിലാക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാവുന്നതും അപ്പോഴാണ്. 59 പേരാണ് മരിച്ചത്. 100-ലേറെ പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഡല്‍ഹി സ്വദേശികളായ നീലവും ശേഖര്‍ കൃഷ്ണമൂര്‍ത്തിയും മക്കളായ പതിനേഴുകാരി ഉന്നതി, പതിമൂന്നുകാരന്‍ ഉജ്ജ്വല്‍ എന്നിവര്‍ക്കൊപ്പമാണ് തിയേറ്ററിലെത്തിയത്. ആ കുട്ടികളും അപകടത്തില്‍ മരിച്ചു. തങ്ങളുടെ രണ്ടുമക്കളും ദുരന്തത്തില്‍ പെട്ടപ്പോള്‍ പകച്ചുനില്‍ക്കാനേ അവര്‍ക്ക് ആദ്യം കഴിഞ്ഞുള്ളൂ.

അപകടം നടന്നതിങ്ങനെ
അന്വേഷണത്തില്‍ ദുരന്തം വന്നവഴി മനസ്സിലായി. തിയേറ്ററില്‍ ആകെ കുറച്ച് പാര്‍ക്കിങ് സ്‌പേസ് മാത്രമേയുള്ളൂ. അവിടെയാണ് തിയേറ്ററിലെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിരുന്നത്. അന്നേദിവസം അതിരാവിലെ അതിലൊന്നിന് തീ പിടിച്ചു. പെട്ടെന്ന് കണ്ടതുകൊണ്ട് തീയണക്കാനായി. ഇലക്ട്രീഷ്യന്‍ വന്ന് അത് ശരിയാക്കുകയും ചെയ്തു. തിയേറ്റര്‍ തുറക്കാന്‍ വേണ്ടി, പെട്ടെന്നുള്ള കേടുപാട് തീര്‍ക്കലായിരുന്നു. കാര്യമായൊന്നും നോക്കിയില്ല. ആ ട്രാന്‍സ്‌ഫോര്‍മറിന് വൈകുന്നേരം തീപിടിക്കുകയായിരുന്നു. അതിന്റെ പുകയാണ് തിയേറ്ററിനുള്ളിലേക്ക് കടന്നത്.
അനധികൃതമായ ഒട്ടേറെ മാറ്റങ്ങള്‍ തിയേറ്ററില്‍ വരുത്തിയിരുന്നു. സീറ്റുകള്‍ കൂട്ടുന്നതിനായി വാതിലുകളെല്ലാം അടച്ചുപൂട്ടി. ഒരേയൊരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫയര്‍ അലാം ഇല്ലാതിരുന്നതുകൊണ്ട് തീപിടിച്ചത് ആരുമറിഞ്ഞില്ല. എക്‌സിറ്റുകളോ എമര്‍ജന്‍സി ലൈറ്റുകളോ ഒന്നുമുണ്ടായിരുന്നില്ല അവിടെ. ജനറേറ്ററിന് തീപിടിച്ചതോടെ ഉള്ളില്‍ മുഴുവന്‍ ആകെ ഇരുട്ടാവുകയും ചെയ്തു. വൈകുന്നേരം നടന്ന അപകടമായിട്ടും ആംബുലന്‍സുകളും അഗ്നിശമനസേനയുമെത്താന്‍ ഒരുപാട് വൈകിയെന്നതും മറ്റൊരു വലിയ വീഴ്ചയായി.
റിയല്‍ എസ്റ്റേറ്റുകാരായ ഗോപാല്‍ അന്‍സലും സുഷീല്‍ അന്‍സലുമായിരുന്നു ഉടമകള്‍. തിയേറ്ററില്‍ നടത്തിയ പരിശോധനകളില്‍ അടിസ്ഥാന സുരക്ഷാനിയമങ്ങള്‍ പോലും പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി. 1983-ല്‍ സുരക്ഷാകാരണങ്ങളാല്‍ നാലുദിവസത്തേക്ക് തിയേറ്ററിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ ഓര്‍ഡര്‍ വാങ്ങി. അതിനുശേഷം താത്കാലിക പെര്‍മിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ രണ്ടുമാസം കൂടുമ്പോഴും ആ പെര്‍മിറ്റ് പുതുക്കുകയായിരുന്നു. 1989-ല്‍ തിയേറ്ററില്‍ ചെറിയ തീപിടുത്തമുണ്ടായിരുന്നു. അന്ന് നടത്തിയ സുരക്ഷാപരിശോധനയില്‍ പത്തോളം സുരക്ഷാലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പക്ഷേ, അതൊന്നും ശരിയാക്കിയിരുന്നില്ലെന്ന് വീണ്ടും അപകടമുണ്ടായപ്പോള്‍ തെളിഞ്ഞു.
കേസിന്റെ വഴികളിലൂടെ...
ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പിന്നീട് സി.ബി.ഐ.ക്ക് കൈമാറി. അന്വേഷണത്തില്‍ ഉടമകള്‍ ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. നീലത്തിന്റെയും ശേഖര്‍ കൃഷ്ണമൂര്‍ത്തിയുടെയും നേതൃത്വത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി. കേസ് നടത്തിയതെല്ലാം ആ സംഘടനയാണ്.
വിചാരണയ്‌ക്കൊടുവില്‍ 2007-ല്‍ ഉപഹാര്‍ തിയേറ്റര്‍ ഉടമകളും കോര്‍പ്പറേഷനും കുറ്റക്കാരാണെന്ന് ഡല്‍ഹി വിചാരണ കോടതി വിധിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തിയേറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരമായി 25 കോടി നല്‍കണമെന്നായിരുന്നു വിധി. മരിച്ചസമയത്ത് 20 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 15 ലക്ഷവും, 20-ന് മേല്‍ പ്രായമുള്ളവര്‍ക്ക് 18 ലക്ഷവും ഉള്‍പ്പെടെയാണത്. അതിനൊപ്പം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആസ്പത്രിയില്‍ ട്രോമകെയര്‍ സ്ഥാപിക്കുന്നതിനായി രണ്ടര കോടി നല്‍കണമെന്നും കോടതി വിധിയില്‍ പറഞ്ഞു. അതിനൊപ്പം ഉടമകള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും.
ഈ വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, തടവുശിക്ഷ ഒരുവര്‍ഷമാക്കി കുറച്ചു. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, നഷ്ടപരിഹാരത്തുകയും കുറച്ചുകൊണ്ടുള്ള വിധിയുണ്ടായി. 18 ലക്ഷം 10 ലക്ഷമായും, 15 ലക്ഷം ഏഴര ലക്ഷമായുമാണ് കുറച്ചത്. തടവുശിക്ഷ കുറച്ചതിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. അന്‍സല്‍ സഹോദരന്‍മാരുടെ തടവുശിക്ഷ ഏഴുവര്‍ഷമാക്കി ഉയര്‍ത്തിയായിരുന്നു ഇത്തവണ വിധി വന്നത്. എന്നാല്‍, അവരുടെ പ്രായം കണക്കിലെടുത്ത്, തൊട്ടടുത്തവര്‍ഷം അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
25 വര്‍ഷത്തോളമാണ് നീലവും ശേഖര്‍ കൃഷ്ണമൂര്‍ത്തിയും ഈ കേസിനുപിന്നാലെ നടന്നത്. മക്കളെ നഷ്ടപ്പെട്ടെങ്കിലും ഭാവിയില്‍ ഇങ്ങനൊരു അപകടം ഉണ്ടാവരുതെന്നായിരുന്നു അവരുടെ ചിന്ത. വര്‍ഷങ്ങളോളം നീണ്ട പോരാട്ടം ഇപ്പോഴും അവര്‍ നിര്‍ത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ഒരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്, 'trial by fire: the tragic tale of the uphaar fire tragedy'. ഇതില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് 'trial by fire' എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് സീരീസ് നിര്‍മിച്ചത്.
Content Highlights: fire and smoke enters into uphaar theatre and people were trapped
Published: 30 Jan 2025, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented