
പെട്ടെന്ന് കുറച്ച് പണത്തിന് അത്യാവശ്യം വന്നു. പലരോടും ചോദിച്ചിട്ട് കിട്ടിയില്ല. ബാങ്കിൽ പോകാൻ സമയം ഇല്ല... അതുകൊണ്ട് ഒരു ആപ്പ് ഡൗൺലോഡ് ചെയ്തു. അഞ്ച് മിനിറ്റിനുള്ളിൽ പണം അക്കൗണ്ടിൽ എത്തി!''സുഹൃത്ത് പറഞ്ഞപ്പോൾ, അത് കേട്ടവർക്ക് ഒരേ സമയം ആശ്ചര്യവും ആകർഷണവും തോന്നി.
പക്ഷേ രണ്ട് ആഴ്ചകൾക്ക് ശേഷം, അവളുടെ മുഖത്ത് ചിരിയില്ലായിരുന്നു. ''അവർ ദിവസവും വിളിക്കുന്നു... എടുത്തതിന്റെ ഇരട്ടി ഞാൻ തിരിച്ചടച്ചു. പിന്നെയും പണം വേണം എന്നുപറഞ്ഞ് വിളിക്കുന്നു. ഫോണിലെ കോൺടാക്റ്റുകളിലുള്ളവരെ വരെ ഭീഷണിപ്പെടുത്തുന്നു...''
ഇത് ഒരു കഥയല്ല. ഇന്നത്തെ കാലത്ത് പല യുവാക്കളും നേരിടുന്ന യാഥാർത്ഥ്യമാണ്. ലോൺ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യചെയ്യേണ്ടിവരുന്നവർ വരെയുണ്ട്.
ഡിജിറ്റൽ ലോൺ ആപ്പുകൾ ഇന്ന് ഏറെ എളുപ്പമാണ്. സ്മാർട്ട്ഫോണിൽ ഒരു ക്ലിക്ക് മാത്രം മതി, പണം നിങ്ങളുടെ അക്കൗണ്ടിൽ എത്തും. ബാങ്ക് രേഖകൾ വേണ്ട, ഗ്യാരണ്ടി വേണ്ട, നീണ്ട പ്രോസസ്സ് വേണ്ട. എല്ലാം ''ഇൻസ്റ്റന്റ്''. ഇതാണ് ഈ ആപ്പുകളുടെ ഏറ്റവും വലിയ ആകർഷണം. പക്ഷേ ഇവയൊക്കെ തന്നെയാണ് ഈ ആപ്പുകളുടെ ഏറ്റവും വലിയ അപകടവും.
സൗകര്യം എന്ന പേരിൽ, പലപ്പോഴും നമ്മൾ കാണാതെ പോകുന്ന ചില സത്യങ്ങൾ ഉണ്ട്. ആദ്യമായി 'ഇൻസ്റ്റന്റ് ലോൺ' എന്നാൽ 'ചീപ്പ് ലോൺ' അല്ല.
ഈ ആപ്പുകൾ പലപ്പോഴും വളരെ ഉയർന്ന പലിശ നിരക്കുകൾ ആണ് ഈടാക്കുന്നത്. ലോൺ ക്ലോസ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരിക്കും നാം ആ സത്യം മനസിലാക്കുക. ബാങ്കിൽ ഒരു വർഷത്തേക്ക് ലഭിക്കുന്ന പലിശയെക്കാൾ കൂടുതൽ ഇവിടെ ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ വരും.
രണ്ടാമത് ലോൺ ആപ്പുകളിൽ ഒരു സുതാര്യതയും ഉണ്ടാകില്ല.
പണം ലഭിക്കുന്നതിന് മുൻപ് മുഴുവൻ ചാർജുകളും വ്യക്തമാക്കില്ല. പ്രോസസ്സിംഗ് ഫീസ്, ഹിഡൻ ചാർജുകൾ-ഇവയെല്ലാം പിന്നീട് മാത്രമേ മനസ്സിലാകൂ.
മൂന്നാമത് സ്വകാര്യത ഭീഷണി. പല ആപ്പുകളും നിങ്ങളുടെ ഫോൺ കോൺടാക്റ്റുകളും ഫോട്ടോകളും ആക്സസ് ചെയ്യാൻ അനുവാദം ചോദിക്കും. നമ്മൾ അതിനെ അലൌ ചെയ്യുമ്പോൾ, നമ്മൾ തന്നെ നമ്മുടെ സ്വകാര്യതയിലേക്ക് അവർക്കായി ഒരു വാതിൽ തുറക്കുകയാണ്.
അവരാണ് ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുന്നത്.
''അവർ ആവശ്യപ്പെടുന്നത്രയും പണം തിരിച്ചടച്ചില്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകൾക്ക് മെസേജ് അയക്കും...'' ഇത് ഒരു ഭീഷണി മാത്രമല്ല... എത്രയോ പേർ ഇതിന് ഇരകളായിട്ടുണ്ട്.
പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് ഇത് കൂടുതൽ ഗുരുതരമാണ്.
അവരുടെ സ്വകാര്യതയും മാനസികസമാധാനവും ബലികഴിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു.
അപ്പോൾ ചോദ്യം, ഈ ആപ്പുകൾ മുഴുവൻ തട്ടിപ്പുകാരുടേതാണോ? അല്ല.
എല്ലാ ഡിജിറ്റൽ ലോൺ ആപ്പുകളും അപകടകരമല്ല. ചിലത് നിയമാനുസൃതമായും, നിയന്ത്രിതമായും പ്രവർത്തിക്കുന്നു. പക്ഷേ പ്രശ്‌നം-നമുക്ക് അവയെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നതാണ്?
ലോൺ ആപ്പുകളെ ആശ്രയിക്കുമ്പോൾ വലിയ ജാഗ്രത കാട്ടണം.
1. ആപ്പ് നിയമപരമാണോ എന്ന് പരിശോധിക്കുക.
ഇന്ത്യയിൽ, ഒരു ലോൺ നൽകുന്ന സ്ഥാപനത്തിന് ആർബിഐ അംഗീകാരം ഉണ്ടായിരിക്കണം. ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ്, അതിന്റെ എൻബിഎഫ്‌സി അല്ലെങ്കിൽ ബാങ്ക് പാർട്ണർ ആരാണെന്ന് പരിശോധിക്കുക.
2. പലിശ നിരക്കും കാലാവധിയും വ്യക്തമായി മനസ്സിലാക്കുക.
''ചെറിയ തുക'' എന്ന് കരുതി അവഗണിക്കരുത്. അത് ''വലിയ ബാധ്യത'' ആയി മാറാം.
3. ആവശ്യവും ആഗ്രഹവും തമ്മിൽ വ്യത്യാസം മനസ്സിലാക്കുക.
ഒരു പുതിയ ഫോൺ വാങ്ങാൻ, അല്ലെങ്കിൽ ഒരു ട്രെൻഡി വസ്ത്രം വാങ്ങാൻ, ലോൺ എടുക്കേണ്ടതുണ്ടോ? അല്ലെങ്കിൽ ശമ്പളം കിട്ടുന്നതുവരെ അതിനായി കാത്തിരിക്കാമോ? ഇക്കാര്യങ്ങൾ പരിശോധിക്കണം.
4. സ്വകാര്യത സംരക്ഷിക്കുക.
ആപ്പ് ആവശ്യപ്പെടുന്ന എല്ലാ അനുമതികളും നൽകരുത്. ''എന്തിന് ഈ ആപ്പിന് എന്റെ കോൺടാക്റ്റുകൾ വേണം?'' എന്ന് ചോദിക്കുക.
5. മറ്റുവഴികൾ ചിന്തിക്കുക.
സുഹൃത്തുക്കൾ, കുടുംബം, അല്ലെങ്കിൽ ഒരു വിശ്വസനീയ ബാങ്ക്-ഇവയിൽ നിന്ന് സഹായം തേടാം. ഇത് കുറച്ചുകൂടി സുരക്ഷിതമാണ്.
ഇവിടെയൊക്കെ ഒരു വലിയ സന്ദേശം ഉണ്ട്: സാമ്പത്തിക സ്വാതന്ത്ര്യം എന്നത് ''എപ്പോഴും പണം ലഭ്യമാകുക'' എന്നതല്ല...''എപ്പോൾ കടം എടുക്കണം, എപ്പോൾ ഒഴിവാക്കണം'' എന്ന് അറിയുക എന്നതാണ്. സ്ത്രീകൾക്ക്, പ്രത്യേകിച്ച് യുവതികൾക്ക്, ഇത് വളരെ പ്രധാനപ്പെട്ട ഒരു പാഠമാണ്. സോഷ്യൽ മീഡിയയുടെ പ്രേരണയിൽ, ''ഇപ്പോൾ തന്നെ വാങ്ങണം'' എന്ന സമ്മർദ്ദം കൂടുതലാണ്.
അവിടെ ഈ ആപ്പുകൾ ഒരു ''എളുപ്പവഴി'' പോലെ തോന്നും. പക്ഷേ, ഓരോ എളുപ്പവഴിയുടെയും പിന്നിൽ, ചിലപ്പോൾ ഒരു കുടുക്ക് ഉണ്ടാകും.
''ഇത് എനിക്ക് ശരിക്കും ആവശ്യമാണോ?''
''ഇത് എന്റെ ഭാവിയെ എങ്ങനെ ബാധിക്കും?'' ഈ രണ്ട് ചോദ്യങ്ങൾ പല പ്രശ്‌നങ്ങളും ഒഴിവാക്കും.
കുടുംബങ്ങളിലും, ഈ വിഷയം തുറന്ന് സംസാരിക്കണം. പണത്തിന്റെ മൂല്യം മാത്രമല്ല... കടത്തിന്റെ അപകടവും പഠിപ്പിക്കണം. ഡിജിറ്റൽ ലോൺ ആപ്പുകൾ ഒരു ഉപകരണം മാത്രമാണ്. അതിന് നമ്മെ സഹായിക്കാനും കഴിയും... നമുക്ക് നാശം വരുത്താനും കഴിയും.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 Apr 2026, 11:10 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented