ചുരുളൻമുടിയും കോലൻ മുടിയും മനുഷ്യരിൽ സാധാരണയാണ്. എന്നാൽ ചുരുണ്ട രോമങ്ങളുള്ള എലികളെ നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നുണ്ടോ? നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലെങ്കിലും ചുരുളൻ രോമങ്ങളുള്ള ഫാൻസി എലികൾ ലോകത്തുണ്ട്. ഒറ്റനോട്ടത്തിൽ ടെഡ്ഡിബിയറിന്റെ മിനിയേച്ചർപോലെ തോന്നുന്ന ഇവ റെക്സ് എലികൾ എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ രോമം കൃത്രിമമായി ചുരുട്ടിയെടുത്തതാണെന്ന് കരുതരുത്, സ്വാഭാവികമായും ചുരുണ്ട രോമങ്ങളാണ് ഈ കുഞ്ഞന്മാർക്ക്.
രോമങ്ങളെയും ചിലപ്പോൾ മീശയെയും ബാധിക്കുന്ന ഒരു പ്രത്യേക ജനിതക വ്യതിയാനത്തിൽ നിന്നാണ് ഈ സവിശേഷമായ ചുരുളുകൾ വന്നിരിക്കുന്നത്. വെളുത്ത ബംഗാൾ കടുവയെയും കറുപ്പ് കൂടുതലുള്ള സീബ്രയെയും പോലെ ജനിതകവ്യതിയാനം വന്നവരാണ് റെക്സ് എലികളുടെ പൂർവികർ. പിന്നീട് അവരൊരു വംശമായി വളർന്നുവരികയായിരുന്നു. ഇവയുടെ ശാന്തസ്വഭാവവും ആകർഷകമായ രൂപവും കാരണം ബ്രീഡ് ചെയ്യുന്നവർ ഇവർക്ക് പ്രത്യേകശ്രദ്ധ നൽകി. അരുമമൃഗങ്ങൾക്കിടയിൽ റെക്സ് എലികൾ ഇടംപിടിക്കുകയും ചെയ്തു.
ചുരുളൻരോമമുള്ള എലികളെ ഓമനിച്ചുവളർത്താൻവേണ്ടി മാത്രമല്ല, ശാസ്ത്രലോകത്തും അവർ വിലപ്പെട്ടതാണ്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിലെ സ്വഭാവവിശേഷങ്ങൾ എങ്ങനെയാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാനും ജനിതകശാസ്ത്രം, പാരമ്പര്യം, രോമവളർച്ച എന്നിവയെക്കുറിച്ച് പഠിക്കാനുമെല്ലാം ഗവേഷകർ ഇവയെ ഉപയോഗിക്കുന്നു.
രണ്ടുവർഷമേ ആയുസ്സുള്ളൂ
റെക്സ് എലികളെ വീട്ടിൽ വളർത്താൻ കുറഞ്ഞ പരിചരണം മാത്രംമതി. ശാന്തസ്വഭാവമുള്ളവരും ബുദ്ധിമാന്മാരുമാണിവർ. വേണമെങ്കിൽ, ചില അഭ്യാസങ്ങളും പഠിപ്പിച്ചെടുക്കാം. കാട്ടെലികളിൽ നിന്നും സാധാരണ എലികളിൽനിന്നും വ്യസ്തരാണിവർ. തലമുറകളായി ഇണക്കി വളർത്തിയ പൂർവികരിൽനിന്ന് വരുന്നതിനാൽ മനുഷ്യരോട് അടുപ്പം കാണിക്കും. കുടുംബത്തിലെ ഒരംഗമായി എളുപ്പത്തിൽ പൊരുത്തപ്പെടുമെന്നർഥം.
വളരെ വൃത്തിയുള്ള മൃഗങ്ങളാണിവ, സ്വയം ശരീരം വൃത്തിയാക്കാൻ ധാരാളം സമയം ചെലവഴിക്കുന്നവർ. ഒരു എലി ശരീരം വൃത്തിയാക്കാതെ അലസമായി കാണപ്പെടുകയാണെങ്കിൽ, ഒരു മൃഗഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
ആയുസ്സ് കുറവാണെന്നതാണ് വിഷമിപ്പിക്കുന്ന കാര്യം. ഏകദേശം രണ്ട് വർഷമാണ് റെക്സ് എലികളുടെ ശരാശരി ആയുസ്സ്. കൃത്യമായ പരിചരണംകൊണ്ട് ആയുസ്സ് കുറച്ചുകൂടെയൊക്കെ നീട്ടാൻ സാധിച്ചേക്കും. പക്ഷേ, വളരെ കുറച്ചുകാലത്തേക്കേ അവർ നമുക്കൊപ്പമുണ്ടാവൂ എന്നതാണ് യാഥാർഥ്യം. പെണ്ണെലികൾ 350 മുതൽ 450 ഗ്രാം വരെ ഭാരംവെക്കും. ആണെലികൾ 450 ഗ്രാം മുതൽ 650 ഗ്രാം വരെയും. വിവിധനിറങ്ങളിലുള്ള റെക്സ് എലികളുണ്ട്.
കണ്ടെത്തിയത്
1976-ൽ ഇംഗ്ലണ്ടിലാണ് റെക്സ് എലികളുടെ ഉത്ഭവം. ജനിതകശാസ്ത്രജ്ഞനായ റോയ് റോബിൻസൺ നോർവേ എലികളിൽ രോമം ചുരുളുന്ന മ്യൂട്ടേഷൻ കണ്ടെത്തുകയായിരുന്നു. റെക്സ് എന്ന പ്രബലമായ ജീൻ മൂലമാണ് ചുരുണ്ടതും കടുപ്പമുള്ളതുമായ രോമങ്ങൾ എലിക്കുണ്ടാകുന്നത്, അങ്ങനെയാണ് ആ പേരുവന്നതും. അമേരിക്കയിൽ 1983-ന് മുമ്പ് മുതൽ റെക്സ് എലികളെ വളർത്തിയിരുന്നു. റെക്സ് എലികളേക്കാൾ അല്പം നീളം കുറഞ്ഞ രോമങ്ങളുള്ളവയാണ് ഫ്രിസി എലികൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Meet the adorable Rex rats with unique curly fur! Learn about their origin, care, lifespan, and role in scientific research.
Published: 30 Aug 2025, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented