
1988-ല്‍ 'ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്' ഇറങ്ങിയത് അതുവരെയുള്ള ക്രൈം ത്രില്ലറുകളെയെല്ലാം പിന്നിലാക്കിക്കൊണ്ടായിരുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ മികച്ച ക്രൈം ത്രില്ലറുകളിലൊന്നായിട്ടാണ് ഇന്നും ഇതറിയപ്പെടുന്നത്. സി.ബി.ഐ സീരീസുകളിലെ ഒന്നാം ഭാഗം. മലയാളിപ്രേക്ഷകര്‍ക്ക് സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സി കൂടുതല്‍ പരിചിതമാവുന്നതും ഈ സിനിമയോടെയാണ്.
സേതുരാമയ്യര്‍ എന്ന ഓഫീസറുടെ സ്റ്റൈല്‍ തൊട്ട് സിനിമയിലെ ബി.ജി.എം വരെ ഇന്നും ആളുകള്‍ മറന്നിട്ടില്ല. കെ.മധുവാണ് സിനിമ സംവിധാനം ചെയ്തത്. തിരക്കഥ എസ്.എന്‍.സാമിയും. മമ്മൂട്ടി പ്രധാനകഥാപാത്രമായപ്പോള്‍ ജഗതിയും മുകേഷും സുകുമാരനും സുരേഷ് ഗോപിയും ലിസിയും പ്രതാപചന്ദ്രനുമെല്ലാം സിനിമയില്‍ നിറഞ്ഞുനിന്നു. സിനിമയിലെ ഡമ്മി പരീക്ഷണവും കുറ്റകൃത്യം തെളിയിക്കുന്ന രീതികളെല്ലാം ഏറെ പുതുമയുള്ളതായിരുന്നു. അതുതന്നെയാണ് സിനിമയെ വ്യത്യസ്തമാക്കിയതും.
Also Read
സത്യത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനെയും അദ്ദേഹം അന്വേഷിച്ച കേസുകളെയും ആസ്പദമാക്കിയാണ് സി.ബി.ഐ ഡയറിക്കുറിപ്പ് നിര്‍മിച്ചത്. എന്‍.ഐ.എ.യുടെ ആദ്യത്തെ ഡയറക്ടര്‍ രാധാവിനോദ് രാജുവും അദ്ദേഹം അന്വേഷിച്ച പോളക്കുളം പീതാംബരന്‍ കേസുമാണ് സിനിമയ്ക്ക് ആധാരമായത്.
എന്താണ് പോളക്കുളം കേസ്?
അക്കാലത്ത് എറണാകുളത്തെ അറിയപ്പെടുന്ന ലോഡ്ജായിരുന്നു മദ്യവ്യവസായിയും ജ്വല്ലറി ഉടമയുമായ പോളക്കുളം നാരായണന്റെ പോളക്കുളം ടൂറിസ്റ്റ് ഹോം. അവിടുത്തെ റിസപ്ഷനിസ്റ്റായിരുന്നു പീതാംബരന്‍. 1983 ഏപ്രില്‍ 22-ന് പുലര്‍ച്ചെ ഒരു നിലവിളിശബ്ദം കേട്ടാണ് ടൂറിസ്റ്റ് ഹോമിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിച്ചെല്ലുന്നത്. അപ്പോള്‍ കാണുന്നത് ടെറസ്സില്‍നിന്ന് വീണനിലയില്‍, ഗുരുതരപരിക്കുകളോടെ കിടക്കുന്ന പീതാംബരനെയാണ്. ആസ്പത്രിയിലേക്കുള്ള വഴിയില്‍വെച്ച് മരിക്കുകയും ചെയ്തു.
ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ആളുകള്‍ പലതും പറഞ്ഞുപരത്തി. പീതാംബരനും നാരായണന്റെ മകളും തമ്മിലുള്ള പ്രണയമറിഞ്ഞ്, നാരായണന്‍ പീതാംബരനെ കൊന്നതാണെന്ന് വരെ വാര്‍ത്തകളുണ്ടായി. കേരള പോലീസായിരുന്നു ആദ്യം അന്വേഷിച്ചത്. അന്വേഷണത്തിനിടയില്‍ പീതാംബരന്റെ വീട്ടില്‍നിന്ന് ഡോക്ടര്‍മാരുടെ കുറിപ്പടികളും മറ്റും കണ്ടെത്തി. അയാള്‍ക്ക് ആത്മഹത്യാപ്രവണതയുണ്ടെന്നും അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളായിരുന്നുവത്.
പലരെയും ചോദ്യം ചെയ്തതില്‍നിന്ന് പ്രണയം നിരസിക്കപ്പെട്ടതിന്റെ പേരില്‍ പീതാംബരന്‍ നിരാശയിലായിരുന്നുവെന്നും പോലീസിന് മനസ്സിലായി. അങ്ങനെ സംഭവം ആത്മഹത്യയാണെന്നുറപ്പിച്ച് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ആലുവ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ചു. കോടതിയും ഇത് അംഗീകരിച്ചുവെങ്കിലും, ഇതിനെതിരെ പീതാംബരന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും, അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതില്‍ ഹര്‍ജി സമര്‍പ്പിച്ചു. അങ്ങനെയാണ് കേസ് സി.ബി.ഐ.യുടെ കൈയിലേക്കെത്തുന്നത്. അങ്ങനെ ഈ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഡമ്മി ടു ഡമ്മി പരീക്ഷണത്തിനു പിറകെ
അക്കാലത്തെ സി.ബി.ഐ സൂപ്രണ്ടായ രാധാവിനോദ് രാജുവും ഡി.വൈ.എസ്.പി വര്‍ഗീസ് തോമസും അടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിനു നിയോഗിക്കപ്പെട്ടത്. കേസില്‍ പലരെയും ചോദ്യം ചെയ്തു, പുതിയ പല സാക്ഷികളുമുണ്ടായി. ആദ്യമായി ഡമ്മി ഉപയോഗിച്ചുള്ള കേസന്വേഷണം നടന്നതും ഈ കേസിലാണ്. കെട്ടിടത്തിന്റെ മുകളില്‍നിന്നും ഡമ്മികള്‍ ഇട്ടുള്ള ആ പരീക്ഷണത്തിന് അന്ന് വളരെയേറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു.
65 കിലോ ഭാരം വരുന്ന രണ്ടു ഡമ്മികളുമായിട്ടായിരുന്നു പരീക്ഷണം. ഒരാള്‍ തനിയെ ചാടുമ്പോഴും മറ്റൊരാള്‍ എടുത്തെറിയുമ്പോഴുമുണ്ടാവുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ഡമ്മി പരീക്ഷണം അശാസ്ത്രീയമാണെന്ന് അന്നുതന്നെ പലരും പറഞ്ഞിരുന്നു. ഒടുവില്‍ ആത്മഹത്യ കൊലപാതകമായി മാറി. പീതാംബരന്റെ വീട്ടില്‍ നാരായണന്‍ ചില രേഖകളും മറ്റും ഒളിപ്പിച്ചുവെച്ചിരുന്നു. ആ രേഖകള്‍ തിരികെ കൊടുക്കാതിരുന്നതാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍. നാരായണന്റെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ശശിയും റൂം ബോയ് ശിവദാസനും ചേര്‍ന്ന് പീതാംബരനെ താഴേക്കിട്ടതാണെന്നും സി.ബി.ഐ പറഞ്ഞു.
ഒടുവില്‍ പോളക്കുളം നാരായണന്‍, ഡ്രൈവര്‍ ശശി, റൂംബോയ് ശിവദാസന്‍, മാനേജര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ അറസ്റ്റിലായി. ഹൈക്കോടതിയിലെത്തിയപ്പോള്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. സുബ്രഹ്മണ്യനെ വിട്ടയക്കുകയും ചെയ്തു. പിന്നീട് ശിവദാസനെയും വിട്ടയച്ചെങ്കിലും നാരായണന്റെയും ശശിയുടെയും ശിക്ഷ ശരിവെച്ചു ഹൈക്കോടതി.
ഇതിനെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. തെളിവുകള്‍ അപര്യാപ്തമാണെന്ന് പറഞ്ഞ് രണ്ടുപേരെയും കോടതി വിട്ടയക്കുകയും ചെയ്തു. സി.ബി.ഐ.യ്ക്ക് ഒരുപാട് വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിവന്ന കേസായിരുന്നുവിത്. ആത്മഹത്യ കൊലപാതകമാക്കാന്‍ സി.ബി.ഐ വെറുതെ ശ്രമിക്കുകയാണെന്ന് വരെ ആരോപിക്കപ്പെട്ടു.
എങ്കിലും, സി.ബി.ഐ.യുടെ അന്വേഷണരീതികള്‍ പലതും മനോഹരമായ സീനുകളായി ചിത്രീകരിക്കപ്പെട്ടു സിനിമയില്‍. ഡമ്മി ടു ഡമ്മിയിലൂടെയും നുണപരിശോധനയിലൂടെയും കേസ് തെളിയിക്കപ്പെടുകയും ചെയ്യുന്നു.
Content Highlights: Crime n Movie Part 5
Published: 29 Feb 2024, 05:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented