
40 വര്‍ഷങ്ങള്‍ കഴിഞ്ഞു ആ കൊലപാതകം നടന്നിട്ട്, ആ പ്രതി ഒളിവില്‍ പോയിട്ടും. ഇന്നും പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലെ ആദ്യ പേരുകാരനാണ് സുകുമാരക്കുറുപ്പ്. ആളുകള്‍ മറക്കാതെ ചാക്കോ കൊലക്കേസും. ഓരോ ദിവസം ചെല്ലുന്തോറും ആ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞുകൊണ്ടേയിരുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി താന്‍ മരിച്ചെന്ന് ആളുകളെ അറിയിക്കുക, ഒരു മൃതദേഹത്തിനായി മറ്റൊരാളെ കൊല്ലുക...അതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍.
1984 ജനുവരി 22 പുലര്‍ച്ചെ. മാവേലിക്കരയ്ക്കടുത്തുള്ള കുന്നം വയലില്‍ ഒരു കാര്‍ തീപിടിച്ച് കത്തുന്നതുകണ്ട, ഒരു യാത്രക്കാരന്‍ ആ വിവരം തൊട്ടടുത്ത വീട്ടിലുള്ളവരെ അറിയിച്ചു. ആ വീട്ടുകാരും അയല്‍വാസികളും കൂടി പോയിനോക്കിയപ്പോള്‍, കാറിന്റെ സീറ്റില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹവും കണ്ടെത്തി. പിന്നെ ഒട്ടും വൈകിയില്ല. അവര്‍ നേരെ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഉടനെ തന്നെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഹരിദാസിനെ വിളിച്ചു. അദ്ദേഹം പുലര്‍ച്ചെ അഞ്ച് മണിയോടെ കുന്നം വയലിലെത്തുകയും ചെയ്തു. അവിടുന്നങ്ങോട്ട് ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്.
Also Read
സംഭവമറിഞ്ഞ് വയലിലേക്ക് ആളുകളെത്തിക്കൊണ്ടേയിരുന്നു. കത്തിയത് കറുത്ത അംബാസഡര്‍ കാറാണ്. നമ്പര്‍:കെ.എല്‍.ക്യു 7835. നമ്പര്‍ കണ്ടതോടെ കാര്‍ ആളുകള്‍ തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് അബുദാബിയില്‍ നിന്നും ലീവിന് വന്ന സുകുമാരക്കുറുപ്പിന്റേതാണത്. ആ കാറില്‍ ആലപ്പുഴയ്ക്കുപോയ കുറുപ്പ് തിരിച്ച് വീട്ടിലെത്തിയിട്ടുമില്ല. അതോടെ മരിച്ചത് കുറുപ്പാണെന്നും വാര്‍ത്ത പരന്നു. പക്ഷേ, അപ്പോഴും ഡി.വൈ.എസ്.പി ഹരിദാസ് മാത്രം അത് വിശ്വസിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയത് ഫോറന്‍സിക് സര്‍ജന്‍ ഡോ.ബി.ഉമാദത്തനാണ്.
കുറുപ്പ് ചാക്കോയായി മാറി...
വയലില്‍ വെച്ച് തന്നെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. തീപിടിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കില്‍, പുകയും കരിയും അയാളുടെ ശ്വാസക്കുഴലുകളില്‍ കടക്കുമായിരുന്നു. എന്നാല്‍ മരിച്ചയാളുടെ ശ്വാസകോശത്തില്‍ കരിയുടെ അംശം അല്പം പോലുമില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അപ്പോള്‍ തീപിടുത്തത്തില്‍ മരിച്ചതല്ലെന്നുറപ്പായി. അതിനൊപ്പം മൃതദേഹത്തില്‍നിന്ന് വിഷത്തിന്റെയും മദ്യത്തിന്റെയും അംശവും കണ്ടെത്തി. അതൊക്കെ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. അപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പല സംശയങ്ങളും തോന്നിയിരുന്നു. കുറുപ്പ് മരിച്ചുവെന്ന് അറിയിച്ചിട്ടും വീട്ടുകാര്‍ക്ക് വലിയ വിഷമമൊന്നുമില്ലെന്നതാണ് അവരാദ്യം തന്നെ ശ്രദ്ധിച്ചത്.
കുറുപ്പിനെ കുറിച്ച് കൂടുതലറിയാനായി കുറുപ്പിന്റെ ഭാര്യയുടെ സഹോദരീഭര്‍ത്താവായ ഭാസ്‌കരപിള്ളയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫുള്‍സ്ലീവ് ഷര്‍ട്ടിട്ടായിരുന്നു അയാളെത്തിയത്. അയാളോട് സ്ലീവ് മടക്കിവെക്കാന്‍ ഡി.വൈ.എസ്.പി ആവശ്യപ്പെട്ടു. മടിച്ചുമടിച്ച് അയാള്‍ അതനുസരിച്ചു. അവിടെ കണ്ട കാഴ്ച പോലീസുകാരെ ഞെട്ടിച്ചു. അയാളുടെ രണ്ടു കൈയും പൊള്ളലേറ്റ് കരുവാളിച്ചിട്ടുണ്ട്. ഒന്നുകൂടി പരിശോധിച്ചപ്പോള്‍ ദേഹത്ത് പലയിടത്തും പൊള്ളലേറ്റ പാടുകള്‍ കണ്ടു. അത് 24 മണിക്കൂര്‍ പോലും പഴക്കമില്ലാത്ത പൊള്ളല്‍പ്പാടുകള്‍.

പോലീസ് അയാളോട് തുടരെ ചോദ്യങ്ങള്‍ ചോദിച്ചു. പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെ, സുകുമാരക്കുറുപ്പിനെ താനാണ് കൊന്നതെന്ന് അയാള്‍ കുറ്റസമ്മതം നടത്തി. അതും അവര്‍ പൂര്‍ണമായി വിശ്വസിച്ചില്ല. അപ്പോഴാണ് കുറുപ്പിന്റെ ബന്ധു ഡി.വൈ.എസ്.പി.യെ വിളിച്ച്, മരിച്ചത് മറ്റാരോ ആണെന്നും കുറുപ്പല്ലെന്നും പറയുന്നത്. കുറുപ്പല്ലെങ്കില്‍ പിന്നെയാര് എന്നായി അന്വേഷണം. അടുത്ത സ്റ്റേഷനുകളില്‍നിന്ന് മിസ്സിങ് കേസുകള്‍ ഏതെങ്കിലുമുണ്ടോയെന്ന് നോക്കാനും മറന്നില്ല. അപ്പോഴാണ് ആലപ്പുഴയില്‍നിന്ന് തന്നെ ഒരു ഫിലിം റപ്രസന്റേറ്റീവിനെ കാണാതായെന്ന പരാതി കിട്ടിയതായി അറിഞ്ഞത്. വീണ്ടും ഭാസ്‌കരപിള്ളയെ ചോദ്യം ചെയ്തു. അങ്ങനെ ഒരു ക്രൂരകൊലപാതകം വെളിച്ചത്തുവന്നു.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കൊലപാതകം
കുടുംബത്തോടൊപ്പം അബുദാബിയിലായിരുന്നു സുകുമാരക്കുറുപ്പ്. അവിടെയുള്ള കാലത്ത് തന്നെ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുമെടുത്തിരുന്നു. പണത്തിനാവശ്യം വന്നസമയത്താണ് ജര്‍മനിയില്‍ നടന്നൊരു സംഭവത്തെക്കുറിച്ച് വായിക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി തന്നെപ്പോലൊരാളെ കൊലപ്പെടുത്തി, തന്റെ മൃതദേഹമാണെന്ന് വരുത്തിത്തീര്‍ത്തൊരാളെക്കുറിച്ചായിരുന്നുവരത്. പിന്നെ ചിന്ത മുഴുവന്‍ ഇതിനെക്കുറിച്ചായി. അതിനായി അബുദാബിയില്‍ ഒപ്പം ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി ഷാഹു, ഡ്രൈവര്‍ പൊന്നപ്പന്‍, ഭാസ്‌കരപിള്ള എന്നിവരുടെ സഹായവും തേടി. ഇന്‍ഷുറന്‍സ് തുക കിട്ടിയാല്‍ അതില്‍നിന്ന് പങ്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
അങ്ങനെ എല്ലാമുറപ്പിച്ച് കുറുപ്പ് ജനുവരി ആറിന് നാട്ടിലെത്തി. നാലുപേരും കൂടി കാറുമെടുത്ത് കറങ്ങാന്‍ തുടങ്ങി. കൊലപാതകമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മോര്‍ച്ചറിയില്‍നിന്ന് തന്റെ വണ്ണവും നീളവുമൊക്കെയുള്ള മൃതദേഹം മോഷ്ടിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാലത് കിട്ടിയില്ല. പിന്നീട് ഏതെങ്കിലും സെമിത്തേരിയില്‍ മൃതദേഹം കുഴിച്ചെടുക്കാനായി ശ്രമം. അതും നടന്നില്ല. അങ്ങനെയാണ് കൊലപാതകത്തിലേക്കെത്തുന്നത്.
പിന്നെ പറ്റിയ ആളെ നോക്കി നടപ്പായി. ജനുവരി 21-നും ആലപ്പുഴയ്ക്കും ഹരിപ്പാടിനുമിടയില്‍ അവര്‍ കുറേസമയം കറങ്ങിനടന്നു. രണ്ട് കാറുകളിലായിട്ടായിരുന്നു. ഒന്നില്‍ സുകുമാരക്കുറുപ്പ്, മറ്റേതില്‍ ഷാഹുവും ഭാസ്‌കരപിള്ളയും പൊന്നപ്പനും. അതേസമയം ഫിലിം റീലുകള്‍ വിതരണം ചെയ്യാനായി ആലപ്പുഴയിലെ തിയേറ്ററിലെത്തിയതായിരുന്നു കെ.ജെ. ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവ്. അതും കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ, എത്രയും വേഗം വീട്ടിലെത്തണം, ഗര്‍ഭിണിയായ ഭാര്യ കാത്തിരിക്കും. കുറച്ചുനേരം കഴിഞ്ഞും ബസ്സൊന്നും വന്നില്ല. അപ്പോഴാണ് ആ കറുത്തകാര്‍ സമീപിക്കുന്നത്. ലിഫ്റ്റ് തരാമെന്ന് കാറിലുള്ളവര്‍ പറഞ്ഞപ്പോള്‍ ചാക്കോയും പിന്നൊന്നും ചിന്തിച്ചില്ല.
വണ്ടിയില്‍ കയറിയതോടെ ചാക്കോയുടെ വിധി എഴുതപ്പെട്ട് കഴിഞ്ഞിരുന്നു. കുറച്ചുദൂരം പിന്നിട്ട്, വിജനമായൊരു സ്ഥലത്തെത്തിയപ്പോഴേക്കും ചാക്കോയെ നിര്‍ബന്ധിച്ച് വിഷമടങ്ങിയ മദ്യം കഴിപ്പിച്ചു. ചെറുതായി മയങ്ങിയപ്പോഴേക്കും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുമ്പേ എല്ലാം കഴിഞ്ഞിരുന്നു.
പിന്നെ വണ്ടി നേരെ ഭാസ്‌കരപിള്ളയുടെ വീട്ടിലേക്കാണ് പോയത്. അവിടുന്ന് ചാക്കോയുടെ വസ്ത്രങ്ങളെല്ലാം മാറ്റി, മോതിരവും അഴിച്ചെടുത്തു. പിന്നെ നേരെ വണ്ടിയുടെ ഡിക്കിയിലിട്ട് കുന്നത്തേക്ക് കൊണ്ടുപോയി. അവിടെത്തിയപ്പോള്‍ ചാക്കോയെ ഡ്രൈവര്‍ സീറ്റിലിരുത്തി, പെട്രോളൊഴിച്ച് കത്തിച്ചു. തീകൊളുത്തിയത് ഭാസ്‌കരപിള്ളയായിരുന്നു. അങ്ങനെയാണ് തീജ്വാലകള്‍ തെറിച്ചുവീണ് അയാള്‍ക്ക് പൊള്ളലേല്‍ക്കുന്നതും. മുഖം പൂര്‍ണമായും കരിഞ്ഞുപോയതുകൊണ്ട് ചാക്കോയാണെന്ന് തെളിയിക്കാന്‍ വഴികളൊന്നുമുണ്ടായിരുന്നില്ല. മൃതദേഹം വീണ്ടും പുറത്തെടുത്ത് സൂപ്പര്‍ ഇംപോസിഷന്‍ ഉള്‍പ്പെടെയുള്ള പല ശാസ്ത്രീയപരിശോധനകളും നടത്തി. പരമാവധി തെളിവുകള്‍ പോലീസ് ശേഖരിച്ചു. ഭാസ്‌കരപിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നപ്പനും ഷാഹുവും പിടിയിലാവുകയും ചെയ്തു. സുകുമാരക്കുറുപ്പ് ആലുവയിലെ ലോഡ്ജിലുണ്ടെന്നറിഞ്ഞ് പോലീസ് അവിടെത്തുമ്പോഴേക്കും അയാളവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പോലീസിനെ കബളിപ്പിച്ച് അയാള്‍ മുങ്ങിക്കൊണ്ടേയിരുന്നു. ഇന്നും അയാള്‍ കാണാമറയത്തുതന്നെ. ഭാസ്‌കരപിള്ളയ്ക്കും പൊന്നപ്പനും ജീവപര്യന്തമായിരുന്നു ശിക്ഷ. ഷാഹു മാപ്പുസാക്ഷിയായി.
ശേഷം....
കുന്നത്തെ ആ പാടം ഇപ്പോള്‍ ചാക്കോ പാടമെന്നാണ് അറിയപ്പെടുന്നത്. ആ കറുത്ത അംബാസഡര്‍ കാര്‍ കുറേക്കാലം മാവേലിക്കര പോലീസ് സ്‌റ്റേഷന്റെ വളപ്പിലുണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ അതിന്റെ ഭാഗങ്ങളെല്ലാം തുരുമ്പെടുത്തും മറ്റും നശിച്ചുപോയി.
ചാക്കോ കൊലക്കേസിനെ ആസ്പദമാക്കി മൂന്ന് സിനിമകളാണിറങ്ങിയത്. NH 47 (1984) എന്ന സിനിമയാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യമിറങ്ങിയത്. ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ പാപ്പനംകോട് ലക്ഷ്മണന്റേതാണ്. സുകുമാരന്‍, ടി.ജി.രവി, ലാലു അലക്‌സ്, ബാലന്‍ കെ.നായര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യഥാര്‍ഥജീവിതത്തില്‍ സുകുമാരപ്പിള്ള ഇന്നും കാണാമറയത്താണെങ്കിലും, സിനിമയില്‍ സുധാകരപിള്ള എന്ന വില്ലന്‍ ഒടുവില്‍ അറസ്റ്റിലാവുകയാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും (2016) എന്ന സിനിമയാണ് അടുത്തതായി ഇറങ്ങിയത്. ദിലീപ്, കാവ്യ മാധവന്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.
2021-ല്‍ ഇറങ്ങിയ കുറുപ്പ് ആണ് ഇതിലേറ്റവും ജനപ്രീതി നേടിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായി എത്തി. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, ടൊവിനോ തോമസ്, വിജയരാഘവന്‍, ശോഭിത ദുലിപാല എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. 81 കോടിയാണ് സിനിമ കളക്ട് ചെയ്തത്.
(കടപ്പാട്: ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍- ഡോ.ബി.ഉമാദത്തന്‍)
Content Highlights: Crime n Movie Part 3
Published: 01 Feb 2024, 03:52 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented