ഇംഗ്ലണ്ടിലെ സൗത്താംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കന്നിയാത്ര പുറപ്പെട്ട ടൈറ്റാനിക്. അന്നോളം പണിതതില്‍ ഏറ്റവും വലിയ കപ്പല്‍. ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്ന് പേരുകേട്ട കപ്പലില്‍ രണ്ടായിരത്തിലധികം യാത്രക്കാരുണ്ടായിരുന്നു. 1912 ഏപ്രില്‍ 10-ന് യാത്ര തുടങ്ങിയ ടൈറ്റാനിക് മഞ്ഞുമലയില്‍ തട്ടി തകര്‍ന്നു. 15 ഏപ്രില്‍ 1912-ല്‍ ടൈറ്റാനിക് ആഴക്കടലത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു. ആയിരത്തിഅഞ്ഞൂറിലധികം മനുഷ്യജീവനുകള്‍. ഒരുപാട് അരുമമൃഗങ്ങള്‍. ആയുസ്സിന്റെ സമ്പാദ്യം. എല്ലാം തിരയെടുത്തു. കപ്പല്‍ച്ചേതത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്നേ ഗവേഷണങ്ങള്‍ തുടങ്ങി. ശാസ്ത്രീയമായ നിഗമനങ്ങളെക്കാള്‍ സമൂഹത്തെ ഞെട്ടിച്ചതും ആസ്വദിപ്പിച്ചതും ഊഹാപോഹങ്ങളാണ്. പല ഊഹങ്ങളും പില്‍ക്കാലത്ത് ഗൂഢാലോചനാസിദ്ധാന്തങ്ങളായി വളര്‍ന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് ഇന്‍ഷുറന്‍സ് തുക കിട്ടാനായി ടൈറ്റാനിക് തകര്‍ത്തതാണ് എന്ന ആരോപണം. 

To advertise here,
placeholder
ഒളിമ്പിക്ക് കപ്പല്‍/ കടപ്പാട്-wikipedia

1998-ല്‍ പുറത്തുവന്ന റോബിന്‍ ഗാര്‍ഡനറുടെ 'ടൈറ്റാനിക്; ദി ഷിപ് ദാറ്റ് നെവര്‍ സാന്‍ക്' സിദ്ധാന്തങ്ങളുടെ നിരയിലേക്ക് പുതിയ ഒരധ്യായം കൂട്ടിച്ചേര്‍ത്തു. ടൈറ്റാനിക്കിന്റെ ഉടമസ്ഥാവകാശമുള്ള 'ദി വൈറ്റ് സ്റ്റാര്‍ ലൈനി'ന്റെ തലവന്‍ ജെ. പി. മോര്‍ഗന്‍ നടത്തിയ തട്ടിപ്പായാണ് ഗാര്‍ഡനര്‍ ടൈറ്റാനിക് അപകടത്തെ വിലയിരുത്തിയത്. മുങ്ങിയത് ടൈറ്റാനിക് അല്ലെന്നും 'ഒളിമ്പിക്' എന്ന കപ്പലിനെ ടൈറ്റാനിക്കാണെന്ന് പറഞ്ഞവതരിപ്പിച്ചു, അതാണ് മുങ്ങിയതെന്നുമായിരുന്നു ഗാര്‍ഡനറുടെ വാദം. ടൈറ്റാനിക്കിന് കിട്ടാന്‍ സാധ്യതയുള്ള ഭീമന്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണത്രെ മോര്‍ഗന്‍ ഇങ്ങനൊരു നാടകം അരങ്ങേറ്റിയത്. 

പുസ്തകം പുറത്തുവന്നതും വിവാദങ്ങള്‍ പിന്തുടര്‍ന്നു. ടൈറ്റാനിക്കുമായി കാര്യമായ രൂപവ്യത്യാസമുണ്ടായിരുന്നു ഒളിമ്പിക് കപ്പലിന്. ഇന്റീരിയര്‍ ഡിസൈനും വേറെ. അങ്ങനെയിരിക്കെ ആരും തിരിച്ചറിയാതെ ടൈറ്റാനിക്കിന് പകരം ഒളിമ്പിക്കിനെ കടലില്‍ ഇറക്കാന്‍ കഴിയില്ല. മാത്രമല്ല ടൈറ്റാക്കിന്റെ കന്നിയാത്ര വലിയ മാധ്യമശ്രദ്ധ നേടിയ സംഭവമാണ്. ഇങ്ങനെയൊരു ചതി നടന്നാല്‍ ആരെങ്കിലും ശ്രദ്ധിക്കുമെന്നുറപ്പ്. കപ്പല്‍ തീരം വിടും മുന്‍പ് തന്നെ വല്ല അപകടവും സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാമെന്നിരിക്കെ ഇത്രയും ആളുകളും സാധനങ്ങളും ചരക്കും കൊണ്ട് കടലിനു നടുവില്‍ മഞ്ഞുമലയില്‍ കൊണ്ടിടിപ്പിക്കേണ്ട കാര്യമുണ്ടോ എന്നും വിമര്‍ശകര്‍ ചോദിച്ചു. 

placeholder
'ടൈറ്റാനിക്ക്' സിനിമയില്‍ നിന്ന്/ കടപ്പാട്-GettyImages

ഇതിലും വിചിത്രമായ മറ്റൊരു സിദ്ധാന്തം 2017-ല്‍ പുറത്തുവന്നു. അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് എന്ന കേന്ദ്രീകൃത സ്വഭാവമുള്ള ധനകാര്യസ്ഥാപനം കൊണ്ടുവരുന്നതില്‍ ജെ. പി. മോര്‍ഗന് താത്പര്യമുണ്ടായിരുന്നു. അതിനെ എതിര്‍ത്ത മൂന്ന് കോടീശ്വരന്മാരെ ഇല്ലായ്മ ചെയ്യാനാണത്രെ അദ്ദേഹം ടൈറ്റാനിക്കിനെ കടലിലാഴ്ത്തിയത്. ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമന്‍, ബെഞ്ചമിന്‍ ഗഗ്ഗനേം, ഇസിഡോര്‍ സ്ട്രാറ്റസ് എന്നിവരാണ് ആ മൂന്നുപേര്‍. ടൈറ്റാനിക്കിന്റെ ആദ്യയാത്രയില്‍ അത്യാഢംബരമുള്ള സ്പെഷ്യല്‍ സ്യൂട്ട് മുറി മോര്‍ഗനും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം അദ്ദേഹം യാത്ര മുടക്കി. ഇതാണ് മോര്‍ഗനെ സംശയത്തിന്റെ നിഴലിലാക്കിയത്.

ഒരു ഈജിപ്ഷ്യന്‍ മമ്മിയെ കയറ്റിയതിനാല്‍ കപ്പലിന് ശാപം കിട്ടിയെന്നും ദുരാത്മാവിന്റെ ശക്തി കൊണ്ടാണ് നാശമുണ്ടായതെന്നും പിന്നീടൊരു കഥ വന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഒരു ശപിക്കപ്പെട്ട മമ്മി സൂക്ഷിച്ചിരുന്നുപോലും. അത് ഒരു ധനികനായ അമേരിക്കക്കാരന്‍ വാങ്ങുകയും ടൈറ്റാനിക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തുവത്രേ. പക്ഷേ, ടൈറ്റാനിക്കില്‍ ഒരു മമ്മിയെയും കയറ്റിയിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ സിദ്ധാന്തത്തിനും ആരാധകരുണ്ടായി.