
മഞ്ഞുമലയിലിടിച്ച് തകര്‍ന്ന് അന്റാര്‍ട്ടിക്കിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോയ ടൈറ്റാനിക്. ആ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ ടൈറ്റന്‍ എന്ന ജലപേടകവും അതിലെ അഞ്ച് യാത്രികരും അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ മറഞ്ഞതിന്റെ ഞെട്ടലിലാണ് ലോകം ഇപ്പോഴും. അണ്ടര്‍വാട്ടര്‍ ടൂറിസം എന്ന പുതിയ വിനോദമേഖലയെക്കുറിച്ച് പലരും അറിയുന്നതും അപ്പോഴാണ്. രണ്ടര ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം രണ്ടുകോടി രൂപ) ഈ യാത്രയ്ക്കായി അവര്‍ ഓരോരുത്തരും നല്‍കിയത്.

യാത്രകള്‍ പോവുമ്പോഴും എന്തെങ്കിലും വ്യത്യസ്തമായത് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്. അവിടെയാണ് അണ്ടര്‍വാട്ടര്‍ ടൂറിസത്തിന്റെയും സ്‌പേസ് ടൂറിസത്തിന്റെയുമൊക്കെ പ്രസക്തി. ജലപേടകങ്ങളിലെ ഇത്തരം സഞ്ചാരങ്ങള്‍ തുടങ്ങിയത് 1980-കളിലാണ്. 150 അടി താഴ്ചയില്‍ മാത്രമാണ് അന്നത്തെ യാത്രകള്‍ നടന്നിരുന്നത്. അതാണെങ്കില്‍ വളരെ കുറവും. എന്നാല്‍, ടൈറ്റാനിക് കടലില്‍ 12,500 അടി ആഴത്തിലാണ് കിടക്കുന്നത്. അത്രയും താഴ്ചയിലേക്ക് പോവണമെന്ന് അര്‍ത്ഥം.
2021-ലാണ് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് എന്ന അമേരിക്കന്‍ കമ്പനി ടൈറ്റാനിക്കിലേക്കുള്ള ടൂര്‍ തുടങ്ങിയത്. കമ്പനിയുടെ സി.ഇ.ഒ കൂടിയായ സ്റ്റോക്ടണ്‍ റഷും അപ്രത്യക്ഷമായ ടൈറ്റനില്‍ ഉണ്ടായിരുന്നു. അവസാനയാത്രയ്ക്ക് മുമ്പ് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ''ശൂന്യാകാശത്തിലേക്ക് ചുരുങ്ങിയ ചെലവില്‍, സ്ഥിരമായി ആളുകള്‍ പോയിവരുന്നൊരു കാലം ഭാവിയിലുണ്ടാവും. അതുപോലെ തന്നെയാവും കടല്‍ത്തട്ടിന്റെ കാര്യവും. ആഴക്കടല്‍ പര്യവേക്ഷണവും അങ്ങോട്ടേക്കുള്ള യാത്രകളും സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം''.
Also Read

സ്‌കൂബ ഡൈവിങ്ങിലൂടെ കടലിന്റെ ആഴങ്ങള്‍ കാണാനിറങ്ങുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അങ്ങനെയുള്ളവരെ ആകര്‍ഷിക്കാനായി ഇറ്റലിയും മെക്‌സിക്കോയും ഓസ്‌ട്രേലിയയും കടലില്‍ മ്യൂസിയവും അണ്ടര്‍വാട്ടര്‍ പാര്‍ക്കും സബ്‌മേര്‍ജ്ഡ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കും തുടങ്ങിക്കഴിഞ്ഞു. മെക്‌സിക്കോയിലെ കാന്‍കന്‍ അണ്ടര്‍വാട്ടര്‍ മ്യൂസിയം 2010-ലാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഓസ്‌ട്രേലിയയിലെ മ്യൂസിയം ഓഫ് അണ്ടര്‍വാട്ടര്‍ ആര്‍ട്ട് 2020-ലും. റോമന്‍കാലത്തെ അവശിഷ്ടങ്ങളാണ് ബായിയ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ കാണാന്‍ കഴിയുക.
സൈപ്രസില്‍ അണ്ടര്‍വാട്ടര്‍ ഫോറസ്റ്റ് പോലുമുണ്ട്. ലക്ഷങ്ങളാണ് ഓരോ വര്‍ഷവും ഇവ സന്ദര്‍ശിക്കാനെത്തുന്നത്. ഭാവിയില്‍ സാധാരണക്കാര്‍ക്കും പോയിവരാവുന്നത്ര ചെലവ് കുറഞ്ഞതാവും അണ്ടര്‍വാട്ടര്‍ ടൂറിസമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പക്ഷേ, കൂടുതല്‍ വിനോദസഞ്ചാരികളെത്തുമ്പോള്‍ കടലിനുള്ളിലെ ജീവജാലങ്ങളെ അത് ബാധിക്കുമോ ആശങ്കയും പരിസ്ഥിതി സ്‌നേഹികള്‍ പങ്കുവെക്കുന്നുണ്ട്. ശൂന്യാകാശത്തിലേക്ക് പോയ ആദ്യത്തെ വിനോദസഞ്ചാരി അമേരിക്കന്‍ ബിസിനസുകാരനായ ഡെന്നിസ് ടിറ്റോയാണ്. 2001-ലായിരുന്നു ഇത്. 20 മില്യണ്‍ ഡോളറാണ് അന്ന് അദ്ദേഹത്തിന് ചെലവായതെന്ന് പറയപ്പെടുന്നു. സോയുസ് ടിഎം-32 എന്ന ബഹിരാകാശപേടകത്തിലായിരുന്നു മറ്റ് രണ്ട് ഗവേഷകരോടൊപ്പം അദ്ദേഹത്തിന്റെ യാത്ര. പിന്നീട് 2002-ലും 2005-ലും 2009-ലും ഓരോ വിനോദസഞ്ചാരികള്‍ ബഹിരാകാശത്തെത്തി. ഇപ്പോള്‍ ഇത്തരം വിനോദസഞ്ചാരങ്ങള്‍ നിലവിലില്ലെങ്കിലും, പല കമ്പനികളും അതില്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പൊതുവെ ആളുകള്‍ക്ക് അപകടങ്ങളും ദുരന്തങ്ങളും നടന്ന സ്ഥലങ്ങളും പ്രേതബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ താത്പര്യമാണ്. അതുകൊണ്ടാണ് ഡാര്‍ക്ക് ടൂറിസത്തിനും ഡിസാസ്റ്റര്‍ ടൂറിസത്തിനും ഹോണ്ടഡ് ടൂറിസത്തിനുമൊക്കെ പ്രാധാന്യമേറുന്നത്. കൂട്ടമരണം, പ്രകൃതിദുരന്തം, വലിയ അപകടം എന്നിവ നടന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ഡാര്‍ക്ക് ടൂറിസവും ഡിസാസ്റ്റര്‍ ടൂറിസവും. പഴയ സ്വേച്ഛാധിപതികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍, ഒന്നാം ലോക-രണ്ടാം ലോക മഹായുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍, ആണവദുരന്തം നടന്ന ഉക്രെയ്‌നിലെ ചെര്‍ണോബില്‍...ഇതൊക്കെയാണ് ഇവയിലുള്‍പ്പെടുന്നത്. ഉരുള്‍പൊട്ടലുകളും പ്രളയവും ചുഴലിക്കാറ്റും നാശംവിതച്ച സ്ഥലങ്ങളിലേക്കുള്ള യാത്രയും ഡിസാസ്റ്റര്‍ ടൂറിസത്തിന്റെ ഭാഗമാണ്.
ഹോണ്ടഡ് ടൂറിസത്തിന് വിദേശത്ത് നേരത്തെ തന്നെ വലിയ ഡിമാന്റാണ്. അതിനോട് ആളുകള്‍ക്കുള്ള താത്പര്യം മൂലം ഗോസ്റ്റ് ടൂറിസം നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പ്രേതകഥകളില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് ഈ പദ്ധതി. സംസ്ഥാനത്തെ നിഗൂഢമായ പത്തോളം സ്ഥലങ്ങളാണ് ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.
Content Highlights: titanic underwater tourism
Published: 24 Jun 2023, 02:17 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented