ബോളിവുഡ് താരം അർഷാദ് വാർസി തന്റെ ജന്മദിനം മാധ്യമപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഈ ചടങ്ങിനിടെ സിനിമാ വ്യവസായത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ചും, മുതിർന്ന താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും താരം മനസ്സ് തുറന്നു.

To advertise here,

എല്ലാ വർഷവും മുടങ്ങാതെ തനിക്ക് ജന്മദിനാശംസകൾ നേരുന്നവരിൽ ആദ്യത്തെ ആളുകൾ ബച്ചൻ കുടുംബമാണെന്ന് അർഷാദ് വെളിപ്പെടുത്തി. "എനിക്ക് വളരെ നേരത്തെ ആശംസകൾ നേരുന്ന ചിലരുണ്ട്, അതിൽ പ്രധാനികൾ അമിത് ജിയും ജയ ജിയുമാണ്. അർദ്ധരാത്രി 12.01 ആകുമ്പോൾ തന്നെ എനിക്ക് അവരുടെ ഫോൺ കോൾ വരും. സിനിമാ ലോകത്ത് നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹം കാലത്തിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ എന്റെ സുഹൃത്തുക്കളുടെ എണ്ണവും വർദ്ധിക്കുന്നു," അദ്ദേഹം പറഞ്ഞു. ഇത്തരം നിമിഷങ്ങൾ തന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചനും ജയ ബച്ചനുമായി അർഷാദ് വാർസിക്ക് മുൻപ് തന്നെ പ്രൊഫഷണൽ ബന്ധമുണ്ട്. കരിഷ്മ കപൂറും അനുപം ഖേറും അഭിനയിച്ച 'സമാനത്ത്: ആൻഡ് ജസ്റ്റിസ് ഫോർ ഓൾ' (Zamaanat: And Justice for All) എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പം ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അർഷാദിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ 'തേരേ മേരേ സപ്നേ' (1996) എന്ന സിനിമയിൽ ജയ ബച്ചനൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കൈനിറയെ ചിത്രങ്ങളുമായി, തിരക്കിലാണ് അർഷാദ് വാർസി. പ്രശസ്തമായ ധമാൽ സിനിമാ ഫ്രാഞ്ചൈസിയിലെ നാലാം ഭാഗത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, സഞ്ജയ് മിശ്ര, ജാവേദ് ജാഫ്രി എന്നിവർക്കൊപ്പം അർഷാദും എത്തുന്നുണ്ട്. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന വെൽക്കം ടു ദി ജംഗിൾ എന്ന കോമഡി ചിത്രത്തിൽ അക്ഷയ് കുമാർ, സുനിൽ ഷെട്ടി, ജാക്കി ഷ്റോഫ്, രവീണ ടണ്ടൻ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയ വൻ താരനിരയാണുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi