ഒരു ലോകകപ്പ് കൂടി കഴിഞ്ഞു. വമ്പൻ സ്‌ക്രീനിൽ കളികണ്ടും ഒരുമിച്ച് ആർപ്പുവിളിച്ചും ആഘോഷിച്ച നാളുകൾ. ഇപ്പോഴും ഫുട്‌ബോൾ ലോകകപ്പിന്റെ ആലസ്യത്തിലാണ് ലോകമെങ്ങും. സ്‌പെയിൻ 16 വർഷങ്ങൾക്കുശേഷം വീണ്ടും ലോകകപ്പ് കിരീടമുയർത്തി, രാജകീയരായി നാട്ടിലേക്ക് തിരിച്ചു. നേരെമറിച്ച് അർജന്റീനിയൻ ആരാധകരെ മുഴുവൻ നിരാശരാക്കിക്കൊണ്ട്, തോൽവിയേറ്റുവാങ്ങി മുൻ ചാമ്പ്യൻമാർ. ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത തോൽവിയിലും, അർജന്റീനിയൻ ടീമിനെ മുറുകെ പിടിക്കുകയാണവർ.
അപ്പോൾ പലരുടെയും മനസ്സിലേക്ക് വന്നത് 1994-ലെ ലോകകപ്പാണ്. ബ്രസീൽ കിരീടം നേടിയ ആ ലോകകപ്പ്, പക്ഷേ ഓർമിക്കപ്പെടുന്നത് മറ്റൊരു ദാരുണസംഭവത്തിന്റെ പേരിൽ കൂടിയാണ്. ആന്ദ്രെ എസ്‌കോബാർ എന്ന കൊളംബിയൻ താരത്തിന്റെ മരണം. രണ്ടാമത്തെ ഗ്രൂപ്പ് മാച്ചിൽ അമേരിക്കക്കെതിരെയായിരുന്നു കൊളംബിയയുടെ മത്സരം. അതിനിടെയാണ് എതിർടീമിൽനിന്നുള്ള ക്രോസ് തടയുന്നതിനിടെ, ആന്ദ്രെയുടെ ബൂട്ടിൽ തൊട്ട പന്ത് കൊളംബിയൻ വലയിലേക്ക് കയറുന്നത്.
ഗോളിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തിങ്ങിനിറഞ്ഞ ഗ്യാലറി ഒരുനിമിഷം എന്താണ് സംഭവിച്ചതെന്നറിയാതെ ഉറ്റുനോക്കി. എസ്‌കോബാർ തലയിൽ കൈവെച്ച് ഏതാനും നിമിഷം പുൽപ്പരപ്പിൽ കിടന്നു. പിന്നെ പതുക്കെ എണീറ്റു, വിളറിവെളുത്തിരുന്നു ആ മുഖം. ആകെ തകർന്ന ടീമിനുമേൽ കടുത്ത അടിയായിരുന്നു ആ ഗോൾ. ഈ സെൽഫ് ഗോൾ അമേരിക്കയ്ക്ക് ലീഡ് സമ്മാനിച്ചു. അവർ 2-1ന് ജയിക്കുകയും ചെയ്തു. ഇതാണ് ആന്ദ്രെയുടെ ജീവനെടുക്കാൻ കാരണവും.
മയക്കുമരുന്നിന്റെ ഹബ്
1990-കളിലെ കൊളംബിയ മയക്കുമരുന്നിന്റെയും വാതുവെപ്പിന്റെയും പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പല നഗരങ്ങളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കി, പ്രത്യേകിച്ച് മെഡലിൻ എന്ന നഗരം. മയക്കുമരുന്ന് മാഫിയയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത്. അരാജകത്വത്തിന്റെ അങ്ങേയറ്റം. പാബ്ലോ എസ്‌കോബാർ എന്നയാളായിരുന്നു എല്ലാത്തിന്റെയും തലവൻ.
കൊളംബിയൻ ഫുട്ബോൾ ടീമിന്റെ വലിയ ആരാധകനായിരുന്നു പാബ്ലോ. കറ തീർന്ന ക്രിമിനൽ ആയിരുന്നുവെങ്കിലും, ഫുട്ബോളിനെ അതിയായി സ്നേഹിച്ചിരുന്നു അയാൾ. മെഡലിനിലെ ഫുട്ബോൾ ടീമായ അത്ലറ്റികോ നാഷണലിന്റെ ഉടമയുമായിരുന്നു പാബ്ലോ. തന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായും അയാൾ ഫുട്ബോളിനെ കണ്ടുതുടങ്ങി. പാബ്ലോയുടെ പാത, മറ്റ് മാഫിയ സംഘങ്ങളും പിന്തുടർന്നു. പലരും കൊളംബിയയിലെ ക്ലബുകളിൽ കൂടുതലായി പണം നിക്ഷേപിച്ചു. ക്ലബുകളിൽ കളിക്കുന്നവർക്ക് മികച്ച വേതനവും കിട്ടിത്തുടങ്ങി. ഇത് കൊളംബിയൻ ഫുട്ബോളിന് വലിയ ഉണർവ് തന്നെയാണ് നൽകിയത്. മികച്ച കളിക്കാരെല്ലാം കൊളംബിയയിൽ തന്നെ തുടർന്നു, പ്രത്യേകിച്ച് അത്ലറ്റികോ നാഷണലിൽ.
ആയിടയ്ക്കാണ് കൊളംബിയയിലെ കൂട്ടക്കൊലപാതകങ്ങളുടെ പേരിൽ, പാബ്ലോ പോലീസിൽ കീഴടങ്ങുന്നത്. അധികം വൈകാതെ അയാളെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അവിടെയും പാബ്ലോയുടെ ഭരണം തന്നെയായിരുന്നു. ഇത് പുറംലോകം അറിഞ്ഞപ്പോൾ, പാബ്ലോയെ മറ്റൊരു ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കർശനനിയന്ത്രണങ്ങളുള്ള ജയിലിലേക്ക് മാറ്റുമെന്നറിഞ്ഞപ്പോൾ പാബ്ലോ ജയിൽചാടി, രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ പാബ്ലോ ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു.
നഗരത്തിൽ അക്രമങ്ങൾ കൂടുന്നു
പാബ്ലോ മരിച്ചതോടെ, അത് അക്രമികളോടുള്ള ശക്തമായ താക്കീതായി വ്യാഖ്യാനിക്കുമെന്നും അക്രമങ്ങൾ കുറയുമെന്നുമാണ് അധികാരികൾ കരുതിയത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചത്. മാഫിയസംഘങ്ങളെല്ലാം തന്റെ കഴിവിന്റെ പരമാവധിയനുസരിച്ച്, നാടിനെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. തുടരെ ബോംബാക്രമണവും വെടിവെപ്പും മാൻഡിലിനെ പിടിച്ചുകുലുക്കി. ഒടുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനിടയിലാണ് 1994-ലെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി കൊളംബിയൻ ടീം അമേരിക്കയിലേക്ക് വിമാനം കയറുന്നത്. ലോകകപ്പ് നേടുമെന്ന് സാക്ഷാൽ പെലെ വരെ വിശ്വസിച്ച ടീമായിരുന്നുവത്. ജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീം. കൊളംബിയൻ ടീമിനായി മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വലിയ തോതിൽ വാതുവെപ്പിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
പക്ഷേ, കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ആദ്യമത്സരത്തിൽ റൊമാനിയയോട് തോറ്റപ്പോൾ തന്നെ കൊളംബിയൻ ടീമിന് പലയിടത്തുനിന്നും ഭീഷണികൾ വന്നുതുടങ്ങിയിരുന്നു. അമേരിക്കയോട് തോറ്റതോടെ ഏകദേശം കാര്യങ്ങൾക്ക് തീരുമാനമായി. പിന്നീട് നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ വിജയം നേടിയെങ്കിലും, കൊളംബിയ ലോകകപ്പിൽനിന്ന് പുറത്തേക്ക് തന്നെ പോയി. കൊളംബിയ തോറ്റതോടെ വാതുവെപ്പുകാർക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഗാലൻ സഹോദരങ്ങൾക്കും.
തിരിച്ച് നാട്ടിലെത്തിയ, എസ്‌കോബാർ ആകെ തകർന്നിരുന്നു. ഒരാഴ്ചയോളം വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടി. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹത്തിൽനിറഞ്ഞ് എസ്‌കോബാർ ഒരുവിധം എല്ലാം മറന്നുവരികയായിരുന്നു. അതിനിടയിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്രത്തിൽ ഒരു കുറിപ്പെഴുതുകയും ചെയ്തു അദ്ദേഹം. ''ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്കിനിയും മുന്നോട്ടുപോവണം...'' കുറിപ്പിൽ എസ്‌കോബാർ ഇങ്ങനെ കുറിച്ചു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാനുള്ളത് അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു.
ഗോളിനുപകരം മരണം…
ജൂലായ് ഒന്ന്. മത്സരശേഷം എസ്‌കോബാർ ആദ്യമായി പുറത്തിറങ്ങാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഹെരേരയും ടീം മാനേജറുമെല്ലാം എസ്‌കോബാറിനെ വിലക്കി, ഇപ്പോൾ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ എസ്‌കോബാർ പറഞ്ഞു, ''ഇല്ല, ഇനിയെങ്കിലും ആളുകളെ എന്റെ മുഖം കാണിക്കണം''.
കൂട്ടുകാർക്കൊപ്പം ബാറിലും നിശാക്ലബിലുമായി എസ്‌കോബാറും കൂട്ടുകാരും സമയം ചെലവഴിച്ചു. പിറ്റേന്ന് പുലർച്ചെ വരെ അവർ കറങ്ങിനടന്നു. ബാറിൽനിന്നിറങ്ങിയപ്പോൾ ഒരു സംഘം ആളുകൾ എസ്‌കോബാറിനെ വളഞ്ഞു, വാക്കുകൾകൊണ്ട് അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിച്ചു. അവരെ സമാധാനിപ്പിക്കാൻ എസ്‌കോബാർ ശാന്തമായി സംസാരിച്ചെങ്കിലും, അതൊന്നും കേൾക്കാൻ അവർ തയ്യാറായില്ല. പ്രശ്നമാകുന്നുവെന്ന് കണ്ടപ്പോൾ എസ്‌കോബാർ ഉടനെ അവിടം വിട്ടു. കാറോടിച്ച് നേരെ പാർക്കിങ്ങിലേക്ക് പോയി. പ്രശ്നക്കാർ അവിടെയും പിന്തുടർന്നെത്തി.
സംസാരത്തിനിടയിൽ ഒരാൾ തോക്കെടുത്ത് എസ്‌കോബാറിനുനേരെ നിറയൊഴിച്ച്, അതും ആറുതവണ. ഓരോ തവണ വെടിയുതിർക്കുമ്പോഴും, ഗോൾ എന്ന് കൂടെയുള്ളവർ അലറിയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അധികം താമസിയാതെ ആസ്പത്രിയിലെത്തിച്ചെങ്കിലും, അദ്ദേഹം മരിച്ചു. അതേ വർഷം തന്റെ പ്രണയിനിയുമായി വിവാഹം നടക്കാനിരിക്കെയായിരുന്നു എസ്‌കോബാറിന്റെ കൊലപാതകം. അത് ജനങ്ങളെയാകെ തകർത്തു. ഒരു ലക്ഷത്തിലേറെ പേരാണ് അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകളിൽ പങ്കെടുത്തത്. കണ്ണീരോടെയാണ് ആളുകൾ ആ ശവമഞ്ചത്തെ അനുഗമിച്ചത്.
കൊലപാതകത്തിന്റെ പേരിൽ ഗാലൻ സഹോദരൻമാരുടെ ഡ്രൈവറെ അധികം താമസിയാതെ പോലീസ് അറസ്റ്റ് ചെയ്തു. ഗാലൻ സഹോദരൻമാർക്കുവേണ്ടിയാണ് ഡ്രൈവർ കുറ്റമേറ്റെടുത്തതെന്ന് പറയപ്പെട്ടിരുന്നു. അതൊന്നും തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. 43 വർഷത്തെ തടവിന് അയാളെ ശിക്ഷിച്ചെങ്കിലും, 11 വർഷം കഴിഞ്ഞപ്പോഴേക്കും അയാൾ ജയിലിൽനിന്ന് പുറത്തിറങ്ങി.ഓരോ ലോകകപ്പും കൊളംബിയക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ട ആന്ദ്രെയുടെ ഓർമപുതുക്കൽ കൂടിയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The 1994 World Cup context of Colombia's tragic exit. The impact of the self-goal during the match against the USA. The influence of drug cartels and betting syndicates on Colombian football
Published: 20 Jul 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented