അമിതാഭ് ബച്ചന്റെ ശബ്ദമാണ് ആദ്യം സിനിമയിലെത്തുന്നത്. 1969-ൽ റിലീസായ 'ഭുവൻ ഷോമെ' എന്ന മൃണാൾ സെൻ സിനിമയിലെ വിവരണങ്ങളേറെയും ബച്ചന്റെ ശബ്ദത്തിലായിരുന്നു. അത്തവണത്തെ മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമുള്ള ദേശീയപുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് 'ഭുവൻ ഷോമെ'.
അതേവർഷം തന്നെ ആറുമാസങ്ങൾക്കുശേഷം 'സാഥ് ഹിന്ദുസ്ഥാനി'യിലൂടെ അമിതാഭ് ബച്ചൻ എന്ന നടൻ സിനിമാസ്‌ക്രീനുകളിലെത്തി. ഖ്വാജ അഹമദ് അബ്ബാസ് സംവിധാനവും നിർമാണവും തിരക്കഥാരചനയും നിർവഹിച്ച സിനിമയിൽ ഉത്പൽ ദത്ത, ജലാൽ ആഖ, അൻവർ അലി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായത്. നടൻ മധുവും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എട്ടുലക്ഷമാണ് 'സാഥ് ഹിന്ദുസ്ഥാനി' തിയേറ്ററിൽനിന്ന് കളക്ട് ചെയ്തത്.
ആദ്യസിനിമയായതുകൊണ്ടുതന്നെ അതിനുവേണ്ടി എന്തു ചെയ്യാനും ബച്ചൻ തയ്യാറായിരുന്നു. മാത്രമല്ല, ബജറ്റും വളരെ കുറവായിരുന്നു സിനിമയ്ക്ക്. ഷൂട്ടിങ്ങിനിടയിലെ ഒരു കൗതുകകരമായ സംഭവം പിന്നീട് ബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്.
കുറ്റിത്താടിയുള്ള കഥാപാത്രമായിരുന്നു സിനിമയിൽ ബച്ചന്റേത്. മേക്കപ്പ് ആർട്ടിസ്റ്റായ പണ്ഡാരി ജൂക്കർ താടിവെച്ച് പിടിപ്പിക്കുകയായിരുന്നു. ഒരുദിവസം പണ്ഡാരിക്ക് മുംബൈയിലേക്ക് പോവേണ്ടിവന്നു. ഏഴുദിവസം കഴിഞ്ഞേ തിരിച്ചുവരികയുള്ളൂ. ആ ഏഴുദിവസവും ബച്ചന് ഷൂട്ടുമുണ്ട്. ബജറ്റില്ലാത്തതുകൊണ്ട് വേറെ മേക്കപ്പ് ആർട്ടിസ്റ്റിനെ വെക്കാനും പറ്റില്ല. ഇക്കാര്യം അമിതാഭ് ബച്ചനോട് പറഞ്ഞു.
താൻ പോയാൽ താടി എന്തുചെയ്യുമെന്ന് പണ്ഡാരി ചോദിച്ചു. ഏഴുദിവസത്തോളം അതേപോലെ സൂക്ഷിച്ചോളാമെന്ന് അമിതാഭ് ബച്ചന്റെ മറുപടിയും. ഒടുവിൽ ആ ഏഴുദിവസവും മുഖം കഴുകാതെ നടന്നു അദ്ദേഹം. കുളിക്കുമ്പോഴും മുഖം നനയാതെ നോക്കി.
പണ്ഡാരി തിരിച്ചുവന്നു. അമിതാഭിനെ കണ്ട അദ്ദേഹം അദ്ഭുതപ്പെട്ടു. അതിനെക്കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞതിങ്ങനെ, ''ഏഴുദിവസം കഴിഞ്ഞ് കണ്ടപ്പോഴും ബച്ചന്റെ താടിക്ക് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. എങ്ങനെയായിരിക്കും അദ്ദേഹം ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരിക്കുക എന്നാണ് ഞാനാദ്യം ചിന്തിച്ചത്''. ഖ്വാജ മുഹമ്മദ് അബ്ബാസിന്റെ പുസ്തകത്തിന്റെ പ്രകാശനവേളയിൽ അമിതാഭ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the incredible story of Amitabh Bachchan going 7 days without washing his face for his debut film `Saat Hindustani` due to budget constraints
Published: 05 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented