ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം, ലോകത്തിന്റെ ബിഗ് ബ്രദര്‍ എന്നൊക്കെയാണ് അമേരിക്ക അറിയപ്പെടുന്നത്. മറ്റേത് രാജ്യത്തെക്കാളും സൈനിക ബലം അമേരിക്കയ്ക്കുണ്ട്. പക്ഷേ, അതൊന്നും അമേരിക്കക്കാരുടെ കാലാകാലങ്ങളായുള്ള ഒരു ഫോബിയ മാറ്റാന്‍ സഹായിച്ചിട്ടില്ല. അമേരിക്കയുടെ പത്തു ശതമാനം ആളുകളെയും ഒരു ഫോബിയ വലയ്ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതിന്റെ പേരാണ് ട്രിസ്‌കൈഡെക്കോ ഫോബിയ.

To advertise here,

സംഗതി പഴഞ്ചന്‍ രോഗമാണ്. നോസ് മിത്തോളജിയും ക്രിസ്തീയ വിശ്വാസങ്ങളും ആവര്‍ത്തിക്കുന്ന ഒരു വിശ്വാസത്തില്‍ നിന്നാണ് ട്രിസ്‌കൈഡെക്കോ ഫോബിയ ഉണ്ടാകുന്നത്. പതിമൂന്ന് എന്ന സംഖ്യ അശുഭമാണ് എന്ന പേടിയാണ് ഈ രോഗം. പതിമൂന്നാം തീയതി നല്ല കാര്യങ്ങളൊന്നും ചെയ്യില്ല. കെട്ടിടങ്ങളില്‍ പന്ത്രണ്ടാം നില കഴിഞ്ഞാല്‍ 14 എന്ന് നമ്പറിടും. പലയിടത്തും, വിമാനങ്ങളിലടക്കം പതിമൂന്നാം വരിയോ നിരയോ ഇരിപ്പിടങ്ങള്‍ ഒഴിവാക്കും. എങ്ങനെയെങ്കിലും പതിമൂന്നിനെ ഒഴിവാക്കുമെന്ന് ചുരുക്കം 

മധ്യകാലഘട്ടം മുതല്‍ക്ക് യൂറോപ്പില്‍ പതിമൂന്ന് അശുഭമാണ്. 12-ന് കിട്ടിയ പ്രാധാന്യമാണ് 13-നെ വില്ലനാക്കിയത്. ഗ്രീക്ക് റോമന്‍ വിശ്വാസപ്രകാരം 12 ദൈവങ്ങളാണ് ഒളിമ്പസിലുള്ളത്. ഒരു ദിവസത്തിന്റെ പാതിയാണ് 12 മണിക്കൂര്‍. 12 ഇഞ്ചാണ് ഒരടി. 12 ഔണ്‍സ് ആണ് ഒരു പൗണ്ട്. ഒരു വര്‍ഷത്തില്‍ 12 മാസങ്ങള്‍. 12 രാശികള്‍. ക്രിസ്തുവിന് 12 ശിഷ്യന്മാര്‍. അതായത് 12-നെ കണ്ടിരുന്നത് പൂര്‍ണതയുടെ സംഖ്യയായാണ്. 

placeholder
'അന്ത്യ അത്താഴം'-  ഡാവിഞ്ചിയുടെ പെയിന്റിങ്/ കടപ്പാട്‌-Getty Images 

നോസ് മിത്തോളജി പ്രകാരം ഒരു വിരുന്നിന് 13-ാമനായി വന്ന ലോക്കി എന്ന ദൈവം മറ്റൊരു ദൈവമായ ബല്‍ദൂറിനെ വകവരുത്തി. പതിമൂന്നിനെ മന്ത്രവാദത്തിന്റെ സംഖ്യയായാണ് മധ്യകാലഘട്ടം വിലയിരുത്തിയത്. യേശുവിന്റെ അന്ത്യ അത്താഴത്തിലും പതിമൂന്ന് പേരുണ്ടായിരുന്നു. 

അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്, വുഡ്രോ വില്‍സണ്‍, ഹെര്‍ബര്‍ട്ട് ഹൂവര്‍, അമേരിക്കന്‍ എഴുത്തുകാരായ  മാര്‍ക്ക് ട്വയിന്‍, സ്റ്റീഫന്‍ കിംഗ്, നിക്ക് യാരിസ്... അങ്ങനെ പ്രമുഖരായ അമേരിക്കക്കാര്‍ പലരും പതിമൂന്നിനെ പേടിച്ചു.

പലവിധ കാരണങ്ങള്‍ കൊണ്ടാണ് പതിമൂന്നിനെ പേടിക്കുന്നത്. യേശു കുരിശിലേറ്റപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണല്ലോ. ഇനി പതിമ്മൂന്നും വെള്ളിയും ഒരുമിച്ച് വന്നാലോ.... അപ്പോള്‍ പേടിയും കൂടും. ആ അവസ്ഥയുടെ പേരാണ് പരസ്‌കെവിഡെകാട്രിയാഫോബിയ. ഈ ഫോബിയയും വലിയൊരു വിഭാഗക്കാരെ വലയ്ക്കുന്നുണ്ട്.