മൂന്നുവർഷത്തെ ഡേറ്റിങ്ങിനുശേഷം വിവാഹിതരായവരാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും. 2022-ലാണ് ഇരുവരും വിവാഹിതരായത്. തന്റെ ചെറുപ്പകാലത്തിന്, കുഞ്ഞ് ആലിയയ്ക്ക് ഒരു കത്തെഴുതിയെതിനെക്കുറിച്ച് വിശദമാക്കുകയാണ് ആലിയ.

റൺബീറിനോട് തനിക്കെപ്പോഴും ക്രഷ് ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു. ആലിയ കുഞ്ഞ് ആലിയയ്ക്ക് എഴുതിയ കത്തിങ്ങനെ, ''പ്രിയപ്പെട്ട കുഞ്ഞേ, ഹൈസ്‌കൂളിലെ ആ വിഡ്ഢിയായ ആൺകുട്ടിയെ ഓർത്ത് കരയരുത്, അവനത് വിലമതിക്കുന്നില്ല. ഒരു ദിവസം, ലോകത്തിലെ ഏറ്റവും മികച്ച ആൺകുട്ടിയെ നീ കണ്ടുമുട്ടുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിനക്ക് ഏറ്റവും കൂടുതൽ ക്രഷ് തോന്നുന്ന ആ ആളായിരിക്കും നിന്റെ പ്രണയം. അവൻ നിന്നെ ബഹുമാനത്തോടെയും ആശ്വാസത്തോടെയും സമാധാനത്തോടെയും ചിരിയോടെയും സ്‌നേഹിക്കും. അവൻ നിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലമായിരിക്കും, ഉറ്റ സുഹൃത്തായിരിക്കും, നിന്നെക്കുറിച്ച് എല്ലാം അവനറിയാം. നിന്റെ മനസ്സ് വായിക്കാൻ കഴിയുന്നൊരാൾ. ലോകത്തിലെ ഏറ്റവും മികച്ചയാളായിരിക്കും അവൻ''.

2018-ൽ 'ബ്രഹ്മാസ്ത്ര' എന്ന സിനിമയുടെ ഇടയ്ക്കാണ് റൺബീറും ആലിയയും പ്രണയത്തിലാവുന്നത്. 'ബ്രഹ്മാസ്ത്ര'യുടെ ഷൂട്ടിങ്ങിനുമുമ്പുള്ള വർക്ക്‌ഷോപ്പിനായുള്ള വിമാനയാത്രയാണ് തങ്ങളെ തമ്മിൽ അടുപ്പിച്ചതെന്ന് പിന്നീട് റൺബീർ പറഞ്ഞിട്ടുണ്ട്. നാലുവർഷത്തിനുശേഷം 2022 ഏപ്രിലിലിൽ വിവാഹിതരായി. അതേവർഷം നവംബറിൽ റാഹ കപൂർ എന്ന കുഞ്ഞ് ജനിച്ചു.

കരിയറിലും തിരക്കിലാണ് താരദമ്പതികൾ. റൺബീറിന്റെ 'അനിമൽ' എന്ന ചിത്രം ബോക്‌സോഫീസ് ഹിറ്റായി മാറി. അതിനുശേഷം രാമായണ, ലവ് ആന്റ് വാർ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കുകളിലാണ് അദ്ദേഹം. രണ്ട് ഭാഗങ്ങളായിട്ടാണ് രാമായണ റിലീസാവുന്നത്. ലവ് ആന്റ് വാറിൽ റൺബീറിന്റെ നായികയായെത്തുന്നത് ആലിയ തന്നെയാണ്. 'ആൽഫ'യാണ് ആലിയയുടെ അടുത്ത റിലീസ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi