കരൺ ജോഹറിന്റെ 2012-ലെ ഹിറ്റ് ചിത്രമായ 'സ്റ്റുഡന്റ് ഓഫ് ദി ഇയറി'ലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ആലിയ ഭട്ട്. തന്റേതായ അഭിനയപാടവം കൊണ്ട് ഇവർ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. 2022 ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്തിയാവാഡി' എന്ന് സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്തത് അവരുടെ കരിയറിൽ ഒരു പൊൻതൂവലായിരുന്നു. നിരൂപക പ്രശംസ നേടിയ പ്രകടനങ്ങളിലൂടെ ആലിയ വർഷങ്ങളായി തന്റെ അഭിനയമികവ് തെളിയിച്ചിട്ടും ഈ സമയങ്ങളിലൊക്കെയും നെപോകിഡ് ആണെന്ന അപഖ്യാതി അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ മകൾ സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്നവളാണെന്നും താനല്ല അതിനുപിന്നിലെന്നും പറയുകയാണ് ആലിയയുടെ പിതാവും മുതിർന്ന സംവിധായകനുമായ മഹേഷ് ഭട്ട്. 'ദി ഹിമാൻഷു മേത്ത ഷോ'യിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചത്.
'എന്റെ മകൾ സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്നവളാണ് എന്ന് വിശ്വസിക്കുന്നു. ഞാനല്ല ആലിയ ഭട്ടിനെ സിനിമയിൽ കൊണ്ടുവന്നത്. കരൺ ജോഹറാണ് അവളെ ലോഞ്ച് ചെയ്തത്. അവൾക്ക് അഭിനയത്തോട് ഇത്രയധികം അഭിനിവേശമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വന്തമായാണ് അവൾ ഓഡിഷന് പോയിരുന്നത്. അവർക്ക് അവളുടെ പ്രകടനം ഇഷ്ടപ്പെട്ടുവെന്ന് മാത്രമാണ് ഞാൻ അറിഞ്ഞത്. ഞാൻ ഞെട്ടിപ്പോയി, കാരണം അങ്ങനെയൊരു താത്പര്യം അവളിൽ അതുവരെ ഞാൻ കണ്ടിരുന്നില്ല. ആലിയ സ്വന്തം കാലിൽ നിൽക്കുന്ന ഒരു പെൺകുട്ടിയായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, മഹേഷ് പറഞ്ഞു. ഇന്നത്തെ യുവതലമുറ തന്നോടൊപ്പം ചിത്രങ്ങളെടുക്കാൻ വരുന്നത് പോലും ആലിയ ഭട്ടിന്റെ അച്ഛനെ കണ്ടുവെന്ന് കാണിക്കാനാണെന്നും സംവിധായകൻ വെളിപ്പെടുത്തി.
ആലിയ എന്നെ അത്ഭുതപ്പെടുത്തി, റിസ്‌ക് എടുക്കാനുള്ള അവളുടെ താൽപ്പര്യമാണ് അവളെ വ്യത്യസ്തയാക്കുന്നത്. വൈവിധ്യമാർന്ന കഥകളിലേക്ക് അവൾ സഞ്ചരിച്ചിട്ടുണ്ട്. 2022-ൽ മകൾ റാഹ കപൂറിന്റെ ജനനശേഷം അവൾക്ക് ഒരു നല്ല മാറ്റം സംഭവിച്ചുവെന്നും ആലിയയുടെ പിതാവ് ചൂണ്ടിക്കാട്ടി. അമ്മയായതോടെ അവളിൽ മറ്റൊരു തരത്തിലുള്ള പക്വത കൈവന്നിരിക്കുന്നു. ഇനി വരാനിരിക്കുന്ന അവളുടെ പുതിയ സിനിമകൾക്കായി താനും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദിത്യ ചോപ്രയുടെ വൈആർഎഫ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ, ശിവ് റവൈലിന്റെ സ്‌പൈ ത്രില്ലർ 'ആൽഫ'യിലാണ് ആലിയ അടുത്തതായി പ്രധാന വേഷത്തിലെത്തുന്നത്. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ക്രിസ്മസിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
രൺബീറിന് പോലും ആലിയയോട് വലിയ ആരാധനയാണെന്ന് മഹേഷ് ഭട്ട് വെളിപ്പെടുത്തി. ആലിയ വ്യത്യസ്തമായ ഒരു വ്യക്തിത്വമാണെന്നും കൂടുതൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള അവളുടെ ആഗ്രഹം അവിശ്വസനീയമാംവിധം അത്ഭുതപ്പെടുത്തുന്നതാണെന്നും രൺബീർ പറഞ്ഞിട്ടുണ്ട്. ആലിയയെയും രൺബീറിനെയും പോലുള്ള കഴിവുള്ള 'നെപ്പോ കിഡ്‌സ്' ഉണ്ടെങ്കിലും നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള പ്രാധാന്യം നിഷേധിക്കാനാവില്ലെന്ന് സംവിധായകൻ സമ്മതിക്കുന്നു. നെപ്പോ കിഡ്‌സിന് കാര്യങ്ങൾ തീർച്ചയായും എളുപ്പമാണ്. കാരണം അവസരങ്ങൾ ലഭിക്കുക എന്നതാണ് വിജയം. കഴിവുള്ള പലർക്കും വർഷങ്ങളോളം ഒരവസരം പോലും ലഭിക്കുന്നില്ല. നെപ്പോട്ടിസത്തിനെതിരെ ഉയർന്നുവന്ന ശബ്ദത്തിന് പിന്നിൽ ഒരു കൂട്ടായ രോഷമുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടാണ് നമ്മൾ അതിനെക്കുറിച്ച് മിക്കവാറും എല്ലാ ദിവസവും കേൾക്കുന്നതെന്നും മഹേഷ് ഭട്ട് പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: mahesh bhatt discusses alia bhatt`s journey, talent, and the nepotism debate. he highlights her independent pursuit of acting.
Published: 28 Jul 2025, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented