
ഏതെങ്കിലും പ്രശസ്തര്‍ മരണമടയുമ്പോള്‍ ചലച്ചിത്രലോകത്തിന് അല്ലെങ്കില്‍ സംഗീതലോകത്തിന് തീരാനഷ്ടം എന്നൊന്നും ഇനി പറയേണ്ടിവരില്ല. കാരണം ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്. മുന്‍പൊക്കെ ഏതെങ്കിലും താരങ്ങള്‍ മരണമടഞ്ഞാല്‍ അവര്‍ അഭിനയിച്ചുകൊണ്ടിരുന്ന ചിത്രങ്ങളെ അത് സാരമായിത്തന്നെ ബാധിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത 'ഇടവപ്പാതി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുംവഴിയാണ് ജഗതി ശ്രീകുമാറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുന്നതും. ആ വേഷം പിന്നീട് ചെയ്തത് ബോളിവുഡ് താരമായ പ്രശാന്ത് നാരായണനായിരുന്നു. 'തിരുവമ്പാടി തമ്പാന്‍' എന്ന ചിത്രം പുറത്തിറങ്ങിയത് ജഗതിയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചാണ്.
മുന്‍പ് ഏതെങ്കിലും താരത്തിന്റെ ചെറുപ്പകാലം കാണിക്കാനായി ബാലതാരങ്ങളെയാണ് ഉപയോഗിച്ചിരുന്നത്. എ.ഐ. വന്നതോടെ ഇനി അതും വേണ്ടിവരില്ല. ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് താരങ്ങളെ ഏത് പ്രായത്തിലേക്കും മാറ്റാം. 'ഗോട്ട്' എന്ന ചിത്രത്തില്‍ വിജയ് പ്രായംകുറച്ചത് ഇങ്ങനെയാണ്. എ.ഐ. ടെക്നോളജിയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമയത്ത് 'ആദവന്‍' എന്ന ചിത്രത്തില്‍ സൂര്യയെ 'ബാലതാര'മായി സംവിധായകന്‍ കെ.എസ്. രവികുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2007-ല്‍ പുറത്തിറങ്ങിയ 'യമദൊങ്ക' എന്ന ചിത്രത്തില്‍ മരിച്ചുപോയ പഴയകാല സൂപ്പര്‍താരം എന്‍.ടി. ആറിനെ ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം ഒരേ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് രാജമൗലി.

അഭിനയരംഗത്തെ എ.ഐ. പരീക്ഷണങ്ങളുടെ ആധിക്യം കണ്ടത് 2024-ല്‍ പുറത്തിറങ്ങിയ ഷങ്കര്‍-കമല്‍ഹാസന്‍ ടീമിന്റെ 'ഇന്ത്യനി'ലാണ്. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരെ മുഴുനീള കഥാപാത്രങ്ങളായിത്തന്നെ കൊണ്ടുവന്നു. ഇന്ത്യന്റെ മൂന്നാംഭാഗത്തില്‍ ഡീഎയ്ജിങ് ടെക്നോളജിയുടെ സഹായത്തോടെ ചെറുപ്പക്കാരനായ കമല്‍ഹാസനെയായിരിക്കും വെള്ളിത്തിരയില്‍ കാണാന്‍പോകുന്നതെന്ന സൂചനയും ചിത്രം തന്നിരുന്നു.
മരണമടഞ്ഞശേഷം എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് രണ്ടുതവണ സിനിമയില്‍ 'അഭിനയിച്ച' നേട്ടം ഒരുപക്ഷേ വിജയകാന്തിനുമാത്രം അവകാശപ്പെട്ടതായിരിക്കും. വിജയ് നായകനായ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിലാണ് ക്യാപ്റ്റനെ ആദ്യമായി എ.ഐ. വഴി പുനര്‍ജനിപ്പിച്ചത്. ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നും ഈ കഥാപാത്രമായിരുന്നു. വിജയകാന്തിന്റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'പടൈ തലൈവന്‍' എന്ന ചിത്രത്തിലും വിജയകാന്തിന്റെ സാന്നിധ്യമുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറില്‍ വിജയകാന്തിന്റെ കഥാപാത്രത്തെ കാണിക്കുന്നുമുണ്ട്.
എ.ആര്‍.ആര്‍ തുറന്നിട്ട എ.ഐ. വഴി
മരിച്ചവരുടെ ശബ്ദം എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് പാട്ടുകളുണ്ടാക്കി എ.ആര്‍. റഹ്‌മാന്‍ വലിയൊരു വിപ്ലവത്തിന് വഴിയൊരുക്കി. ഐശ്വര്യ രജനീകാന്തിന്റെ സംവിധാനം ചെയ്ത 'ലാല്‍സലാം' എന്ന സിനിമയിലെ 'തിമിരി എഴു ടാ' ആയിരുന്നു ആ വിപ്ലവഗാനം. ഗായകരാകട്ടെ റഹ്‌മാന്റെ പ്രിയപ്പെട്ട പാട്ടുകാരായ ബംബ ബാക്കിയയും ഷാഹുല്‍ ഹമീദും.

2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ.ആര്‍. റഹ്‌മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. 'സര്‍ക്കാര്‍', 'യന്തിരന്‍ 2.0', 'സര്‍വം താളമയം', 'ബിഗില്‍', 'ഇരൈവിന്‍ നിഴല്‍' തുടങ്ങിയവയിലാണ് അദ്ദേഹം പാടിയ മറ്റുഗാനങ്ങള്‍. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. ഷാഹുല്‍ ഹമീദ് 1997-ലാണ് അന്തരിച്ചത്. 'ജെന്റില്‍മാന്‍' എന്ന ചിത്രത്തിലെ 'ഉസിലാംപട്ടി പെണ്‍കുട്ടീ', 'തിരുടാ തിരുടാ'യിലെ 'രാസാത്തി എന്‍ ഉസിര്', 'മെയ് മാദ'ത്തിലെ 'മദ്രാസി സുത്തി', 'കാതലനി' ലെ 'ഊര്‍വസി ഊര്‍വസി', 'പെട്ടാ റാപ്പ്', 'ജീന്‍സി'ലെ 'വാരായോ തോഴീ' തുടങ്ങി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട.്
നോവായി ഭവതരിണി
അടുത്ത എ.ഐ. ഗാനം പ്രേക്ഷകര്‍ കേട്ടാസ്വദിക്കുന്നത് വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനംചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിലാണ്. ഗാനം ഇറങ്ങുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിടപറഞ്ഞ ഭവതരിണിയായിരുന്നു ഗായിക. ഈണമിട്ടത് സഹോദരന്‍കൂടിയായ യുവന്‍ ശങ്കര്‍ രാജ. പുറത്തിറങ്ങിയ ഗാനം കേട്ടവരെല്ലാം ഒരുപോലെ ഞെട്ടി. പിന്നെ കൗതുകമായി. മരിച്ചുപോയ ഗായിക ഇതാ ശബ്ദരൂപത്തില്‍ തങ്ങളിലേക്കിറങ്ങിവന്നിരിക്കുന്നു.
തന്റെ സഹോദരിയുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല എന്നാണ് ഗാനത്തെക്കുറിച്ച് യുവന്‍ ശങ്കര്‍ രാജയുടെ പ്രതികരണം. ''ഗോട്ടിലെ രണ്ടാമത്തെ ഗാനം എനിക്ക് വളരെയധികം സ്‌പെഷ്യലാണ്. എന്റെ വികാരം വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഈ ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സില്‍ തോന്നി. ഭവതരിണി സുഖം പ്രാപിക്കുമ്പോള്‍ അവളെക്കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല'', യുവന്റെ വാക്കുകള്‍.

എ.ആര്‍. റഹ്‌മാന്‍ തുറന്ന പാതയാണ് തങ്ങള്‍ക്ക് പ്രേരണയായതെന്ന് സംവിധായകന്‍ വെങ്കട്ട് പ്രഭു. ''ഈ ട്യൂണ്‍ ചിട്ടപ്പെടുത്തിയ അന്നുതന്നെയാണ് ഭവത പോയത്. ആ ഗാനം അവളെക്കൊണ്ടു പാടിക്കാനായിരുന്നു തീരുമാനം. പിന്നീടാണ് എന്തുകൊണ്ട് എ.ഐ. ഉപയോഗിച്ച് ഭവതരിണിയുടെ ശബ്ദം പുനസൃഷ്ടിച്ചുകൂടാ എന്ന് യുവനോട് ചോദിച്ചത്. അന്തരിച്ച ഗായകന്‍ ഷാഹുല്‍ ഹമീദിന്റെ ശബ്ദം എ.ആര്‍. റഹ്‌മാന്‍ പുനഃസൃഷ്ടിച്ചിരുന്നു. ഈണം കേട്ടയുടന്‍ ഈ പാട്ട് പാടാന്‍ വിജയ് സാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹം ഈ ചിത്രത്തിനുവേണ്ടി രണ്ട് പാട്ടുകള്‍ പാടുന്നു എന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടാക്കി.''
എ.ഐ. ഉപയോഗിച്ച് ഭവതരിണിയുടെ പാട്ടുണ്ടാക്കാന്‍ ആദ്യം പശ്ചാത്തലസംഗീതമൊന്നുമില്ലാത്ത അവരുടെ തനതായ ശബ്ദം വേണമായിരുന്നു. തുടര്‍ന്ന് പ്രിയദര്‍ശിനി എന്നൊരു ഗായികയെക്കൊണ്ട് ചിന്ന ചിന്ന കണ്‍കള്‍ എന്ന ഗാനം പാടിച്ചതിനുശേഷം എ.ഐ. ഉപയോഗിച്ച് ഭവതരിണിയുടെ ശബ്ദത്തിലേക്ക് കണ്‍വര്‍ട്ട് ചെയ്യുകയായിരുന്നു.
മലേഷ്യാ വാസുദേവന്‍, പാടിയ 'മനസ്സിലായോ?'
ഈ രണ്ട് ഗാനങ്ങളേക്കാള്‍ ജനപ്രീതി പിടിച്ചുപറ്റിയ, ട്രെന്‍ഡിങ് ആയ ഗാനം പുറത്തുവന്നത് അനിരുദ്ധിന്റെ സംഗീത സംവിധാനത്തിലാണ്. പാടിയത് എവര്‍ഗ്രീന്‍ ഗായകന്‍ മലേഷ്യാ വാസുദേവന്‍. ചിത്രം 'വേട്ടയ്യന്‍'. ഗാനരംഗത്തില്‍ സാക്ഷാല്‍ രജനീകാന്തും മഞ്ജു വാര്യരും. മനസ്സിലായോ എന്ന മലയാളം-തമിഴ്-തെലുങ്ക് മിശ്രിതം കയറിക്കൊളുത്തിയത് നിമിഷനേരംകൊണ്ടായിരുന്നു.
13 വര്‍ഷം മുമ്പാണ് ഈ ഗാനം ആലപിച്ച മലേഷ്യാ വാസുദേവന്‍ മണ്‍മറഞ്ഞത്. മലേഷ്യാ വാസുദേവനൊപ്പം അദ്ദേഹത്തിന്റെ മകന്‍ യുഗേന്ദ്രന്‍, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവരും ഗാനമാലപിച്ചു. മനസ്സിലായോ എന്ന ഗാനം ഒരുപാട് മനോഹാരിതയാണ് തന്റെ ജീവിതത്തില്‍ കൊണ്ടുവന്നതെന്ന് യുഗേന്ദ്രന്‍ പറഞ്ഞിരുന്നു. 'മനസ്സിലായോ' എന്ന പാട്ടിലെ പ്രധാനഭാഗം യുഗേന്ദ്രന്‍ പാടിയശേഷം എ.ഐയുടെ സഹായത്തോടെ മലേഷ്യാ വാസുദേവന്റെ ശബ്ദത്തിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുകയായിരുന്നു. ഇതില്‍ ഒരു ഭാഗം റാപ് ആയിരുന്നു എന്നതാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചത് അമിതാഭ് ബച്ചനായിരുന്നു. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ചെറിയ ഒരു കല്ലുകടി. നടന്‍ പ്രകാശ് രാജ് ആയിരുന്നു അമിതാഭ് ബച്ചന് ശബ്ദം നല്‍കിയത്. ഇത്രയും പ്രശസ്തമായ ഒരു ശബ്ദമുള്ള അമിതാഭ് ബച്ചനോട് ചെയ്തത് ശരിയാണോ എന്നുപോലും പലരും ചോദ്യമുയര്‍ത്തി. പ്രശ്നമാകുമെന്നായപ്പോള്‍ മാറ്റി ഡബ് ചെയ്യാനുള്ള ശ്രമം തുടങ്ങി. പക്ഷേ, സിനിമയുടെ റിലീസ് അടുത്തിരിക്കുകയും ചെയ്യുന്നു. അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴിയായിരുന്നു എ.ഐ. ഒരാള്‍ക്കുപോലും ഒരുകുറ്റവും പറയാന്‍ പറ്റാത്തവിധം എ.ഐ ബച്ചന്റെ സ്വതസിദ്ധമായ ശബ്ദത്തില്‍ തമിഴ് സംസാരിപ്പിച്ചു.
സിനിമയില്‍ എ.ഐ ടെക്‌നോളജി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എങ്കിലും സിനിമയില്‍ ഇതിനൊരു വഴിത്തിരിവുണ്ടാക്കിയ എ.ആര്‍ റഹ്‌മാന്റെ വാക്കുകള്‍ ഒന്ന് ചെവികൊടുക്കുന്നത് നന്നായിരിക്കും. ''ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ല'' എന്ന്. സിനിമയിലായാലും പുറത്തുള്ള മറ്റേതൊരു മേഖലയിലായാലും എ.ഐ ഉപയോഗിക്കുന്ന ഏവര്‍ക്കും സ്വീകരിക്കാം ഈ ഉപദേശം.
എ.ഐ, മനുഷ്യന് തുല്ല്യമാവില്ല-ആനന്ദ് മധുസൂദനന്‍ (സംഗീത സംവിധായകന്‍)
എ.ഐ സാങ്കേതികവിദ്യ ഒരിക്കലും മനുഷ്യന് തതുല്ല്യമാവില്ലെന്നാണ് കരുതുന്നത്. അതിന് ഒരേസമയം ഗുണവും ദോഷവുമുണ്ട്. മണ്‍മറഞ്ഞുപോയ ഒരുപാട് ഗായകരുടെ ശബ്ദത്തില്‍ പാട്ടുകള്‍ സൃഷ്ടിക്കുന്ന പ്രവണത ഇപ്പോഴുണ്ട്. അതൊരു ഭാഗ്യമായി കരുതാം എന്നുണ്ടെങ്കിലും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്തുവെച്ച സൃഷ്ടികളുടെ മൂല്യത്തെ ഇല്ലാതാക്കുന്ന രീതിയിലേക്ക് ഇത് മാറരുത്.

മനുഷ്യന്‍ അവന്റെ കഴിവിനെ മറക്കും-സാമുവല്‍ എബി (സംഗീത സംവിധായകന്‍)
ഒറ്റയാളുടെ ശബ്ദം വെച്ച് കോറസ് പാടിക്കാം. പശ്ചാത്തലസംഗീതത്തിലും എ.ഐ സഹായം ഉപയോഗിക്കാം. സാധ്യതകള്‍ ഒരുപാടുണ്ട്. ക്രിയേറ്റീവായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എ.ഐയെ ഒരിക്കലും അവഗണിക്കാന്‍ പറ്റുന്നതല്ല. പത്തുവര്‍ഷത്തിനകം ഇത് നമ്മുടെ നാട്ടിലുമെത്തും. ഞാനൊരു നൂറുപാട്ടുകള്‍ പാടി സാമ്പിള്‍ പൂളിലേക്ക് സബ്മിറ്റ് ചെയ്താല്‍, അതുവെച്ച് ഒരു എ.ഐ വോയിസ് മോഡല്‍ സൃഷ്ടിച്ച് അത് ഒരു നിശ്ചിത തുകയ്ക്ക് ആപ്ലിക്കേഷനായോ മറ്റോ വില്‍ക്കാന്‍ സാധിക്കും.അങ്ങനെയാണെങ്കില്‍ എന്റെ ശബ്ദം ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാം. അപ്പോള്‍ നമുക്കാവശ്യമുള്ള ഗായകനെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തുകപോലും വേണ്ട.
Content Highlights: the use of ai technology in film making and music composing
Published: 03 Feb 2025, 11:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented