ബോളിവുഡ് ദമ്പതികളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും പ്രണയങ്ങളും സൗഹൃദങ്ങളുമെല്ലാം ഇന്റർനെറ്റിലെ വലിയ ചർച്ചയാണ്. എഐ വന്നതോടുകൂടി ഇരുവരുടെയും കൃത്രിമമായി കെട്ടിച്ചമച്ച വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോശമായി ചിത്രീകരിക്കുന്നതും സ്വകാര്യജീവിതത്തെ ബാധിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളുമുണ്ട് ഇക്കൂട്ടത്തിൽ. ഈ സാഹചര്യത്തിലാണ് യൂട്യൂബിനും മാതൃ കമ്പനിയായ ഗൂഗിളിനുമെതിരെ ഐശ്വര്യയും അഭിഷേകും ഡൽഹി ഹൈക്കോടതിയിൽ കേസുകൊടുത്തത്.
കഴിഞ്ഞമാസം ആദ്യം ഫയൽ ചെയ്ത ഹർജിയിൽ നാലുകോടി രൂപയാണ് നഷ്ടപരിഹാരമായി ദമ്പതിമാർ ആവശ്യപ്പെട്ടത്. തങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതും, ശബ്ദം ദുരുപയോഗം ചെയ്യുന്നതും, എഐ നിർമിത ഡീപ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും പണം സമ്പാദിക്കുന്നതിൽ നിന്നും യൂട്യൂബിനെ സ്ഥിരമായി വിലക്കുക, കൃത്രിമ ഉള്ളടക്കം മറ്റ് എഐ പ്ലാറ്റ്‌ഫോമുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കാതിരിക്കാൻ ഗൂഗിളിനോട് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നിർദേശിക്കുക തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യം.
പരാതിക്ക് 1,500-ലധികം പേജുകളുണ്ടെന്നാണ് റിപ്പോർട്ട്. ഡീപ്‌ഫേക്ക് വീഡിയോകളെ മാത്രമല്ല, പോസ്റ്ററുകൾ, മഗ്ഗുകൾ, സ്റ്റിക്കറുകൾ, വ്യാജ ഓട്ടോഗ്രാഫുള്ള ഫോട്ടോകൾ എന്നിവയുൾപ്പെടെ അനധികൃത ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെയും പരാതിയിൽ ലക്ഷ്യമിടുന്നു. ലൈംഗികത നിറഞ്ഞതോ സാങ്കൽപ്പികമോ ആയ എഐ നിർമ്മിത ഉള്ളടക്കം ചിത്രീകരിക്കുന്ന നിരവധി യൂട്യൂബ് വീഡിയോകളുടെ ലിങ്കുകളും സ്ക്രീൻഷോട്ടുകളും ഹർജിയിലുണ്ട്.
അഭിഷേക് ഒരു നടിയെ ചുംബിക്കുന്നതു കാണിക്കുന്ന എഐ വീഡിയോ വളരെയധികം പ്രചരിച്ചിരുന്നു. ഐശ്വര്യ തൻ്റെ മുൻ കാമുകൻ സൽമാൻ ഖാനോടൊപ്പം ഭക്ഷണം കഴിക്കുന്നതും, പിന്നിൽ അഭിഷേക് ദേഷ്യത്തോടെ നിൽക്കുന്നതുമായ കൃത്രിമവീഡിയോയാണ് മറ്റൊന്ന്. കേസിൽ പരാമർശിച്ചിട്ടുള്ള എഐ ബോളിവുഡ് ഇഷ്ഖ് എന്ന യൂട്യൂബ് ചാനൽ ഇത്തരത്തിലുള്ള 259-ലധികം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, അവയ്ക്ക് 1.65 കോടി കാഴ്ചക്കാരുണ്ടായി. സൽമാനും ഐശ്വര്യയും ഒരുമിച്ച് പൂളിലുള്ള ഒരു വീഡിയോയ്ക്ക് മാത്രം 40 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.
ഡൽഹി ഹൈക്കോടതി കേസ് പരിഗണിച്ച് രേഖാമൂലമുള്ള മറുപടി സമർപ്പിക്കാൻ ഗൂഗിളിൻ്റെ നിയമോപദേഷ്ടാവിന് നിർദേശം നൽകിയിട്ടുണ്ട്. 2026 ജനുവരി 15-നാണ് അടുത്ത വാദംകേൾക്കൽ. ഇരുവരും ചൂണ്ടിക്കാട്ടിയ 518 ലിങ്കുകളും പോസ്റ്റുകളും ദമ്പതികൾക്ക് സാമ്പത്തിക നഷ്ടവും സൽപ്പേരിന് കളങ്കവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്യാനും ജഡ്ജി ഉത്തരവിട്ടു. രാജ്യത്ത് ഏകദേശം 60 കോടി ഉപയോക്താക്കളുള്ള യൂട്യൂബിന് ആഗോളതലത്തിൽ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ബോളിവുഡുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾക്ക് വലിയ പ്രചാരവുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Bollywood stars Abhishek Bachchan & Aishwarya Rai file lawsuits against YouTube & Google seeking Rs 4 crore damages, an injunction against deepfakes, and removal of unauthorized merchandise.
Published: 03 Oct 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented