ജീവിതത്തിലെ തിരക്കുകളെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുന്ന പ്രായമായാണ് 55 വയസ്സിന് ശേഷമുള്ള കാലം. അല്ലെങ്കില്‍ അറുപതുകള്‍. ചെറുപ്പകാലം ആരോഗ്യകരമായും കരുതലോടെയും ജീവിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ പറ്റുന്ന സമയവും ഇതാണ്. പഴയ സൗഹൃദങ്ങള്‍ പൊടിതട്ടിയെടുക്കാം. യാത്രകള്‍ പോലെയുള്ള പഴയ ഇഷ്ടങ്ങളിലേക്ക് മറ്റൊന്നും നോക്കാതെ എടുത്തുചാടാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും കളിയാടേണ്ട പ്രായമാണിത്. കുട്ടികള്‍ വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറായിട്ടുണ്ടാകും. ബാധ്യതകളെല്ലാം നിറവേറ്റിക്കഴിഞ്ഞിട്ടുണ്ടാകും. സംതൃപ്തിയോടെ പിന്നീടുള്ള ജീവിതത്തെ നോക്കിക്കാണാനുമാകും. വിശ്രമ ജീവിതത്തിനുള്ള ചുവടുവയ്പ് നടത്തേണ്ടതും ഈ പ്രായത്തിലാണ്.  ഇതുവരെ ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടിയിട്ടില്ലാത്തവര്‍ ഈ പ്രായഘട്ടത്തിലും മനസുവെച്ചാല്‍ അത് നേടാവുന്നതേയൂള്ളൂ.

എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഈ പ്രായത്തിലുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും അങ്ങേയറ്റം ആശങ്കാകുലരായ അവസ്ഥയിലായിരിക്കും. കാരണം ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ട സമയമായിട്ടും കുട്ടികള്‍ പഠനം കഴിഞ്ഞിട്ടുണ്ടാകില്ല. അഥവാ കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ക്ക് ജോലി കിട്ടിക്കാണില്ല.  പെണ്‍കുട്ടികളാകട്ടെ ഫിനാന്‍ഷ്യലി ഇന്‍ഡിപെന്റ ആയിട്ടുണ്ടാകില്ല. കുടംബ ജീവിതം ആഗ്രഹിക്കന്ന മക്കളില്‍  പലരുടെയും വിവാഹം കഴിഞ്ഞിട്ടുണ്ടാകില്ല. ഭാവനവായ്പ പോലുള്ളവയുടെ തിരിച്ചടവും തീര്‍ന്നിട്ടുണ്ടാകില്ല.

പെന്‍ഷന്‍, വാര്‍ധക്യത്തിലേക്കുള്ള കരുതല്‍ എന്നിവയുള്ളവര്‍ക്ക് ഇനി മറ്റൊന്നും ആലോചിക്കാനില്ല. അങ്ങനെയല്ലാത്തവര്‍ക്ക് ജോലി തുടരാനും ചെറിയ സമ്പാദ്യമുണ്ടാക്കാനും ഇക്കാലത്തും പറ്റും. റിട്ടയര്‍മെന്റ് കാലം കുറച്ചു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ പറ്റുമെങ്കില്‍ അതിന് ശ്രമിക്കാം. പക്ഷേ ഓര്‍ക്കുക, അപ്പോള്‍ കണ്ടെത്തുന്ന വരുമാനവും മുമ്പത്തേതുപോലെ മുന്നുംപിന്നും നോക്കാതെ ചെലവാക്കാനുള്ളതല്ല. അത് സേവിങ്‌സിന് വേണ്ടി മാത്രമാണ്. ജോലിയില്‍ നിന്ന് വിരമിച്ചെങ്കില്‍ മറ്റൊരു ജോലി കണ്ടെത്താം. ബാധ്യതകള്‍ കൈപ്പിടിയില്‍ ഒതുങ്ങുന്നതുവരെ ജോലി ചെയ്യാം. വീട്ടില്‍ തന്നെയിരുന്ന് ചെയ്യാവുന്ന ചെറിയ ബിസിനസുകള്‍ ആലോചിക്കാം.  

ഇവയൊക്കെ കൂടാതെ പലവീടുകളിലെയും അമ്മമാര്‍ ബേബി സിറ്റിങ് എന്ന സ്വന്തം മക്കളുടെ മക്കളെ നോക്കുന്ന പണിയിലേക്ക് നിര്‍ബന്ധപൂര്‍വം എത്തിപ്പെട്ടിട്ടുണ്ടാവാം. വിദേശത്തും മറ്റും ജോലിചെയ്യുന്ന മക്കളില്‍ പലരും അച്ഛനെയോ അമ്മയെയോ ഒരാളെ മക്കളെ നോക്കാനായി ഒപ്പം കൂട്ടുന്നത് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ്. പുതുതലമുറയോടാണ്, വലിയൊരു ദ്രോഹമാണ് നിങ്ങള്‍ ചെയ്യുന്നത്. ഇത്രയും കാലം നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ട അച്ഛനെയും അമ്മയെയും ഇനിയെങ്കിലും അവരുടെ ജീവിതം ആസ്വദിക്കാന്‍ അനുവദിക്കേണ്ടേ? 

(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍ 
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)