
ഡാന്‍സ് പഠിക്കണം, പാട്ട് പഠിക്കണം, കരാട്ടെ പഠിക്കണം... അവധിക്കാലത്ത് കുട്ടികളുടെ സ്വപ്‌നങ്ങള്‍ ഇവയൊക്കെയാണ്. എന്നാല്‍ നീന്തല്‍ പഠിക്കേണ്ടെ എന്ന് ചോദിച്ചാല്‍ ഒരുനിമിഷം ചിന്തിക്കും.
കുട്ടികളെ വെള്ളത്തിലേക്ക് വിടണോ? നീന്തലൊക്കെ പഠിച്ചിട്ടെന്തിനാ? എന്നിങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുന്ന രക്ഷിതാക്കളാണ് ഏറെയും. സ്വയരക്ഷയ്‌ക്കെങ്കിലും നീന്തല്‍ ഉപകരിക്കമെന്ന് പലരും ഒര്‍ക്കാറില്ല. നീന്തല്‍പഠനം രസകരമാണ്. മുങ്ങാംകുഴിയിട്ടും മീനിനെപ്പോലെ പുളഞ്ഞും മനസ്സുണര്‍ത്താം. ചുറ്റും വിശാലമായ കായലുകളും കുളങ്ങളുമുള്ള നമ്മള്‍ നീന്തലിന്റെ കാര്യത്തില്‍ പിന്നിലാണ്. റോഡപകടം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് മുങ്ങിമരണത്താലാണ്. അതുകൊണ്ടുതന്നെ അവധിക്കാലത്ത് കുട്ടികളുടെ മികച്ച കായികവിനോദമായി നീന്തലിനെ പരിഗണിക്കാം.
എപ്പോള്‍ തുടങ്ങണം
''നീന്തല്‍ പഠിക്കാന്‍ പറ്റിയ പ്രായം രണ്ടുവയസ്സുമുതല്‍ നാല് വയസ്സുവരെയാണ്്. എളുപ്പത്തില്‍ നീന്തല്‍ പഠിച്ചെടുക്കാന്‍ ആ പ്രായം സഹായിക്കും. പ്രായം കൂടുന്തോറും അതിനുള്ള കഴിവ് കുറഞ്ഞുവരും. വിദേശരാജ്യങ്ങളില്‍ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്. നേവി, എയര്‍ഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളില്‍ ജോലി ലഭിക്കാനും നീന്തല്‍ സഹായകമാകും. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന ധാരാളം പ്രദേശങ്ങളുള്ള നാടാണ് നമ്മുടേതെന്നും ഓര്‍ക്കണം. ദിവസം അരമണിക്കൂര്‍ നീന്തല്‍ പരിശീലിച്ചാല്‍ ശരീരത്തിന് ആവശ്യമായ വ്യായാമവും കിട്ടും. ബ്രീത്തിങ് കണ്‍ട്രോള്‍ കിട്ടും.'' നീന്തല്‍പരിശീലകനായ രഞ്ജിത് കെ. പറയുന്നു.
നീന്തലിന് ഈ വസ്ത്രങ്ങള്‍
നീന്തല്‍ എളുപ്പമാക്കാന്‍ വിവിധതരം വസ്ത്രങ്ങള്‍ വിപണിയിലുണ്ട്:
- സ്വിമ്മിങ് സ്യൂട്ട്
- സ്വിമ്മിങ് ക്യാപ്
- സ്വിം ഫിന്‍
- ഗോഗില്‍
- ഡ്രാഗ് സ്യൂട്ട്
- കിക്ക് ബോര്‍ഡ്
- പുള്‍ ബോ
- സ്നോര്‍ക്കല്‍
ആദ്യ പാഠങ്ങള്‍
''കുട്ടികളെ വെള്ളവുമായി പരിചയപ്പെടുത്തി പേടി മാറ്റിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് പൂളിന് ചുറ്റും നടത്തിക്കാം. മുഖം മാത്രം വെള്ളത്തില്‍ മുക്കിയും പൊക്കിയും പരിശീലിപ്പിക്കണം. നീന്തല്‍ പഠിക്കാനെത്തുന്ന കുട്ടികളെക്കൊണ്ട് ആദ്യപടവുകള്‍ സ്വയം ചെയ്യിക്കുകയാണ് വേണ്ടതെന്ന് പരിശീലകനായ ഹാഷിര്‍ ചേലൂപ്പാടം പറയുന്നു. ''കൂടുതല്‍ സമയം ശ്വാസംപിടിച്ച് വെള്ളത്തില്‍ മുഖം താഴ്ത്തിവെച്ച് കിടത്തും. അങ്ങനെ ചെയ്യുന്തോറും അവരുടെ ശരീരം വെള്ളത്തിന്റെ മുകളിലേക്ക് പൊങ്ങാന്‍തുടങ്ങും. പിന്നെ ചുമരില്‍ ചവിട്ടി തുഴയാന്‍ തുടങ്ങും. പുള്ളിങ് ആരംഭിക്കും. തുടക്കത്തില്‍ എല്ലാവര്‍ക്കും ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് കണ്ടുവരുന്നത്. പ്രാക്ടീസിലൂടെ മാത്രമേ ബ്രീത്തിംഗ് കണ്‍ട്രോള്‍ നേടിയെടുക്കാന്‍കഴിയൂ. ''
''പലപ്രായത്തിലുള്ളവര്‍ എന്റെയടുത്ത് നീ ന്തല്‍ പഠിക്കാന്‍വരുന്നുണ്ട്. മൂന്നുവയസ്സുള്ള പെണ്‍കുട്ടിയാണ് കൂട്ടത്തില്‍ ചെറുത്. അവള്‍ ഇതിനോടകംഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയില്‍ ഇടംനേടി. ഓട്ടിസം ബാധിച്ച ഒരു കുട്ടി നീന്തല്‍ പഠിക്കാന്‍വന്നിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ പൊതുവേ ഹൈപ്പര്‍ ആക്ടീവാണ്. ഡോക്ടറാണ് നീന്തല്‍ പഠിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നീന്തല്‍പഠനം അവന്റെ ഹെപ്പര്‍ആക്ടീവ്നെസ് കുറച്ചു. പതിയെ ഗുളികകളുടെ എണ്ണം കുറഞ്ഞു. വണ്ണം കുറഞ്ഞു. ആരോഗ്യവാനായി.'' ഹാഷിര്‍ പറഞ്ഞു.
തന്റെ 79-ാം വയസ്സില്‍ ഇരുകൈയും പുറകില്‍ കെട്ടിയാണ് ആരിഫ പെരിയാര്‍ നീന്തിക്കടന്നത്. ''ഒരിക്കല്‍ നീന്തല്‍ പഠിച്ചാല്‍ ഒരിക്കലും അത് മറക്കില്ല. നീന്തല്‍പഠനത്തിന് പ്രായം ഒരു തടസ്സമല്ല. മൂത്ത മകനും മരുമകളും കൊച്ചുമക്കളും എല്ലാവരും നീന്തല്‍ പഠിച്ചവരാണ്. കുട്ടികളോടൊപ്പം പോയപ്പോള്‍ കൗതുകം തോന്നി പഠിച്ചതാണ്, അന്ന് പ്രായം എഴുപതു കഴിഞ്ഞിരുന്നു. പ്രായം നമ്മുടെ മനസ്സിനാണ്. എല്ലാവരും നീന്തല്‍ പഠിച്ചിരിക്കണം. മുങ്ങിമരണങ്ങളും പ്രളയവും നീന്തലിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു. ''
നീന്തല്‍ രീതികള്‍
നീന്തല്‍ശൈലികള്‍ പലതരമുണ്ട്. ഓരോ ഇനത്തിനും വ്യത്യസ്തമായ ആരോഗ്യഗുണങ്ങളാണുള്ളത്.
ഫ്രീസ്‌റ്റൈല്‍ സ്വിമ്മിങ്: ഇന്റര്‍നാഷണല്‍ സ്വിമ്മിങ് ഫെഡറേഷന്റെ നിയമങ്ങളാല്‍ നിര്‍വചിക്കപ്പെ ഒരു വിഭാഗമാണ് ഫ്രീസ്‌റ്റൈല്‍. ഏറ്റവും വേഗമേറിയ ഉപരിതല നീന്തല്‍ സ്ട്രോക്കാണിത്. മുഖം വെള്ളത്തില്‍ താഴ്ത്തി കൈകള്‍ ഫ്രണ്ട് ക്രോള്‍ ചെയ്ത് കാല്‍മുട്ട് കൂടുതല്‍ മടങ്ങാതെ കിക്ക്‌ചെയ്ത് ശ്വാസം ആവശ്യമായ സമയത്ത് ഒരുവശത്തേക്ക് മുഖം തിരിച്ച് ശ്വാസമെടുക്കുന്ന ഒരു രീതിയാണ് ഫ്രീസ്‌റ്റൈലിന്റെത്.
ബാക് സ്ട്രോക്: വെള്ളത്തിന് മുകളില്‍ മലര്‍ന്നുകിടന്ന് ഇരുകൈകളും ഉയര്‍ത്തി തുഴഞ്ഞ് കാലുകള്‍ കിക്ക്‌ചെയ്ത് പുറകിലോട്ട് നീന്തുന്ന രീതി.
ബ്രെസ്റ്റ് സ്ട്രോക്: മികച്ച വര്‍ക്കൗട്ടാണിത്. ഒരു തവള നീന്തുന്നതുപോലെയുള്ളതാണ്. മാറിടം വെള്ളത്തിലേക്ക് ആഴ്ത്തിയും ഉയര്‍ത്തിയും മുന്നോട്ട് കുതിക്കുന്ന രീതിയാണിത്.
ബട്ടര്‍ഫ്‌ളൈ സ്ട്രോക്: നീന്തല്‍മത്സരങ്ങളിലെ ഒരു ഇനമാണ് ബട്ടര്‍ഫ്‌ളൈ സ്ട്രോക്. ചിത്രശലഭത്തിന്റെ ചിറകുകള്‍പ്പോലെ ഇരുകൈകളും വെള്ളത്തില്‍ താഴ്ത്തിയും ഉയര്‍ത്തിയും നീന്തുന്നതുകൊണ്ടാണ് ബട്ടര്‍ഫ്‌ളൈ സ്ട്രോക് എന്ന് പേര് വന്നത്. ഈ നീന്തല്‍രീതിയുടെ പ്രധാന പ്രത്യേകത രണ്ട് കൈകള്‍ ഒരേരീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. മറ്റ് നീന്തല്‍രീതികളെക്കാള്‍ ബുദ്ധിമുട്ടുള്ള രീതിയാണ്. 1933 മുതലാണ് ഇതിനെ മത്സരയിനമാക്കിത്തുടങ്ങിയത്.
''നീന്തല്‍ അറിയാത്തവര്‍ ഒരിക്കലും അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനായി ഇറങ്ങരുത്'' എന്ന മുന്നറിയിപ്പാണ് ലൈഫ് ഗാര്‍ഡായ ചാള്‍സന്‍ ഏഴിമല നല്‍കുന്നത്. ഇതുവരെ അന്‍പതോളം ആളുകളുടെ ജീവന്‍ രക്ഷപ്പെടുത്തിയിട്ടുള്ള ചാള്‍സണ്‍ ഇപ്പോള്‍ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാര്‍ഡാണ്. 2018-ല്‍ 100 മിനിറ്റുകൊണ്ട് 124 പേരെ നീന്തല്‍ പഠിപ്പിച്ച റെക്കോഡ് ചാള്‍സന്റെ പേരിലാണ്.
വെള്ളത്തില്‍ മുങ്ങിയാല്‍
- മുങ്ങിപ്പോകുന്ന ആളെ, നീന്തലറിയാത്ത ആളുകള്‍ രക്ഷിക്കാന്‍ ശ്രമിക്കരുത്.
- ആരെങ്കിലും വെള്ളത്തില്‍ മുങ്ങുന്നത് കാണുമ്പോള്‍ എടുത്തുചാടി ഒന്നും ചെയ്യരുത്. എന്തെങ്കിലും എറിഞ്ഞുകൊടുക്കുകയോ റെസ്‌ക്യൂ ട്യൂബ് പോലത്തെ ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കുകയോ ചെയ്യാം.കാരണംനീന്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നിങ്ങളെ ചേര്‍ത്തുപിടിക്കുകയും നിങ്ങളും അപകടത്തിലാവുകയും ചെയ്‌തേക്കാം.
- ഒരു വ്യക്തിയെ രക്ഷിച്ചുകഴിഞ്ഞാല്‍, ആദ്യം ശ്വാസവും പള്‍സും ഉണ്ടോ എന്ന് പരിശോധിക്കുക.
- ജലാശയത്തിലെ ചെളിയും പൊടിയും എല്ലാം വായിലൂടെ ഉള്ളിലേക്ക് പോകാം. അതുകൊണ്ടുതന്നെ ചരിച്ചുകിടത്തി അതെല്ലാം നീക്കംചെയ്യുക.
- ശ്വാസം, ഹൃദയമിടിപ്പ് ഇവ ഇല്ലെങ്കില്‍ ഏറ്റവും പെട്ടെന്ന് CPR (Cardio pulmonary resuscitation) നല്‍കി ആശുപത്രിയില്‍ എത്തിക്കുക.
ആരോഗ്യത്തിന്
- ദിവസവും രണ്ടുരണ്ടര മണിക്കൂര്‍ നീന്ത ുന്നത് പല ജീവിതശൈലീരോഗങ്ങളെയും തടയാന്‍ സഹായിക്കുന്നു.
- പ്രമേഹം, ഹൃദയസംബന്ധരോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ തടയുന്നു.
- കരയില്‍ ചെയ്യുന്ന വ്യായാമങ്ങളേക്കാള്‍ കൂടുതല്‍ സമയം നീന്തല്‍ പരിശീലിക്കാന്‍ കഴിയും.
- സന്ധികളിലും അസ്ഥികളിലുമുണ്ടാകുന്ന വേദന തടയുന്നു.
- ആര്‍ത്രൈറ്റിസ് രോഗികള്‍ക്ക് നീന്തല്‍വഴി സന്ധിവേദനയില്ലാതെ ജോലിചെയ്യാന്‍ സാധിക്കും.
- രക്തവാദം, എല്ല് തേയ്മാനം എന്നിവയുള്ളവര്‍ക്ക് നീന്തല്‍ ആശ്വാസകരമായ ഒരു വ്യായാമമാണ്.
- നീന്തല്‍പരിശീലനം ഡിപ്രഷനും ഉത്കണ്ഠയും കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
- അസ്ഥികള്‍ക്ക് നല്ല ബലവും വഴക്കവും ലഭിക്കുന്നു.
- നീന്തലിലൂടെ ശാസ്ത്രീയമായ രീതിയില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നു.
- മികച്ച കാര്‍ഡിയോ എക്സര്‍സൈസായി നീന്തലിനെ പരിഗണിക്കാം.
- നല്ല ഉറക്കം ലഭിക്കും
- നീന്തല്‍ പരിശീലിക്കുന്നവര്‍ എപ്പോഴും ചുറുചുറുക്കുള്ളവരായിരിക്കും.
- ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
കരുതലിന്റെ നാളേക്കായുള്ള വിനോദംകൂടിയാണ് നീന്തല്‍. നീന്തിത്തുടിക്കട്ടെ ഇനി ഓരോ കുഞ്ഞും.
കടപ്പാട്- ഡോ. സൗമ്യ സത്യന്‍
ജനറല്‍ മെഡിസിന്‍, മൗലാന, പെരിന്തല്‍മണ്ണ.
Content Highlights: Swimming and water safety training must in schools
Published: 22 May 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented