അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് മഞ്ഞൾപ്പൊടി. എന്നാൽ, പാത്രങ്ങളിലെ മഞ്ഞളിന്റെ കറ നീക്കംചെയ്യാൻ ഏറെ പ്രയാസമാണ്. കൂടാതെ, എണ്ണയും മഞ്ഞൾപ്പൊടിയും തമ്മിൽ കലരുമ്പോൾ അവ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. പലപ്പോഴും, നന്നായി കഴുകിയതിനു ശേഷവും അവിടെത്തന്നെ അവശേഷിപ്പിക്കുന്ന മഞ്ഞൾക്കറ പാത്രത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുന്നു. മാത്രമല്ല, ഈ കറ കൂടുതൽ നേരം പാത്രങ്ങളിൽ ഇരുന്നാൽ നീക്കം ചെയ്യാനും ബുദ്ധിമുട്ടാകും. 

To advertise here,

അതുകൊണ്ട് പാത്രങ്ങളിലെ മഞ്ഞളിന്റെ അംശം പെട്ടെന്ന് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് സാധാരണ രീതിയിൽ കഴുകുന്നത് ഈ മഞ്ഞക്കറ നീക്കം ചെയ്യാൻ സഹായിക്കണമെന്നില്ല. എന്നാൽ അടുക്കളയിലെ ദൈനംദിന ചേരുവകൾകൊണ്ടുതന്നെ മഞ്ഞളിൻെറ കറ എളുപ്പത്തിൽ നീക്കം ചെയ്യാനാകും.

ചില എളുപ്പവഴികളിതാ
1. ഗ്ലിസറിൻ

രണ്ട് കപ്പ് വെള്ളത്തിൽ കാൽ കപ്പ് ഗ്ലിസറിനും കാൽ കപ്പ് ലിക്വിഡ് സോപ്പും ചേർക്കുക. ഒരു തുണി ഉപയോഗിച്ച് ഈ മിശ്രിതം കറയുടെ മുകളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഇത് മഞ്ഞൾ അവശേഷിപ്പിച്ച നിറം പൂർണ്ണമായും നീക്കം ചെയ്യും.

2. നാരങ്ങാനീര്
നാരങ്ങയുടെ അമ്ലസ്വഭാവം അതിനെ ശക്തമായ ഒരു ക്ലീനറാക്കി മാറ്റുന്നു.  ചെറുചൂടുവെള്ളത്തിൽ  നാരങ്ങാനീര് കലർത്തി, കറപിടിച്ച പാത്രങ്ങൾ ഈ ലായനിയിൽ രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ പതിവുപോലെ വൃത്തിയാക്കുക. നാരങ്ങാനീരിന് പകരം  വിനാഗിരിയും ഉപയോഗിക്കാം. രണ്ടിലും അമ്ലഗുണമുള്ളതിനാല്‍ കറ വേഗം മാറിക്കിട്ടും.

3. ബേക്കിങ് സോഡ
അടുക്കളയിലെ ഏറ്റവും ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ് ബേക്കിങ് സോഡ. പ്രിയപ്പെട്ട വിഭവങ്ങൾ ബേക്ക് ചെയ്യാൻ മാത്രമല്ല, പാത്രങ്ങൾ വൃത്തിയാക്കാനും നല്ലതാണ്.  വെള്ളവും ബേക്കിങ് സോഡയും ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റ് ഉണ്ടാക്കി കറകളിൽ പുരട്ടുക, 15 മിനിറ്റിനു ശേഷം വൃത്തിയാക്കുക.

4. ഹൈഡ്രജൻ പെറോക്സൈഡ്
പോകാത്ത കറകൾ നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് വളരെ ഫലപ്രദമാണ്. മറ്റെല്ലാ വഴികളും പരാജയപ്പെട്ടാൽ ഈ ദ്രാവകം ഉപയോഗിക്കുക. കറകളിൽ കുറച്ച് തുള്ളി ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് കുറച്ച് മിനിറ്റ് വെച്ചതിനു ശേഷം കഴുകിക്കളയുക.

5. സൂര്യപ്രകാശം
കറ നീക്കം ചെയ്യാനുള്ള ഏറ്റവും സ്വാഭാവികമായ രീതിയാണ് വെയിലത്തുണക്കുക എന്നത്.  തുണികളിൽ നിന്നും പാത്രങ്ങളിൽ നിന്നും കറകളെ വലിച്ചെടുക്കാൻ സൂര്യപ്രകാശത്തിന് കഴിയും. ഒരു ദിവസം മുഴുവൻ നിങ്ങളുടെ പാത്രങ്ങൾ വെയിലത്ത് വയ്ക്കുക. കറയുടെ നിറം മങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi