ടാറ്റൂ അടിക്കുന്നതും പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ പച്ചകുത്തുന്നതും ഇന്നൊരു ട്രെന്‍ഡാണ്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അണുവിമുക്തമാക്കാത്ത സൂചിയുപയോഗിച്ച് ചായങ്ങള്‍ കുത്തിവെക്കുമ്പോള്‍, ചിലരില്‍ അലര്‍ജിയുണ്ടാവാം. ചര്‍മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍ എന്നിവയാണ് സാധാരണയായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. ചിലരില്‍ ടാറ്റൂ ചെയ്ത ഭാഗത്തുനിന്ന് ചെറുതായി നീരൊലിപ്പുമുണ്ടാവാം. ആ ഭാഗം വീര്‍ത്തിരിക്കുകയും ചെയ്യും.

To advertise here,

വ്യാജ ടാറ്റൂ സെന്ററുകളാണെങ്കില്‍, അവിടെ ഉപയോഗിക്കുന്നത് സ്‌റ്റെറിലൈസ് ചെയ്യാത്ത ഉപകരണങ്ങളായിരിക്കും. അതിലൂടെ ചര്‍മരോഗങ്ങളും പകരാം.  ഹെപ്പറ്റൈറ്റിസ് ബി, ടെറ്റനെസ്, എയ്ഡ്‌സ് എന്നിവയാണ് ഇങ്ങനെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍. അസുഖങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ എല്ലാ ടാറ്റൂ സ്റ്റുഡിയോകള്‍ക്കും ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. ഇനി ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ടാറ്റൂ ചെയ്യാന്‍ പറ്റൂവെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

നിബന്ധനകള്‍ പാലിച്ച് മാത്രം

  • പച്ചകുത്തുന്നതിന് ലൈസന്‍സുള്ളവര്‍ക്ക് മാത്രം അംഗീകാരം.
  • ഉപയോഗിക്കുന്ന മഷി ഡ്രഗ് കണ്‍ട്രോള്‍ അംഗീകരിച്ചതാവണം.
  • സ്ഥലം വൃത്തിയുള്ളതായിരിക്കണം.
  • പച്ചകുത്തുന്ന വ്യക്തി ആ സമയത്ത് ഗ്ലാസ് ധരിച്ചിരിക്കണം.
  • തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം.
  • പച്ചകുത്തല്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഹൈപ്പറ്റൈറ്റിസ് ബി. വാക്‌സിനെടുത്തിരിക്കണം.
  • പച്ചകുത്തുന്നതിനു മുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.

ലൈസന്‍സ് എങ്ങനെ
തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ജില്ലാഡ്രഗ് അനലിസ്റ്റ്, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധിക്കും.