ഭക്ഷണ പദാര്‍ഥങ്ങളിലെ രുചിഭേദങ്ങള്‍ക്കും കറികളിലെ മണത്തിനും മസാലക്കൂട്ടുകള്‍ അനിവാര്യമെന്ന് കരുതുന്നവരാണ് മലയാളികള്‍. വെജിറ്റേറിയന്‍ ആയാലും നോണ്‍ വെജിറ്റേറിയന്‍ ആയാലും മസാലകള്‍ക്ക് വലിയ സ്ഥാനമാണ്. മഞ്ഞള്‍, കരിംജീരകം പോലുള്ളവ ഭക്ഷണപദാര്‍ഥങ്ങളിലെ വിഷാംശങ്ങളെ ചെറുക്കുന്നതും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതുമാണെന്ന് പറയപ്പെടുന്നു. പക്ഷേ, മസാലകള്‍ പലതും നമ്മുടെ കൈകളിലേക്കെത്തുന്നത് വിഷാംശങ്ങള്‍ നിറഞ്ഞായിരിക്കും എന്നതാണ് സത്യം.  

placeholder
പെരുംജീരകത്തിന്റെ പൂങ്കുല

ഈ പശ്ചാത്തലത്തിലാണ് വീടിന്റെ ടെറസ്സില്‍ പെരുംജീരകം കൃഷി ചെയ്ത് വീട്ടമ്മ രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഉള്ളൂരിലുള്ള പ്രശാന്ത് നഗറില്‍ താമസിക്കുന്ന ഐഷ എന്ന വീട്ടമ്മയാണ് പെരുംജീരകം ടെറസ്സില്‍ വളര്‍ത്തിയത്. തനിയെ അരിവീണു കിളിര്‍ത്ത ഒരു പെരുജീരക ചെടി കണ്ടതാണ് ചുമ്മാ കൃഷി ചെയ്തു നോക്കാന്‍ അവരെ പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായി ടെറസ്സ് കൃഷി നടത്തുന്ന വ്യക്തിയാണവര്‍. വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, ഇഞ്ചി, മഞ്ഞള്‍, സ്‌ട്രോബറി, നിത്യവഴുതന, കറിവേപ്പ് തുടങ്ങിയാണ് പ്രധാനകൃഷി.  

placeholder
പാകമായ പെരുംജീരകം

കൃഷിയിങ്ങനെ  
പൊതീനയും മല്ലിയും പോലെതന്നെ പെരുംജീരകവും അത്യാവശ്യത്തിന് വീടുകളില്‍ വളര്‍ത്തിയെടുക്കാമെന്ന് ഐഷ പറയുന്നു. പ്രത്യേക പരിരക്ഷയോ വളപ്രയോഗമോ ഇതിനാവശ്യമില്ല. വിത്ത് മുളപ്പിച്ച് നാലഞ്ച് ആഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുകയും ചെയ്യാം. ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്ന ഔഷധസസ്യം കൂടിയായ പെരുംജീരകം നമ്മുടെ നാട്ടില്‍ അധികം കൃഷി ചെയ്തുകണ്ടിട്ടില്ല.

placeholder
പെരുംജീരകച്ചെടി

ഐഷയുടെ കൃഷി പരീക്ഷണം ഇങ്ങനെയായിരുന്നു. കടയില്‍ നിന്നുവാങ്ങിയ കുറച്ചു പെരുംജീരകം എടുത്ത് മുളപ്പിക്കാനിട്ടു. മുള വന്നപ്പോള്‍ ഓരോ ഗ്രോ ബാഗുകളില്‍ നട്ടുവച്ചു. കുറെ ദിവസങ്ങള്‍ക്കു ശേഷം അത് ചെടിയായി വളരുകയും ഏകദേശം നാലാഴ്ച കൊണ്ട് പൂര്‍ണ വളര്‍ച്ചയിലെത്തുകയും ചെയ്തു. ഇവയുടെ ഇലയ്ക്കും തണ്ടിനുമൊക്കെ ഒരു പ്രത്യേക മണമുണ്ട്. നാരുകള്‍ പോലെയുള്ള ഇലകളാണ് ഇതിനുള്ളത്. അതിന്റെ മധ്യത്തില്‍ നിന്നും കമ്പുകള്‍ പോലെ ഉദ്ദേശം നാലടിയോളം കാണ്ഡം മുകളിലേക്ക് വളര്‍ന്ന് അതില്‍ ചെറുപൂങ്കുലകള്‍ വിരിയും. വൈകാതെ അവ കായ്കളുമാകും.

placeholder

ഏതാണ്ട് ഒന്നര ആഴ്ചയോളം കഴിയുമ്പോഴേക്കും വിത്തുകള്‍ വിളവെടുക്കാന്‍ പാകമാകും. കണ്ടാല്‍ ജമന്തി പൂവിന്റെ ഇതളുകള്‍ കൊഴിഞ്ഞ് കായ്കള്‍ ഉണങ്ങി നില്‍ക്കുന്നതുപോലെയിരിക്കും. എന്നുകരുതി തൊട്ടാല്‍ ഉടനെ കൊഴിഞ്ഞു വീഴില്ല. ബലമായി പിടിച്ച് ഇറുത്തെടുത്താല്‍ മാത്രമേ വിത്തുകള്‍ (പെരുംജീരകം) ഉതിര്‍ന്നു വരികയുള്ളൂ. കുറേനാളത്തേക്ക് ഇതില്‍ നിന്ന് ആദായം കിട്ടുകയും ചെയ്യും.