നട്ടപ്പാതിര. മൊബൈലില്‍ പാട്ടുകേട്ടും വായിച്ചും കുറേ തിരിഞ്ഞുമറിഞ്ഞും കിടന്നു. എന്നിട്ടും ഉറക്കം വരുന്നില്ല. ഉടനെ ഗൂഗിളിനെ പോയി തോണ്ടി. how to get good sleep...ഒരു മടുപ്പും ദേഷ്യവുമില്ലാതെ അതാ നിരനിരയായി ഉത്തരങ്ങള്‍ വരുന്നു. അതിലൊന്നിങ്ങനെ, remove electronic devices such as TV's, computers and smart phones from the bedroom. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, മൊബൈലില്‍ തോണ്ടിക്കൊണ്ടിരിക്കാതെ പോയി കിടന്നുറങ്ങ് കൊച്ചേ എന്ന്. ഗൂഗിള്‍ പറഞ്ഞതല്ലേ, അനുസരിക്കാതെ പറ്റില്ലല്ലോ. ഉടനെ മൂടിപ്പുതച്ച് കിടക്കും, എവിടുന്നെന്നറിയാതെ ഉറക്കം പറന്നുവരികയും ചെയ്യും. 

To advertise here,

രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ എത്ര തവണയാണ് നമ്മള്‍ ഓരോരുത്തരും ഗൂഗിളില്‍ സമയം ചെലവഴിക്കുന്നത്. തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം ഗൂഗിള്‍ തന്നെ സഹായി. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന പതിവാണിത്. 2023 ഓഗസ്റ്റിലെ കണക്കുപ്രകാരം 92 ശതമാനം പേരാണ് ഗൂഗിളിനെ ആശ്രയിക്കുന്നത്. ദിവസവും ഏകദേശം 8.5 ബില്യണ്‍ ആളുകളാണ് ഓരോ കാര്യങ്ങള്‍ക്കായി ഗൂഗിളാശാനെ പക്കലെത്തുന്നത്. ഗൂഗിള്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അപ്പീലില്ല. എല്ലാ ചോദ്യങ്ങള്‍ക്കുമുണ്ടാവും ആയിരക്കണക്കിന് ഉത്തരങ്ങള്‍. അതില്‍നിന്ന് നല്ലത് തിരഞ്ഞെടുക്കുന്നത് മാത്രമാണ് പിന്നെ നമ്മുടെ ഡ്യൂട്ടി. അത് വിശ്വസനീയമാണോയെന്നൊക്കെ നമ്മള്‍ നോക്കിക്കോണം. പ്രിയപ്പെട്ടവരുടെ പിറന്നാളിന് തലേന്ന് തന്നെ ഗൂഗിള്‍ നമ്മളെ ഓര്‍മിപ്പിക്കും, മര്യാദയ്ക്ക് വിഷ് ചെയ്‌തോ. അതിനൊപ്പം പ്രധാനദിവസങ്ങളിൽ ഗൂഗിളിന്റെ വക ആഘോഷവുമുണ്ടാവും. വര്‍ണക്കടലാസുകള്‍ പൊട്ടിച്ചും ബലൂണുകള്‍ വീര്‍പ്പിച്ചും സംഗീതം കേള്‍പ്പിച്ചും, ഗൂഗിള്‍ ഡൂഡിലുകള്‍ ഹോം പേജില്‍ പ്രത്യക്ഷപ്പെടും. 

ചിലപ്പോള്‍ നമുക്ക് വഴികാട്ടിയാണ്, മറ്റുചിലപ്പോള്‍ കുക്കറി എക്‌സ്പര്‍ട്ടാണ്, അതല്ലെങ്കില്‍ ഡോക്ടറുമാണ്. ഒരുദിവസം തന്നെ എത്ര റോളുകളാണ് ആശാൻ ആടുന്നത്. യാത്ര ചെയ്യുമ്പോഴാണ് കൂടുതലായും ആളുകള്‍ ഗൂഗിളിന്റെ സഹായം തേടുന്നത്. പോവാനുള്ള സ്ഥലമെടുത്ത് സെര്‍ച്ച് ചെയ്തുകഴിഞ്ഞാലുടന്‍ ഗൂഗിള്‍ ഉത്തരം തരും, 'ദാ, ആ വഴിയില്‍ പോവണ്ടാ, അവിടെ ട്രാഫിക്ക് ബ്ലോക്കും കുണ്ടും കുഴിയുമാണ്. നേരെ ഈ വഴിപിടിച്ചോ, ഇതാണ് നല്ലത്'. നേരെ ആ വഴിയില്‍ വെച്ചുപിടിക്കാം. ചിലപ്പോഴൊക്കെ ആ വഴി വല്ല കുളക്കടവിലേക്കുമായിരിക്കും. അതിന് ഗൂഗിളിനെ കുറ്റംപറയാന്‍ പറ്റുമോ. 
 

placeholder
ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ ഡൂഡിൽ

ഉച്ചയ്ക്ക് ഒരേ കണ്‍ഫ്യൂഷന്‍, കുടമ്പുളിയിട്ട മീന്‍കറിയുണ്ടാക്കണോ അതോ തക്കാളിയിട്ടത് മതിയോ? അതിന്റെയൊക്കെ ഗുണഗണങ്ങളടങ്ങിയ ഒരു വിവരണം തന്നെ 'ഇന്നാ പിടിച്ചോ' എന്നും പറഞ്ഞ് തരും. ഒപ്പം നല്ല കിടിലന്‍ പാചകക്കുറിപ്പുകളും. കുടമ്പുളിയിട്ടതും തക്കാളിയിട്ടതുമൊക്കെ ഗൂഗിളിന് വളരെ ഈസിയാണ്. പക്ഷേ ഗൂഗിളിന് പറയാനല്ലേ അറിയൂ. ഉണ്ടാക്കുന്നതൊക്കെ നമ്മുടെ കയ്യിലിരിപ്പ് പോലെയിരിക്കും. 

അച്ചുവിന്റെ അമ്മയിലെ കടുകുവറ ഇംഗ്ലീഷില്‍ മുക്കിയും മൂളിയുമാണ് ചോദിക്കുന്നതെങ്കിലും, ഗൂഗിളിനൊരു കൂസലുമുണ്ടാവില്ല. നമ്മുടെ ഇംഗ്ലീഷിനെ പുച്ഛിക്കാതെ വിവരങ്ങളുടെ ഒരുകലവറ തന്നെ തുറന്നുതരും. അപ്പോള്‍ ഉണ്ടാവുന്നൊരു കോണ്‍ഫിഡന്‍സ് വേറെ എവിടുന്നും കിട്ടില്ല. ചിലപ്പോഴൊക്കെ ഗൂഗിളിനെ വിശ്വസിച്ച് നമ്മള്‍ സ്വയം രോഗിയായി അങ്ങ് സമര്‍ഥിച്ചുകളയും. നമ്മുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും നിരനിരയായി അടിച്ചുകൊടുക്കും. ഉടനെ ഗൂഗിള്‍ അസുഖങ്ങളുടെ ഒരു നീണ്ടലിസ്റ്റ് തരും. പിന്നെ അതിന്റെ പേരിലാവും ടെന്‍ഷന്‍. എങ്കിലും പിന്നെയും ചെല്ലും അങ്ങോട്ടുതന്നെ. ഗൂഗിളില്ലാതെ എങ്ങനെ ജീവിക്കും?