മഞ്ഞും തണുപ്പും മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ, മൃഗങ്ങള്‍ക്കുമില്ലേ? ആ ചിന്തയില്‍നിന്ന് ഡല്‍ഹിയിലെ മൃഗസ്‌നേഹികള്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തീരുമാനമെടുത്തു, മഞ്ഞുകാലം തുടങ്ങുമ്പോഴേക്കും തെരുവുനായകളെയും പൂച്ചകളെയും സ്വെറ്റര്‍ ധരിപ്പിക്കണം. കഴിഞ്ഞ ആറുവര്‍ഷമായി അവര്‍ ഈ പതിവ് തുടരുന്നു. മഞ്ഞുകാലത്ത് സ്വസ്ഥമായി കിടക്കാന്‍ സ്ഥലമില്ലാതെ അലഞ്ഞുതിരിയുന്ന നായകളെയും പൂച്ചകളെയുമാണ് ഇവര്‍ സംരക്ഷിക്കുന്നത്.

നവംബര്‍ അവസാനം തന്നെ അവരതിനുള്ള ശ്രമങ്ങള്‍ തുടങ്ങും. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സ്വെറ്ററും മറ്റും ശേഖരിക്കുന്നത്. അതിനൊപ്പം പഴയ വസ്ത്രങ്ങളും, ബ്ലാങ്കറ്റുകളും, ന്യൂസ് പേപ്പറും. സാമൂഹ്യമാധ്യമങ്ങളിലെ അറിയിപ്പുകള്‍ കണ്ട് പലരും വളര്‍ത്തുമൃഗങ്ങളുടെ ജാക്കറ്റുകള്‍ കൊടുത്താണ് സഹായിക്കുന്നത്. മറ്റു ചിലര്‍ ഫ്രീ കോട്ടുകളും സ്വെറ്ററുകളും കൊടുക്കുന്നു. പഴയതും കീറിയതുമൊക്കെ ശേഖരിച്ച് എന്നിട്ടത് നല്ല ഭംഗിയായി തുന്നിയോജിപ്പിച്ചാണ് മൃഗങ്ങളെ ധരിപ്പിക്കുന്നത്. 

തെരുവുമൃഗങ്ങള്‍ക്കായി ചിലര്‍ നല്ല മെത്തകളും തയ്യാറാക്കാറുണ്ട്. ചണച്ചാക്കില്‍ തുണിയും മരക്കഷണങ്ങളും ഒരുപോലെ അടുക്കി തെരുവുനായകളും പൂച്ചകളും കൂടുതലായുള്ളിടത്ത് വെക്കുകയാണ് ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട ചെറിയ കണ്ടെയിനറുകളിലും മരപ്പെട്ടികളിലും കൊച്ചു മെത്തകള്‍ വിരിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളില്‍ പേപ്പര്‍, ബെഡ്ഷീറ്റ് എന്നിവ നിരത്തിയും മെത്തകള്‍ ഒരുക്കിക്കൊടുക്കുന്നു. 

തണുപ്പുകാലം കഴിഞ്ഞ് ഡല്‍ഹിയില്‍ ചൂടുതുടങ്ങുമ്പോഴേക്കും, മൃഗങ്ങളെ ധരിപ്പിച്ച സ്വെറ്ററുകള്‍ അഴിച്ചുമാറ്റാനും മൃഗസ്‌നേഹികള്‍ ശ്രദ്ധിക്കുന്നുണ്ട്.