
എല്ലാവരുടെയും സ്വപ്‌നമാണ് സ്വന്തമായൊരു വീട്. നമ്മുടെ ശ്രദ്ധയും കരവിരുതും കൂടി ചേരുമ്പോഴേ വീടിന് ഭംഗിയേറുകയുള്ളൂ. ഇതില്‍ പ്രധാനമാണ് ഇന്റീരിയര്‍ ഡിസൈന്‍. കൃത്യമായ പ്ലാനിങ്ങോടെ വീടിന്റെ അകം ഒരുക്കാന്‍ വഴികള്‍ അന്വേഷിക്കുന്നവര്‍ ഒട്ടേറെയാണ്. കാലത്തിനനുസരിച്ച് മാറുന്ന ട്രെന്‍ഡുകള്‍ സ്വീകരിക്കുന്നതിനൊപ്പം അത് നമുക്ക് യോജിച്ചതാണോ എന്നു കൂടി അറിയണം. തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുവാനും, അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപഭംഗി വരുത്താനുമെല്ലാം നല്ല ഇന്റീരിയര്‍ ഡിസൈനിങിലൂടെ സാധിക്കും. ഇന്റീരിയര്‍ ഡിസൈനിലെ പുത്തന്‍ മാറ്റങ്ങളറിയാം.
1. മിനിമലിസ്റ്റിക് ശൈലിയാണ് ഫര്‍ണിച്ചറിലും ഇപ്പോള്‍ ട്രെന്‍ഡ്. തടിയാണെങ്കിലും ഡിസൈനുകള്‍ ഒന്നുമില്ലെങ്കില്‍ ഏതുതരത്തിലുള്ള ഇന്റീരിയറിലേക്കും യോജിക്കും. ഭാവിയില്‍ ഇന്റീരിയര്‍ മാറ്റം വരുത്തുമ്പോഴും ഈ ഫര്‍ണിച്ചര്‍ മാറ്റേണ്ടിവരില്ല.
2. പണ്ട് വീടുകളുടെ ചുവരുകളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ വയ്ക്കുന്നത് സാധാരണയായിരുന്നു. ആ ഫാഷന്‍ മടങ്ങിവന്നിരിക്കുന്നു. ഒരു ഭിത്തി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ക്ക് മാറ്റിവയ്ക്കുന്നത് വ്യത്യസ്തത നല്‍കും.
3. പോളിഷ് ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള മാറ്റ്, സാറ്റിന്‍ ഫിനിഷുകള്‍ ആണ് ഇപ്പോള്‍ മിക്കവരും ആവശ്യപ്പെടുന്നത്. സാറ്റിന്‍ ഫിനിഷിനാണ് ഡിമാന്‍ഡ്.
4. കലാമൂല്യമുള്ള കണ്ണാടികള്‍ ആര്‍ട്പീസ് കൂടിയാണ്. മുറിയില്‍ പെയിന്റിങ്ങിനു പകരം ഇത്തരമൊരു കണ്ണാടി ഉപയോഗിക്കാം. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാനും വലിയ നിലക്കണ്ണാടികള്‍ക്കു സാധിക്കും.
5. പിത്തള, ഓട്, ഗ്ലാസ്, ഒനിക്‌സ്, അക്രിലിക് ഇതൊക്കെയാണ് വാഷ്‌ബേസിനിലെ പുതിയ മെറ്റീരിയലുകള്‍.
6. ഭിത്തി മുഴുവനായി നിറഞ്ഞുനില്‍ക്കുന്ന, എംബ്രോയ്ഡറി ചെയ്ത തുണി അല്ലെങ്കില്‍ കാന്‍വാസ് ആണ് ടാപ്‌സ്ട്രി (tapestry). ഇത്തരത്തില്‍ ഭിത്തി ഹൈലൈറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ആണ്.
7. എര്‍ത്ത് ടോണിലുള്ള നിറങ്ങളോട് ഇപ്പോള്‍ ഏറെ പ്രിയമുണ്ട് ആളുകള്‍ക്ക്, മാവെ, പീച്ച്, പിങ്ക്, കോറല്‍ എന്നിവയുടെ ഷേഡുകള്‍ വീടുകളില്‍ നിറയുകയാണ്. വൈബ്രന്റ് കളറുകളോടും അളുകള്‍ക്ക് താല്‍പര്യമേറിയിട്ടുണ്ട്. ഐവറി, കറുപ്പ്, വെളുപ്പ്, ഗ്രേ, സാഗേ ഗ്രീന്‍ തുടങ്ങിയ നിറങ്ങള്‍ കിടപ്പുമുറിയില്‍ തിരഞ്ഞെടുക്കാം. എവര്‍ഗ്രീന്‍ നിറങ്ങളാണിവ. കിടക്ക, കര്‍ട്ടന്‍, മറ്റ് അലങ്കാര വസ്തുക്കള്‍, ഷെല്‍ഫുകള്‍ എന്നിവയ്ക്കെല്ലാം ഈ നിറങ്ങള്‍ നല്‍കാം. ഒന്നിലധികം നിറങ്ങള്‍ നല്‍കുന്നതും ട്രെന്‍ഡാണ്.
8. പേഴ്‌സണലൈസ്ഡ് ഇന്റീരിയറും ഫര്‍ണിച്ചറുകളും ഇപ്പോള്‍ ട്രെന്‍ഡാണ്. ഒരു കടയില്‍ പോയോ അല്ലെങ്കില്‍ ഒരു ഡിസൈനറിന്റെ റഫറന്‍സ് അനുസരിച്ചോ വീടൊരുക്കുന്നവര്‍ കുറഞ്ഞിരിക്കുന്നു. പകരം തങ്ങള്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ പണിയിച്ചെടുക്കുന്നവര്‍ ഏറെയാണ്.
9. ആന്റിക് സാധനങ്ങളോടുള്ള ഇഷ്ടം കൂടുകയാണ്. ലളിതമായ എന്നാല്‍ പഴമയെ ഓര്‍മിപ്പിക്കുന്നവീട്ടുസാധനങ്ങളും അലങ്കാര വസ്തുക്കളും അകത്തളങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്. ആട്ടുകട്ടിലും ചാരുകസേരയും എല്ലാം. പലതരം സ്റ്റൈലുകള്‍ മികസ് ചെയ്യുന്നതും പുതുമയാണ്. ഒരു വിന്റേജ് വുഡന്‍ ഫര്‍ണിച്ചറില്‍ റീസൈക്കിള്‍ഡ് സ്റ്റോണ്‍ സര്‍ഫസ് ചേര്‍ത്താലോ, അല്ലെങ്കില്‍ പഴയ ആട്ടുകട്ടിലില്‍ മോഡേണ്‍ പ്രിന്റഡ് ഫാബ്രിക്ക് വിരിച്ചാലോ എല്ലാം ഇന്റീരിയര്‍ വ്യത്യസ്തമാവും.
10.വീടിനുള്ളിലെ ഓരോ ഇടത്തിനും വ്യത്യസ്തമായ ലൈറ്റിങ്ങാണ് ഇപ്പോള്‍ ട്രെന്‍ഡ്. ടേബിള്‍ ലാംപുകള്‍ കിച്ചണ്‍ കൗണ്ടറില്‍ വരെയെത്തിയിരിക്കുന്നു. ഷാന്‍ഡ്‌ലിയറുകള്‍, പെന്‍ഡന്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് ആരാധകര്‍ ഏറെയാണ്. സീലിങ്ങില്‍ നിന്ന് ലൈറ്റിങ് നല്‍കുന്നതോടൊപ്പം ഫ്‌ളോറില്‍ ലൈറ്റുകള്‍ പിടിപ്പിക്കുന്ന രീതിയുമുണ്ട്. പേപ്പര്‍, സില്‍ക്ക്... എന്നിവയില്‍ പൊതിഞ്ഞ സോഫ്റ്റ് ആന്‍ഡ് ആബിയന്റ് ലൈറ്റിങ് ഇപ്പോള്‍ ആളുകള്‍ ഇഷടപ്പെടുന്നുണ്ട്.
11. മാര്‍ബിള്‍, സ്റ്റോണ്‍, വുഡ് എന്നിവയും അത്തരം മെറ്റീരിയലുകള്‍ പോലെ തോന്നുന്നവയും വീടിനുള്ളില്‍ ഇടം നേടുന്നുണ്ട്. റീയൂസ് ചെയ്യാവുന്ന മെറ്റീരിയലുകള്‍ കൊണ്ടുള്ള ഹോം ഡെക്കോറുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ടൈലുകള്‍, മാര്‍ബിളുകള്‍ എന്നിവയ്ക്ക് പുറമെ അന്‍പതില്‍ പരം നിറങ്ങളിലും ഷെയ്ഡുകളിലും റെഡ് ഓക്‌സൈഡുകളും ഇന്ന് ഫ്‌ളോറിങ്ങിനായി ലഭ്യമാണ്. ഫ്‌ളോറിങ് തീമും മുറിയുടെ തീമും ഒരുപോലെവരുന്നതും ഭിത്തിയുടെ ഒരു ഭാഗം വുഡന്‍ പാനലിങ് നല്‍കുന്നതുമെല്ലാം ഏറെ പ്രചാരമുള്ള ട്രെന്‍ഡുകളാണ്.
12. ഗ്രീന്‍മാര്‍ബിളുകള്‍ ഇന്റീരിയറിനോട് ഇഷ്ടം കൂടിയിട്ട് കുറച്ചു നാളുകളായിട്ടേയുള്ളു. ലക്ഷ്വറി ആന്‍ഡ് ക്ലാസ് ലുക്ക് നല്‍കും എന്നതാണ് മാര്‍ബിളിനെ പ്രിയപ്പെട്ടതാക്കുന്നത്. ബാത്ത്‌റൂം വാള്‍, സിങ്ക് സ്‌പേസ്, കിച്ചണ്‍ കൗണ്ടര്‍ ലിവിങ് സ്‌പേസിലെ ഒരു ഭിത്തി... എന്നിങ്ങനെ ഗ്രീന്‍ മാര്‍ബിള്‍ ഉപയോഗിച്ചാല്‍ വീടിന്റെ ലുക്ക് തന്നെ മാറും.
13. ആത്താംകുടി ടൈലുകളോട് മലയാളിക്ക് ഇഷ്ടം കൂടി വരുന്നുണ്ട്. ട്രെഡീഷണല്‍, ഇക്കോഫ്രണ്ട്‌ലി വീടുകളിലേക്ക് ഇത്തരം ടൈലുകള്‍ ഒരുപാടുപേര്‍ തിരഞ്ഞെടുക്കുന്നുണ്ട്. വ്യത്യസ്തവും കളര്‍ഫുള്ളുമാണ് ഡിസൈനുകള്‍. ആത്താംകുടി ടൈലുകള്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്ത് അവിടെയുള്ള പ്രത്യേകതരം കളിമണ്ണില്‍ യന്ത്രസഹായമില്ലാതെ കൈകള്‍കൊണ്ട് നിര്‍മിക്കുന്ന വര്‍ണശബളമായ ടൈലുകളാണ്. പഴയകാല സമ്പന്ന ഭവനങ്ങളുടെയും കൊട്ടാരങ്ങളുടെയും തറകള്‍ അലങ്കരിച്ചിരുന്ന ഈ ടൈലുകളുടെ പ്രൗഢിക്ക് ഇന്നും തെല്ലും മങ്ങലേറ്റിട്ടില്ല. ഡിസൈന്‍ ഇല്ലാത്ത ആത്താംകുടി ടൈലും ലഭിക്കും.
14. ചതുരാകൃതിയിലും ദീര്‍ഘ ചതുരാകൃതിയിലുമാണ് മിക്ക വീടുകളിലെയും കാര്‍ പോര്‍ച്ച് ഡിസൈന്‍. എന്നാല്‍ ഒരു വശത്ത് മാത്രം സ്റ്റാന്‍ഡ് നല്‍കി കാന്റിലിവര്‍ മാതൃകയില്‍ പോര്‍ച്ച് പണിയുന്ന ശൈലിക്ക് ഏറെ പ്രചാരമുണ്ട്. തൂണുകള്‍ അധികം സ്ഥലം കവരില്ല എന്നതാണ് ഈ ശൈലിയുടെ പ്ലസ് പോയിന്റ്. ഇതു കൂടാതെ വീടിന്റെ ഭിത്തിയില്‍ നിന്നു തന്നെ റൂഫ് പണിയുകയും ചെയ്യാം. തൂണുകളുടെ സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ കനം കുറഞ്ഞ റൂഫിങ് മെറ്റീരിയല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പച്ചപ്പും ഹരിതാഭയും പോര്‍ച്ചിലും വേണമെന്നാണ് ഇപ്പോഴത്തെ സങ്കല്‍പം. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആണ് ഇടം മെനക്കെടുത്താതെ ചെടികള്‍ വളര്‍ത്താനുള്ള വഴി.
15. ലോക്ഡൗണ്‍ കാലത്തിന് ശേഷം വീടുകളില്‍ കയറിക്കൂടിയ മാറ്റമാണ് ഹോം ഓഫീസ് സ്‌പേസ്. ആദ്യമൊക്കെ ഉള്ള സ്ഥലം ഓഫീസാക്കുകയാണ് ചെയ്തതെങ്കില്‍ ഇപ്പോള്‍ പുത്തന്‍ വീടുകള്‍ അതിനായൊരിടം മാറ്റി വയ്ക്കുകയാണ്. അധികം ഫര്‍ണിച്ചറുകള്‍ ഇല്ലാതെ കംപ്യൂട്ടര്‍ ടേബിളും കസേരയും വായിക്കാന്‍ ഒരു ചാരുകസേരയും മാത്രമുള്ള ഇടം. ചിലര്‍ ലൈബ്രറി സ്‌പേസ് കൂടി ആയി ഇതിനെ മാറ്റുന്നുണ്ട്. പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന വലിയ ജനാലകളും ഇളം നിറവുമായി ഓഫീസ് മുറികള്‍ വ്യത്യസ്തമാവുകയാണ്.
16. വീടുകള്‍ ഹൈടെക്കാവുന്ന കാലമാണ് ഇത്. വീടിന്റെ പൂട്ടും ലൈറ്റിങ് സിസ്റ്റവുമൊക്കെ മൊബൈലില്‍ കണ്‍ട്രോള്‍ ചെയ്യാനുള്ള മാര്‍ഗം ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ഏറിവരുന്നുണ്ട്. വീട്ടില്‍ തനിച്ചായ കുട്ടികളെയും പ്രായമായവരെയും നിരീക്ഷിക്കാനുള്ള കാമറ മുതല്‍ വീട് മൊത്തമായി മൊബൈല്‍ സ്‌ക്രീനില്‍ എത്തുന്ന സംവിധാനം വരെ ഇപ്പോഴുണ്ട്.
17. അകത്തളങ്ങളെ മനോഹരമാക്കുന്ന പുതിയ ട്രെന്‍ഡാണ് ഓപ്പണ്‍ സ്‌പെയ്‌സുകള്‍. ഓപ്പണ്‍ സ്‌പെയ്‌സ് ഒരുക്കുമ്പോള്‍ ലിവിംഗ് ഏരിയയോട് ചേര്‍ന്നതാണോ, മറ്റു മുറികളോട് ചേര്‍ന്നതാണോ എങ്ങനെയാണ് ഈ സ്‌പെയ്‌സ് ക്രമീകരിക്കേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിക്കണം. ഇതോടൊപ്പം ഓപ്പണ്‍ സ്‌പെയ്‌സില്‍ എന്തെല്ലാം ഫര്‍ണിച്ചറുകള്‍ വേണം എന്ന കാര്യത്തിലും ഒരു ധാരണ വേണം.
18. വലിയ ഫര്‍ണിച്ചറുകളോട് ഗുഡ്‌ബൈ പറയുകയാണ് ആളുകള്‍. മിനിമലിസ്റ്റിക് ഇന്റീരിയറിനോട് പ്രിയമേറുന്നുണ്ട്. സിമ്പിള്‍ എങ്കിലും സ്റ്റോറേജ് സ്‌പേസിന് പ്രാധാന്യം നല്‍കുന്ന ഡിസൈനുകളോടാണ് താല്‍പര്യം. എളുപ്പത്തില്‍ നീക്കാവുന്ന, ഒതുക്കി വയ്ക്കാവുന്ന ഉപകരണങ്ങള്‍ക്കാവും കൂടുതല്‍ സ്വീകാര്യത.
19. പാചകം മാത്രം നടക്കുന്ന ഇടമല്ല, വീട്ടിലെ ലിവിങ് റൂമിനുള്ള അത്ര പ്രാധാന്യമുണ്ട് അടുക്കളയ്ക്ക്. ട്രെന്‍ഡാവുന്നത് കിച്ചന്‍ ആര്‍ട്ടുകളാണ്. ലിവിങ് റൂമിലേത് പോലെ അടുക്കളയിലെ ഷെല്‍ഫിലും ഭിത്തയിലുമൊക്കെ വയ്ക്കാന്‍ പറ്റുന്ന ചിത്രങ്ങള്‍ വിപണിയിലുണ്ട്. പൂച്ചട്ടികളും ആന്റിക് പീസുകളുമൊക്കെ അടുക്കളയിലും എത്തുകയാണ്.
20. ഫാമിലി ലിവിങ് സ്‌പേസില്‍ കര്‍ട്ടനിലും ബ്ലൈന്‍ഡിലുമെല്ലാം പുതുമ പരീക്ഷിക്കാവുന്നതാണ്. ലിവിങ് സ്‌പേസില്‍ ഒരു ലെയറുള്ള ഡിസൈനര്‍ കര്‍ട്ടനോ റോമന്‍ സ്‌റ്റൈല്‍ കര്‍ട്ടനോ ഉപയോഗിക്കാം. പ്രിന്റുള്ള കര്‍ട്ടനുകളും, ഒന്നില്‍ കൂടുതല്‍ ലെയറുള്ള കര്‍ട്ടനുകളും ട്രെന്‍ഡാണ്. കിടപ്പുമുറിയുടെ തീമിനു യോജിച്ച നിറത്തിലുള്ള കര്‍ട്ടനുകളാണ് ഭംഗി. അടുക്കളയില്‍ ഫുള്‍ കര്‍ട്ടനുകള്‍ക്ക് പകരം ബ്ലൈന്‍ഡറുകള്‍, റോമന്‍ കര്‍ട്ടന്‍ എന്നിവ ഉപയോഗിക്കുന്നു.
21. സോഫയില്‍ കുഷന്‍ ഉപയോഗിക്കുമ്പോള്‍ ഒന്ന് ഹൈലെറ്റ് കുഷനായി കൊടുക്കുന്നതാണ് ട്രെന്‍ഡ്. ഹൈലൈറ്റ് കുഷന്‍ മറ്റു കുഷനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം. അതേസമയം മുറിയുടെ തീമിന് ചേരുന്നതുമാകണം. ലിവിങ് റൂമില്‍ ഇരിക്കാന്‍ ഫ്‌ളോര്‍ കുഷനുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്.
22. വീടിനും മുറികള്‍ക്കും പുതുമ കൊണ്ടുവരുന്നവയാണ് ഇന്‍ഡോര്‍ ചെടികള്‍. മുറ്റത്ത് സ്ഥലമുണ്ടെങ്കിലും ഇന്‍ഡോര്‍ പ്ലാന്റുകളോട് മലയാളിക്ക് അല്പം ഇഷ്ടം കൂടുതലുണ്ട്. അവ വീടിന് പുതുമയും കുളിര്‍മയും പകരുന്നവയാണ്. ഒരോ മുറികളുടെയും ലുക്കിനെത്തന്നെ ഇത് മാറ്റിയെഴുതും. മുറികളിലെ വായു ശുദ്ധീകരിക്കുന്ന ചെടികളും ഇതിനായി തിരഞ്ഞെടുക്കാം. മുറിയില്‍ കടക്കുമ്പോള്‍ തന്നെ കാണുന്ന വിധത്തിലായിരിക്കണം ചെടികള്‍ സജ്ജീകരിക്കേണ്ടത്.
23. വീടിന്റെ ബാല്‍ക്കണി പഴയ സാധനങ്ങള്‍ കൂട്ടിയിടാനുള്ള ഇടമല്ല. വീടിന്റെ അകത്തളങ്ങളില്‍നിന്നും വേറിട്ട് നിര്‍ത്തേണ്ടതുമില്ല. തടിയിലും ലെതറിലും തീര്‍ത്ത ഫര്‍ണിച്ചറുകള്‍ ഉപേക്ഷിച്ച് പില്ലോയും മാറ്റുകളും വിരിക്കാം. ചെറിയൊരു മേശ നല്‍കാം. നേരിട്ട് വെയിലും മഴയും ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ഫര്‍ണിച്ചറുകളാണ് ബാല്‍ക്കണിക്ക് നല്‍കേണ്ടത്. മുള, പുല്ലുവര്‍ഗത്തില്‍പ്പെട്ട കെയ്ന്‍, ചൂരല്‍ എന്നിവയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ ബാല്‍ക്കണിക്ക് യോജിച്ചവയാണ്.
24. വീടിന്റെ മുഖമാണ് പൂമുഖം. അതുകൊണ്ടു തന്നെ പൂമുഖം മനോഹരമാക്കാന്‍ ഇപ്പോള്‍ ആരും മടി വിചാരിക്കാറില്ല. തേക്കില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍, തുരമ്പ് പിടിക്കാത്ത അലൂമിനിയം, സ്റ്റീല്‍ എന്നിവയില്‍ നിര്‍മിച്ച ഫര്‍ണിച്ചറുകള്‍ എന്നിവ നല്‍കി പൂമുഖത്തെ ഔട്ട് ഡോര്‍ സിറ്റിങ് ഏരിയയാക്കാം. പൂമുഖത്ത് വള്ളിച്ചെടികള്‍ പിടിപ്പിക്കാം.
25. ഉമ്മറവാതില്‍ തടിയില്‍ തീര്‍ക്കുന്നത് തന്നെയാണ് ട്രെന്‍ഡ്. തടിയും ഗ്ലാസും മിക്‌സ് ചെയ്ത വാതിലും ആളുകള്‍ സ്വീകരിക്കുന്നുണ്ട്. നാച്ചുറല്‍ സ്റ്റോണ്‍, വുഡ്, വാള്‍ ടൈല്‍സ് എന്നിവയുള്ള വാള്‍ ക്ലാഡിങ്ങുകള്‍ പൂമുഖത്ത് നല്‍കാം.
Content Highlights: 25 home interior trends
Published: 22 Jul 2023, 02:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented