ഒരുകാലത്ത് കരീബിയന്‍ കടലിനെ വിറപ്പിച്ചുനടന്ന കുപ്രസിദ്ധകടല്‍ക്കൊള്ളക്കാരാണ് ബ്ലാക്ക്ബിയേഡും ബ്ലാക്ക്ബാര്‍ട്ടുമെല്ലാം. കടല്‍ത്തിരകളില്‍ മറഞ്ഞുനിന്ന് ചരക്കുകപ്പലുകളെ വേട്ടയാടിപ്പിച്ച കള്ളന്മാര്‍ ഏഴു കടലിലും തേരോട്ടം നടത്തി. ശക്തരായ കൊള്ളക്കാരികളുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തീരദേശവാസികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഒരുപോലെ തലവേദനയായി ചൈനയില്‍ ഒരു കൊള്ളക്കാരിയുണ്ടായിരുന്നു. ഷെങ് യി സാവോ എന്ന ചിങ് ഷി. ചൈനയുടെയും ബ്രിട്ടന്റെയും പോര്‍ച്ചുഗലിന്റെയും നാവികസേനകളെ ഒരേസമയം വട്ടംകറക്കിയ, ലോകം കണ്ട ഏറ്റവും ശക്തയായ കടല്‍ക്കൊള്ളക്കാരി. 

ഷെങ് യി
ഷെങ് യി സാവോയെപ്പറ്റി പറയുമ്പോള്‍ ആദ്യം ഭര്‍ത്താവിനെപ്പറ്റി പറയണം. ചൈനയില്‍ ക്വിങ് രാജവംശം ആധിപത്യം പുലര്‍ത്തിയ കാലമായിരുന്നു അത്. തെക്കന്‍ ചൈനാ കടല്‍ വഴി ചരക്കുകപ്പലുകള്‍ ധാരാളം കടന്നുപോകുന്ന സമയം. അവിടെ തക്കംപാര്‍ത്തിരുന്ന് കപ്പലുകളെ ആക്രമിക്കുകയും ചരക്കുകള്‍ കൈക്കലാക്കുകയും ചെയ്തിരുന്ന വമ്പനൊരു കൊള്ളസംഘം നിലയുറപ്പിച്ചിരുന്നു. അതിന്റെ തലവനായിരുന്നു ഷെങ് യി. കാലങ്ങളായി കൊള്ളകള്‍ നടത്തിപ്പോരുന്ന ഒരു കുടുംബത്തിലാണ് ഷെങ് യിയുടെ ജനനം. ഒട്ടേറെ ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത ഷെങ് യി രണ്ടുകൊല്ലക്കാലം തെക്കന്‍ചൈനാക്കടലിനെ ഇളക്കിമറിച്ചു. 600 കപ്പലുകളും 40000-ത്തോളം പടയാളികളുമുള്ള കൊള്ളസംഘത്തെ മുന്നില്‍ നിന്ന് നയിച്ചു. 

ആറു ഡിവിഷനുകളായിത്തിരിച്ച കൊള്ളസംഘത്തില്‍ ഓരോ ഡിവിഷനും പ്രത്യേകനിറത്തിലുള്ള പതാകയും സ്വതന്ത്രകമാന്‍ഡര്‍മാരും പടയാളികളുമുണ്ടായിരുന്നു. 200 കപ്പലുകള്‍ നിയന്ത്രിച്ച ചുവന്ന കൊടിയുള്ള സംഘത്തിന് ഷെങ് യി സ്വയം കമാന്‍ഡറായി. ഹോങ്കോങ്ങില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പോകുന്ന കപ്പലുകളില്‍ നിന്ന് സ്വര്‍ണവും വെള്ളിയും സില്‍ക്കും സുഗന്ധവ്യഞ്ജനങ്ങളും കിട്ടും. ഒപ്പം ചായപ്പൊടിയും പരുത്തിയും ചീനഭരണികളും. കൊള്ളയടി കഴിഞ്ഞാല്‍ പിന്നെ തീരത്തുള്ള വ്യാപാരികള്‍ക്ക് അവ വിറ്റ് പണമുണ്ടാക്കുകയാണ് അടുത്ത നടപടി. ഇതിനു പുറമെ ചൈനയില്‍ നിന്ന് മലേഷ്യയിലേക്കുള്ള ചരക്കുകപ്പലുകളും ഒത്തുകിട്ടും. ഇന്നത്തെ ഗ്വാന്‍ഷൂ വരുന്ന കാന്റണ്‍ റിവര്‍ ഡെല്‍റ്റാ മേഖലയിലായിരുന്നു ഇവരുടെ കളവുകേന്ദ്രം. 

പിടിക്കപ്പെടുന്ന കപ്പലുകളിലെ നാവികരെ മോചനദ്രവ്യം കൈപ്പറ്റിയശേഷം വിട്ടയക്കുന്നതായിരുന്നു രീതി. തീരദേശ നഗരങ്ങളിലെല്ലാം ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഷെങ് യിയുടെ സംഘത്തെ തുരത്താന്‍ അധികാരികള്‍ക്കുപോലും സാധിച്ചിരുന്നില്ല. അധികാരികള്‍ നേരിട്ടുനടത്തിയ തിരച്ചിലുകള്‍ പരാജയപ്പെട്ടെന്നുമാത്രമല്ല, നാവികസേനയുടെ കപ്പലുകള്‍ പോലും ഇവര്‍ ആക്രമിച്ചുകീഴ്‌പ്പെടുത്തി. ഷെങ് യിക്ക് ഷാങ് ബാവോ എന്നൊരു ദത്തുപുത്രനുണ്ടായിരുന്നു.  

വേശ്യാവൃത്തിയില്‍ നിന്ന് കടല്‍ക്കൊള്ളയിലേക്ക്
1775-ല്‍ ജനിച്ച ഷെങ് യി സാവോയുടെ ആദ്യപേര് ഷി യാങ്. കാന്റണില്‍ ലൈംഗികത്തൊഴിലാളിയായിരിരുന്നു. 1801-ല്‍ തന്റെ 26-ാം വയസ്സില്‍ ഷെങ് യിയെ വിവാഹം ചെയ്തതോടെ ജീവിതം മാറിമറിഞ്ഞു. പങ്കാളികള്‍ ചേര്‍ന്നാണ് പിന്നീട് തങ്ങളുടെ സാമ്രാജ്യം  വളര്‍ത്തിയത്. ചൈനീസ് സ്ത്രീകള്‍ നാവികരും ക്യാപ്റ്റന്‍മാരും കടല്‍ക്കൊള്ളക്കാരുമൊക്കെയാവുന്നത് അന്ന് അസാധാരണമായിരുന്നില്ല. ഗ്വാങ്‌ഡോങ്ങിലെ ജനങ്ങളാണ് ഷെങ് യി ചാവോയെന്ന പേരുനല്‍കുന്നത്. ഷെങ് യിയുടെ ഭാര്യ എന്നര്‍ഥം. ഇതിനിടെ ഷെങ് യി 1807 നവംബറില്‍ 42-ാം വയസ്സില്‍ മരിച്ചു. ചുഴലിക്കാറ്റിനിടെ കടലില്‍ വീണാണ് മരണമെന്ന് കരുതുന്നുവെങ്കിലും തെളിവുകളില്ല. അപ്പോഴേക്കും സാവോ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. 

തലവന്‍ മരിച്ചപ്പോള്‍ മറ്റ് അഞ്ച് പൈറേറ്റ് ക്യാപ്റ്റന്‍മാര്‍ക്ക് നേതൃസ്ഥാനത്തേക്ക് ഒരു പിന്‍ഗാമിയെ തീരുമാനിക്കേണ്ട സാഹചര്യം വന്നു. ഷെങ് യിയുടെ വിധവയായ ഷെങ് യി സാവോയെയാണവര്‍ അതിനായി തിരഞ്ഞെടുത്തത്. പിന്നീട് തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം കൊള്ളയടിച്ച് മുന്നേറിയ ഷെങ് യി സാവോ പല രാജ്യങ്ങളുടെയും നാവികസേനയെ വെല്ലുന്ന ഒരു കപ്പല്‍കൂട്ടം തന്റെ അധീനതയിലാക്കി. ശക്തമായ നേതൃത്വം കാഴ്ചവെച്ചു. 800-ഓളം കപ്പലുകളുണ്ടായിരുന്നു അവളുടെ പക്കല്‍. 

ഇതില്‍ നല്ലൊരു പങ്കും ജങ്കുകളും. നൂറ്റാണ്ടുകളോളം ചൈനീസ് ജലത്തില്‍ പ്രധാന ആശ്രയമായിരുന്ന ജങ്കുകള്‍ക്ക് 40 പീരങ്കികളും 800 ടണ്‍ ചരക്കുകളും വഹിക്കാന്‍ ശേഷിയുണ്ട്. ജങ്കുകള്‍ക്ക് ആഴം കുറഞ്ഞ വെള്ളത്തില്‍ പ്രവേശിക്കാനും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളെ അപ്രതീക്ഷിതമായി ലക്ഷ്യമിടാനും കഴിഞ്ഞിരുന്നു. ചെറിയ ബോട്ടുകളും വഹിക്കാനാവുമായിരുന്നു. കൊള്ളക്കാരുടെ എണ്ണവും അതിനൊത്ത് വര്‍ധിച്ചു. ഷെങ് യി സാവോയുടെ കോണ്‍ഫെഡറേഷനില്‍ 70,000-ത്തിലധികം പടയാളികളുണ്ടായിരുന്നെന്നാണ് അനുമാനം. 

ഷാങ് ബാവോയുമായി പ്രണയം
ഷെങ്ങിന്റെ വളര്‍ത്തുമകനെന്ന് പറയപ്പെടുന്ന ഷാങ് ബാവോയുമായി ചേര്‍ന്നാണ് കപ്പല്‍പ്പടയുടെ നിയന്ത്രണം സാവോ ഏറ്റെടുക്കുന്നത്. ഷെങ് യിയുടെ മരണശേഷം റെഡ് ഫ്‌ളാഗ് ഫ്‌ലീറ്റിന്റെ താത്കാലികകമാന്‍ഡറായിരുന്നു ബാവോ. സാവോ അധികാരമേറ്റതോടെ സ്ഥിരം കമാന്‍ഡറായി. ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം ചെയ്തു. കരീബിയന്‍ കടല്‍ക്കൊള്ളയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ ചില ക്യാപ്റ്റന്‍മാരെപ്പോലെ, ചാങ് പാവോ കറുത്ത തലപ്പാവും നീളമുള്ള പര്‍പ്പിള്‍ വസ്ത്രവും ധരിച്ചിരുന്നുവെന്ന് ചരിത്രരേഖകളില്‍ പറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി, പോര്‍ച്ചുഗീസ് സാമ്രാജ്യം, ചൈനയിലെ ക്വിങ് രാജവംശം (ചൈനീസ് ചരിത്രത്തിലെ അവസാനത്തെ സാമ്രാജ്യത്വ രാജവംശം) എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടി. സാവോ അധികാരത്തിലെത്തിയതോടെ കപ്പല്‍പ്പട വളരെയധിതം സജീവമാകുകയാണ് ചെയ്ത്. 1809 ഒട്ടേറെ പോരാട്ടങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. 

ഒളിച്ചോടുന്നവരുടെ ചെവിയരിയും
തന്റെ കീഴിലുള്ളവർക്കായി സാവോ കര്‍ശനമായ പെരുമാറ്റച്ചട്ടവും നിയമങ്ങളും കൊണ്ടുവന്നിരുന്നു. തടവുകാരായ സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ തലയറുക്കും. ഒളിച്ചോടുന്നവരുടെ ചെവിയരിയും. എല്ലാ കാര്യങ്ങള്‍ക്കും സൂക്ഷ്മരേഖകള്‍ സൂക്ഷിച്ച അവര്‍ ആദ്യ ഭര്‍ത്താവില്‍ നിന്ന് തീർത്തും വ്യത്യസ്തയായിരുന്നു. 

  • കടല്‍ക്കൊള്ളക്കാരന് അനുമതിയില്ലാതെ കരയില്‍ പോകാനാവില്ല. ഒരുതവണ നിയമം ലംഘിച്ചാല്‍ ആദ്യം ചെവിയറുക്കും. ആവര്‍ത്തിച്ചാല്‍ വധശിക്ഷ. 
  • പിടിച്ചെടുത്ത സാധനങ്ങള്‍ പങ്കിടുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
  • ഒരു ചരക്കുകപ്പല്‍ പിടിച്ചെടുത്താല്‍ അഞ്ചിലൊന്ന് ആ സംഘത്തിന്. ബാക്കിയുള്ളത് മുഴുവന്‍ കപ്പലുകളുടെയും പൊതുഫണ്ടിലേക്ക് കൈമാറണം.
  • സ്ത്രീകളെ ദുരുപയോഗം ചെയ്യരുത് 
  • പൊതുസ്വത്ത് മോഷ്ടിച്ചാല്‍ തലവെട്ടും 
  • സംഘം വിട്ടുപോവാന്‍ ശ്രമിക്കുന്നവരുടെ ചെവിയരിയും
  • കൊള്ളയടിക്കുന്ന സാധനങ്ങള്‍ മറച്ചുവെക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ ചാട്ടവാറടി. ആവര്‍ത്തിച്ചാല്‍ വധശിക്ഷ. സ്ത്രീ തടവുകാരുടെ കാര്യത്തിലും നിയമങ്ങള്‍ ഒരുപോലെ കര്‍ശനമായിരുന്നു. 

ആക്രമണങ്ങള്‍
1808-നും 1809-നുമിടെ പോര്‍ച്ചുഗീസ് മക്കാവോയ്ക്കും കാന്റണിനും ഇടയിലുള്ള നദീതീരത്ത് ചൈനയുടെ നാവികസേനയെ സാവോ രണ്ടുതവണ ആക്രമിച്ചു. ആദ്യ യുദ്ധം 16 മണിക്കൂര്‍ നീണ്ടു, ശേഷം ചൈനീസ് അഡ്മിറല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

തീരദേശ പട്ടണങ്ങള്‍ കത്തിച്ചും കൊള്ളയടിച്ചും സാധാരണക്കാരുടെ ജീവിതത്തിനും അവര്‍ വെല്ലുവിളിയായി. അടിമകളാക്കി വില്‍ക്കുകയും അനുസരിക്കാത്തവരുടെ തലകള്‍ തീരത്തെ ഒരു വലിയ മരത്തില്‍ തൂക്കിയിടുന്നടക്കമുള്ള കിരാതപ്രവര്‍ത്തികള്‍ സാവോ ചെയ്തിരുന്നു. ഒട്ടേറെ സാധാരണക്കാരെ കൊലപ്പെടുത്തി. 1809-ല്‍ പോര്‍ച്ചുഗീസ് കപ്പലുകളും യൂറോപ്യന്‍ യുദ്ധക്കപ്പലുകളും പിടിച്ചെടുത്തു.

മൂന്ന് വര്‍ഷക്കാലം വന്നവരെയെല്ലാം അടിച്ചുവീഴ്ത്തി, തെക്കന്‍ ചൈനയുടെ തീരത്ത് ഭീകരത സൃഷ്ടിച്ച് സാവോ മുന്നേറി. ബ്രിട്ടിഷ് റോയല്‍ നേവിയിലെ ഒരംഗം പൈറേറ്റ് സംഘത്തിന്റെ ശക്തിയെപ്പറ്റി പിന്നീട് വിവരിച്ചിരുന്നു. കരീബിയന്‍ കടലിലെ കടല്‍ക്കൊള്ള കണ്ടുപരിചയിച്ച നാവികള്‍ ഏറ്റുമുട്ടലിനു നില്‍ക്കാതെ ചരക്ക് മോഷ്ടിക്കപ്പെടുന്നത് കണ്‍മുന്നില്‍ കണ്ടുനിന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചാല്‍ കഠിനമായ പീഡനമോ വധമോ ആണ് ഫലം. മോചനദ്രവ്യം കൊടുത്താല്‍ വിട്ടയക്കുമെന്നതിനാല്‍ യൂറോപ്യന്‍ നാവികരുടെ അവസ്ഥ അല്‍പം മെച്ചമായിരുന്നു. പക്ഷേ, മാസങ്ങളോളം ഇടുങ്ങിയ അറകളില്‍ പാര്‍പ്പിച്ചശേഷമേ മോചനം നല്‍കിയിരുന്നുള്ളൂ.

എലിശല്യമുള്ള ഒരു കപ്പലിന്റെ അടിഭാഗത്ത് നാല് മാസത്തോളം താന്‍ എങ്ങനെ ചെലവഴിച്ചുവെന്നത് കപ്പല്‍ ഓഫീസര്‍ റിച്ചാര്‍ഡ് ഗ്ലാസ്പൂള്‍, വിവരിക്കുന്നുണ്ട്. ചെറുപുഴുക്കളെയും അരിയും ഭക്ഷിച്ചാണ് ജീവിച്ചത്. പിടിക്കപ്പെട്ട ചൈനക്കാര്‍ക്ക് കടല്‍ക്കൊള്ളക്കാരുടെ കൂട്ടത്തില്‍ ചേരാനോ ചാട്ടവാറടിയേറ്റു മരിക്കാനോ ആണ് വിധി. യൂറോപ്യന്‍ നാവികര്‍ ഗ്രാമങ്ങളിലെ ആക്രമണങ്ങളില്‍ സഹായിക്കാനും നിര്‍ബന്ധിതരായി. 

ഒടുവില്‍ കീഴടങ്ങുന്നു
ഷെങ് യി സാവോയുടെ രക്തരൂക്ഷിതമായ ഭരണം അവള്‍ക്ക് ഒട്ടേറെ ശത്രുക്കളെയുണ്ടാക്കി. സ്വന്തം പാളയത്തില്‍ നിന്നുപോലും. 1810-ല്‍ ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് നാവികസേന സാവോയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. എന്നാല്‍, അതേവര്‍ഷം സാവോ ക്വിങ് അധികാരികള്‍ക്കുമുമ്പില്‍ കീഴടങ്ങി. ഇതിന് പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. സംഘത്തില്‍ ആഭ്യന്തരകലഹമുണ്ടായിരുന്നു എന്നതാണ് ഒന്ന്. എന്നാല്‍, പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ അവര്‍ കീഴടങ്ങുകയെന്ന തന്ത്രം സ്വീകരിക്കുകയായിരുന്നുവെന്നും ചിലര്‍ കരുതുന്നു. അധികൃതരോട് ക്ഷമചോദിച്ച് കൊള്ളയവസാനിപ്പിക്കാന്‍ തയ്യാറായ സാവോ പകരം തന്റെ സമ്പത്ത് കൈവശം വെക്കാനുള്ള അവകാശം തിരിച്ചുചോദിച്ചു. തന്ത്രപൂര്‍വമുള്ള ചര്‍ച്ചയില്‍ സ്വത്തിന്റെ വലിയൊരളവ് കൈവശം വെക്കാന്‍ ഭരണകൂടം സമ്മതിക്കുകയും ചെയ്തു. അങ്ങനെ ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ കടല്‍ക്കൊള്ളക്കാരി സാവോ വിരമിച്ചു. കൊള്ളസംഘത്തെ പിരിച്ചുവിട്ടു.

കീഴടങ്ങുമ്പോള്‍, വ്യക്തിപരമായി 24 കപ്പലുകള്‍ക്കും 1,400 കടല്‍ക്കൊള്ളക്കാര്‍ക്കും കമാന്‍ഡര്‍ ആയിരുന്നു അവര്‍. പിന്നീടുള്ള കാലം ബാവോയ്‌ക്കൊപ്പം താരതമ്യേന സമൃദ്ധമായ ജീവിതമാണവര്‍ നയിച്ചത്. ചൂതാട്ടകേന്ദ്രം നടത്തി പണം സമ്പാദിച്ചു. സാവോയുടെ ഉത്തരവ് അക്ഷരംപ്രതി അനുസരിച്ച പങ്കാളിയായിരുന്നു ബാവോ. എന്തുകാര്യം ചെയ്യുന്നതിനു മുമ്പും ഭാര്യയുടെ അനുമതി ചോദിച്ചിരുന്നു. ഇരുവര്‍ക്കും ഒരാണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നു. 1822-ല്‍ 39-ാം വയസ്സില്‍ ബാവോ മരിച്ചു. 1844-ല്‍ 69-ാം വയസ്സില്‍ സാവോയും. 

കടപ്പാട് -www.worldhistory.org, live science