
'മികച്ച ജീവിതനിലവാരമില്ലാത്തത്, കോഴ കൊടുക്കാതെ സര്‍ക്കാര്‍ ജോലി പോലും കിട്ടാത്ത സാഹചര്യം, സമൂഹത്തില്‍ നിയമം കയ്യിലെടുക്കുന്നതരത്തിലുള്ള കുറ്റകൃത്യങ്ങള്‍, ഒരു കാര്യവും സമയബന്ധിതമായി നടക്കാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, നിയമപാലകരില്‍ നിന്നുള്ള അനാവശ്യഇടപെടലുകള്‍, യുവതലമുറക്കെതിരെ നിരന്തരം നടക്കുന്ന അധിക്ഷേപങ്ങള്‍, ആക്രമണങ്ങള്‍, അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലുള്ള പൊതുസംവിധാനങ്ങള്‍... നാടുവിടുന്ന യുവതലമുറയ്ക്കു പിന്നിലെ കാരണങ്ങള്‍... 'ഈ അടുത്ത വൈറലായ ഒരു വാട്‌സ്ആപ്പ് സന്ദേശമാണ് ഇത്. കേരളത്തില്‍ വൃദ്ധസദനങ്ങളായി മാറുന്ന വീടുകളെപ്പറ്റി നിരവധി റിപ്പോര്‍ട്ടുകള്‍ ഈ അടുത്ത് വന്നിരുന്നു. നമ്മുടെ നാട് ഇങ്ങനെ പോയാല്‍ മതിയോ? യുവതലമുറ തുറന്നുപറയുന്നു.
അവഗണനകള്‍
യു.എന്‍.ഇ.പി ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം മേധാവിയും കരിയര്‍ വിദഗ്ധനുമായ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജില്‍ യുവാക്കളുടെ അഭിപ്രായം തേടിക്കൊണ്ട് ഒരു സര്‍വെ നടത്തിയിരുന്നു. സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും കേരളം വിടാനുള്ള കാരണമായി ആദ്യഘട്ടത്തില്‍ തന്നെ പറഞ്ഞത് 'Poor attittude towards students'' എന്നതാണ്.
Also Read
കോട്ടയം സ്വദേശിനിയും അധ്യാപികയുമായ മെറിന്‍ ജോസഫിന്റെ അഭിപ്രായവും ഈ സര്‍വേയെ ശരിവയ്ക്കുന്ന രീതിയിലാണ്. ''നമ്മുടെ നാട്ടിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച എന്റെയൊരു സുഹൃത്തിന് പാരിസില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നതപഠനത്തിന് അവസരം ലഭിച്ചു. അവന് വിദേശത്തേക്ക് പോകാനും മറ്റ് കാര്യങ്ങള്‍ക്കും ബിരുദസര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമെല്ലാം വേഗം വേണമായിരുന്നു. അതിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നത് എത്രതവണയെന്ന് ഞങ്ങള്‍ക്ക് തന്നെയറിയില്ല''. നാട് സാധ്യതകള്‍ ഇല്ലാത്ത ഒരു ഇടമാണെന്ന് കരുതുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട്. കേരളത്തെ സംബന്ധിച്ച വലിയ പ്രതിസന്ധി ഇവിടത്തെ ഏറ്റവും കുറഞ്ഞ ജോലി സാധ്യതയാണ്. ഉള്ള അവസരങ്ങള്‍ തന്നെ ഓരോ വര്‍ഷവും ഇല്ലാതാവുന്നു. വ്യവസായ യൂണിറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഒക്കെയും പലവിധ കുരുക്കുകളില്‍പ്പെട്ട് നിലച്ചുപോകുന്നു. അതിന് ആക്കം കൂട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയും പുതുതലമുറയെ ആശങ്കപ്പെടുത്തുന്നു.
ഇവിടെ മികച്ച വിദ്യാഭ്യാസ സൗകര്യവും ജോലി സാധ്യതയും ഉണ്ടായാല്‍ നാട് കടക്കുന്ന യുവാക്കളുടെ എണ്ണം കുറയും. നല്ല വിദ്യാഭ്യാസമുണ്ടായാലും ഇവിടെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. യുവതലമുറ ഇങ്ങനെ കുടിയേറുന്നത് നമ്മുടെ നാടിന്റെ സാമ്പത്തികശേഷിയെ അടിമുടി തകിടം മറിക്കും.
- ശ്രീലക്ഷ്മി, ബി.എ. ഇംഗ്ലീഷ്, വിമന്‍സ് കോളേജ്, കൊല്ലം
എല്ലാവരും പോകുന്നു, ഞാനും പോകുന്നു
'വിദേശത്തേക്ക് പോകണമെന്ന' പിയര്‍ പ്രഷര്‍ പങ്കിടുന്ന യുവാക്കള്‍ നമ്മുടെ നാട്ടില്‍ 25 ശതമാനത്തിലധികമാണ്. 40 ശതമാനത്തോളം പേര്‍ ഈ നാട്ടില്‍ നിന്നിട്ട് കാര്യമില്ല എന്ന് സ്വയം കരുതുന്നവരാണ്. നാട്ടില്‍ തന്നെ പഠനവും ജോലിയും തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ 60 ശതമാനമുണ്ട്. ആണ്‍കുട്ടികളില്‍ 70 ശതമാനത്തിനും നാട്ടില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം, അവരില്‍ പകുതിയോളം ആളുകള്‍ക്ക് ഭാവിയെപ്പറ്റി ഒരു പ്ലാനിങ്ങുമില്ല എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും കൂടുതല്‍ പഠിക്കണമെന്നും ജോലി നേടണമെന്നും ആഗ്രഹിക്കുന്നവരാണ്. അതില്‍ തന്നെ 65 ശതമാനത്തോളം സ്വന്തം നാട്ടില്‍ത്തന്നെ ജോലി നേടണമെന്ന് ആഗ്രഹിച്ച് പരിശ്രമിക്കുന്നവരാണ്. 30 ശതമാനത്തോളം പെണ്‍കുട്ടികളും വിദേശപഠനവും ജോലിയും ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍മാത്രമാണ് ഭാവിയില്‍ തിരിച്ച് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്.
''കൂടെയുള്ളവരൊക്കെ പുറത്ത് പോയപ്പോള്‍ ശരിക്കും എന്റെ ഭാവി പോയി എന്നുതന്നെ തോന്നിപ്പോയി. നമ്മള്‍ ഒരു ഡിഗ്രി പഠിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ജോലിയൊന്നും ഇവിടെയില്ല. പുറത്തുള്ളവര്‍ക്ക് ഒരു ഡിഗ്രി കഴിഞ്ഞാല്‍ ഇന്റണ്‍ഷിപ്പിനും ജോലിക്കുമൊക്കെയുള്ള സാധ്യതകളുണ്ട്. നാട്ടിലാണേല്‍ പി.ജി പഠിച്ച്, പിന്നെയും വേറെ എന്തെങ്കിലും പഠിച്ച് ജോലികിട്ടാനുള്ള അലച്ചിലായിരിക്കും'', കോഴിക്കോട് ആര്‍ട്സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നിഹാര പറയുന്നു.
എല്ലാവരും പുറത്തുപോകുമ്പോള്‍ ഇവിടെയുള്ള ജോലികള്‍ക്ക് ആളെക്കിട്ടാതെ വരുമല്ലോ എന്ന ആത്മവിശ്വാസം പങ്കുവച്ചത് ഇടുക്കി കുട്ടിക്കാനം മരിയന്‍ കോളേജിലെ ഗണിതശാസ്ത്രവിഭാഗം ബിരുദ വിദ്യാര്‍ത്ഥിയായ ക്രിസ്‌റ്റോം ജസ്റ്റിനാണ്. ഇതേ ക്ലാസിലെ ജുവല്‍ മരിയ ജോര്‍ജിയും ആ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
യു.ജി കോഴ്‌സ് ഇവിടെ പഠിച്ച് ഹയര്‍സ്റ്റഡീസിന് കേരളത്തിന് പുറത്തേക്ക് പോകണമെന്ന ആഗ്രഹമാണ് കോഴിക്കോട് ആര്‍ട്സ് കോളേജില്‍ രസതന്ത്രവിഭാഗം ബിരുദവിദ്യാര്‍ഥിനിയായ നിയ പങ്കുവച്ചത്. പുറത്തേക്ക് പഠിക്കാന്‍ പോയാല്‍ സ്വയംപര്യാപ്തരാവുമെന്നാണ് ഇതേ ക്ലാസിലെ അനീറ്റയുടെയും അഭിപ്രായം. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ഹനാന്‍ അഷ്‌റഫ്, ഗോപിക, അന്‍ഷ കരീം എന്നിവരും ഇതേ അഭിപ്രായക്കാരാണ്. എഴുപത് ശതമാനത്തോളം പേര്‍ ഈയൊരു ചിന്തയോട് യോജിക്കുന്നതായി കാണാം.
കലയില്‍ മാത്രമല്ല എല്ലാ വിഭാഗങ്ങളിലും ഇവിടെ എക്‌സ്‌പോഷര്‍ കുറവാണ്. ഞാന്‍ ബി.എഫ്.എയ്ക്ക് മുന്നേ മറ്റൊരു ഡിഗ്രി ചെയ്തിരുന്നു. അതില്‍ ഭൂരിപക്ഷം കുട്ടികളും പുറത്തേക്ക് പഠിക്കാന്‍ പോകാനുള്ള ആഗ്രഹത്തോടെയാണ് വന്നിരുന്നത്. അവിടെ കൂടുതല്‍ ജോലിസാധ്യതകളുണ്ട്. ചിത്രകലകള്‍ പോലെയുള്ള മേഖലയിലുള്ളവര്‍ക്ക് പുറത്താണ് കൂടുതല്‍ സ്വീകാര്യത.
-ആല്‍ബര്‍ട്ട് ജോവല്‍, ബി.എഫ്.എ
ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം
'ഓള്‍ പാസ് സിസ്റ്റം എന്ന മണ്ടത്തരം
കേരളത്തിലെ പല കലാലയങ്ങളിലും പ്രമുഖമായ ഒട്ടേറെ എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാന്‍ അഞ്ചു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന തിരക്ക് ഇന്നില്ല. പല സ്ഥാപനങ്ങളും കുട്ടികളെ കിട്ടാനായി നെട്ടോട്ടമോടുന്നു. റഗുലര്‍ കോളേജുകളില്‍ സീറ്റ് ഇഷ്ടം പോലെ ബാക്കി കിടക്കുന്നു. കുട്ടികള്‍ നാട്ടിലെ കലാലയങ്ങളെ ഒഴിവാക്കുന്ന പ്രവണത ഓരോ വര്‍ഷവും ഏറി വരുന്നു എന്നതാണ് വാസ്തവം.
നമ്മുടെ സ്‌കൂളുകളില്‍ ഇപ്പോള്‍ നടപ്പാക്കുന്ന 'ഓള്‍ പാസ് സിസ്റ്റം' എത്ര മണ്ടത്തരം നിറഞ്ഞതാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ നിരന്തരം ചൂണ്ടിക്കാട്ടാറുണ്ട്. ഒന്നും പഠിക്കാതെയും പ്ലസ് ടു വരെ ഇവിടെ ഏതൊരു വിദ്യാര്‍ഥിക്കും എത്താന്‍ കഴിയുന്നു. ജയിക്കാന്‍ വേണ്ട 30 മാര്‍ക്കില്‍ ഇരുപതും ഇന്റേണല്‍ അല്ലെങ്കില്‍ സി.ഇ (Continuous Evaluation) എന്ന പേരില്‍ സൗജന്യമായി തന്നെ കുട്ടികള്‍ക്ക് നല്‍കുന്നു. ഇതിന്റെ ഫലമായി റിസള്‍ട്ട് 99- 100 ശതമാനമായി ആയി ഉയരുന്നു. ഉന്നതപഠനത്തിനായി പണം നല്‍കി അംഗീകാരമില്ലാത്ത കോളേജുകളിലേക്ക് പല കുട്ടികള്‍ക്കും പോകേണ്ടി വരുന്നു. ഇങ്ങനെ ബിരുദവുമായി ഇറങ്ങുന്നവര്‍ സ്‌കില്ലുകള്‍ ആവശ്യമുള്ള ജോലികളില്‍ തഴയപ്പെടുന്നു. ഇതും തൊഴില്‍രഹിതരായ വിദ്യാസമ്പന്നരുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടുന്നതിന് കാരണമാകുകയാണ്.
2022-ല്‍ പ്ലസ് ടു കഴിഞ്ഞ ഏകദേശം 50,000-ത്തിലേറെ കുട്ടികള്‍ കേരളത്തില്‍ ഇപ്പോള്‍ എവിടെയും ഉപരിപഠനത്തിന് ചേരാതെ ഉന്നതപഠനത്തിനുള്ള പ്രവേശന പരീക്ഷ വീണ്ടുമെഴുതാന്‍ പഠിക്കുന്നുണ്ടെന്നാണ് എന്‍ട്രന്‍സ് പരിശീലനസ്ഥാപനങ്ങളിലുള്ളവര്‍ നല്‍കുന്ന സൂചന. പ്ലസ് ടുവിന് മുഴുവന്‍ മാര്‍ക്കും വാങ്ങിയ മിടുക്കര്‍ വരെ ഇതിലുണ്ട്. റീപ്പിറ്റേഴ്‌സ് അടുത്ത വര്‍ഷം ഇഷ്ടകോഴ്‌സ് കൈയെത്തി പിടിക്കും. മറ്റ് കുറേപേര്‍ സംസ്ഥാനം വിട്ട് മികച്ച സ്ഥാപനങ്ങളില്‍ പണം കൊടുത്തെങ്കിലും ചേരും. അത്രയും പണം സംഘടിപ്പിക്കാന്‍ ഇല്ലാത്തവര്‍ യുക്രൈന്‍, മാള്‍ട്ട പോലെയുള്ള വിദേശരാജ്യങ്ങളിലേക്ക് വിമാനം കയറും.
എന്നാല്‍ വിദേശത്ത് പോകുന്നവര്‍ക്ക് മുന്നില്‍ ഒട്ടേറെ കടമ്പകളുണ്ട്. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമേ പി.ആര്‍ (സ്ഥിരതാമസം) ലഭിക്കൂ. യുകെയില്‍ ഇത് പരമാവധി 15 മുതല്‍ 20 ശതമാനം വരെയാണ്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും 30 ശതമാനം പേര്‍ക്കുമാത്രമേ പഠനവും അതു കഴിഞ്ഞുള്ള സ്റ്റേബാക്ക് കാലാവധിയും കഴിഞ്ഞ് തുടരാന്‍ പറ്റൂ. ബാക്കിയുള്ളവര്‍ എന്തു ചെയ്യും? നാട്ടില്‍ തിരിച്ചെത്തി എന്തെങ്കിലും തൊഴിലിനു ശ്രമിക്കുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുന്ന അനിയന്‍ എന്നോട് ചോദിച്ചു, അയ്യേ ചേച്ചി എന്തിനാ ഡിഗ്രി എടുത്തേ, അതെടുത്തിട്ട് എന്ത് ചെയ്യാനാ എന്ന്. ഇപ്പോഴത്തെ കുട്ടികള്‍ക്കെല്ലാമുണ്ട് ആ ചിന്ത. ഡിഗ്രികൊണ്ട് എന്താകാനാണ്. കേരളത്തിന് പുറത്ത് ബി.എ. ഇംഗ്ലീഷ് പഠിച്ച് എന്റെ സുഹൃത്തിന് ഇപ്പോള്‍ തന്നെ പ്ലേസ്‌മെന്റ് കിട്ടി. ഇവിടെ വിദ്യാഭ്യാസമെ വളരുന്നുള്ളൂ, തൊഴില്‍ വളരുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇവിടെയൊരു കോഴ്‌സ് പറയാമോ? അതുകൊണ്ടാണ് എന്നെപ്പോലെയുള്ളവരെല്ലാം വിദേശപഠനം ആഗ്രഹിക്കുന്നത്. പക്ഷേ ഒരു മറുവശമുണ്ട്. ഒരു കാലത്ത് വിദേശത്തെ റിസോഴ്‌സുകളെല്ലാം കുറയും. ഇപ്പോള്‍ തന്നെ അവര്‍ മറ്റ് നാടുകളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുകള്‍ കൊണ്ടുവന്നു തുടങ്ങി. കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്നൊക്കെ തൊഴില്‍ നഷ്ടപ്പെട്ട് നമ്മുടെ നാട്ടിലേക്ക് വന്ന ധാരാളം ആളുകളുണ്ട്. ഇപ്പോഴും അവരില്‍ പലര്‍ക്കും നല്ല ജോലികളില്ല. അങ്ങനെ തിരിച്ചുവരുന്നവരെ കൈപിടിക്കാനുള്ള അവസരങ്ങളും ഇവിടെ ഉണ്ടാവണം.
- അവന്തിക, ബി.എസ്.സി ഗണിത ശാസ്ത്രം, കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ്
മാറണം നാട്
''നമ്മുടെ നാട് പുരോഗമിച്ചു എന്നത് പറയാന്‍ മാത്രമാണ് പറ്റുക. അനുഭവത്തില്‍ അങ്ങനെയല്ല. യുവാക്കള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ഇപ്പോഴും നമ്മുടെ നാട്ടിലില്ല. അവരുടെ കഴിവുകളില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാനുള്ള ചുറ്റുപാട് ഇന്നുമില്ല. സോഷ്യല്‍ പ്രഷറില്‍ ആണ് മിക്കവരുടെയും ജീവിതം. അതുപോലെ ബന്ധങ്ങളില്‍നിന്ന് ഇറങ്ങിപ്പോരാനുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലില്ല. ചുറ്റുമുള്ളവരുടെ കണ്ണുകളിലാണ് നമ്മുടെ ജീവിതം'', കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് വിദ്യാര്‍ത്ഥിനിയായ ഷിബിനയുടെ തുറന്നുപറച്ചില്‍ ഇങ്ങനെ.
വര്‍ധിക്കുന്ന തൊഴിലില്ലായ്മകള്‍, അഴിമതി, സുരക്ഷിതമല്ലെന്ന തോന്നല്‍, സ്ത്രീകളോടുള്ള മോശം മനോഭാവം...അങ്ങനെ നാടുവിടാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്ന 'നാട്ടുനന്മകളാല്‍' സമൃദ്ധമാണ് കേരളമിപ്പോള്‍. പരിസ്ഥിതിപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കുന്ന വലിയൊരു കൂട്ടം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. തൊണ്ണൂറു ശതമാനത്തിലേറെ ചെറുപ്പക്കാരും ഇതില്‍ മനംമടുത്തവരാണ്. ഇവരില്‍ അറുപത് ശതമാനവും പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിക്കാനും തയ്യാറാവുന്നുണ്ട്. സാമൂഹ്യപ്രശ്‌നങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിക്കുന്നവരാണ് അധികവും.
നിയമങ്ങളില്‍ മാറ്റമുണ്ടാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ പെട്ടെന്ന് തന്നെ ശിക്ഷലഭിക്കുന്ന രീതിയില്‍ നിയമസംവിധാനം മാറണം. അതില്‍ മുതലെടുക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ക്ക് നേതൃനിരയിലുള്ളവര്‍ തയ്യാറാകണം.
-മെബിന്‍ സെബാസ്റ്റ്യന്‍, ഇടുക്കി
''രാഷ്ട്രീയത്തോട് ഒരു താല്പര്യവുമില്ല, സത്യസന്ധമായ രാഷ്ട്രീയം ഒരിടത്തും കാണാനില്ല. എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ ഭയങ്കരതാല്പര്യമുള്ളയാളാണ്. അദ്ദേഹം വിശ്വസിക്കുന്ന പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാനൊരു പോസ്റ്റ് ഇട്ടപ്പോള്‍ അച്ഛനെന്നെ അടിക്കുകവരെ ചെയ്തു'', വീട്ടുകാരുടെ പ്രഷറില്‍ ജീവിതത്തിലെ തീരുമാനങ്ങളിലും ഇഷ്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല എന്ന് പ്ലസ്ടു വിദ്യാര്‍ഥിയായ ആലപ്പുഴ കായംകുളം സ്വദേശി മണികണ്ഠന്റെ അനുഭവത്തില്‍ നിന്ന് മനസിലാക്കാം.
വികസന സൗഹൃദമല്ല
നമ്മുടേത് വികസനസൗഹൃദമല്ലാത്ത നാടാണെന്ന കാഴ്ചപ്പാട് യുവാക്കളില്‍ ശക്തമായുണ്ട്. സാമ്പത്തിക പുരോഗതിക്ക് ഇന്ത്യയില്‍ ശരാശരി 180 ദിവസമെടുക്കുമ്പോള്‍ കേരളത്തില്‍ 240 ദിവസമെടുക്കും. ഒരു ആശുപത്രിയുണ്ടാക്കാന്‍ അനുമതികള്‍ നേടാനും മറ്റും നാലുവര്‍ഷമെങ്കിലും വേണം. ഒരു സര്‍ട്ടിഫിക്കറ്റോ അവശ്യ രേഖയോ ശരിയാക്കാന്‍ ദിവസങ്ങളോളം സര്‍ക്കാരോഫീസുകള്‍ കറിയിറങ്ങേണ്ടി വരുന്നു. രാജ്യത്തെങ്ങുമില്ലാത്ത നോക്കുകൂലി കേരളത്തിലുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. രാത്രി സ്വതന്ത്രമായി നടക്കാനായി മാനവീയം വീഥി പോലെ പ്രത്യേക സ്ഥലങ്ങളുണ്ടാക്കുന്നത് സത്യത്തില്‍ നാണക്കേടാണ്. പുറത്ത് ജോലിയുള്ള മലയാളിക്ക് കേരളത്തില്‍ തൊഴിലവസരങ്ങളില്ല. മറ്റു സംസ്ഥാനങ്ങളില്‍ വിദഗ്ധരല്ലാത്തവരാണ് തൊഴില്‍ തേടുന്നതെങ്കില്‍ കേരളത്തില്‍ അഭ്യസ്തവിദ്യര്‍ക്കാണ് തൊഴില്‍ലഭിക്കാത്തത്. അതിനാല്‍ കേരളത്തിലെ യുവാക്കള്‍ പുറത്തേക്കുപോവുന്നു.
പണ്ടും കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോയിരുന്നു. അവര്‍ അയച്ചിരുന്ന പണം കൊണ്ട് കേരളം സമ്പന്നമായ ഒരു കാലമുണ്ട്. ഇന്ന് അങ്ങനെയല്ല പോകുന്നവര്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ പോയാല്‍ ഇവിടെ പ്രായമായവര്‍ മാത്രം അവശേഷിക്കും. നമ്മുടെ നാട്ടിലെ സമ്പത്തും വികസനവും ശോഷിക്കാനേ ഇത് ഇടയാക്കൂ. വലിയൊരു പ്രശ്‌നം ഇവിടെ യുവാക്കള്‍ക്ക് അവസരങ്ങളില്ല എന്നതാണ്. കൃഷി, വ്യവസായം എന്നതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ല. അവയൊന്നും വളരാനോ പുതുതായി തുടങ്ങാനോ സാധിക്കാത്ത വ്യവസ്ഥിതി ഇപ്പോഴുമുണ്ട്. അതുപോലെ മാര്‍ക്കില്‍ ഫോക്കസ് ചെയ്യുന്നതരം വിദ്യാഭ്യാസരീതിയാണ്. വെറുതേ കാണാതെപഠിച്ച് മാര്‍ക്ക് നേടുന്ന വിദ്യാഭ്യാസ രീതിയും മാറണം. രാഷ്ട്രീയം പോലും ഒരു ഉപജീവനമാര്‍ഗമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തെപ്പറ്റി നല്ലതൊന്നും പറയാനില്ല.
- നിവേദിത, ബി.എസ്. സി ഗണിതശാസ്ത്രം, പ്രൊവിഡന്‍സ് കോളേജ്, കോഴിക്കോട്
''യുവാക്കളെല്ലാം വിദേശങ്ങളില്‍ സെറ്റിലാകുന്നതോടെ നമ്മുടെ സാമ്പത്തികമേഖല തന്നെ തകരും. നമ്മുടെ രാജ്യം വളരില്ല. കേരളത്തില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വളര്‍ച്ചയ്ക്ക് വഴിയില്ല. പക്ഷേ ടൂറിസത്തിന് ഒരുപാട് സാധ്യതകളുണ്ട്. അത് വളര്‍ന്നാല്‍ തന്നെ ഞങ്ങളെപ്പോലെ ഒരുപാട് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കും'', കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം വിദ്യാര്‍ഥിനിയായ അഞ്ജന ശുഭപ്രതീക്ഷയോടെ പറഞ്ഞുനിര്‍ത്തി.
Content Highlights: Youth migration in Kerala a negative impact on the state
Published: 23 Jan 2024, 02:38 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented