
ശിവകര ഡമരുകലമായ് നാദം
നാദൃദന ധിരനന ധിര ധീംതനാ
ശിവകര ഡമരുകലമായ് നാദം
ഋതുപദഗതിയുടെ നടയായ് താളം...
പാട്ട് മുഴുവന്‍ കേള്‍ക്കാന്‍ സമയം കൊടുത്തില്ല. ലൈക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്തു. 'കാഴ്ചപരിമിതിയെ പാടിത്തോല്‍പ്പിച്ച അദ്ഭുതപ്രതിഭ' എന്ന കാപ്ഷനിലുള്ള ഇന്‍സ്റ്റഗ്രാമിലെ ഈ ട്രെന്‍ഡിങ് റീലിന് ഒരാഴ്ച കൊണ്ട് കിട്ടിയത് ഒരു മില്യണിലധികം വ്യൂവേഴ്‌സ്. നാലായിരത്തിലധികം കമന്റുകള്‍. 'കെ.എസ്.ചിത്രയുടെ അതേ ശബ്ദം' ഇങ്ങനെ പോവുന്നു കമന്റുകള്‍ അധികവും. അമൃത ടി.വി.യുടെ കോമഡി മാസ്‌റ്റേഴ്‌സ് വേദിയിലായിരുന്നു വൃന്ദ രാജന്റെ തകര്‍പ്പന്‍ പ്രകടനം.
കാസര്‍കോട് നീലേശ്വരം മടിക്കൈ സ്വദേശിയാണ് ഈ പത്തൊമ്പതുകാരി. ഉടനെ യൂട്യൂബില്‍ വൃന്ദ രാജന്‍ എന്ന് സെര്‍ച്ച് ചെയ്തു. തേന്‍പോലെ കാതിനെ തഴുകുന്ന പാട്ടുകളുള്ള വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. 'ചിത്രശലഭം' എന്ന യൂട്യൂബ് ചാനലില്‍ വേറെയും പാട്ടുകള്‍... 'വൃന്ദ രാജനെ'ന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പതിനയ്യായിരത്തിലേറെ ഫോളോവേഴ്‌സുകള്‍. ഓരോ പാട്ടുകള്‍ക്കും പതിനായിരക്കണക്കിന് ആസ്വാദകര്‍.
വൃന്ദാ രാജന് അമൃത ടി.വിയിലെ കോമഡി മാസ്‌റ്റേഴ്‌സ് വേദി സൗഭാഗ്യങ്ങളുടേതായിരുന്നു. താന്‍ പാടിയ വൈറല്‍ വീഡിയോയ്ക്കടിയിലെ കമന്റുകള്‍ വായിച്ചുകേട്ടപ്പോള്‍ വൃന്ദയ്ക്ക് ഇരട്ടിമധുരം നുണഞ്ഞതുപോലെയായി. ആരെന്നുപോലുമറിയാത്തവരില്‍ നിന്നുമുള്ള സ്‌നേഹപ്രവാഹങ്ങള്‍ കേട്ട് 'മല്ലടി'യിലെ രാജന്റെയും ബിന്ദുവിന്റെയും മകള്‍ ഒരുപാട് സന്തോഷത്തിലാണ്. കണ്ണില്‍ ബാധിച്ച ഇരുട്ടിനെ ഭേദിച്ച് പ്രത്യാശയുടെ ദീപം തെളിഞ്ഞ സന്തോഷത്തില്‍.
ഇരുട്ടിലെ വെളിച്ചം
ജനിച്ച കുഞ്ഞിന് കാഴ്ചയില്ലെന്നറിഞ്ഞപ്പോള്‍ രാജന്റെയും ബിന്ദുവിന്റെയും മുഖത്ത് ആശങ്കയായിരുന്നു. കാഴ്ചയുള്ളവര്‍ പോലും ജീവിക്കാന്‍ പ്രയാസപ്പെടുന്നിടത്ത് മകളെ എങ്ങനെ വളര്‍ത്തും, മകള്‍ എങ്ങനെ ജീവിക്കും എന്നീ ചോദ്യങ്ങളായിരുന്നു മുന്നില്‍. കണ്ണിലേക്കുള്ള ഞരമ്പിന് ബാധിച്ച തകരാറില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട വൃന്ദയ്ക്ക് ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു. കുട്ടിക്കാലം മുതലെ പാട്ടിനോടുള്ള ഇഷ്ടം വൃന്ദയ്ക്ക് കൂട്ടായുണ്ടായിരുന്നു. ജനുവരിയില്‍ ലൂയി ബ്രെയില്‍ അനുസ്മരണദിനത്തോടനുബന്ധിച്ചു നടന്ന വായനാമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് വൃന്ദയായിരുന്നു.
വിവിധമേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കായി ജില്ലാപഞ്ചായത്ത് നല്‍കുന്ന 'സമം' എന്ന പുരസ്‌കാരവും ഭിന്നശേഷി വിഭാഗത്തില്‍ വൃന്ദയ്ക്ക് ലഭിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവില്‍നിന്നാണ് അതേറ്റുവാങ്ങിയത്. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവങ്ങളിലും മിന്നുംതാരമായി വൃന്ദ മാറി. നാലുവര്‍ഷമാണ് സംസ്ഥാനതലത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയത്. സംഗീതവും പിന്തുണ നല്‍കുന്ന കുടുംബവുമാണ് വൃന്ദയെ ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്.

'പണ്ട് ടി.വിയിലുണ്ടാവാറുള്ള, ഫോണ്‍ വിളിച്ച് പാട്ടു ചോദിക്കുന്ന പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാന്‍. അച്ഛനും അമ്മയും പാട്ട് പാടിത്തരുമ്പോഴും അത് പെട്ടെന്ന് പഠിച്ചെടുക്കും. അങ്ങനെ ചെറുപ്പത്തിലെ പാട്ടിനോട് വലിയ കമ്പമായിരുന്നു. പാട്ട് കേള്‍ക്കാനും പാടാനും ഇഷ്ടമായിരുന്നു. കാസര്‍കോട് അന്ധവിദ്യാലയത്തിലാണ് ഒന്നു മുതല്‍ ഏഴാം ക്ലാസ്സുവരെ പഠിച്ചത്. അവിടെ മറ്റെല്ലാ വിഷയങ്ങളെയും പോലെയാണ് സംഗീതവും. എല്ലാ വെള്ളിയാഴ്ചയും മ്യൂസിക് സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ ഉണ്ടാകും. അവിടെനിന്നായിരുന്നു സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍.
ആദ്യമൊന്നും പാടാന്‍ അറിയില്ലായിരുന്നു. പിന്നീട് സാവധാനം പഠിച്ചുതുടങ്ങി. ഇങ്ങനെയാണ് പാട്ടിന്റെ വഴിയിലേക്കെത്തുന്നത്. കാഴ്ചയില്ലാത്ത കുഞ്ഞാണ് ജനിച്ചത് എന്നറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിരുന്നു. പാട്ടുപാടുകയും പഠനത്തില്‍ മികവു കാണിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കും ജീവിതത്തില്‍ ഒരു വെളിച്ചം കണ്ടതുപോലെ തോന്നി. ഒരുപാട് സന്തോഷമായി. ഇപ്പോള്‍ ഓണ്‍ലൈനായാണ് സംഗീതം പഠിക്കുന്നത്. സ്ഥിരമായി സംഗീതം പഠിക്കണമെന്നുണ്ട്. പിന്നണിഗായികയാവാനാണ് ആഗ്രഹം. ചിത്രാമ്മയാണ് എന്റെ റോള്‍ മോഡലും ഇഷ്ടഗായികയുമെല്ലാം.'
തണലായി കുടുംബം
'അമ്മ, അച്ഛന്‍, അനിയന്‍, ഞാന്‍-നാലുപേരടങ്ങുന്നതാണ് എന്റെ കുടുംബം. അമ്മ ബിന്ദു തൊഴിലുറപ്പിനുപോവുകയാണ്. അച്ഛന്റെ പേര് രാജന്‍, പെയിന്റിങ് ആണ് ജോലി. വിനയ് രാജന്‍ എന്നാണ് അനുജന്റെ പേര്, അവന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു. അച്ഛനും അമ്മയും അനിയനും എല്ലാ കാര്യങ്ങള്‍ക്കും ഒപ്പമുണ്ട്. എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരാന്‍ ശ്രമിക്കാറുമുണ്ട്. മത്സരങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം എന്നെ പങ്കെടുപ്പിക്കും. നാട്ടില്‍ പാട്ടുപരിപാടികള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ പാടാന്‍ മടികാണിച്ച് ഇരിക്കുകയായിരിക്കും. അപ്പോഴെല്ലാം അമ്മയാണ് നിര്‍ബന്ധിച്ച് പരിപാടികള്‍ക്ക് കൊണ്ടുപോയി പാട്ടുപാടിക്കുക. ഓരോ പാട്ടും സ്റ്റാര്‍ മേക്കറില്‍ പാടി വീട്ടുകാരെ കേള്‍പ്പിക്കും. എന്തെങ്കിലും തെറ്റുകളുണ്ടോ എന്നെല്ലാം അവരാണ് പറഞ്ഞുതരിക. വീട്ടില്‍നിന്നും ലഭിക്കുന്ന പ്രോത്സാഹനം വളരെ വലുതാണ്. പാട്ടില്‍ മാത്രമല്ല ഈ പിന്തുണയുള്ളത്. എന്റെ വിജയങ്ങളില്‍ എന്നേക്കാള്‍ സന്തോഷിക്കുന്നത് അവരായിരിക്കും.'
പാടുന്ന ചിത്രശലഭം
'പാട്ടിനോടുള്ള ഇഷ്ടമാണ് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ കാരണം. 'ചിത്രശലഭം' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഇഷ്ടമുള്ള പാട്ടുകളെല്ലാം പാടി അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ചേച്ചി (അമ്മയുടെ സഹോദരിയുടെ മകള്‍) മാളവികയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങാന്‍ പറയയുന്നത്. 'വൃന്ദ രാജന്‍' എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി. പിന്നീട് എന്നും ഓരോ പാട്ടുകള്‍ പാടി ചേച്ചിക്ക് അയച്ചുകൊടുക്കും. ചേച്ചിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. ഒന്നു രണ്ടു റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. അതുകണ്ടാണ് ഫ്‌ളവേഴ്‌സിലേക്കും അമൃത ടി.വിയിലേക്കും വിളിക്കുന്നത്. ചിത്രാമ്മയെ പോലെയുണ്ട് ശബ്ദം എന്നൊക്കെ ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ ഇടാറുണ്ട്. മിനിസ്‌ക്രീനില്‍ വന്നതോടെ ഒരുപാടുപേര്‍ തിരിച്ചറിയുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം...''
മിടുക്കിയുടെ മിടുക്കുകള്‍
'കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയാണ് ഞാന്‍. അധ്യാപകരും സുഹൃത്തുക്കളും സഹായത്തിനായി എപ്പോഴും കൂടെയുണ്ടാവാറുണ്ട്. കാഴ്ച പരിമിതിയുള്ളതിനാല്‍ പുസ്തകങ്ങള്‍ വായിച്ചുപഠിക്കാനാവില്ല. അധ്യാപകര്‍ ഓരോ പാഠത്തിന്റെയും പി.ഡി.എഫുകള്‍ ഫോണിലേക്ക് അയച്ചുതരും. ഇന്‍സ്റ്റ റീഡര്‍ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പഠിക്കുക. കൈയെഴുത്തുകളാണെങ്കില്‍ അമ്മയോ അനിയനോ വായിച്ചുതരും. ഞാന്‍ അത് റെക്കോര്‍ഡ് ചെയ്ത് കേട്ട് ബ്രെയില്‍ ലിപിയില്‍ എഴുതി പഠിക്കും. പഠിക്കാനും മോശമല്ല. പത്താം ക്ലാസ്സിലും പ്ലസ് ടൂവിനും 90 ശതമാനത്തിനു മുകളില്‍ മാര്‍ക്കുണ്ടായിരുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ടോക്ക് ബാക്ക് എന്ന ഓപ്ഷന്‍ ഓണ്‍ ചെയ്യും. ഫോണിലെ എല്ലാം ടോക്ക് ബാക്കിലൂടെ കേള്‍ക്കാം. ഫോണില്‍ ലൊക്കേഷന്‍ ഓണ്‍ ചെയ്താണ് കോളേജില്‍ പോവുക. ബസ് കയറി കോളേജ് സ്‌റ്റോപ്പ് എത്തിക്കഴിഞ്ഞാല്‍ സുഹൃത്തുക്കളാരെങ്കിലും കൂട്ടാന്‍ വരും. വെറലായതിന് ശേഷവും പിന്നീട് ടി.വി.യില്‍ വന്നപ്പോഴും കോളേജിലെ എല്ലാവരും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. കുറച്ചുപേര്‍ ഫോട്ടോ എടുത്തോട്ടെ എന്നും ചോദിച്ചിരുന്നു.
ചിത്രാമ്മയെന്ന മോഹം
കാസര്‍കോട് നീലേശ്വരത്തുനിന്നും ബേക്കല്‍ ബീച്ചിലേക്കുള്ള അന്നത്തെ യാത്രയ്ക്ക് വൃന്ദ രാജന് മണിക്കൂറുകള്‍ ദൈര്‍ഘ്യം തോന്നിച്ചു. എങ്കിലും ഏറെക്കാലത്തെ ആഗ്രഹം പൂവണിയുന്നതിന്റെ സന്തോഷമായിരുന്നു മുഖത്ത്. ബീച്ചിലെത്തിയതും 19-കാരി വൃന്ദയെ അമ്മ കൈപിടിച്ചുകൊണ്ടുപോയി. മലയാളത്തിന്റെ വാനമ്പാടിയെ ഒരു നോക്കുകാണാന്‍... ഇക്കഴിഞ്ഞ ബേക്കല്‍ ഫെസ്റ്റിന് കെ.എസ് ചിത്ര എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ വൃന്ദയുടെ സ്വപ്‌നം സഫലമാവാന്‍ അധികം ദൂരമില്ലെന്ന് തോന്നിയിരുന്നു. വൃന്ദയുടെ പ്രിയപ്പെട്ട ചിത്രാമ്മയെക്കാണാന്‍ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചു. അവസാന നിമിഷത്തില്‍ ചിത്രാമ്മയെ കാണാന്‍ അവസരം ലഭിച്ചു.
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചിത്രാമ്മയുടെ കാണുക എന്നത്. അത് സാധിച്ചതില്‍ ഒരുപാട് സന്തോഷം. ചിത്രാമ്മ വരുന്നുണ്ടെന്നറിഞ്ഞപ്പോഴേ ഞാന്‍ പറയുന്നുണ്ടായിരുന്നു ഒന്നു കാണാന്‍ സാധിച്ചിരുന്നെങ്കിലെന്ന്. കുറെ ആളുകളെ വിളിച്ചു. അവസാനനിമിഷം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് അവസരമൊരുക്കിയത്. ചിത്രാമ്മയ്ക്ക് അടുത്തുകൊണ്ടുപോകാം എന്നുകേള്‍ക്കേണ്ടതാമസം, ഞാനും അമ്മയും തയ്യാറായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വണ്ടിയിലാണ് കൊണ്ടുപോയത്. ചിത്രാമ്മയെ നേരില്‍ കാണുമ്പോള്‍ ഒരുപാട് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷെ കണ്ട സന്തോഷത്തില്‍ വാക്കുകളൊന്നും കിട്ടിയില്ല. സന്തോഷം കൊണ്ട് കരഞ്ഞു... കെട്ടിപ്പിടിച്ച് കരഞ്ഞു''. വൃന്ദയുടെ ശബ്ദത്തില്‍ ഒരുപാടു നാളായി ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷം.
പാട്ടിലും പഠനത്തിലും വൃന്ദയുടെ കാലിടറാറില്ല... കുട്ടിക്കാലം മുതലുള്ള പാട്ടിനോടുള്ള ഇഷ്ടം വൃന്ദയെ ഇന്ന് ഒന്നിനുമാവില്ലെന്നു തോന്നിച്ചിടത്തുനിന്നും കൈപിടിച്ചുയര്‍ത്തുകയാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പാട്ടുപാടി മലയാളമനസ്സിനെ സ്വന്തമാക്കി ഉയരങ്ങളിലേക്കുള്ള ചുവടുവെക്കുകയാണ്. കണ്ണിലെ ഇരുട്ട് മനസ്സിലേക്കു കലരാതെ മുന്‍പോട്ടുള്ള വിജയ ജീവിതം സ്വപ്‌നം കാണുകയാണ്.
Content Highlights: vrinda rajan, differently abled singer is creating fans
Published: 09 Mar 2024, 12:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented