ഇന്ത്യൻ ഫാഷൻ, വിനോദ രംഗത്തെ പ്രമുഖ ഫോട്ടോഗ്രാഫറാണ് അദ്വൈത് വൈദ്യ. വിവിധരാജ്യങ്ങളിൽ നിന്നുള്ള മോഡലുകളുടെയും താരങ്ങളുടെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ള അദ്ദേഹം, ഇൻസ്റ്റഗ്രാമിൽ അവ സ്ഥിരമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്നത് അദ്ദേഹം പകർത്തിയ, ഒരു ജർമ്മൻ മോഡലിൻ്റെ ചിത്രത്തെ ചുറ്റിപ്പറ്റിയാണ്. ജർമ്മൻ മോഡൽ ലിസ് ലാസിൻ്റെ (lizlaz) ഈ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ലൈക്ക് ചെയ്തു എന്നതായിരുന്നു കാരണം. വിരാടിന്‍റെ ലൈക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടതും പിന്നാലെ വലിയ തോതിൽ മീമുകൾക്കും തമാശകൾക്കും അത് വഴിവെക്കുകയും ചെയ്തു. 

To advertise here,

ജനുവരിയിലാണ് അദ്വൈതും ലിസും ചേർന്ന് ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അതിന് ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചിരുന്നു. "കുറച്ച് ഗോൾഡൻ അവർ ഷോട്ടുകൾ," എന്നാണ് ലിസ് ചിത്രത്തിന് നൽകിയ അടിക്കുറുപ്പ്. എന്നാൽ, വ്യാഴാഴ്ചയാണ് വിരാട് ചിത്രം ലൈക്ക് ചെയ്തകാര്യം അദ്വൈത് ശ്രദ്ധിച്ചത്. ഇതോടെ, ചിത്രം വീണ്ടും ചർച്ചയായി. വിരാടിൻ്റെ ലൈക്കിനെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാമിൻ്റെ അറിയിപ്പ് ഫോട്ടോഗ്രാഫർ തൻ്റെ സ്റ്റോറികളിൽ പങ്കുവെച്ചു. ലൈക്കിനെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. വിരാട് നിങ്ങളുടെ പോസ്റ്റ് ലൈക്ക് ചെയ്യുമ്പോൾ ഇതിനോട് എങ്ങനെ പ്രതികരിക്കും, ഇത് സത്യമാണോയെന്നറിയാൻ താനും ലിസ് ലാസും കണ്ണുതിരുമ്മി നോക്കുകയാണ്, നന്ദി എന്നും വീഡിയോയിൽ അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം നടി അവിനീത് കൗറിൻ്റെ ചിത്രം വിരാട് ലൈക്ക് ചെയ്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ താൻ അറിഞ്ഞുകൊണ്ട് ലൈക്ക് ചെയ്തതല്ലെന്നും ഫീഡ് ക്ലിയർ ചെയ്യുന്നതിനിടയിൽ, അൽഗോരിതത്തിന് തെറ്റ് സംഭവിച്ചതാകാമെന്നുമായിരുന്നു വിരാടിന്റെ വിശദീകരണം. മറ്റ് യാതൊരു ഉദ്ദേശ്യവും ഇല്ലായിരുന്നെന്നും അനാവശ്യ നിഗമനങ്ങളുണ്ടാക്കരുതെന്നും വിരാട് അഭ്യർത്ഥിച്ചു.

പുതിയ സംഭവമുണ്ടായതോടെ, ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഇങ്ങനെ കുറിച്ചു: "വീണ്ടും, അൽഗോരിതമാണോ വിരാട്?","അനുഷ്ക വീണ്ടും അദ്ദേഹത്തെക്കൊണ്ട് ഒരു ക്ഷമാപണം നടത്തിക്കണം". എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഒരാൾ അനുഷ്ക ശർമ്മയെയും അവരുടെ മകനെയും പരാമർശിച്ച് തമാശയായി ഇങ്ങനെ പറഞ്ഞു: "അനുഷ്ക ശർമ്മ, ഈ ഫോൺ മകന്റെ കയ്യിൽ നിന്ന് വാങ്ങൂ. അവൻ വീണ്ടും ഇഷ്ടമുള്ള ചിത്രങ്ങൾ ലൈക്ക് ചെയ്യുന്നു."

"വ്ലോഗർ, ഫൂഡി, ഗായിക" എന്നാണ് ലിസ് ലാസ് ഇൻസ്റ്റാഗ്രാം ബയോയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ജർമ്മനിയിൽ താമസിക്കുന്ന അവർ, താൻ ഭാഗികമായി ദക്ഷിണാഫ്രിക്കൻ വംശജയും ഭാഗികമായി ജർമ്മൻ വംശജയുമാണെന്നും മനഃശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും പറയുന്നു. നിലവിൽ ഏകദേശം അഞ്ച് ലക്ഷത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ള ലിസ്, ഇന്ത്യൻ കലാകാരന്മാരുമായും ഫോട്ടോഗ്രാഫർമാരുമായും പതിവായി സഹകരിക്കാറുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi