ജീവിതകാലം മുഴുവന്‍ ഒരാള്‍ ഭാഗ്യനമ്പരായി കൊണ്ടുനടന്ന സംഖ്യ, എന്നാല്‍ അവസാനം അയാള്‍ക്ക് മരണ ടിക്കറ്റായതും അതേ നമ്പര്‍. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവുമായ വിജയ് രൂപാണിയെ ചുറ്റിപ്പറ്റി ഈ നിഗൂഢകഥ പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. അദ്ദേഹം ഭാഗ്യ നമ്പറായി കരുതിയിരുന്നത് 1206 എന്ന നമ്പറാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് 1206-ല്‍ ആണ്. അപ്രതീക്ഷിതമോ ആകസ്മികമോ എന്നറിയില്ല ഇന്നലെ വിമാനദുരന്തമുണ്ടായ തീയതി അക്കത്തില്‍ എഴുതിയാല്‍ വിജയ് രൂപാണിയുടെ ഭാഗ്യനമ്പറിന് സമാനം, 12.06 (ജൂണ്‍ 12). ഇന്നലെ ലണ്ടനിലേക്കുള്ള അദ്ദേഹത്തിന്റെ വിമാനത്തിലെ സീറ്റ് നമ്പര്‍ 12 ആയിരുന്നു, ബോര്‍ഡിംഗ് സമയം ഉച്ചയ്ക്ക് 12:10 ആയിരുന്നു. ഇത് അദ്ദേഹത്തിന്റെ 12 എന്ന നമ്പറുമായുള്ള ശക്തമായ ബന്ധത്തെയും കാണിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ഇന്നലെ അദ്ദേഹത്തിന്റെ ഭാഗ്യനമ്പര്‍ നിര്‍ഭാഗ്യ നമ്പറായി മാറുകയായിരുന്നു. അത് മനസ്സിലാക്കാതെയാണ് അദ്ദേഹം ഇന്നലെ യാത്രയുടെ ഭാഗമായത്. കാത്തിരുന്ന നിര്‍ഭാഗ്യം പോലെ അദ്ദേഹം അതേ തീയതിയില്‍ മരണപ്പെട്ടു.

ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം എഐ 171, അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടത്തില്‍പ്പെട്ടു, വിമാനത്തില്‍ 242 പേരുണ്ടായിരുന്നു. ലണ്ടനിലുള്ള മകളെ കാണാന്‍ പോകുകയായിരുന്നു രൂപാണി.

സോഷ്യല്‍മീഡിയ ലോകത്ത് വിജയ് രൂപാണിയുടെ മരണത്തെയും സംഖ്യ ശാസ്ത്രത്തെയും ഉള്‍പ്പെടുത്തി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

 

അതില്‍ ഒരാള്‍, ഭാഗ്യ നമ്പര്‍ കൂട്ടിയാല്‍ കിട്ടുന്ന നമ്പറും വിമാനത്തിന്റെ നമ്പര്‍ കൂട്ടിയാല്‍ കിട്ടുന്ന നമ്പറും ഒന്നാണെന്ന് വാദിക്കുന്നു, '1206=9 വിമാന നമ്പര്‍ 171= 9.' മറ്റൊരാള്‍ പറഞ്ഞു, 'സീറ്റ് നമ്പര്‍ 12 ആണ്.' 'തനിക്കുണ്ടായിരുന്ന എല്ലാ വാഹനങ്ങളിലും 1206 എന്ന നമ്പറുമായി അദ്ദേഹം ജീവിച്ചു. 12/06-ന് അദ്ദേഹം ലോകം വിട്ടു. രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തില്‍ മരിച്ച ഏറ്റവും പ്രധാന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മരണവും ചില നിഗൂഢ കഥകള്‍ക്ക് കാരണമാകുകയാണ്.