പുതിയ തലമുറയിലെ അമ്മമാരെ സൗകര്യപ്രദമായ സമയത്തിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ബോളിവുഡ് താരം വിദ്യാബാലൻ. എട്ടുമണിക്കൂർ ജോലിസമയമെന്ന ആവശ്യം നിരസിച്ചതോടെ സന്ദീപ് റെഡ്ഡി വാംഗയുടെ സിനിമയിൽ നിന്ന് ദീപിക പദുക്കോൺ പിന്മാറിയത് വലിയ ചർച്ചയായിരുന്നു. പിന്നാലെ എട്ടുമണിക്കൂർ ജോലി എന്ന വിഷയത്തെക്കുറിച്ചും ചർച്ച സജീവമായി.

തനിക്ക് ഒരു അമ്മയുടെ ചുമതലകൾ നിർവഹിക്കാൻ ഇല്ലാത്തതുകൊണ്ട് കൂടുതൽ സമയം ജോലിക്കുവേണ്ടി നൽകാമെന്ന് 'ദി ഹോളിവുഡ് റിപ്പോർട്ടറി'ന് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞു. എന്നാൽ, പുതിയ അമ്മമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. തൊഴിൽശക്തിയുടെ അവിഭാജ്യഘടകമായ പുതിയ അമ്മമാരെ പിന്തുണയ്ക്കാൻ സഹാനുഭൂതിയുള്ള ഒരു തൊഴിൽ സംസ്കാരവും സൗകര്യപ്രദമായ ജോലിസമയവും ആവശ്യമുണ്ട്. അമ്മമാർക്ക് കുറഞ്ഞ മണിക്കൂറുകളിലോ സൗകര്യപ്രദമായ സമയക്രമത്തിലോ ജോലി ചെയ്യാനുള്ള അവസരം വേണമെന്ന ചർച്ചകൾ നടക്കുന്നുണ്ടല്ലോ? അത് ന്യായമാണെന്നാണ് ഞാൻ കരുതുന്നത്’’- വിദ്യാ ബാലൻ പറഞ്ഞു.

"പുതിയ അമ്മമാരെയോ കുഞ്ഞുങ്ങളുണ്ടായ ആദ്യ വർഷങ്ങളിലുള്ള സ്ത്രീകളെയോ നമുക്ക് നഷ്ടപ്പെടാതിരിക്കാൻ എല്ലാ വ്യവസായങ്ങളും അത്തരം രീതികൾ സ്വീകരിക്കുന്നുണ്ട്. അത് പ്രധാനമാണ്"-വിദ്യ പറഞ്ഞു.

അതേസമയം, താൻ ചെയ്യുന്ന തരത്തിലുള്ള സിനിമകൾ എട്ട് മണിക്കൂർ മാത്രം ചിത്രീകരിക്കാൻ കഴിയില്ലെന്നും അമ്മയല്ലാത്തതുകൊണ്ട് 12 മണിക്കൂർ ജോലി ചെയ്യാൻ സമയമുണ്ടെന്നും അവർ പറഞ്ഞു.

വിദ്യാ ബാലന് മുൻപ്, കാജോൾ, നേഹ ധൂപിയ, ജെനീലിയ ഡിസൂസ, അലി ഫസൽ, റാണ ദഗ്ഗുബതി, അജയ് ദേവഗൺ, പങ്കജ് ത്രിപാഠി തുടങ്ങി സിനിമാരംഗത്തെ നിരവധി പേർ ഈ ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് പരിഗണനയുള്ള നിർമ്മാതാക്കൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് കാജോൾ പറഞ്ഞപ്പോൾ, താൻ 10 മണിക്കൂർ ജോലി ചെയ്തിട്ടുണ്ടെന്ന് ജെനീലിയയും പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi