
'രാവണപ്രഭു'വിൽ മോഹൻലാൽ, വസുന്ധരാ ദാസ് / മാതൃഭൂമി ആർക്കൈവ്സ്
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'രാവണപ്രഭു'വിന്റെ 4K അറ്റ്‌മോസ് പതിപ്പ് തിയേറ്ററുകളിലെത്തി. കേരളത്തിൽ 170-ലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. നേരത്തെ മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ, ദേവദൂതൻ, സ്ഫടികം എന്നീ സിനിമകൾ റി-റിലീസ് ചെയ്തിരുന്നു. അതെല്ലാം ഹിറ്റാവുകയും ചെയ്തു.
മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് മോഹൻലാൽ സിനിമയിൽ നിറഞ്ഞാടിയത്. ഇന്നസെന്റ്, രേവത്, വസുന്ധരാ ദാസ്, വിജയരാഘവൻ എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് 100 ദിവസത്തോളം തിയേറ്ററിൽ നിറഞ്ഞോടിയ സിനിമയാണ് 'രാവണപ്രഭു'. 24 വർഷങ്ങൾക്കുശേഷമാണ് സിനിമ റി-റിലീസ് ചെയ്യുന്നത്.
റി-റിലീസിനുമുമ്പ് നായിക വസുന്ധരാ ദാസ് ഇൻസ്റ്റഗ്രാം വീഡിയോയുമായി എത്തിയിരുന്നു, ''എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററിൽ വന്നു കാണണം, സവാരി ഗിരി ഗിരി'' എന്നാണ് വീഡിയോയിൽ വസുന്ധര പറഞ്ഞത്. 'രാവണപ്രഭു'വിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് വസുന്ധര. ഗായികയായും അഭിനേത്രിയായും ഒരുപോലെ തിളങ്ങി അവർ.
'മുതൽവനി'ലെ 'ഷക്കലക്ക ബേബി' എന്ന പാട്ടിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് കടക്കുന്നത്. എ.ആർ.റഹ്മാൻ സംഗീതം കൊടുത്ത ആ ഒറ്റ പാട്ടിലൂടെ തന്നെ സിനിമാമേഖലയിൽ അറിയപ്പെടുന്ന പേരായി മാറി വസുന്ധരയുടേത്. തൊട്ടുപിന്നാലെ റഹ്മാന്റെ സംഗീതത്തിൽ റിഥം, ലഗാൻ, ബോയ്സ് തുടങ്ങിയ സിനിമകളിലെല്ലാം അവർ പാടി. കട്ടിപ്പുടി കട്ടിപ്പുടി ടാ, ഓ രേ ഛോരി, പൂക്കാരി പൂക്കാരി, സരിഗമേ, ഡേറ്റിങ്, ഇറ്റ്സ് ദ ടൈം ടു ഡിസ്‌കോ...കുറേ സൂപ്പർഹിറ്റ് പാട്ടുകളുടെ ഭാഗമായി.
'ഹേ റാമി'ൽ കമൽഹാസന്റെ നായികമാരിലൊരാളായിട്ടാണ് അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നാലെ 'മൺസൂൺ വെഡിങ്ങി'ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളസിനിമയിലേക്ക് കടക്കുന്നത് 'രാവണപ്രഭു'വിലൂടെയാണ്. പിന്നീട് മമ്മൂട്ടി ചിത്രമായ 'വജ്ര'ത്തിലും അഭിനയിച്ചു. പെട്ടെന്നൊരുനാൾ വസുന്ധര അഭിനയത്തിൽനിന്ന് പിൻമാറുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പിന്നണിഗാനരംഗത്തുനിന്നും അവർ പിൻവാങ്ങി.
അവിചാരിതമായിട്ടാണ് താൻ അഭിനയത്തിലേക്ക് വന്നതെന്ന് ഒരിക്കൽ വസുന്ധര പറഞ്ഞിട്ടുണ്ട്. ''ഹേ റാം നല്ല കുറേ പാട്ടുകളുള്ള സിനിമയായിരുന്നു. അതിലെ മുല്ലപ്പൂ ചൂടി സാരി ചുറ്റി നടക്കുന്ന കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായി. അതിനുശേഷമാണ് 'രാവണപ്രഭു'വിലേക്ക് ക്ഷണം വരുന്നത്.
'പൊട്ടുകുത്തെടീ' എന്ന പാട്ടാണ് ആദ്യമായി ഷൂട്ട് ചെയ്തത്. അഞ്ച് ദിവസത്തോളം ഓടിനടക്കുകയായിരുന്നു ആ പാട്ടിനുവേണ്ടി. അതിലെ വേഷവും എനിക്കേറെ കംഫർട്ടബിൾ ആയിരുന്നു. അതിനുശേഷം മമ്മൂട്ടിയുടെ 'വജ്ര'ത്തിലും അഭിനയിച്ചു. സംഗീതത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കണമെന്ന് തോന്നിയപ്പോഴാണ് അഭിനയത്തിൽനിന്ന് മാറിനിന്നത്''.
പിന്നീട് സിനിമാപിന്നണിയിൽനിന്നും മാറിനിന്നെങ്കിലും സംഗീതത്തിൽ സജീവമാണ് വസുന്ധര. അവരുടെ ബാൻഡുമായി സംഗീതപരിപാടികൾ നടത്തുന്നു. അതിനൊപ്പം മ്യൂസിക് തെറാപ്പിയിലും സജീവമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Vasundhara, the voice behind `Shakalakka Baby` and `Kattipudi Kattipudi Ta` returns to theaters as Mohanlal`s heroine in `Raavanaprabhu`s 4K re-release
Published: 10 Oct 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented