
കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഹോക്കി വനിതാ ടീം സെമിഫൈനലില്‍ പുറത്തായപ്പോള്‍ ടീമംഗം വന്ദന കതാരിയയുടെ വീടിനു മുന്നില്‍ പടക്കംപൊട്ടി. സവര്‍ണരായ കുറച്ചുപേര്‍ ദലിത് വിഭാഗത്തില്‍പ്പെട്ട വന്ദനയുടെ വീട്ടുകാരെ അധിക്ഷേപിച്ചു, അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു, 'ദളിത് കളിക്കാര്‍ ടീമില്‍ അധികമായാല്‍ ഇങ്ങനെയിരിക്കും.'
അന്ന് സവര്‍ണരെന്ന് സ്വയം വിശേഷിപ്പിച്ചവര്‍ ആക്ഷേപിച്ച് അപമാനിച്ച വന്ദന കഴിഞ്ഞ ദിവസം ചരിത്രംകുറിച്ചു. ഇന്ത്യക്കുവേണ്ടി 300 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ഹോക്കിതാരമായി മാറി അവര്‍. അതിനുശേഷം ദിവസങ്ങള്‍ക്കിപ്പുറം പതിവുപോലെ രാജ്യത്തിനുവേണ്ടി സ്‌കോര്‍ ചെയ്ത് വിമന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയും നാട്ടിലെത്തിച്ചിരിക്കുന്നു ഈ പോരാളി.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ സ്റ്റാര്‍ അറ്റാക്കര്‍മാരില്‍ ഒരാളാണ് ഇന്ന് വന്ദന കതാരിയ. ഏത് ജാതിക്കോമരങ്ങള്‍ക്കും മീതെയാണ് കഴിവും ആത്മവിശ്വാസവുമെന്ന് വന്ദന ഒന്നുകൂടി തെളിയിച്ചിരിക്കുന്നു. കളിയിലെ മികവ് പരിഗണിച്ച് 2022 മാര്‍ച്ചില്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി വന്ദനയെ ബഹുമാനിച്ചിരുന്നു.

ചരിത്രത്തിലേക്ക്..
2006-ല്‍ ജൂനിയര്‍ ഇന്റര്‍നാഷണല്‍ അരങ്ങേറ്റം കുറിച്ച താരം നാല് വര്‍ഷത്തിന് ശേഷം സീനിയര്‍ ഇന്റര്‍നാഷണലിലും അരങ്ങേറി. 2013-ല്‍ ജര്‍മനിയില്‍ നടന്ന ജൂനിയര്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച വന്ദന അന്ന് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരിയായി. ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിച്ചതിനുപിന്നിലും വന്ദനയ്ക്ക് കൃത്യമായ പങ്കുണ്ടായിരുന്നു.
2016ല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, 2017-ല്‍ കാനഡയില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗ് റൗണ്ട് 2, 2017-ലെ വനിതാ ഏഷ്യാ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളിലും വന്ദന അംഗമായിരുന്നു. 2018-ലെ വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടുകയും 2018 ലെ വനിതാ ഹോക്കി വനിതാ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്ത ഇന്ത്യന്‍ ടീമിന്റെ പ്രധാന ഭാഗമായിരുന്നു അവര്‍.
2020-ലെ ടോക്യോ ഒളിമ്പിക്‌സിലെ ഫൈനലില്‍ തോറ്റതിനുശേഷമാണ് ജാതീയമായ ആക്ഷേപം വന്ദനയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നത്. അതിനും ഒരുവര്‍ഷം മുമ്പ്, 2021 ഓഗസ്റ്റ് എട്ടിന് 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' ആന്തോളന്റെ (പെണ്‍കുട്ടിയെ സംരക്ഷിക്കൂ, പെണ്‍കുട്ടിയെ പഠിപ്പിക്കൂ) ബ്രാന്‍ഡ് അംബാസിഡറായി വന്ദന തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നതും വിരോധാഭാസമാണ്.

2022-ലെ ഇന്ത്യയില്‍നടന്ന വനിതാ ഏഷ്യാ കപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രചാരണത്തിലും മുന്നില്‍നിന്നുതന്നെ നയിച്ച വന്ദന എഫ്ഐഎച്ച് ഹോക്കി വിമന്‍സ് പ്രോ ലീഗില്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ വനിതാ സീനിയര്‍ ഹോക്കി ടീമിന്റെ ഭാഗമാണ് വന്ദന. ഒളിമ്പിക്സില്‍ മൂന്നു തവണ പങ്കെടുത്ത് ഹാട്രിക് നേടിയ ഏക ഇന്ത്യന്‍ വനിത കൂടിയാണ് അവര്‍. ഈ 31 വയസ്സുകാരി ഇന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ്.
1992 ഏപ്രില്‍ 15 ന് ഉത്തര്‍പ്രദേശിലെ ഹരിദ്വാറിലെ റോഷ്നാബാദില്‍ (ഇന്നത്തെ ഉത്തരാഖണ്ഡില്‍) ജനിച്ച വന്ദന ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് കളിക്കളത്തിലെത്തിയത്. ഹോക്കി കളിക്കുന്നതിനും പഠിക്കുന്നതിനും ജാതിപരമായ വേര്‍തിരിവുണ്ടാക്കി നാട്ടില്‍ വന്ദനയ്ക്ക് നേരെ ഏറെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. അതില്‍നിന്നെല്ലാം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ വന്ദന കളിച്ചുകയറിയ വിജയവഴികള്‍ ഇന്നത്തെ തലമുറയ്ക്ക് വലിയ പാഠമാണ്.
Content Highlights: vandana katariya, indian hockey, women hockey
Published: 07 Nov 2023, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented