അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റായി ജെ.ഡി. വാന്‍സ് അധികാരമേൽക്കുമ്പോൾ നിറഞ്ഞ കണ്ണുകളുമായാണ് കാണികൾക്കിടയിൽ അമ്മ ബെവെര്‍ലി ഐകിന്‍സ് ഇരുന്നത്. താൻ കാരണം കഠിനമായിപ്പോയ മകന്റെ ബാല്യവും കൗമാരവും ഒരുപക്ഷേ അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവാം. ഒഹായോവിലെ തൊഴിലാളി വര്‍ഗകുടുംബത്തിലാണ് ജെയിംസ് ഡേവിഡ് വാൻസിന്റെ ജനനം. നഴ്‌സായിരുന്നു അമ്മ ബെവെര്‍ലി ഐകിന്‍സ്. മയക്കുമരുന്നിന്റെ ഭ്രാന്തലോകത്ത് ജീവിച്ച ബെവിന്റെ പ്രണയങ്ങള്‍ക്കും നിരാശകള്‍ക്കുമൊത്ത് വാന്‍സിനും സഹോദരിക്കും ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് സ്ഥിരതയില്ലാതെ ജീവിതം നയിക്കേണ്ടിവന്നു. മനക്കരുത്തുള്ള മുത്തശ്ശിയുടെ നിശ്ചയദാര്‍ഢ്യമാണ് വാന്‍സിനെ ഇന്നുകാണുന്ന നിലയിലേക്ക് വളരാന്‍ സഹായിച്ചതെന്നു പറയാം.
വാന്‍സിന് ചെറിയ പ്രായമുള്ളപ്പോള്‍ തന്നെ അച്ഛന്‍ കുടുംബം ഉപേക്ഷിച്ചിരുന്നു. ജോലിക്കിടെ വന്ന കഠിനമായ തലവേദനയെ നിയന്ത്രിക്കാന്‍ ഒരിക്കല്‍ ബെവ് ഒരു ഗുളിക കഴിച്ചു. അതിനുശേഷം കിട്ടിയ ആശ്വാസം ശരിക്കും അവര്‍ ആസ്വദിച്ചിരുന്നു. പിന്നീടുള്ള അവസരങ്ങളില്‍ ലഹരികിട്ടുന്ന ഗുളികകള്‍ ബെവ് തിരഞ്ഞുപിടിച്ച് ഉപയോഗിച്ചു. കാഠിന്യമുള്ള ഗുളികകളിലേക്ക് കടക്കാന്‍ അധികകാലം വേണ്ടിവന്നില്ല. നിരുത്തരവാദപരമായി പെരുമാറിയതിനും ജോലിസമയത്ത് മരുന്ന് മോഷ്ടിച്ചതിനും നഴ്‌സിങ് ജോലിയും നഴ്‌സിങ് ലൈസന്‍സും ബെവിന് നഷ്ടമായി. മരുന്നുകള്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള അവസരവും ഇതോടെ അവസാനിക്കുകയായിരുന്നു. അങ്ങനെ മയക്കുമരുന്നു വില്‍പനക്കാരുടെ ശൃംഖല കണ്ടുപിടിച്ച് പതിയെ ഹെറോയിനിലേക്ക് കടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ ബെവ് എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
Also Read
'എന്റെ തലച്ചോറിന് അത് ഇഷ്ടമായിരുന്നു' എന്നാണ് ബെവ് ടൈം മാസികയ്ക്കു മുമ്പില്‍ തുറന്നുപറഞ്ഞത്. ഒരു ദിവസം തന്നെയും കൊണ്ട് അമ്മ വണ്ടിയോടിച്ചതിനെപ്പറ്റി ഓര്‍മക്കുറിപ്പില്‍ വാന്‍സ് പറയുന്നുണ്ട്. 'ഒരു തര്‍ക്കമുണ്ടായപ്പോള്‍ അമ്മ കാര്‍ അമിതവേഗത്തിലോടിച്ചു, ഉള്ളിലിരുന്ന ഞാനും അമ്മയും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. പിന്നാലെ കാറിന്റെ വേഗത കുറച്ചു, എന്നെ ഉപദ്രവിക്കുമെന്ന് തോന്നിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടി അയല്‍വീട്ടില്‍ രക്ഷതേടി. അവര്‍ പോലീസിനെ വിളിച്ചു.' ആ സംഭവത്തിനുശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വാന്‍സ് പോയി. മറ്റുള്ളവരുടെ പണം ചെലവിട്ടും സ്വന്തം കൈത്തണ്ട മുറിച്ചും ഭ്രാന്തമായ ജീവിതമാണ് അമ്മ നയിച്ചിരുന്നത്. അത് ദീര്‍ഘകാലം നീണ്ടുനിന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം
അമ്മ എന്നോട് മൂത്രം വാങ്ങി
'എനിക്കന്ന് ഏകദേശം പതിനഞ്ച് വയസ്സുണ്ട്. രാത്രി മുത്തശ്ശിയുടെ വീട്ടില്‍ തങ്ങിയശേഷം രാവിലെ ഞാന്‍ സ്‌കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്, അമ്മ അടുത്തേക്ക് വന്ന് എന്നോട് കുറച്ച് മൂത്രം ആവശ്യപ്പെട്ടു. നഴ്‌സിങ് ബോര്‍ഡില്‍ അമ്മയ്ക്ക് മൂത്രപരിശോധന നടത്തേണ്ട സാഹചര്യം വന്നിരുന്നു. അമ്മ മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ സ്വന്തം മൂത്രം നല്‍കിയാല്‍ പിടിക്കപ്പെടുമെന്ന് ഭയന്നു. അതുകൊണ്ട്, ശുദ്ധമായ മൂത്രം കിട്ടാന്‍ എന്നെ സമീപിച്ചതാണ്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നടപടികള്‍ ഒഴിവാക്കി, ജോലി നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കണമെന്നാണ് അമ്മയെന്നോടു പറഞ്ഞത്. ഇത് ഞങ്ങളുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കി.
ഞാന്‍ ദേഷ്യപ്പെട്ടു, പക്ഷേ ഒടുവില്‍ അമ്മയുടെ ആവശ്യത്തിനു മുമ്പില്‍ വഴങ്ങേണ്ടിവന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു തരത്തില്‍ വൈകാരികമായി തകര്‍ന്ന നിമിഷമായിരുന്നു. അന്നുമുതല്‍, അമ്മ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ കാര്യമാക്കിയില്ല, മറൈന്‍ കോര്‍പ്‌സില്‍ കയറുന്നതുവരെ മുത്തശ്ശിക്കൊപ്പമാണ് താമസിച്ചത്.'- പുസ്തകത്തില്‍ പറയുന്നു.
അമ്മ തന്ന ദുരനുഭവം വാന്‍സ് ലോകത്തോടു പറഞ്ഞു.
2016-ലാണ് തന്റെ ഓര്‍മ്മക്കുറിപ്പ് 'ഹില്‍ബില്ലി എലിജി' ജെ.ഡി. വാന്‍സ് പ്രസിദ്ധീകരിച്ചത്. കഠിനമായ ബാല്യം വിശദീകരിച്ച് വാന്‍സ് അമ്മയെ പരിചയപ്പെടുത്തി. നിലവിൽ പത്തുവര്‍ഷത്തിലേറെയായി ബെവ് മയക്കുമരുന്നില്‍ നിന്നും മദ്യപാനത്തില്‍ നിന്നും മുക്തി നേടിയിട്ട്. പുസ്തകത്തെപ്പറ്റി മകന്‍ തന്നോട് പറഞ്ഞ നിമിഷത്തെപ്പറ്റി ബെവ് ഓർക്കുന്നു, 'അമ്മേ ഞാനൊരു പുസ്തകമെഴുതി.
അനുകൂലമല്ലാത്ത ചില കാര്യങ്ങള്‍ അതില്‍ ഉണ്ടായേക്കാം'- എന്നാണ് വാൻസ് പറഞ്ഞത്. 'അത് നിന്നെ സുഖപ്പെടുത്താന്‍ സഹായിക്കുമോ?' എന്നു ഞാന്‍ ചോദിച്ചു, സഹായിക്കുമെന്ന് മറുപടിയും പറഞ്ഞു. പുസ്തകം
ഹൃദയഭേദകമായിരുന്നു. പല ഭാഗങ്ങളും എന്നെ വേദനിപ്പിച്ചു. പക്ഷേ, എന്റെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് ആ പുസ്തകം സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഇല്ലാതിരുന്ന ആശയവിനിമയം പുസ്തകത്തിലൂടെ സാധ്യമായി'- ബെവ് പറയുന്നു. പുസ്തകം ബെസ്റ്റ്‌സെല്ലറായിരുന്നു. അത് പിന്നീട് സിനിമയുമായി.
അമ്മയുടെ ബാല്യവും നല്ലതായിരുന്നില്ലെന്ന് വാന്‍സ് പറയുന്നുണ്ട്. മുത്തച്ഛന്‍ മദ്യപിച്ചെത്തി മുത്തശ്ശിയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ശാന്തജീവിതത്തിലേക്ക് കടന്നത് വാന്‍സിന് തുണയായി. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും നല്ല കാര്യമാണ് അവരിരുവരുമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും അവര്‍ക്കാണ്. മുത്തശ്ശിയും സഹോദരിയും തന്റെ കാര്യങ്ങള്‍ നോക്കുമായിരുന്നു.
19-ാം വയസ്സില്‍ ബെവ് പെണ്‍കുഞ്ഞിന് ജന്മംനല്‍കി. ലിന്‍ഡ്‌സേ. അതുകഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷമാണ് വാന്‍സ് പിറക്കുന്നത്. ഒട്ടേറെ കാമുകന്‍മാരുണ്ടായിരുന്നു അമ്മയ്ക്ക്. രണ്ടാമതൊരാളെ വിവാഹവും ചെയ്തു. മുത്തശ്ശിക്ക് ന്യൂമോണിയ പിടിപെട്ട സമയത്ത് കുറച്ചുകാലം അമ്മയ്ക്കും അര്‍ധസഹോദരങ്ങള്‍ക്കുമൊപ്പം വാന്‍സിന് കഴിയേണ്ടിവന്നു. ഒരു ഘട്ടത്തില്‍ അര്‍ധസഹോദരങ്ങളുമായി ചേര്‍ന്ന് വാന്‍സും മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിരുന്നു, സഹോദരി അറിയിച്ചതുപ്രകാരം മുത്തശ്ശി ആശുപത്രിയില്‍ നിന്നുവന്ന് വാന്‍സിനെ കൂട്ടിക്കൊണ്ടുപോയി. തനിക്ക് ശേഷം കുടുംബം നോക്കാന്‍ ഒരാള്‍ വേണമെന്ന് മുത്തശ്ശി വാന്‍സിനോടു തറപ്പിച്ചുപറഞ്ഞു, നിര്‍ബന്ധബുദ്ധിയോടെ വാന്‍സിനെ ദുശ്ശീലങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

ഉഷയോട് അടങ്ങാത്ത പ്രേമം
കുട്ടിക്കാലത്തെ ട്രോമകളില്‍ നിന്നും തനിക്ക് ആത്മീയ വഴികാട്ടിയായത് ജീവിതപങ്കാളി ഉഷാ ചിലുകുറി ആണെന്ന് പലതവണ വാന്‍സ് പറഞ്ഞിട്ടുണ്ട്. മാംസാഹാരിയുമായി പ്രണയത്തിലായ സസ്യാഹാരി എന്നാണ് വാന്‍സിന്റെയും ഇന്ത്യന്‍ വംശജയായ ഉഷയുടെയും പ്രണയത്തുടക്കത്തെ പൊതുവെ വിശേഷിപ്പിക്കാറ്. അമേരിക്കയുടെ സെക്കന്‍ഡ് ലേഡിയാവുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും ഹിന്ദുമതക്കാരിയുമാണ് ഉഷ. വളരെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ പരസ്പരം പിന്തുണച്ച് ധൈര്യം നല്‍കി വളര്‍ന്ന കഥകൂടിയാണിത്. അടുത്ത ബന്ധമുള്ളവര്‍ക്കെല്ലാമറിയാം ഉഷ വാന്‍സിന് എത്രത്തോളമാണ് ആ ജീവിതത്തില്‍ പങ്കെന്ന്. രാഷ്ട്രീയത്തിലും മറ്റു കാര്യങ്ങളിലും വാന്‍സിന് ഉഷ ഉപദേശിയായി.
അക്കാദമിക വിജയങ്ങളില്‍ പാരമ്പര്യങ്ങളുള്ള കുടുംബമായിരുന്നു ഉഷയുടേത്. ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ആണ് മാതാപിതാക്കളുടെ സ്വദേശം. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇരുവരും കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കി. അച്ഛന്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍, അമ്മ മറൈന്‍ ബയോളജിസ്റ്റായിരുന്നു.
യേല്‍ ലോ സ്‌കൂളില്‍ പഠിക്കാനെത്തിയപ്പോഴാണ് വാന്‍സും ഉഷയും പരിചയക്കാരായത്. അന്നൊക്കെ വാന്‍സുമായുള്ള സൗഹൃദം ആരും ആഗ്രഹിച്ചുപോവുമായിരുന്നെന്നാണ് ഉഷ ഒരിക്കല്‍ പറഞ്ഞത്. സൗഹൃദമായിരുന്നു ആദ്യം. പിന്നാലെ വാന്‍സിന് ഉഷയോട് കഠിനമായ പ്രണയമായി. എപ്പോഴും അവളെപ്പറ്റി മാത്രം ചിന്തിച്ചു. വാന്‍സിനെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പോലും പറഞ്ഞു. ഉഷ സിംഗിളാണെന്ന് അറിഞ്ഞതുമുതല്‍ അവളുമായി അടുക്കാനും ബന്ധമുണ്ടാക്കാനും വാന്‍സ് ശ്രമിച്ചുകൊണ്ടേയിരുന്നു. പുസ്തകത്തില്‍ വാന്‍സ് ഇതിനെപ്പറ്റി പറയുന്നുണ്ട്. 2014-ല്‍ ഇരുവരും വിവാഹിതരായി. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട് ദമ്പതിമാര്‍ക്ക്.
ഒന്നിച്ചുള്ള വിജയം
സാംസ്‌കാരികമായി വ്യത്യാസമുണ്ടെങ്കിലും അതെല്ലാം ഇരുവരുടെയും പരസ്പരസഹകരണത്തില്‍ അലിഞ്ഞില്ലാതായി. തനിക്ക് ദേഷ്യം വരുമ്പോള്‍ ഉഷ കാണിക്കുന്ന ക്ഷമയെ പലപ്പോഴും വാന്‍സ് എടുത്തുപറഞ്ഞു. ഉരുളക്കിഴങ്ങും ഇറച്ചിയും ഇഷ്ടപ്പെടുന്ന വാന്‍സ് തന്റെ പച്ചക്കറി രീതിയോട് പൊരുത്തപ്പെട്ടുവെന്ന് ഉഷയും. അമ്മയ്ക്കുവേണ്ടി വാന്‍സ് വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കിയിട്ടുപോലുമുണ്ടെന്ന് ഉഷ തുറന്നുപറഞ്ഞു.
ഇംപോസ്റ്റര്‍ സിന്‍ഡ്രോമും വാന്‍സിനെ അലട്ടിയിരുന്നു, കഠിനമായ ബാല്യങ്ങളിലൊന്നും ഒരിക്കല്‍പോലും അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല, അമേരിക്കയുടെ വൈസ് പ്രസിഡന്റാവുമെന്ന്. അമേരിക്കയുടെ മൂന്നാമത്തെ പ്രായംകുറഞ്ഞ വൈസ് പ്രസിഡന്റാണ് 41-കാരനായ വാന്‍സ് നിലവില്‍. അഭിഭാഷകവൃത്തിയാണ് ഉഷ തിരഞ്ഞെടുത്തത്.
Content Highlights: us vice president jd vance troubled childhood drug addict mother
Published: 24 Jan 2025, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented