തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളില്‍ 31വര്‍ഷം അധ്യാപികയായിരുന്നു ഞാന്‍. മെയ് 31-ന് സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തു. അതിന്റെ ഒടുവിലെ നാളുകളില്‍ ഞാന്‍ അറിഞ്ഞ അവഗണനയുടെ ആഴം പറഞ്ഞറിയിക്കാനാവില്ല. വിരമിക്കല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകരോ മാനേജ്‌മെന്റ് പ്രതിനിധികളോ സ്‌കൂളില്‍ എത്തിയില്ല. ഇത്രകാലം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ ഒരു നല്ലവാക്ക് പറയാന്‍ പോലും ആരുമില്ലായിരുന്നു.

ഈ ഒറ്റപ്പെടുത്തല്‍ ഒരു തുടര്‍ച്ച മാത്രമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ഞാന്‍ അനുഭവിച്ച അവഗണനയുടെ ഒടുക്കം. സര്‍വീസ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഭയപ്പെടുത്തുന്ന കുറേ അനുഭവങ്ങള്‍ മാത്രം ബാക്കി. ആ ദുരിതകാലം  എങ്ങനെ തരണം ചെയ്തു എന്ന്  ആലോചിക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതം തോന്നുന്നു. ഒറ്റപ്പെടലിന്റെയും പരിഹാസത്തിന്റെയും അവഗണനയുടെയും കാലം. എല്ലാ  അര്‍ത്ഥത്തിലും പരീക്ഷണ കാലം.

നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ 
എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കിട്ടുന്ന ഏക പ്രമോഷന്‍ ആനുകൂല്യമാണ് പ്രധാനാധ്യാപക തസ്തിക. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് അത് കൊടുക്കുന്നത്. എന്നാല്‍ ഈ സ്‌കൂളില്‍ സീനിയര്‍ ആയ എന്നെ തഴഞ്ഞ് ജൂനിയര്‍ അധ്യാപകനെ നിയമിക്കാനായിരുന്നു മാനേജരുടെ നീക്കം.

എനിക്ക് സ്ഥാനക്കയറ്റം കിട്ടിയാല്‍ എന്റെ വിഷയത്തിലുള്ള പ്രൊട്ടക്ടഡ് ടീച്ചര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും തിരിച്ചുവരാനുള്ളത് കൊണ്ട് മാനേജര്‍ക്ക് സാമ്പത്തികലാഭമില്ല. എന്നാല്‍ ജൂനിയര്‍ അധ്യാപകനെ നിയമിച്ചാല്‍ പുതിയ ഒരു പോസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. ഈ വിഷയം വീട്ടില്‍ വന്ന് മാനേജര്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷേ, അര്‍ഹതപ്പെട്ട പ്രൊമോഷന്‍ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഒരു സ്ത്രീ ഉന്നത സ്ഥാനത്ത് എത്തുമ്പോള്‍ അത് അംഗീകരിക്കാന്‍ മടിക്കുന്ന ആണധികാര ലോകം. ഞാന്‍ നിയമസഹായം തേടി. നിയമം എനിക്ക് അനുകൂലമായി.

അന്ന് തുടങ്ങിയ പീഡനമാണ്. ഓഫീസ് ജീവനക്കാര്‍ക്ക് എന്നോട് സഹകരിക്കരുതെന്ന താക്കീത് നല്‍കി. ഒരു ദിവസം ക്ലര്‍ക്കും, സീനിയര്‍ അസ്സിസ്റ്റന്റും, മാനേജരും കൂടി എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകളോളം ശകാരം തുടര്‍ന്നു.  ഈ പോസ്റ്റില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തും എന്ന ഭീഷണി പിന്നാലേ വന്നു.

സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് മാനേജര്‍ പലതവണ എന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ആരും എന്നോട് സഹകരിക്കാന്‍ പാടില്ലെന്ന തിട്ടൂരവും നല്‍കി. എല്ലായിടത്തും എനിക്ക് വിലക്കായിരുന്നു. ഒറ്റപ്പെടുത്തല്‍ കടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു. അതാണ് എന്നെ നിലനിര്‍ത്തിയത്.  അധ്യാപക സര്‍വീസ് സംഘടനകള്‍ ഉണ്ടായിട്ടു പോലും തൊഴിലിടത്തില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ ഇത്തരം സംഘടിതമായ പീഡനങ്ങള്‍ നടക്കുന്നു. 

placeholder
ശ്രീകല. സി. വി

നിലപാടുകളുടെ പേരില്‍
തൊഴിലിടത്തില്‍ ഞാനെടുത്ത ചില നിലപാടുകളുടെ പേരിലും അവരെന്നെ ക്രൂശിച്ചു. ശരിയുടെ പക്ഷത്ത് നിന്നു എന്നതായിരുന്നു കുറ്റം. മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളെ ഞാന്‍ എതിര്‍ത്തു. അക്കൂട്ടത്തില്‍ ഒരു സംഭവം നടക്കുന്നത് കോവിഡ് കാലത്താണ്. സിനിമയെടുക്കാന്‍ വേണ്ടി പഴയതും നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമായ സ്‌കൂള്‍ തേടി കേരളത്തിലുടനീളം അലഞ്ഞ ഒരു സിനിമാ സംവിധായകന്‍ എത്തിച്ചേര്‍ന്നത്  ഈ സ്‌കൂളിലാണ്. കോവിഡ്മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മാനേജര്‍ അവര്‍ക്ക് ഷൂട്ടിങ്ങ് നടത്തുവാന്‍ അനുവാദം കൊടുത്തു.

സാമ്പത്തിക ലാഭം മാത്രം നോക്കിയുള്ള തീരുമാനം.  ഞാന്‍ എതിര്‍ത്തു. ആരും എന്നെ അനുകൂലിച്ചില്ല. 'സിനിമയിലൂടെ സ്‌കൂളിനെ മാലോകര്‍ അറിയുന്നതില്‍ ടീച്ചര്‍ക്കെന്താ' എന്ന ചോദ്യമായിരുന്നു മാനേജരുടെ തിരുവായ്ക്ക് മറുമൊഴിയില്ലാത്ത അവിടുത്തെ അധ്യാപകരുടെ കൂട്ടത്തില്‍ നിന്നും എനിക്ക് കേള്‍ക്കേണ്ടി വന്നത്.

പിന്നെയും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂള്‍വളപ്പ് തെരുവു നായ്ക്കളുടെ ആവാസ കേന്ദ്രമായിരുന്നു. നായ്ക്കളിലെ ചെള്ള് സ്‌കൂളില്‍ പെരുകി. അതിന്റെ റിപ്പോര്‍ട്ട് എല്ലാ പ്രധാന പത്രങ്ങളിലും വന്നിരുന്നു. ചെള്ളുശല്യവും അതുമൂലം കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വഴികള്‍ തേടുകയായിരുന്നു ഞാന്‍. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ ഹെഡ്മിസ്ട്രസ്സായ എന്റെ തലയില്‍ കെട്ടിവെക്കാം എന്ന ആലോചനയിലായിരുന്നു അവിടുത്തെ ജീവനക്കാരും മാനേജരും. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയ്ക്ക് ഞാന്‍ ഇരയാകേണ്ടി വന്നു. ഒറ്റപ്പെടലിന്റെ അങ്ങേ അറ്റം അനുഭവിച്ചു. 


അനുഭവം സാക്ഷി
ഒരു മാനേജര്‍ക്ക് അവരുടെ സ്‌കൂളില്‍ അധ്യാപകരുടെ നേരെ എന്തൊക്കെ ദ്രോഹങ്ങളും കുല്‍സിത പ്രവര്‍ത്തികളും പ്രയോഗിച്ചു അവരെ സമ്മര്‍ദ്ദത്തിന്റെ ആഴക്കയത്തിലെത്തിക്കാന്‍ കഴിയുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ അറിഞ്ഞു.സര്‍ക്കാരാണ് എയ്ഡഡ് സ്‌കൂളില്‍ ശമ്പളം കൊടുക്കുന്നതെങ്കിലും നിയമനം നടത്തുന്നത് മാനേജര്‍മാരാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ലാഭം ലക്ഷ്യമാക്കി പുതിയ പോസ്റ്റ് ഉണ്ടാക്കിയെടുക്കുവാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനു വേണ്ടി ഇവര്‍ ഏതു നീചപ്രവര്‍ത്തിയ്ക്കും തയ്യാറാകും എന്നതിന് എന്റെ അനുഭവം സാക്ഷി. ഇങ്ങനെയുള്ള ഒരു ചെറിയ ശതമാനം മാനേജ്‌മെന്റിന് കുട പിടിച്ചു കൊടുക്കുന്നവരാണ് ചില ജീവനക്കാര്‍. 

placeholder
നാട്ടുകാര്‍ നല്‍കിയ യാത്രയയപ്പില്‍ ശ്രീകല. സി. വി

വേണം സര്‍ക്കാര്‍ നടപടി
കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളംകൊടുക്കുന്നത്. എന്നാല്‍ ഒരുകൂട്ടം ജീവനക്കാര്‍ മാനേജ്‌മെന്റ്ിന്റെ ആജ്ഞാനുവര്‍ത്തികളായി തുടരും. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ നേരെ മാനേജ്‌മെന്റുകള്‍ പ്രയോഗിക്കുന്ന അമിതാധികാരം സര്‍ക്കാര്‍ കാണേണ്ടതാണ്. അതിന് തടയിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ' അധ്യാപകര്‍' എന്ന വാക്കിനുള്ള മൂല്യം വളരെ വലുതാണ്. പഠിപ്പിക്കുന്ന അധ്യാപകരുടെ ഓരോ പ്രവര്‍ത്തിത്തിയും വളരെ ശ്രദ്ധാപൂര്‍വം കുട്ടികള്‍ വീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം മറക്കരുത്.

കുട്ടികളുടെ റോള്‍ മോഡല്‍ ആണ് അധ്യാപകര്‍. അവരില്‍ മൂല്യശോഷണം വന്നാല്‍ അത് നാളത്തെ സമൂഹത്തെ ദോഷകരമായി ബാധിക്കും എന്ന ബോധ്യം ഓരോ അധ്യാപകരും ഉള്‍ക്കൊള്ളേണ്ടതാണ്. ഒരു സ്‌കൂളില്‍ അധ്യാപകരും ജീവനക്കാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിനുപകരം മാനേജ്‌മെന്റിന്റെ ശിങ്കിടികളായി പ്രവര്‍ത്തിച്ചാല്‍, അത് സ്‌കൂളിന്റെ ഭാവിയെയും അച്ചടക്കത്തെയും ബാധിക്കുന്നത് എങ്ങനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എല്ലാ അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റ്റുകളെയും അടച്ചാക്ഷേപിക്കുകയല്ല ഞാന്‍. എനിക്കുണ്ടായ അനുഭവം ഇങ്ങനെയായിരുന്നു എന്നുമാത്രം. 

രണ്ട് അനുഭവങ്ങള്‍
കുറച്ചുകാലം ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്തിട്ടുണ്ട് ഞാന്‍. അവിടുത്തേതില്‍ നിന്നും തീര്‍ത്തും വിപരീതമായ അനുഭവമാണ് എയ്ഡഡ് സ്‌കൂള്‍ ജീവിതം എനിക്ക് തന്നത്. കളിയും ചിരിയും പഠനവും ആണ് ഒരു സ്‌കൂളിലേത്. എന്നാല്‍ ഞാനറിഞ്ഞ എയ്ഡഡ് സ്‌കൂള്‍ അന്തരീക്ഷം അങ്ങനെയല്ല. മാനേജ്‌മെന്റിനെ പ്രീതിപ്പെടുത്തുകയാണ് അധ്യാപകരുടെ പ്രധാന ലക്ഷ്യം. 

മാറിയ ജീവിതം
തൊഴിലിടത്തിലെ ഈ അന്തരീക്ഷം എന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചു. ജീവിതം വിരസമായി. ടീച്ചറുടെ വസ്ത്രധാരണ രീതിയും പെരുമാറ്റവും എല്ലാം ഊര്‍ജം തരുന്നതായിരുന്നു. ഇപ്പോഴെന്താ പറ്റിയത് എന്ന് എന്റെ മാറ്റം കണ്ട് പൂര്‍വവിദ്യാര്‍ഥികള്‍ പലരും ചോദിച്ചിട്ടുണ്ട്. എന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീയെ തളര്‍ത്താനും തുരത്താനും സമൂഹത്തിന്റെ കൈയില്‍ വടികള്‍ ഒരുപാടുണ്ട്. ഒരിക്കലും തളരരുതെന്നു മാത്രമേ സമാന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളോട് എനിക്ക് പറയാനുള്ളൂ. തലകുനിച്ച് ഇറങ്ങിപ്പോകാതെ നേരിടുക.