എന്നും തന്റെ ഹൃദയത്തിനൊപ്പം, മനസ്സിനൊപ്പം, തീരുമാനത്തിനൊപ്പം ജീവിക്കുന്നയാളാണ് സുസ്മിത സെന്‍. മനസ്സിലുള്ളത് തുറന്നുപറയാനും, പ്രവര്‍ത്തിക്കാനും അവര്‍ ഒരിക്കലും മടിക്കാറില്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.
അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ സുസ്മിതയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. രണ്ടുകുട്ടികളെ ദത്തെടുക്കല്‍, അവിവാഹിതയായി തുടരുക, സിംഗിള്‍ മോം...അങ്ങനെ സമൂഹത്തിന് അസ്വീകാര്യമായ എത്രയോ കാര്യങ്ങള്‍. സുസ്മിത സെന്‍ പലപ്പോഴും നേരിടുന്ന ചോദ്യം അവരുടെ കുട്ടികളെക്കുറിച്ചാണ്, സിംഗിള്‍ മദര്‍ എന്ന നിലയിലെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ്.
റെനി, അലിസ എന്നിവരാണ് സുസ്മിതയുടെ കുഞ്ഞുങ്ങള്‍. 24-ാമത്തെ വയസ്സിലാണ് റെനിയെ സുസ്മിത ദത്തെടുക്കുന്നത്. പത്തുവര്‍ഷം കഴിഞ്ഞ് അലീസയെയും. കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള തന്റെ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നുവെന്ന് സുസ്മിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ തീരുമാനവുമായി അവര്‍ മുന്നോട്ടുപോവുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് ദത്തെടുക്കലിനെ അവര്‍ വിശേഷിപ്പിക്കാറുള്ളത്.

''റെനി എന്റെ ഹൃദയത്തിലാണ് പിറന്നത്. അതൊരു വലിയ തീരുമാനമായിരുന്നു. എന്തിനാണ് ദത്തെടുക്കുന്നത്? വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുഞ്ഞിനെ വളര്‍ത്തും? ഈ തീരുമാനം നിന്റെ ജീവിതത്തെ ബാധിക്കില്ലേ? അന്ന് ചോദ്യങ്ങളൊരുപാട് നേരിട്ടു. പക്ഷേ, അമ്മയാകാന്‍ ഞാനൊരുക്കമായിരുന്നു''. എങ്കിലും ആദ്യത്തെ ചെറിയ എതിര്‍പ്പിനുശേഷം മാതാപിതാക്കള്‍ തനിക്കൊപ്പം നിന്നുവെന്നും സുസ്മിത ഓര്‍ക്കുന്നു. ''നീ തന്നെ ഒരു കുട്ടിയാണ്. പിന്നെ നീ എങ്ങനെ ഒരു കുട്ടിയെ ദത്തെടുക്കും? നിനക്കെന്താണ് കുഴപ്പം എന്നൊക്കെ അമ്മ ചോദിച്ചു. അച്ഛന്‍ കുറേക്കൂടി ക്ഷമയോടെയാണ് കാര്യങ്ങള്‍ ചോദിച്ചത്. പതുക്കെ അവര്‍ എന്നോട് യോജിച്ചു''.
പ്രണയവും വിവാഹവും
തന്റെ മുന്‍ പങ്കാളികളെക്കുറിച്ച് തുറന്നുസംസാരിക്കാനും സുസ്മിത ഒരിക്കലും മടിച്ചിട്ടില്ല. അവരുമായി പിന്നീടും നല്ല സൗഹൃദം തുടരാനായി എന്നതാണ് അതിലെ പോസിറ്റീവ് കാര്യമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. കുറേ നല്ല ബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് അവര്‍ പറയുന്നു.
''കുട്ടികള്‍ കാരണമാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍. എന്റെ ജീവിതത്തില്‍ വന്ന പുരുഷന്‍മാരെയെല്ലാം സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്റെ കുട്ടികളും സ്വീകരിച്ചിട്ടുള്ളത്''.

മൂന്നുതവണ വിവാഹം വരെ എത്തിയ സീരിയസ് ബന്ധങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും സുസ്മിത തുറന്നുപറയുന്നു. മിസ് യൂണിവേഴ്‌സ് ആവുന്നതിനു മുമ്പേ തന്നെ ഒരാളുമായി പ്രണയത്തിലായിരുന്നു സുഷ്. രജത് താര എന്നായിരുന്നു അയാളുടെ പേര്. എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കിടെയാണ് അവര്‍ കണ്ടുമുട്ടുന്നത്. സുസ്മിത വിശ്വസുന്ദരിയായശേഷം ആ പ്രണയബന്ധം അവസാനിക്കുകയും ചെയ്തു. അന്നതിന്റെ പേരില്‍ അവര്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു. പ്രശസ്തയായപ്പോള്‍ പങ്കാളിയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ പ്രധാനമായും പറഞ്ഞത്. എന്നാല്‍, തങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അതെന്നും ഇന്നും രജത് അടുത്ത സുഹൃത്താണെന്നും സുസ്മിത പറഞ്ഞതോടെ, വിവാദങ്ങള്‍ക്ക് അവസാനമായി. രജത്തിന്റെ വിവാഹാഘോഷങ്ങളിലുടനീളം സുസ്മിത പങ്കെടുക്കുകയും ചെയ്തു. ''ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യനാണ് രജത്. ഇന്നും എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ ഞാനാദ്യം വിളിക്കുന്നത് രജത്തിനെയാണ്. കോളെടുത്താലുടനെ അവന്‍ ചോദിക്കും, എന്താണ് പ്രശ്‌നം? ഞാന്‍ വരണോ? അങ്ങനെയൊരു സുഹൃത്തുള്ളതില്‍ ഞാനേറെ ഭാഗ്യവതിയാണ്''.
പിന്നീട് നടന്‍ രണ്‍ദീപ് ഹൂഡയുമായി പ്രണയത്തിലായി സുസ്മിത. മൂന്നുവര്‍ഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് ആ വേര്‍പിരിയലിനെക്കുറിച്ച് രണ്‍ദീപ് പറഞ്ഞത്. മോഡല്‍ റൊഹ്മാന്‍ ഷോളാണ് അടുത്തതായി സുസ്മിതയുടെ ജീവിതത്തില്‍ വന്നത്. സുസ്മിതയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ റൊഹ്മാന്‍ അയച്ച ഒരു മെസേജില്‍നിന്നാണ് അവരുടെ ബന്ധം തുടങ്ങുന്നത്. അതിന് സുഷ് മറുപടി നല്‍കി. അങ്ങനെ ആ സൗഹൃദം വളര്‍ന്നു, അത് പ്രണയത്തിലെത്തുകയും ചെയ്തു. ആ ബന്ധത്തെക്കുറിച്ച് സുസ്മിത തുറന്നുപറഞ്ഞപ്പോള്‍, അവര്‍ക്കെതിരെ ആളുകള്‍ തിരിഞ്ഞു. സുസ്മിതയ്ക്ക് റൊഹ്മാനേക്കാള്‍ 15 വയസ്സ് കൂടുതലാണ് എന്നതാണ് ആളുകളെ ചൊടിപ്പിച്ചത്. പക്ഷേ അതൊന്നും അവരുടെ ബന്ധത്തെ ബാധിച്ചില്ല. ദീപാവലി പോലുള്ള ആഘോഷങ്ങളിലെല്ലാം അവര്‍ ഒരുമിച്ച് പങ്കെടുത്തു. സുസ്മിതയുടെ കുട്ടികളുമായും നല്ല അടുപ്പമായിരുന്നു റൊഹ്മാന്. എന്നാല്‍, നാലുവര്‍ഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. അതിനുശേഷവും റൊഹ്മാനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നു സുസ്മിത.

ബിസിനസുകാരനും ഐ.പി.എല്ലിന്റെ ചെയര്‍മാനുമായിരുന്ന ലളിത് മോദിയുമായുള്ള ബന്ധമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ലളിത് മോദി ജൂലായ് 2022-ല്‍ സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹതിരായേക്കാമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. മാസങ്ങള്‍ക്കുള്ളില്‍ അവര്‍ പിരിഞ്ഞു. തന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം എന്നാണ് ആ ബന്ധത്തെക്കുറിച്ച് സുസ്മിത പിന്നീട് പറഞ്ഞത്.
Content Highlights: sushmita sen and controversies related to her life
Published: 19 Nov 2024, 04:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented