ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഛേത്രി. അടുത്തമാസം ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ കളി അവസാനിപ്പിക്കുമെന്ന് ഛേത്രി പറഞ്ഞു. വ്യാഴാഴ്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയ്ക്കായി 150 മത്സരം കളിച്ച ഛേത്രി 94 ഗോളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും ടോപ്‌സ്‌കോറര്‍ കൂടിയാണ് ഛേത്രി.
തന്റെ വിരമിക്കല്‍ തീരുമാനം കേട്ട് ഭാര്യ സോനം ഭട്ടചാര്യ കരഞ്ഞുവെന്ന് ഛേത്രി പറഞ്ഞു. താരത്തിന്റെ കരിയറില്‍ നിര്‍ണായകം സ്വാധീനം ചെലുത്തിയിട്ടുള്ള സോനം ഛേത്രിയുടെ മുന്‍പരിശീലകന്റെ മകള്‍ കൂടിയാണ്. 2017- ഡിസംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. സോനവും ഛേത്രിയും തമ്മിലുള്ള പ്രണയം രസകരമായിരുന്നു. തന്റെ പഴയപരിശീലകന്റെ മകളുമായുള്ള ആ പ്രണയകഥ ഛേത്രി ഇടയ്ക്ക് ആരാധകരോട് പങ്കുവെച്ചിരുന്നു.

ആ കഥ ഇങ്ങനെ: സോനത്തിന്റെ അച്ഛനായിരുന്നു എന്റെ പരിശീലകന്‍. എന്നെക്കുറിച്ച് എപ്പോഴും അദ്ദേഹം സോനത്തോട് പറയാറുണ്ടായിരുന്നു. അന്നെനിക്ക് പതിനെട്ട് വയസ്സ് പ്രായം. അവള്‍ക്ക് പതിനഞ്ചും. എന്നെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് അച്ഛന്‍ പറയുന്നത് അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ഒരിക്കല്‍ അവള്‍ അച്ഛന്റെ ഫോണില്‍നിന്ന് എന്റെ നമ്പര്‍ മോഷ്ടിച്ചു. എന്നിട്ട് എനിക്ക് മെസ്സേജ് അയച്ചു. 'ഞാന്‍ സോനം. നിങ്ങളുടെ കടുത്ത ആരാധികയാണ്. നിങ്ങളെയെനിക്ക് ഒന്ന് കാണണം'. ആരാണ് ഈ മെസ്സേജ് അയച്ചതെന്ന് എനിക്ക് ഒരു ഐഡിയയുമുണ്ടായിരുന്നില്ല. അവള്‍ പിന്നെയും മെസ്സേജുകള്‍ അയച്ചു. അവളുടെ മെസ്സേജുകള്‍ ഏറെ മധുരമുളളതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അവളെ കാണാന്‍ തീരുമാനിച്ചു. 

placeholder
sunil chhetri and wife
സുനില്‍ ഛേത്രിയും ഭാര്യ സോനവും വിവാഹവേളയില്‍


ആദ്യത്തെ കണ്ടുമുട്ടലില്‍ ഞാന്‍ ഞെട്ടിപ്പോയി. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി. 'നീ ഒരു കുട്ടിയാണ്. പഠിക്കാന്‍ നോക്ക്' ഞാന്‍ അവളെ ഉപദേശിച്ചു. പിന്നീടും ഞങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മെസ്സേജുകള്‍ തുടര്‍ന്നു.
കുറച്ച് മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ കോച്ച് എന്റെയരികില്‍ വന്നു. ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ തന്നിട്ട് പറഞ്ഞു. 'ഛേത്രി ഈ ഫോണിന് എന്തോ പ്രശ്‌നമുണ്ട്, ഒന്നു നോക്കിയേ'. പ്രശ്‌നം പരിഹരിക്കുന്നതിനിടയില്‍ ആ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കുമ്പോള്‍ എനിക്ക് പരിചയമുള്ള നമ്പര്‍. 'അയ്യോ..! ഇത് സോനത്തിന്റെ നമ്പറാണല്ലോ..!' പെട്ടെന്ന് തന്നെ എനിക്ക് കാര്യം മനസ്സിലായി. ഞാനാകെ വിറച്ചു. അടുത്തനിമിഷം ഞാന്‍ അവളെ വിളിച്ചു. കോച്ചിന്റെ മകളുമായാണ് ചാറ്റ് ചെയ്തതെന്ന് അദ്ദേഹം അറിഞ്ഞാല്‍ എന്റെ കരിയര്‍ ഫിനിഷാകുമെന്നും ഞാന്‍ പറഞ്ഞു. അവള്‍ എന്നോട് മാപ്പുപറഞ്ഞു. പക്ഷെ അതൊന്നും എനിക്ക് ഉള്‍ക്കൊള്ളാനായില്ല. 

മാസങ്ങള്‍ കടന്നുപോയി. പക്ഷെ അവള്‍ മനസ്സില്‍നിന്ന് ഒഴിഞ്ഞുപോയില്ല. അവള്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഒരിക്കല്‍ ഞാനവള്‍ക്ക് മെസ്സേജ് അയച്ചു. അവള്‍ മറുപടിയും തന്നു. ഞങ്ങള്‍ പഴയത് പോലെയാകുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടാന്‍ തുടങ്ങി. കളിക്കാരനായതുകൊണ്ട് എനിക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടിവന്നു. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ ഞങ്ങള്‍ കണ്ടുമുട്ടിയുള്ളൂ. കാണുമ്പോള്‍ അത് മറ്റാരും അറിയാതിരിക്കാനും ശ്രമിച്ചു. സിനിമയ്ക്ക് പോകുന്നതൊക്കെ രസകരമായിരുന്നു. ഞാന്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങും. എന്നിട്ട് ഒന്നില്‍ അവളുടെ പേരെഴുതി കൗണ്ടറില്‍ തന്നെ കൊടുത്തിട്ട് അകത്തേക്ക് കയറും. പത്തുമിനിറ്റിന് ശേഷമായിരിക്കും അവള്‍ വരിക. മറ്റാരും ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.


വര്‍ഷങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമായി. നാലാളറിയുന്ന കളിക്കാരനായി ഞാന്‍ വളര്‍ന്നു. കരിയറില്‍ എന്റെ താങ്ങായും തണലായും അവളുണ്ടായിരുന്നു. എപ്പോഴോ ഞങ്ങളുടെ സൗഹൃദം പ്രണയത്തിലാവുകയും ചെയ്തിരുന്നു. ഒരുവേള രണ്ടുപേര്‍ക്കും പ്രായമായെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അവളുടെ അച്ഛനോട് സംസാരിക്കാനുള്ള സമയമായെന്നും തിരിച്ചറിഞ്ഞു.

placeholder
sunil chhetri and wife
സുനില്‍ ഛേത്രിയും ഭാര്യ സോനവും


ഒരുദിവസം ഞാന്‍ അവളുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ എന്നെ സ്വീകരിച്ചു. എന്നിട്ട് ആകാശത്തിന് താഴെയുള്ള എല്ലാത്തിനെക്കുറിച്ചും സംസാരിച്ചു. പക്ഷെ എന്നെ ഒന്നും പറയാന്‍ വിട്ടില്ല. അതിനിടെ എപ്പോഴോ ഞാന്‍ കുറച്ച് ധൈര്യം കണ്ടെത്തി. എന്നിട്ട് പറഞ്ഞു. 'സര്‍, എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ്. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് തോന്നുന്നു. എനിക്ക് അവളെ വിവാഹം കഴിക്കണം'. 
'ഓക്കെ...ഓക്കെ...ശരി...ശരി...'- എന്നുപറഞ്ഞ് കോച്ച് ബാത്ത്‌റൂമിലേക്ക് പോയി. ഞാനാകെ ടെന്‍ഷനടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. എന്നിട്ട് എന്നെ നോക്കി ഒന്നു തലയാട്ടി. ആ തലയാട്ടല്‍ ഞാന്‍ സമ്മതമായി കണ്ടു. കുറച്ച് മാസത്തിനുള്ളില്‍ ഞങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു.