
മായ(വിസ്മയ മോഹൻലാൽ) അഭിനയിക്കുന്നത് കാണാൻ മോഹൻലാലിന്റെ അമ്മയ്ക്ക് വലിയ താത്പര്യമായിരുന്നെന്ന് ലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞു. ഗൃഹലക്ഷ്മിയുടെ ഓണം കവർഷൂട്ടിനിടെ നടന്ന സംസാരത്തിലാണ് സുചിത്രയും വിസ്മയയും ചേർന്ന് വീട്ടുവിശേഷങ്ങൾ പങ്കുവച്ചത്. മായ പഠിച്ചത് ഊട്ടിയിലെ സ്‌കൂളിലാണെങ്കിലും നാട്ടിലുള്ളപ്പോഴെല്ലാം അവർ തമ്മിൽ വലിയ കൂട്ടായിരുന്നു. രോഗാവസ്ഥയിലായിരുന്നപ്പോൾ, അമ്മയ്ക്ക് സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നെങ്കിലും പറയുന്നതെല്ലാം മനസ്സിലാകും. ആംഗ്യങ്ങളിലൂടെ മറുപടി നൽകിയിരുന്നതായും സുചിത്ര പറഞ്ഞു.
''ചേട്ടൻ അഭിനയിച്ച സിനിമകളിൽ കരയുന്ന, വിഷമം അനുഭവിക്കുന്ന സിനിമകളൊന്നും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. പാട്ടും റൊമാൻസും കോമഡിയുമെല്ലാം ആസ്വദിച്ച് കാണുമായിരുന്നു. ഞാനും സിനിമയിൽ അഭിനയിച്ചാലോയെന്ന് ചിലപ്പോഴൊക്കെ അമ്മയോട് കളിയായി ചോദിക്കുമായിരുന്നു. വേണ്ടെന്ന് അമ്മ ആംഗ്യം കാണിക്കും,'' അവർ കൂട്ടിച്ചേർത്തു. ഫോട്ടോഷൂട്ടിന്റെ ഇടവേളകളിൽ അമ്മൂമ്മയ്ക്കൊപ്പം മുൻപ് നടത്തിയ ഹൗസ്‌ബോട്ട് യാത്ര വിസ്മയ മോഹൻലാൽ ഓർത്തെടുത്തു. ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന യാത്രയാണതെന്നും, അമ്മൂമ്മ കുട്ടിക്കാലത്ത് പറഞ്ഞുതന്ന കഥകളെല്ലാം മനസ്സിലുണ്ടെന്നും വിസ്മയ വിശദീകരിച്ചു. വിസ്മയയുടെ ആദ്യസിനിമയായ 'തുടക്കം' പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ആഹ്ലാദം പങ്കുവച്ചാണ് സുചിത്രയും വിസ്മയയും ഗൃഹലക്ഷ്മിയോട് സംസാരിച്ചത്.
മായയുടെ അഭിനയമോഹം മനസ്സിലാക്കി അവർക്കുപറ്റിയ കഥ കയ്യിലുണ്ടോയെന്ന് സംവിധായകൻ ജൂഡിനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നെന്ന് സുചിത്ര പറഞ്ഞു. ''ജൂഡ് മുൻപ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന', '2018', 'സാറാസ്' എന്നീ സിനിമകളെല്ലാം കണ്ടിരുന്നു. വിശാഖ് സുബ്രമണ്യമാണ് (മെറിലാൻഡ്) ജൂഡിനെ പരിചയപ്പെടുത്തിയത്. വിശാഖിന്റെ കുടുംബവുമായി ഞങ്ങൾക്ക് വർഷങ്ങളുടെ പരിചയമുണ്ട്. വിശാഖിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ചേട്ടനെ (മോഹൻലാൽ) ഞാനാദ്യമായി കാണുന്നത്. ജൂഡിന്റെ സിനിമകളെല്ലാം ഇഷ്ടമായതോടെ മായയ്ക്ക് പറ്റിയ കഥ വല്ലതും കൈയിലുണ്ടോയെന്ന് ഞാനങ്ങോട്ട് വിളിച്ച് അന്വേഷിക്കുകയായിരുന്നു. ജൂഡ് ആദ്യം പറഞ്ഞ രണ്ട് കഥകളും വർക്കായില്ല. പിന്നീടാണ് ഈ കഥയുമായി എത്തുന്നത്. കഥ ഇഷ്ടമായതോടെ, അത് മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങി. പലതരം മാറ്റങ്ങൾ കൊണ്ടുവന്നാണ് കഥ ഇന്നത്തെ നിലയിലേക്കെത്തുന്നത്. കഥ പൂർണമായതോടെ, ഞാൻ ആന്റണിയോടും ചേട്ടനോടും കാര്യം പറയുകയായിരുന്നു,'' സുചിത്ര വിശദീകരിച്ചു.
തായ്‌ലാൻഡിലെ ആയോധനകലയായ 'മുവായ് തായി'ൽ പ്രാവീണ്യം നേടിയ വിസ്മയയുടെ ആക്ഷൻ പ്രകടനങ്ങൾ സിനിമയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ട്. നാടുമൊത്തം അടച്ചിട്ട കോവിഡ് സമയത്താണ് മുവായ് തായ് അഭ്യസിച്ചതെന്ന് വിസ്മയ പറഞ്ഞു.
''നമ്മുടെ കളരിയൊക്കെപോലെ തായ്‌ലാൻഡ്കാരുടെ ഒരായോധനകലയാണ് മുവായ് തായ്. അവരുടെ സംസ്‌കാരവുമായി ചേർന്നുനിൽക്കുന്ന ആയോധനമുറ. തായ്‌ലാൻഡ് യാത്രയ്ക്കിടെ യാദൃച്ഛികമായി അവിടത്തെയൊരു ഫിറ്റ്നസ് സെന്ററിൽ ചെന്നപ്പോഴാണ് മുവായ്തായെക്കുറിച്ച് അറിഞ്ഞത്. കൂടുതൽ മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം തുടങ്ങിയത്. ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു. ആ സമയത്താണ് ലോകത്ത് കോവിഡ് പടരുന്നത്. അതോടെ അവിടെ തന്നെ തുടരേണ്ടിവന്നു. ഐലന്റിന്റെ ബോഡറുകൾ അടച്ചു. കോച്ചിനുകീഴിൽ ഞങ്ങൾ ആറേഴുപേർമാത്രം രാവിലേയും ഉച്ചയ്ക്കും വൈകീട്ടും പരിശീലനം. കോവിഡ് കാലത്ത് സെയ്ഫായി അവിടെ കഴിഞ്ഞ് തായ് ആയോധനകല അഭ്യസിക്കുകയായിരുന്നു,'' വിസ്മയ പറഞ്ഞു.
ആദ്യസിനിമ സമ്മാനിച്ച വിസ്മയങ്ങളും ചിത്രീകരണ അനുഭവവും സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകളോടും ഗൃഹലക്ഷ്മി ഓണം ലക്കത്തിൽ വിസ്മയ പ്രതികരിക്കുന്നു. അമ്മയും മകളും ഒന്നിക്കുന്ന ഫോട്ടോഷൂട്ടും സംസാരവും പുതിയലക്കത്തിൽ കാണാം…
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suchitra Mohanlal shared that Mohanlal's mother always desired to see Vismaya act. Suchitra herself approached director Jude Anthany Joseph to find a suitable script for Vismaya's debut.
Published: 14 Aug 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented