
ഇരുകൈകളുമില്ലെങ്കിലും അതൊന്നും മനക്കരുത്തിന് മുന്നില്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കശ്മീരില്‍നിന്നുള്ള ശീതള്‍ ദേവി. കശ്മീരിലെ കൊച്ച് ഉള്‍നാടന്‍ ഗ്രാമമായ ഇപ്പോള്‍ ലോയ്ധര്‍ അറിയപ്പെടുന്നതുപോലും ഈ പതിനാറുകാരിയുടെ പേരിലാണ്. സഹതാപത്തോടെ ശീതളിനെ നോക്കിയവരെല്ലാം ഇന്ന് അഭിമാനത്തോടെ ചേര്‍ത്തുനിര്‍ത്തുന്നു.
ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ രണ്ട് സ്വര്‍ണമുള്‍പ്പെടെ മൂന്ന് മെഡലുകളാണ് ഇവര്‍ നേടിയത്. പരിമിതികളെ മറികടന്ന് കാല്‍വിരല്‍ കൊണ്ട് ഞാണ്‍ വലിച്ചാണ് ശീതള്‍ അമ്പെയ്യുന്നത്. ഒരു പാരാ ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ഇരു കൈകളുമില്ലാതെ ആര്‍ച്ചറിയില്‍ മത്സരിക്കുന്ന ലോകത്തിലെ ആദ്യതാരം...അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശീതളിന്.
ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലുള്ള ലോയ്ധറിലാണ് ശീതള്‍ ജനിച്ചതും വളര്‍ന്നതും. കര്‍ഷകനായ മാന്‍ സിങ്ങിന്റെയും ശക്തീദേവിയുടെയും രണ്ടുമക്കളിലൊരാള്‍. ഫോക്കോമീലിയ എന്ന അസുഖവുമായിട്ടായിരുന്നു ശീതളിന്റെ ജനനം. കൈകള്‍ക്ക് വളര്‍ച്ചയില്ലാതെ വരുന്ന അവസ്ഥയാണ് ഫോക്കോമീലിയ. കൃഷിപ്പണി ചെയ്തും ആടിനെ വളര്‍ത്തിയുമാണ് മാന്‍സിങ്ങും ശക്തിയും മക്കളെ വളര്‍ത്തിയത്. ''അച്ഛന്‍ ദിവസം മുഴുവന്‍ പച്ചക്കറിത്തോട്ടത്തില്‍ ജോലി ചെയ്താല്‍ കിട്ടുന്നതും അമ്മയുടെ മൂന്ന് ആടുകളുടെ പാല്‍ വിറ്റുന്ന പൈസയുമൊക്കെയാണ് ഞങ്ങളുടെ ജീവിതമാര്‍ഗം. അവര്‍ക്കെപ്പോഴും എന്നില്‍ എന്തൊക്കെയോ പ്രതീക്ഷകളുണ്ടായിരുന്നു'', ശീതള്‍ പറയുന്നു. വലുതായപ്പോള്‍ അവള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. കാല്‍ കൊണ്ട് എഴുതാനും മറ്റും പഠിച്ചു അവള്‍. പതുക്കെ കാലുകള്‍ അവള്‍ക്ക് ശക്തിയായി മാറുകയായിരുന്നു.

ചെറുപ്പം മുതലേ മരങ്ങളിലും മറ്റും വലിഞ്ഞുകയറുമായിരുന്നു ശീതള്‍. കാലുകളും ശരീരത്തിന്റെ മുകള്‍ഭാഗവും കൊണ്ടായിരുന്നു മരത്തില്‍ കയറിയിരുന്നത്. അങ്ങനെ ശരീരത്തിന് നല്ല വഴക്കവും ബലവും വന്നു. അതാണ് പിന്നീടവള്‍ക്ക് ശക്തിയായി മാറിയതും.
2021-ല്‍ ഇന്ത്യന്‍ സൈന്യം കിഷ്ത്വറില്‍ സംഘടിപ്പിച്ച കുട്ടികളുടെ പരിപാടിയില്‍വെച്ചാണ് ശീതളിന്റെ ജീവിതം മാറിമറിയുന്നത്. പിന്നീടങ്ങോട്ട് ശീതളിന്റെ പഠനകാര്യങ്ങളും മറ്റു സൈന്യം ഏറ്റെടുത്തു. ആദ്യം കൃത്രിമ കൈകള്‍ വെച്ചുകൊടുക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. പക്ഷേ, അത് നടക്കില്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. ബംഗളൂരുവിലുള്ള പ്രോസ്തറ്റിക് ആം സെന്ററില്‍വെച്ചാണ് സ്‌പോര്‍ട്‌സ് എന്ന ചിന്ത അവളിലേക്ക് കടന്നുവരുന്നത്. അത് ചുരുങ്ങി അമ്പെയ്ത്തിലേക്കെത്തി. അതിന് കാരണക്കാരായത് സൈന്യത്തിലെ സ്‌പോര്‍ട്‌സ് പരിശീലകരായ അഭിലാഷ ചൗധരിയും കുല്‍ദീപ് വേദ്വാനുമാണ്.
കൃത്രിമ കൈകള്‍ വെച്ചുപിടിപ്പിക്കാനാവില്ലെന്ന് ഉറപ്പായതോടെ, പരിശീലകര്‍ അമ്പെയ്യുന്നതിന് സഹായിക്കുന്ന ഒരു പ്രത്യേക സ്ട്രിങ് തയ്യാറാക്കി. കത്രയിലെ പരിശീലനകേന്ദ്രത്തിലേക്ക് ശീതളിനെ കൊണ്ടുവന്നു. താടിക്കും ഷോള്‍ഡറിനുമിടയില്‍ അമ്പ് പിടിച്ചാണ് പരിശീലനം തുടങ്ങിയത്. 'ആദ്യമൊക്കെ എനിക്ക് കാലുകൊണ്ട് അമ്പ് പിടിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ കുറേ പരിശീലനത്തിനുശേഷം അത് ശരിയായി''. അതിനായി ദിവസങ്ങളോളം ശീതളും പരിശീലകരും കഷ്ടപ്പെട്ടു. പലപ്പോഴും ലക്ഷ്യത്തില്‍നിന്ന് എത്രയോ അകലെ പോയാണ് അമ്പ് തറച്ചത്. ഓരോ ദിവസം ചെല്ലുന്തോറും അമ്പെയ്യുന്ന എണ്ണം കൂട്ടിക്കൊണ്ടിരുന്നു, സമയവും. അമ്പതില്‍നിന്ന് നൂറും പിന്നീട് മുന്നൂറുമായി ഉയര്‍ത്തി.
പരിശീലനം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോഴേക്കും പാരാ ഓപ്പണ്‍ നാഷണല്‍സില്‍ പങ്കെടുത്തു, വെള്ളിമെഡല്‍ നേടുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. 2023 മേയില്‍ നടന്ന പാരാ ടൂര്‍ണമെന്റില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസിലും മൂന്ന് മെഡല്‍. ''എനിക്ക് കൈകളില്ലെന്നറിയുമ്പോള്‍ ആളുകള്‍ നോക്കുന്ന രീതിയില്‍ എനിക്ക് സങ്കടം തോന്നുമായിരുന്നു. പക്ഷേ മെഡലുകള്‍ കിട്ടിയതോടെ എനിക്ക് മനസ്സിലായി, ഞാന്‍ സ്‌പെഷല്‍ തന്നെയാണെന്ന്''. ശീതള്‍ പുതിയ സ്വപ്‌നങ്ങളിലേക്ക് പറക്കുകയാണ്.
Content Highlights: story of sheetal devi, an indian para-archer
Published: 15 Nov 2023, 12:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented