ബോളിവുഡിലെ ആദ്യസിനിമ റിലീസാവുന്നതിനുമുമ്പേ തന്നെ, നാഷണൽ സെൻസേഷനായ അഭിനേത്രിയാണ് ശ്രീലീല. ആഷിഖി 3, കാർത്തിക് ആര്യൻ, ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമുള്ള ഓരോ സിനിമകളുമാണ് ശ്രീലീലയുടേതായി ഇറങ്ങാനിരിക്കുന്നത്. പക്ഷേ അതിനുമുമ്പേ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു അവർ. കാർത്തിക് ആര്യൻ സിനിമയുടെ ടീസർ റിലീസ് ചെയ്തതോടെ ശ്രീലീലയുടെ ഫാൻബേസിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. 

കാർത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് അതിനിടെ വാർത്തകൾ വന്നിരുന്നു. ഇതുവരെ താരങ്ങൾ അതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

2017-ൽ തെലുഗുവിൽ ബാലതാരമായാണ് ശ്രീലീല സിനിമയിലെത്തുന്നത്. രണ്ടുവർഷത്തിനുള്ളിൽ കന്നഡസിനിമയായ 'കിസ്സി'ൽ നായികയായി. 'ഗുണ്ടൂർ കാര'ത്തിൽ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലുവർഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞു അവർക്ക്.

'പുഷ്പ-2'-ലെ 'കിസിക്' എന്ന പാട്ടിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിലേക്ക് വളർന്നത്. ഈ പാട്ടിൽ നൃത്തംചെയ്യുന്നതിനായി മാത്രം രണ്ടുകോടി രൂപ ശ്രീലീലയ്ക്ക് ലഭിച്ചുവെന്നായിരുന്നു വാർത്തകൾ. ഒട്ടേറെ താരങ്ങളെ ഈ ഐറ്റംഡാൻസിനായി പരിഗണിച്ചിരുന്നുവെങ്കിലും, പുതുമയുള്ള മുഖം എന്ന നിലയ്ക്കാണ് ശ്രീലീലയിലേക്കെത്തുന്നത്. 'ഡാൻസിങ് ക്വീൻ' എന്നാണ് അല്ലു അവരെ വിശേഷിപ്പിച്ചത്. 

അമേരിക്കയിലാണ് അവർ ജനിച്ചത്. കർണാടകയിലെ വളരെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ.സ്വർണലതയുടെ മകളാണ്. അമ്മയുടെ പാത പിന്തുടർന്ന് ഡോക്ടറാവുകയെന്നതായിരുന്നു ശ്രീലീലയുടെയും ഇഷ്ടം. അങ്ങനെ എം.ബി.ബി.എസ് പൂർത്തിയാക്കുകയും ചെയ്തു. അതിനിടെയാണ് അവിചാരിതമായി സിനിമയിലെത്തുന്നത്. 21-ാം വയസ്സിൽ ഭിന്നശേഷിക്കാരായ രണ്ടുകുട്ടികളെ ദത്തെടുക്കുകയും ചെയ്തു അവർ. ശ്രീലീലയായി അമ്മയുടെ റോളിലെത്തിയ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഈ കുഞ്ഞുങ്ങളെ ആദ്യമായി കാണുന്നത്.