
ദമ്പതിമാരുടെ വഴക്കിനെത്തുടര്‍ന്ന് ജര്‍മനിയിലെ മ്യൂണിക്കില്‍നിന്നും തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് പറന്ന വിമാനം ഡല്‍ഹിയില്‍ ഇറക്കേണ്ടി വന്നത് നവംബര്‍ 29-നാണ്. ലുഫ്താന്‍സ വിമാനത്തിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഭര്‍ത്താവ് ആക്രമണകാരിയായി മാറിയതോടെ തായ്‌ലന്‍ഡുകാരിയായ ഭാര്യ ഭര്‍ത്താവില്‍നിന്നും ഭീഷണിയുണ്ടന്ന് അറിയിച്ച് പൈലറ്റിന്റെ സഹായംതേടുകയായിരുന്നു. അതോടെ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനമായി. പാകിസ്താനില്‍ ഇറക്കാന്‍ സമ്മതം ചോദിച്ചെങ്കിലും അധികൃതര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇറക്കുകയായിരുന്നു വിമാനം.
പതിനായിരക്കണക്കിന് വിമാനങ്ങളാണ് ലോകത്തെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഒരുദിവസം അകത്തേക്കും പുറത്തേക്കും പറക്കുന്നത്. യാത്രകള്‍ അനിവാര്യമാണ്. വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങ്ങിന് അനുവദിക്കുന്നത് പ്രത്യേക സാഹചര്യങ്ങളിലാണ്. അത്യാവശ്യ സാഹചര്യങ്ങള്‍, അതായത് വിമാനത്തിലുള്ള ആര്‍ക്കെങ്കിലും മെഡിക്കല്‍ സഹായം ആവശ്യമുള്ളപ്പോള്‍ അല്ലെങ്കില്‍ വിമാനത്തിന് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍... അപ്പോഴൊക്കെയാണ് ഇത്തരത്തില്‍ തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ വിമാനം ഇറക്കേണ്ടിവരുന്നത്. എന്നാല്‍ അതിനോടുചേര്‍ന്ന് ഒരുപിടി കൗതുക സംഭവകഥകളുമുണ്ട്. അത്യാവശ്യ ലാന്‍ഡിങ്ങുകളിലേക്ക് (എമര്‍ജന്‍സി) നയിക്കുന്ന അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ ഇതിലൊരു പ്രധാന വിഭാഗമാണ്.

കുപ്പിയില്‍ മൂത്രമൊഴിച്ച നടന്‍
ഫ്രഞ്ച് നടന്‍ ജെറാര്‍ഡ് ഡിപാര്‍ഡിയുവിന് നാണക്കേടുണ്ടാക്കിയ ഒരു വിമാനയാത്രയുണ്ട്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി ജെറാര്‍ഡിന്റെ സിനിമ ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
എല്ലാവര്‍ക്കും അദ്ദേഹം സുപരിചിതനായിരുന്നു.
2011 ഓഗസ്റ്റിലായിരുന്നു സംഭവം. പാരീസില്‍ നിന്ന് ഡബ്ലിനിലേക്കുള്ള എയര്‍ഫ്രാന്‍സായിരുന്നു വിമാനം. ദിവസവും അഞ്ചോ ആറോ ഗ്ലാസ് വൈന്‍ കുടിക്കുന്നത് ജെറാര്‍ഡിന്റെ ശീലമായിരുന്നു. അന്നും നല്ല മദ്യ ലഹരിയിലായിരുന്നു അദ്ദേഹം വിമാനത്തില്‍ കയറിയത്. വിമാനം പറന്നുയര്‍ന്ന ശേഷം മൂത്രശങ്കയുണ്ടായ ജെറാര്‍ഡ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍ തടഞ്ഞു. വിമാനത്തിന്റെ സീറ്റ് ബെല്‍റ്റ് സിഗ്നല്‍ ഇപ്പോഴും കാണിക്കുന്നുണ്ടെന്നും ആ സ്ഥിതിയില്‍ ബെല്‍റ്റ് അഴിക്കാനാവില്ലെന്നതുമായിരുന്നു കാരണം. എന്നാല്‍ ബഹളംവെച്ച ജെറാര്‍ഡ് ഒരു കുപ്പിയെടുത്ത് അതിലേക്ക് മൂത്രമൊഴിക്കാന്‍ തുടങ്ങി. കുപ്പി നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ പ്രകോപിതരായി.
വിമാനം തിരിച്ച് വന്നയിടത്തുതന്നെ എത്തിക്കാന്‍ അതോടെ പൈലറ്റ് നിര്‍ബന്ധിതനായി. ജെറാര്‍ഡിനെ ഇറക്കിവിട്ട് വിമാനം വൃത്തിയാക്കിയശേഷമാണ് പിന്നീട് യാത്ര തുടരാനായത്.

വിമാനത്തില്‍ പാമ്പുകടി
കെയ്റോയില്‍ നിന്ന് കുവൈറ്റിലേക്കുള്ള ഈജിപ്ത് എയര്‍ വിമാനത്തില്‍ ഇഴജന്തുക്കളെ കടത്തിയ ജോര്‍ദാന്‍കാരന് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് 2012-ലാണ്. 90 യാത്രക്കാരുമായി പുറപ്പെട്ട വിമാനം സംഭവത്തെത്തുടര്‍ന്ന് ചെങ്കടലിലെ ഈജിപ്ഷ്യന്‍ റിസോര്‍ട്ട് പട്ടണമായ അല്‍ ഗര്‍ദാഖയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
കുവൈറ്റില്‍ ഇഴജന്തു വ്യാപാരം നടത്തുന്ന 48-കാരനായ യാത്രക്കാരനാണ് ഈജിപ്ഷ്യന്‍ മൂര്‍ഖനെ ബാഗില്‍ ഒളിപ്പിച്ചിരുന്നത്. ബാഗില്‍നിന്നും എങ്ങനെയോ പുറത്തുകടന്ന പാമ്പ് വ്യാപാരിയുടെ കൈയില്‍ കടിച്ചു. സീറ്റിനടിയിലൂടെ പാമ്പ് താഴേക്ക് ഇഴയാന്‍ തുടങ്ങിയപ്പോഴാണ് സഹയാത്രികര്‍ കണ്ടത്. വ്യാപാരി പാമ്പിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളം വെച്ചു. അതോടെ പൈലറ്റ് അടിയന്തരമായി ലാന്‍ഡിങ് നടത്തുകയായിരുന്നു.
വയറിളക്കം വിനയായി
രണ്ടുമാസം മുമ്പാണ് സ്‌പെയിനിലേക്ക് പോവുന്ന അമേരിക്കന്‍ വിമാനം തിരിച്ച് അറ്റ്‌ലാന്റ് വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സ് എയര്‍ബസ് എ 350 ആണ് മെഡിക്കല്‍ അത്യാവശ്യം എന്ന പരിഗണനയില്‍ നിര്‍ബന്ധിത ലാന്‍ഡിങ് നടത്തിയത്. ഒരു യാത്രക്കാരന് വയറിളക്കമുണ്ടായതാണ് കാരണമായത്.
വയറിളക്കം വന്നെങ്കിലും അയാള്‍ ആരെയും അറിയിച്ചില്ല. തീരെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ എഴുന്നേറ്റ് ടോയ്‌ലറ്റിലേക്ക് നടന്നു. നിര്‍ത്താതെയുണ്ടായ വയറിളക്കത്തില്‍ വിമാനത്തിനുള്‍വശത്ത് നടന്നയിടം മുഴുവന്‍ വൃത്തികേടായി. ദുര്‍ഗന്ധം സഹിക്കാനാവാതായതോടെ യാത്രക്കാര്‍ ബഹളം വെച്ചു. നിര്‍ബന്ധിത ലാന്‍ഡിങ് വേണ്ടിവന്നതിനാല്‍ വിമാനം തിരിച്ച് അറ്റ്‌ലാന്റയില്‍ ഇറക്കി. ഈ വിമാനത്തില്‍ യാത്ര ചെയ്തവരെ പിന്നീട് മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര തുടരുകയായിരുന്നു.

അഡള്‍ട്ട് ഡയപ്പര്‍ ബോംബായി
ഒക്ടോബര്‍ 17-നും മറ്റൊരു എമര്‍ജന്‍സി ലാന്‍ഡിങ് നടന്നിരുന്നു. ബോംബ് ഭീഷണിയായിരുന്നു കാരണം. പനാമ സിറ്റിയില്‍ നിന്ന് ഫ്ളോറിഡയിലെ ടാമ്പയിലേക്ക് പോവുകയായിരുന്ന കോപ്പ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. ഒരു മണിക്കൂറോളം പറന്നശേഷമാണ് വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടെന്ന് സംശയമുണ്ടായത്. വിമാനത്തിന്റെ ശുചിമുറികളിലൊന്നില്‍ കാണപ്പെട്ട സംശയാസ്പദമായ വസ്തുവിനെക്കുറിച്ച് വിവരം ലഭിച്ചു. ബോംബ് ആണെന്ന സംശയംകൂടിയായതോടെ യാത്രക്കാരും ജീവനക്കാരും ഒരുപോലെ ആശങ്കയിലായി. വിമാനം പനാമയിലേക്കുതന്നെ മടങ്ങി.
വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം ആന്റി എക്സ്‌പ്ലോസീവ് ടീം വിമാനം നന്നായി പരിശോധിച്ചു. ബോംബെന്ന് തെറ്റിദ്ധരിച്ചത് പ്രായപൂര്‍ത്തിയായവര്‍ ഉപയോഗിക്കുന്ന അഡള്‍ട്ട് ഡയപ്പറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഗ്യാസ് ട്രബിള്‍ പറ്റിച്ചു
ഫെബ്രുവരി 11-ന് ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ട്രാന്‍സ്വിയ എയര്‍ലൈന്‍സിന്റെ എച്ച്.വി 6902 വിമാനത്തില്‍ നടന്നത് അപൂര്‍വമായ സംഭവമാണ്. രണ്ടുയാത്രക്കാര്‍ തൊട്ടരികില്‍ ഇരുന്ന യാത്രക്കാരനെതിരെ പരാതി ഉന്നയിച്ചതോടെയാണ് വിമാനം വിയന്നയില്‍ അടിയന്തരമായി ഇറക്കിയത്.
വായുകോപം വന്ന് കീഴ്ശ്വാസം നിരന്തരമായി പുറപ്പെടുവിച്ച ആള്‍ക്കെതിരെയായിരുന്നു പരാതി. കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് നിയന്ത്രിക്കാനും സീറ്റില്‍നിന്ന് മാറി ടോയ്‌ലെറ്റില്‍ പോവാനും സഹയാത്രികന്‍ പറഞ്ഞെങ്കിലും, അയാള്‍ കൂട്ടാക്കിയില്ല. പകരം അയാള്‍ യാത്രക്കാര്‍ക്കെതിരെ അലറിവിളിച്ചു, ബഹളമുണ്ടാക്കി. ദുര്‍ഗന്ധവും ബഹളവും കൂടിയതോടെ യാത്രക്കാര്‍ ഒറ്റക്കെട്ടായി പരാതി പറഞ്ഞു. അതോടെ അടിയന്തര ലാന്‍ഡിങ് അല്ലാതെ പൈലറ്റിന് വേറെ വഴികളൊന്നും കണ്ടില്ല.
Content Highlights: unbelievable flight journeys, funny emergency landing, flight travel
Published: 01 Dec 2023, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented