
ഒരു നാടുമുഴുവൻ ദുർമന്ത്രവാദ ഭയത്തിൽ കഴിഞ്ഞുകൂടിയ കാലമായിരുന്നു അത്. സ്ഥലം യു.എസിലെ മാസച്യുസെറ്റ്സ് സംസ്ഥാനത്തെ സേലം ഗ്രാമം. ചെകുത്താനെ കൂട്ടുപിടിച്ച് ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് 14 സ്ത്രീകളെയും അഞ്ചു പുരുഷന്മാരെയും തൂക്കിലേറ്റുകയും ഒരാളെ തല്ലിക്കൊല്ലുകയും ചെയ്ത നാട്. 1626-ൽ കേപ് ആനിൽ നിന്ന് കുടിയേറിയ പ്യുരിറ്റൻസ് ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളാണ് തീരദേശത്ത് സേലം സെറ്റിൽമെന്റ് സ്ഥാപിച്ചത്. സേലത്തെ ജനങ്ങളുടെ ജീവിതം അസ്വസ്ഥകള്‍ നിറഞ്ഞതായിരുന്നു. തദ്ദേശീയരായ ഗോത്രക്കാരും ഫ്രഞ്ച് കുടിയേറ്റ സംഘങ്ങളുമൊക്കെയായി സ്ഥിരം സംഘർഷം നടക്കുന്നയിടം. ജനങ്ങൾ പട്ടിണിയും രോഗവും ഭയന്നുജീവിക്കുന്ന കാലവും. ഒരു വലിയ ആൾക്കൂട്ടത്തെ ഭയത്തിലേക്ക് ആവാഹിക്കാൻ പോന്ന ശക്തിയും ലഹരിയുമൊക്കെ ആഭിചാരക്രിയകൾക്ക് എന്നുമുണ്ടായിരുന്നല്ലോ. 13-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിലനിന്ന ‘ദുർമന്ത്രവാദിവേട്ട’യുടെ പ്രശസ്തമായ ഒരധ്യായം ഇവിടെ തുടങ്ങുകയാണ്.
ഭീതി പരന്ന ആ ശൈത്യകാലം
വർഷം 1692. സേലമുൾപ്പെട്ട ദേശങ്ങളിൽ ശൈത്യകാലം കഠിനമായിരുന്നു. ഗ്രാമത്തിലെ രണ്ടു പെൺകുട്ടികൾക്ക് അസ്വാഭാവികമായ എന്തോ സംഭവിച്ചു. അപസ്മാരം പോലെ എന്തോ ഒന്നാണ് അവരെ ബാധിച്ചത്. നിലവിളിച്ചും സാധനങ്ങൾ വലിച്ചെറിഞ്ഞും വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചും അവർ വീട്ടുകാരിലും പിന്നീട് നാട്ടുകാരിലും പരിഭ്രാന്തി പരത്തി. റെവറണ്ട് സാമുവൽ പാരിസിന്റെ മകൾ ഒൻപതുകാരി ബെറ്റി പാരിസും അനന്തരവള്‍ 11 കാരി അബിഗെയ്ൽ വില്യംസുമായിരുന്നു അവർ. വൈദ്യൻമാർക്ക് രോഗം പിടികിട്ടിയില്ല. കുട്ടികൾക്ക് ശാരീരിക പ്രശ്നങ്ങളില്ലെന്ന് അവർ തീർത്തുപറഞ്ഞു. ഒപ്പം ഒന്നുകൂടി പറഞ്ഞു, ‘ഈ പെൺകുട്ടികൾ ചെകുത്താന്റെ കൈകളിലാണ്’. ചെകുത്താൻ ഇടനിലക്കാരിലൂടെ പ്രദേശത്ത് നാശം വിതയ്ക്കുമെന്നൊരു വിശ്വാസം പ്യൂരിറ്റൻസിനുണ്ട്. ചില മനുഷ്യർക്ക് മറ്റുള്ളവരെ വേട്ടയാനുള്ള ശക്തി ചെകുത്താൻ കൊടുക്കുമത്രേ... അവർ കുട്ടികളെ കഷ്ടപ്പെടുത്തുകയും നാട്ടുകാരെ ദ്രോഹിക്കുകയും ചെയ്യും. ആ വാർത്ത എളുപ്പം നാട്ടിൽ പരന്നു.
കൂടുതൽ പേർ ലക്ഷണങ്ങൾ കാണിച്ചു
വാർത്ത പരന്നതിനൊപ്പം കൂടുതൽ പേരിൽ രോഗലക്ഷണങ്ങള്‍ കണ്ടു. രോഗം ബാധിച്ചുവെന്ന് പറയപ്പെടുന്ന 12-ഓളം യുവതികളുടെ ശരീരം വികൃതരൂപത്തിലായി, അപസ്മാരം വന്നു, തൊലിപ്പുറത്ത് ചെറുമുള്ളുകൊണ്ട് കുത്തുന്ന വേദനയുണ്ടായി തുടങ്ങിയ വാർത്തകളാണ് പ്രചരിച്ചത്.
മൂന്നു ‘ദുർമന്ത്രവാദിനികൾ’
നാട്ടുകാരായ മൂന്നു സ്ത്രീകള്‍ സാത്താനെ തൃപ്തിപ്പെടുത്താൻ തങ്ങളെ ഉപദ്രവിച്ചതാണെന്ന് രോഗം വന്നവരിൽ ചിലർ ആരോപിച്ചു. ആരാധനാലയത്തിൽ പ്രാർഥിക്കാനെത്താത്തവരും അരികുവത്കരിക്കപ്പെട്ടവരുമായ മൂന്നു സ്ത്രീകളായിരുന്നു പ്രതിസ്ഥാനത്ത്. നാട്ടിൽ ചെകുത്താന്റെ വിളയാട്ടമാണെന്ന് കേട്ടവരെല്ലാം പറഞ്ഞു. ചെകുത്താന്റെ ഏജന്റുമാരെ കൊന്നുകളയണമെന്ന ആവശ്യവും ഉയർന്നു. അങ്ങനെ ദുർമന്ത്രവാദക്കേസുകളിൽ കുറ്റവാളികളെ കണ്ടെത്താൻ സേലത്ത് പ്രത്യേകകോടതി ചേർന്നു. വിചാരണയ്ക്ക് പ്രത്യേക കെട്ടിടമുണ്ടായിരുന്നു. ജഡ്ജി ജോനാഥൻ കോർവിന്റെ താമസസ്ഥലംകൂടിയായ ഇവിടം പിന്നീട് ‘വിച്ച് ഹൗസ്’ എന്ന പേരിൽ അറിയപ്പെട്ടു. (ഇപ്പോൾ ഇവിടം വിനോദസഞ്ചാര കേന്ദ്രമാണ്). മൂവരെയും അറസ്റ്റുചെയ്ത് വിചാരണ നടത്തി. കൊച്ചുകുട്ടികൾ പറയുന്ന ‘സാത്താൻ എന്നെ തൊട്ടു’ തുടങ്ങിയ ആരോപണങ്ങൾ പോലും തെളിവായി കോടതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. വൈകാതെ മൂവരും ചെകുത്താന്റെ കൈയാളുകളാണെന്ന് കോടതി വിധിയെഴുതി.
Also Read

മറ്റു രണ്ടുപേരും തങ്ങൾ തെറ്റുകാരല്ലെന്ന് ഉറച്ചുനിന്നതിനാൽ മോചനമുണ്ടായില്ല. കാരണം ഒരിക്കൽ ആരോപണം നേരിട്ടാൽ നിരപരാധിത്വം തെളിയിക്കുക അസാധ്യമായിരുന്നു അന്ന്. കുറ്റംസമ്മതിച്ച് മാപ്പു പറഞ്ഞാൽ ഉപാധികളോടെ വെറുതെ വിടും. സമ്മതിച്ചില്ലെങ്കിൽ പൊതുമധ്യത്തിൽ വധിക്കും. ഓസ്ബോൺ ജയിലിൽ വെച്ച് മരിച്ചു. സാറ ഗുഡിന്റെ കുഞ്ഞ് പ്രസവത്തിൽ മരിച്ചു. അവരുടെ നാലുവയസ്സുള്ള ആദ്യ കുഞ്ഞിനെയും ജയിലിലടച്ചിരുന്നു. സാറയുടെ ഭർത്താവ് കോടതിയിൽ അവർക്കെതിരേ മൊഴികൊടുത്തു. പിന്നീടവരെ തൂക്കിക്കൊല്ലുകയും ചെയ്തു.
അമാനുഷിക ശക്തികൾ വളർന്നു
ഈ സംഭവം ഒരു തുടക്കമായിരുന്നു. അമാനുഷിക ശക്തിയോടുള്ള നാട്ടുകാരുടെ വിശ്വാസവും പേടിയും കൂടിവന്നു. ആരോപണങ്ങൾ പതിൻമടങ്ങായി. ചിലർക്ക് മറ്റുള്ളവരെ വേട്ടയാനുള്ള ശക്തി കിട്ടുമെന്ന് അവർ വിശ്വസിച്ചു. അടുത്തിടെയുണ്ടായ വസൂരിയും, അമേരിക്കൻ പ്രാദേശിക ഗോത്രക്കാർ ഉയർത്തിയ ഭീഷണിയുമെല്ലാം ദുർമന്ത്രവാദത്തിന്റെ ഫലമായിട്ടാണെന്ന് അവർ ഉറപ്പിച്ചു. പിന്നീട് ആരോപണവിധേയരായവരിൽ കുറേപ്പേർ ടിറ്റ്യൂബയെപ്പോലെ തെറ്റായ കുറ്റസമ്മതം നടത്തി വധശിക്ഷയിൽ നിന്ന് സ്വയം രക്ഷതേടി. കുറ്റം സമ്മതിക്കാത്തവർ തൂക്കുകയർ വാങ്ങി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കെതിരേ സംസാരിച്ച ജഡ്ജി പോലും സംശയത്തിന്റെ നിഴലിലായി. അത്രകണ്ട് അന്ധവിശ്വാസം ആ സമൂഹത്തെ പിടിച്ചുലച്ചിരുന്നു.
ഭാര്യക്കെതിരേ ആരോപണം വന്നപ്പോൾ ഗവർണർ ആ തീരുമാനമെടുത്തു
1693 ആയപ്പോഴേക്കുംഇരുന്നൂറോളം പേർ സമാന ആരോപണത്തിൽ ജയിലിലായി. ഇരുപതോളം പേർ വധിക്കപ്പെട്ടു. വൈകാതെ ആരോപണങ്ങൾ സേലവും കടന്ന് അടുത്തുള്ള ഗ്രാമങ്ങളിലേക്കെത്തി. ശക്തരും സമൂഹത്തിൽ വലിയ നിലയിലുള്ളവരുമായ വ്യക്തികളും ആരോപണവിധേയരാവാൻ അധികനാൾ വേണ്ടിവന്നില്ല. സ്വന്തം ഭാര്യ ദുർമന്ത്രവാദിനിയാണെന്ന് നാട്ടുകാർ പറഞ്ഞുപരത്തിയതോടെ മസാച്യുസെറ്റ്സ് കോളനി ഗവർണർ വില്യം ഫിപ്സ് വിഷയത്തിലിടപെട്ടു. കോടതി പിരിച്ചുവിട്ടു. പുതിയ കോടതി വിചാരണ കാത്തിരിക്കുന്നവരെ വിട്ടയച്ചു, വധശിക്ഷ കാത്തിരിക്കുന്നവർക്ക് മാപ്പ് നൽകി; വിചാരണകൾ അവസാനിച്ചു. പതിയെ ‘ദുർമന്ത്രവാദിക്കൊല’കൾ ഇല്ലാതായി.
ഹാലൂസിനേഷൻ
ഏറ്റവുമാദ്യം രോഗം വന്ന പെൺകുട്ടികൾക്ക് ഫംഗസ് ബാധമൂലം ഉണ്ടായ ഹാലൂസിനേഷൻ ആയിരിക്കാമെന്നാണ് ചിലർ സംശയിക്കുന്നത്. തലച്ചോറിലെ നീർക്കെട്ടുമൂലമാവാം അസ്വാഭാവികമായ പെരുമാറ്റമെന്നും പറയപ്പെടുന്നു. ആസ്ത്മ, എൻസിഫലൈറ്റിസ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെങ്കിലും യഥാർഥരോഗം ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല. കുട്ടികളുടെ ആരോപണങ്ങൾ മുതിർന്നവർ അതേപടി കേട്ടത് തെറ്റിദ്ധാരണ പരത്തിയെന്ന വിലയിരുത്തലാണ് പ്രധാനമായി നിൽക്കുന്നത്.
ശിക്ഷിക്കപ്പെട്ടത് 60000-ത്തോളം പേർ
1400-നും 1782-നുമിടയിലാണ് ലോകത്ത് ഏറ്റവുമധികം ദുർമന്ത്രവാദ കുറ്റവിചാരണകൾ നടന്നത്. യൂറോപ്പിലായിരുന്നു പ്രധാനമായും. യൂറോപ്പിൽ നടന്ന വിച്ച് ഹണ്ടിങ്ങിന്റെ നാലിൽ മൂന്നും രേഖപ്പെടുത്തിയത് പടിഞ്ഞാറൻ ജർമനി, ഫ്രാൻസ്, വടക്കൻ ഇറ്റലി, സ്വിറ്റ്സർലാൻഡ്, ലോ കൺട്രീസ് തുടങ്ങിയ ഇടങ്ങളിലാണ്. ഒന്നേകാൽ ലക്ഷത്തോളം പേർ വിചാരണ നേരിട്ടെന്നും അറുപതിനായിരത്തോളം പേർ ശിക്ഷിക്കപ്പെട്ടുവെന്നുമാണ് കണക്ക്.
Content Highlights: salem witch trials story, salem witches
Published: 28 Jun 2023, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented