ചുരുങ്ങിയ കാലം കൊണ്ട്  സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ തമിഴകത്തെ സംഗീത സംവിധായകനാണ് സായ് അഭ്യങ്കർ. ഇരുപതുകാരനായ അഭ്യങ്കറുടെ സിത്തിര പൂത്തിരി, കച്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഈ ഗാനങ്ങൾ നേടിയെടുത്തത്. 

ഷെയിൻ നിഗം നായകനായ ‘ബൾട്ടി‘യിലൂടെ സായ് അഭ്യങ്കർ സംഗീതസംവിധായകനായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. 'ബൾട്ടി'ക്കുവേണ്ടി സംഗീതമൊരുക്കാൻ 2 കോടി രൂപയാണ് അഭ്യങ്കർ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വാർത്ത.

മലയാളം സിനിമ ഇന്നുവരെ കൊടുത്തതിൽ വെച്ച് ഏറ്റവും വലിയ പ്രതിഫലമാണ് ‘ബൾട്ടി’യിലെ സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കൊടുത്തതെന്ന് നിർമാതാവ് സന്തോഷ് ടി.കുരുവിള വ്യക്തമാക്കി. രണ്ട് കോടിയ്ക്ക് മുകളിലാണ് സായ് അഭ്യങ്കറിന്റെ പ്രതിഫലമെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

‘സായ് ചെയ്താൽ സംഗതി ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് സംഗീതം ചെയ്യിപ്പിച്ചത്. ഈ സിനിമയിലെ ജാലക്കാരി എന്ന ഗാനം തമിഴ് നാട്ടിൽ ഇതിനോടകം തന്നെ വൈറലാണ്. സായ് അഭ്യങ്കറിന്റെ ആൽബം സോങ്ങുകൾക്കൊക്കെ മൂന്നു കോടിയ്ക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. ബൾട്ടിക്ക് ഒപ്പിട്ട് നാലുമാസം കഴിഞ്ഞ് 14 തമിഴ് സിനിമകളും രണ്ടു തെലുങ്ക് സിനിമകളും അദ്ദേഹം ഒപ്പിട്ടു.’- ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി.കുരുവിള ഇങ്ങനെ പറഞ്ഞു.

ഗായകരായ ടിപ്പുവും ഹരിണിയുമാണ് സായ്യുടെ മാതാപിതാക്കൾ. നാലു വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന സായ് അഭ്യങ്കറിന്റെ സഹോദരി സായ് സ്മൃതിയും ഗായികയാണ്. അഭ്യങ്കറുടെ വൈറലായ രണ്ടു പാട്ടുകളിലും കൂടെ പാടിയിരിക്കുന്നത് സഹോദരി സായ് സ്മൃതിയാണ്.

സിനിമാ മേഖലയിലെ ഒരു പുതുമുഖത്തിൽ എന്തിനാണ് ഇത്രയും വലിയൊരു വിശ്വാസമർപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ, സായിയുടെ  സ്വീകാര്യതയെക്കുറിച്ചാണ് അദ്ദേഹം എടുത്തുപറഞ്ഞത്. 
"അതെല്ലാം ഒരുൾക്കാഴ്ചയുടെ ഭാഗമാണ്. ഒരാൾക്ക് കാര്യങ്ങൾ ഭംഗിയായി ചെയ്യാനാകുമോ എന്ന് നമുക്കൊരു ധാരണ ലഭിക്കും. അദ്ദേഹത്തിൻ്റെ മ്യൂസിക് ആൽബങ്ങൾക്ക് കോടി കാഴ്‌ചക്കാരുണ്ടായത് കണ്ടപ്പോൾ എനിക്കത് ബോധ്യമായി," അദ്ദേഹം കൂട്ടിച്ചേർത്തു.

അല്ലു അർജുൻ, സൂര്യ, കാർത്തി, സിമ്പു, പ്രദീപ് രംഗനാഥൻ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമകളടക്കം വിവിധ ഭാഷകളിലായി ശ്രദ്ധേയമായ പ്രോജക്റ്റുകളുടെ ഒരു നിര തന്നെ  സ്വന്തമാക്കിയിട്ടുണ്ട് ഈ വെെറൽ ഗായകൻ.

ഇതിനിടയിൽ സായ് അഭ്യങ്കറിനെ അനിരുദ്ധുമായി താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി കമന്റുകളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. ‘ബിജിഎം അനിരുദ്ധിനേക്കാൾ കൊള്ളാം’ എന്ന് പറയുന്ന കമന്റിന് നന്ദി എന്ന് മാത്രം പറഞ്ഞ് കെെകൂപ്പി ചിരിച്ചുകൊണ്ടുപോകുന്ന സായ് യുടെ വീഡിയോയും ഇപ്പോൾ വെെറലാണ്.
 

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ‘ബൾട്ടി’ സെപ്തംബർ 26-ന് തിയേറ്ററുകളിലെത്തി. പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi