കുറച്ചുദിവസം മുമ്പാണ് ബോളിവുഡിലെ സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനുനേരെ വെടിവെയ്പ് നടന്നത്. ജുഹുവിലെ വസതിക്കുനേരെ നാലുതവണയാണ് വെടിയുതിർത്തത്. സംഭവത്തിനുശേഷം രോഹിത്തിന് അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

To advertise here,

തീരെ ചെറിയ നിലയിൽനിന്ന് ബോളിവുഡിലേക്കെത്തിയ സംവിധായകനാണ് രോഹിത്. 17-ാം വയസ്സിൽ സഹസംവിധായകനായിട്ടാണ് തുടക്കം. അന്ന് ദിവസം 35 രൂപയായിരുന്നു പ്രതിഫലം. അതിൽനിന്ന് യാത്രാച്ചെലവും ഭക്ഷണച്ചെലവും കഴിയുമ്പോൾ ബാക്കി ഒന്നുമുണ്ടാവില്ല കൈയിൽ. അതുകൊണ്ട് ദീർഘദൂരം നടന്നാണ് പലപ്പോഴും സെറ്റിലെത്തിയിരുന്നത്.

സംവിധായകനായി അരങ്ങേറ്റം കുറിച്ചത് അജയ് ദേവ്ഗൺ നായകനായ 'സമീൻ' എന്ന ചിത്രത്തിലൂടെയാണ്. ഗോൽമാൽ, ഗോൽമാൽ റിട്ടേൺസ് തുടങ്ങിയ കോമഡിചിത്രങ്ങളിലൂടെ തന്റെ ഇരിപ്പിടമുറപ്പിച്ചു. 'സിംഗം' എന്ന ചിത്രത്തിലൂടെയാണ് ആക്ഷൻസിനിമകളിലേക്ക് രോഹിത് ഷെട്ടി തിരിയുന്നത്. ചെന്നൈ എക്‌സ്പ്രസ്, സിംഗം റിട്ടേൺസ്, ദിൽവാലെ, സൂര്യവംശി, സിംഗം എഗെയ്ൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. അതിനൊപ്പം ഖത്രോം കി ഖിലാഡി ഉൾപ്പെടെയുള്ള ചില റിയാലിറ്റി ഷോകൾ അവതരിപ്പിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലധികവും നായകനായത് അജയ് ദേവ്ഗൺ തന്നെയാണ്. തന്റെ ഭാഗ്യനായകനായിട്ടാണ് അജയ്‌നെ രോഹിത് കണക്കാക്കുന്നത്.

ജുഹുവിലെ 10 നിലകളിലായുള്ള പ്രശസ്തമായ ഷെട്ടി ടവറിലാണ് രോഹിത് ഷെട്ടിയും കുടുംബവും താമസിക്കുന്നത്. കെട്ടിടത്തിന്റെ ആദ്യത്തെ നാലുനിലകൾ ഷെട്ടിയുടെ കാറുകൾ പാർക്ക് ചെയ്യാനുള്ള ഗാരിജായിട്ടാണ് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു. ലംബോർഗിനി, ഹമ്മർ, റേഞ്ച് റോവർ, മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള വണ്ടികളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. നവി മുംബൈയിലും ആറുകോടിയുടെ ലക്ഷ്വറി വില്ല അദ്ദേഹത്തിന് സ്വന്തമായുണ്ട്. 2016 രോഹിത് ഷെട്ടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമാണക്കമ്പനിയും തുടങ്ങി. കണക്കുകൾ പ്രകാരം ഇന്ന് 300 കോടിയാണ് അദ്ദേഹത്തിന്റെ ഏകദേശ ആസ്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi