കോളേജില്‍ നടന്ന ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തതാണ് ആശ കേളുണ്ണിയുടെ ജീവിതം മാറ്റിയത്. ആ ഷോയില്‍ എടുത്ത അവളുടെ ഫോട്ടോ തമിഴ് സിനിമാസംവിധായകന്‍ ഭാരതിരാജയുടെ കണ്ണിലുടക്കി. ‘മന്‍ വാസനൈ’ എന്ന സിനിമയില്‍ അദ്ദേഹം അവളെ നായികയാക്കി. 1983-ലായിരുന്നുവത്. അതേ വര്‍ഷം തന്നെ ‘കാറ്റത്തെ കിളിക്കൂട്’ എന്ന മലയാള സിനിമയിലും ആശ അഭിനയിച്ചു. രേവതി എന്ന എല്ലാവരും ആരാധിക്കുന്ന നടിയുടെയും സംവിധായികയുടെയും തുടക്കം അവിടെ നിന്നാണ്.

To advertise here,

ശ്രീദേവിയെപ്പോലെ ചുരുക്കം ചില നടിമാര്‍ക്ക് മാത്രമാണ് തെന്നിന്ത്യയില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് ചേക്കേറി വിജയം സൃഷ്ടിക്കാൻ സാധിച്ചത്. ആ വിജയം രേവതിയും ആവര്‍ത്തിച്ചു. തമിഴിലും തെലുഗുവിലും മലയാളത്തിലും കന്നടയിലും നേടിയ നേട്ടങ്ങള്‍ ഹിന്ദിയിലും രേവതി എത്തിപ്പിടിച്ചു.

‘ലവ്’ എന്ന സിനിമയില്‍ സല്‍മാന്‍ ഖാനൊപ്പമാണ് രേവതി അഭിനയിച്ചത്. ഇന്നും ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിലൊന്നായി സിനിമ വിലയിരുത്തപ്പെടുന്നു. സിനിമയിൽ എസ്.പി.ബി.യും ചിത്രയും ചേര്‍ന്ന് പാടിയ ‘സാഥിയാ തൂനെ ക്യാ കിയ’ എന്ന ഗാനം എവര്‍ഗ്രീന്‍ ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്നു.

2002-ല്‍ ‘മിത്ര് മൈ ഫ്രണ്ട്’ എന്ന സിനിമയിലൂടെ രേവതി സംവിധായികയുടെ വേഷത്തിലേക്ക് ചുവടുവെച്ചു. രേവതിയുടെ ഉറ്റ സുഹൃത്തായ ശോഭനയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച ഇംഗ്ലീഷ് സിനിമ, മികച്ച നടി, മികച്ച എഡിറ്റിങ് എന്നിങ്ങനെ രേവതിയുടെ കന്നിചിത്രത്തിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ രേവതിക്ക് സില്‍വര്‍ പീകോക്ക് ജൂറി അവാര്‍ഡും ലഭിച്ചു.

ഫിര്‍ മിലേംഗേ, സലാം വെങ്കി എന്നീ ഹിന്ദി സിനിമകള്‍ സംവിധാനം ചെയ്തു. ‘കേരള കഫെ’ എന്ന മലയാളസിനിമ ആന്തോളജിയിലും ‘മുംബൈ കട്ടിങ്’ എന്ന ഹിന്ദിസിനിമ ആന്തോളജിയിലും രേവതി സംവിധാനം ചെയ്ത സിനിമകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. തമിഴില്‍ ‘ഗുഡ് വൈഫ്’ എന്ന വെബ് സീരീസും രേവതി സംവിധാനം ചെയ്തിട്ടുണ്ട്. 59-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച കുടുംബക്ഷേമ ചിത്രമായത് രേവതി സംവിധാനം ചെയ്ത ‘റെഡ് ബില്‍ഡിങ് വേര്‍ ദി സണ്‍ സെറ്റ് സ്’ എന്ന സിനിമയാണ്

കാത്തിരുന്ന 39 വര്‍ഷങ്ങള്‍
ആദ്യസിനിമയ്ക്ക് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ സ്പെഷ്യല്‍ പുരസ്‌കാരം നേടിയ അഭിനേത്രിയാണ് രേവതി. അതേ വര്‍ഷം അതേ അവാര്‍ഡ്സില്‍ തന്നെ മലയാളത്തിലെ അരങ്ങേറ്റചിത്രത്തിന് മികച്ച മലയാള നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1992-ല്‍ സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച തെലുഗ് നടിയായി. 1992, 1993, 1994 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മികച്ച തമിഴ് നടിയായി.

1990-ല്‍ ‘കിഴക്ക് വാസല്‍’ എന്ന ചിത്രത്തിന് തമിഴ് സംസ്ഥാനപുരസ്‌കാരവും നേടി. മറ്റ് ഭാഷകളിലെല്ലാം അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയിട്ടും മലയാള സിനിമയില്‍ രേവതിക്ക് അവാര്‍ഡ് കിട്ടാക്കനിയായി തുടര്‍ന്നു. 1988-ലെ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി’കളിലെ പ്രകടനത്തിന് രേവതിക്ക് അവാര്‍ഡ് പ്രതീക്ഷ ഉണ്ടായിരുന്നതാണ്. എന്നാല്‍ അക്കൊല്ലത്തെ അവാര്‍ഡ് ഉര്‍വശിക്കാണ് കിട്ടിയത്.

ദേവാസുരം, മായാമയൂരം എന്നീ സിനിമകളിലും രേവതി ഗംഭീരമായിരുന്നു. അവയും അവാര്‍ഡില്ലാതെ കടന്നുപോയി എന്നത് വിവാദ വിഷയമൊന്നുമായില്ല. പക്ഷേ, കിലുക്കത്തിലെ നന്ദിനിയായുള്ള അഭിനയത്തിന് രേവതിക്ക് അവാര്‍ഡ് കിട്ടിയില്ല എന്നത് സിനിമാപ്രേമികളെ ഇന്നും അമ്പരപ്പിക്കുന്ന വസ്തുതയാണ്. അത്തവണയും ഉര്‍വശിക്കാണ് അവാര്‍ഡ് കിട്ടിയത്. 

പതിറ്റാണ്ടുകള്‍ വൈകിയാണ് കേരള സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് രേവതിയുടെ കയ്യിലെത്തുന്നത്. 2022-ലായിരുന്നുവത്. ‘ഭൂതകാലം’ എന്ന രാഹുല്‍ സദാശിവന്റെ ചിത്രത്തിലെ ആശ എന്ന കഥാപാത്രമാണ് കാത്തിരുന്ന ബഹുമതി രേവതിയുടെ അടുത്തെത്തിച്ചത്. രേവതി മലയാള സിനിമയിലെത്തി, പ്രേക്ഷകര്‍ നെഞ്ചോടടക്കിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്‍പത്തിയൊന്‍പത് കൊല്ലമായിരുന്നു അപ്പോഴേക്കും. 

അവാര്‍ഡ് സ്വീകരിച്ചശേഷം രേവതി നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. മറുപടി പ്രസംഗത്തിന് അവാര്‍ഡ് കയ്യിലേന്തിയാണ് രേവതി വന്നത്. അവാര്‍ഡ് കസേരയില്‍ വെച്ചിട്ട് പോരാന്‍ തോന്നിയില്ല എന്നവര്‍ ആദ്യംതന്നെ പറഞ്ഞു. ഇവള്‍ എന്ന് അവാര്‍ഡ് ശില്‍പ്പത്തെ വിളിച്ചുകൊണ്ടാണ് രേവതി സംസാരിച്ചത്. 

‘’ഇവള്‍ എന്റെ കയ്യില്‍ വരാന്‍ നാല്പതോളം വര്‍ഷങ്ങളെടുത്തു. നിങ്ങളുടെ സ്‌നേഹം എനിക്ക് കിട്ടിയിട്ടുണ്ട്, ഒരുപാട് സിനിമകളിലൂടെ. പക്ഷേ ഇവളെ കിട്ടാന്‍ ഇത്രയും വർഷങ്ങളായി . ഏറ്റവും സന്തോഷം എന്റെ അച്ഛനും അമ്മയ്ക്കും ആയിരിക്കും. അവര്‍ രണ്ടുപേരും കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. മലങ്കാട്ടില്‍ കേളുണ്ണി, ലളിത കേളുണ്ണി. എനിക്ക് കേരള സംസ്ഥാനഅവാര്‍ഡ് എന്ന് കേട്ടപ്പോള്‍ അവര്‍ക്കാണ്  എറ്റവുമധികം സന്തോഷം തോന്നിയത്. 

ഈ 39 വര്‍ഷത്തില്‍ ഒരുപാട് പേരുടെ ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഈ അവാര്‍ഡ് ആര്‍ക്കാണ് ഡെഡിക്കേറ്റ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍, ഈ അവാര്‍ഡ് എനിക്കുതന്നെ സമര്‍പ്പിക്കാനാണ് എനിക്കാഗ്രഹം. ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്.

ജൂറി ചെയര്‍മാന് നന്ദി പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനും മുഖ്യമന്ത്രിക്കും നന്ദി. ഒരുപാട് നന്ദി. ഇവള്‍ എനിക്ക് അമൂല്യമാണ്.’’

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi