
അമ്മയുടെ സ്‌നേഹം കിട്ടാതെ പോയ മകനാണ് പ്രതീക് പാട്ടീല്‍ ബബ്ബാര്‍. അമ്മ ഒരുപാടാഗ്രഹിച്ച് അവനിട്ട പേരാണ് പ്രതീക്. രണ്ടാഴ്ചയേ ഒപ്പമുണ്ടായുള്ളൂവെങ്കിലും മകനെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു അവര്‍. മകന്‍ വലുതാവുന്നതും സിനിമയില്‍ അഭിനയിക്കുന്നതും വരെ സ്വപ്‌നം കണ്ടു. അതെല്ലാം പ്രിയപ്പെട്ടവരോട് പങ്കുവെക്കുകയും ചെയ്തു. പക്ഷേ സ്‌നേഹിച്ച് തുടങ്ങും മുമ്പേ, മകനെ തനിച്ചാക്കി മടങ്ങാനായിരുന്നു ആ അമ്മയുടെ വിധി. വര്‍ഷങ്ങള്‍ക്കിപ്പുറവും താനറിയാത്ത, കാണാത്ത, ആ അമ്മയെ പ്രതീക് ഇപ്പോഴും നെഞ്ചില്‍ കൊണ്ടുനടക്കുന്നു, അമ്മയുടെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം. പ്രതീകിന്റെ സ്വന്തം 'മാ' സിനിമാസ്വാദകര്‍ക്ക് സ്മിത പാട്ടീല്‍ എന്ന എക്കാലത്തെയും മികച്ച അഭിനേത്രിയാണ്. ജയബാദുരിയുടെ ഛായയുള്ള ടിവി അനൗണ്‍സര്‍ എന്ന വിളിപ്പേരില്‍നിന്ന് ഇന്ത്യന്‍സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാള്‍ എന്ന വിശേഷണം സ്വന്തമാക്കിയ സ്മിത.
ആ പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്നത് 'ചിദംബര'ത്തിലെ ശിവകാമിയുടെ മുഖമാണ്. ജി.അരവിന്ദന്‍ സംവിധാനം ചെയ്ത നിര്‍മിച്ച ഈ സിനിമയില്‍ ശിവകാമിയായി അവര്‍ നിറഞ്ഞാടുകയായിരുന്നു. സമാന്തരസിനിമകളിലും കമേഴ്‌സ്യല്‍ സിനിമകളിലും ഒരുപോലെ വിജയിച്ച സ്മിത മലയാളത്തില്‍ അഭിനയിച്ച ഏക സിനിമ.
ടിവി അനൗണ്‍സറായിട്ടായിരുന്നു സ്മിത പാട്ടീല്‍ കരിയര്‍ തുടങ്ങിയത്. അവിടുന്നാണ് ശ്യാം ബെനഗല്‍ അവരെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഇരുപതാമത്തെ വയസ്സില്‍ ശ്യാം ബെനഗലിന്റെ ചരണ്‍ദാസ് ഛോര്‍ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീടും ശ്യാം ബെനഗല്‍, സത്യജിത്ത് റേ തുടങ്ങിയ പ്രമുഖരുടെ സിനിമകളില്‍ അഭിനയിച്ചു. 75-ഓളം സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭൂമിക, ചക്ര, ആക്രോശ്, വാരിസ്, അമൃത്, മിര്‍ച്ചി മസാല, നമക് ഹലാല്‍, ഉമ്പര്‍ത്ത, അര്‍ത്ഥ്, മന്തന്‍...ലിസ്റ്റ് ഇനിയും നീളും. കാലങ്ങളിലേക്കുള്ള പേരും പ്രശസ്തിയും സ്വന്തമാക്കിയാണ് സ്മിത മുപ്പത്തൊന്നാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറയുന്നത്.

രണ്ട് ദേശീയപുരസ്‌കാരങ്ങള്‍, പത്മശ്രീ പുരസ്‌കാരം...ഇതെല്ലാം ആ ചെറുപ്രായത്തില്‍ തന്നെ സ്മിത കരസ്ഥമാക്കിയിരുന്നു. മുപ്പതാമത്തെ വയസ്സിലാണ് അവര്‍ക്ക് പത്മശ്രീ ലഭിക്കുന്നത്. തുടക്കകാലത്ത് സമാന്തരസിനിമകളിലായിരുന്നു കൂടുതലായി തിളങ്ങിയത്. കമേഴ്‌സ്യല്‍ സിനിമകളിലേക്കുള്ള ഓഫറുകളെല്ലാം വേണ്ടെന്നുവെച്ചെങ്കിലും പിന്നീട് അവരും അതിന്റെ ഭാഗമാവുന്നതാണ് കണ്ടത്. അതിനെക്കുറിച്ച് സ്മിത ഒരിക്കല്‍ പറഞ്ഞതിങ്ങനെ.
''അഞ്ച് വര്‍ഷത്തോളം ചെറിയ സിനിമകളുടെ മാത്രം ഭാഗമായിരുന്നു ഞാന്‍. കുറച്ചുകഴിഞ്ഞപ്പോള്‍ ചെറിയ സിനിമകളിലും നല്ല പേരുള്ള വലിയ അഭിനേതാക്കള്‍ വേണമെന്ന നിലയായി. പല പ്രൊജക്ടുകളില്‍നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. ചെറിയ സിനിമകളോടുള്ള കമ്മിറ്റ്‌മെന്റ് കാരണമാണ് ഞാന്‍ കമേഴ്‌സ്യല്‍ സിനിമകളില്‍നിന്നുള്ള ഓഫറുകള്‍ നിരസിച്ചത്. എന്നിട്ടും എനിക്ക് തിരിച്ചുകിട്ടിയതെന്താണ്. അങ്ങനെ വരുന്ന ഓഫറുകളെല്ലാം സ്വീകരിക്കാന്‍ തുടങ്ങി''. ശക്തി, നമക് ഹലാല്‍ എന്നീ സിനിമകളിലെ അഭിനയത്തോടെ സീരിയസ് സിനിമകളും മസാല സിനിമകളും തനിക്ക് വഴങ്ങുമെന്ന് അവര്‍ തെളിയിച്ചു.
അതേ കാലത്തുതന്നെയാണ് ശബാന ആസ്മിയും സിനിമയില്‍ നിറഞ്ഞുനിന്നത്. ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളിലെല്ലാം ശബാന ആസ്മിയും സ്മിത പാട്ടീലും തമ്മില്‍ ഇഞ്ചോടിഞ്ച് അഭിനയപോരാട്ടം കാഴ്ചവെച്ചു. അപ്പോഴെല്ലാം ചെറിയ കുട്ടിയുടെ കൗതുകത്തോടെ തന്റെയടുത്തേക്ക് ഓടിയെത്തിയിരുന്ന സ്മിതയെക്കുറിച്ച് ശ്യാം ബെനഗല്‍ പലപ്പോഴും ഓര്‍മിച്ചു. 'ഓരോ ഷോട്ടും കഴിയുമ്പോള്‍ സ്മിത ഓടിയടുത്തുവരും. എന്നിട്ട് എന്റെ ചെവിയില്‍ ചോദിക്കും, ഞങ്ങളില്‍ ആരാണ് നന്നായി അഭിനയിച്ചത്''.
ഉറച്ചനിലപാടുകള്‍ക്കൊപ്പം
അഭിനയത്തിനൊപ്പം തന്നെ ശക്തമായ നിലപാടുകളിലൂടെയും അവര്‍ തന്റെ സാന്നിധ്യമറിയിച്ചു. മുംബൈയിലെ വുമന്‍സ് സെന്ററില്‍ അംഗമായിരുന്നു സ്മിത. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവതിയായിരുന്നു. സിനിമയെന്നാല്‍ ഗ്ലാമര്‍ എന്ന ചിന്താഗതിക്കപ്പുറത്തേക്ക് സ്മിത ചിന്തിച്ചു. സിനിമയുടെ മാര്‍ക്കറ്റിങ്ങിനായി പോസ്റ്ററുകളിലൂടെയും മറ്റും അഭിനേത്രിമാരുടെ എക്‌സ്‌പോസ്ഡ് ആയിട്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അവരെന്നും ചോദ്യം ചെയ്തു.

''നായികയ്ക്ക് ആ സിനിമയില്‍ ശക്തമായ റോളായിരിക്കും. എങ്കിലും പോസ്റ്ററില്‍ കാണിക്കുന്നത് എക്‌സ്‌പോസ്ഡ് ആയിട്ടുള്ള ചിത്രങ്ങള്‍ മാത്രമായിരിക്കും. ഈ സിനിമയില്‍ സ്ത്രീകളുടെ നഗ്നത കാണിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ ഈ സിനിമ കാണണമെന്ന് സിനിമാസ്വാദകരോട് പറയുകയാണ് അതിലൂടെ ചെയ്യുന്നത്. ഈ നിലപാട് വളരെ തെറ്റാണ്. സ്ത്രീകളുടെ നഗ്നത കാണിച്ചാല്‍ നൂറുപേര്‍ അധികം വരുമെന്ന ചിന്താഗതിയാണ് ഇതിനുപിന്നില്‍'', ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ സ്മിത ഒരിക്കല്‍ പറഞ്ഞു. സ്ത്രീകളുടെ റോളുകളെക്കുറിച്ചും അവര്‍ പലപ്പോഴും പ്രതിഷേധിച്ചു. ''പതിവ്രത, ബുദ്ധിയില്ലാത്ത പെണ്ണ്, കരുത്തില്ലാത്തവള്‍ ഇതൊന്നുമല്ലെങ്കില്‍ നെഗറ്റീവ് റോളുകള്‍...അങ്ങനെയാണ് സ്ത്രീകളെ അധികവും സിനിമകളില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്''.
മഹാരാഷ്ട്രയിലെ മുന്‍മന്ത്രിയായിരുന്ന അച്ഛന്‍ ശിവാജിറാവു ഗിര്‍ധര്‍ പാട്ടീലിന്റെയും സാമൂഹ്യപ്രവര്‍ത്തകയായ അമ്മ വിദ്യാതായ് പാട്ടീലിന്റെയും വഴിയിലൂടെ തന്നെയായിരുന്നു സ്മിതയുടെ നടപ്പ്. തങ്ങളുടെ രണ്ടാമത്തെ മകള്‍ക്ക് വിദ്യാതായ്, സ്മിത എന്ന പേരിട്ടതിനുപിന്നിലൊരു കഥയുണ്ട്. എപ്പോഴും മുഖത്ത് ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്ന കുഞ്ഞിനെ കണ്ടപ്പോഴാണ്, അമ്മ ആ പേരിട്ടത്. ഈ പുഞ്ചിരിയും അവരുടെ വ്യക്തിത്വവും തന്നെയാണ് സ്മിതയ്ക്ക് പിന്നീട് ഏറെ ആരാധകരെ നേടിക്കൊടുത്തതും. നല്ല സീരിയസ് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും, യഥാര്‍ഥജീവിതത്തില്‍ വളരെ കുസൃതിയായ സ്മിതയെക്കുറിച്ചാണ് കൂട്ടുകാര്‍ക്കെല്ലാം പറയാനുള്ളത്.
ജീവിതത്തിലേക്ക് കടന്നുവന്ന പ്രണയം
കുറേ സിനിമകളില്‍ ഒരുമിച്ചഭിനയിച്ച രാജ് ബബ്ബാറിനെയാണ് അവര്‍ വിവാഹം കഴിച്ചത്. ഭീഗി പാല്‍ക്കേയ്ന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് രാജിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വൈകാതെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. നേരത്തെ വിവാഹിതനായിരുന്ന രാജ് ബബ്ബാറുമായുള്ള ബന്ധം അക്കാലത്ത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചു. സ്മിതയുടെ നിലപാടുകളും അവരുടെ പ്രവര്‍ത്തിയും യോജിച്ചുപോവുന്നില്ലെന്ന് എല്ലാവരും കുറ്റപ്പെടുത്തി. സ്വന്തം വീട്ടുകാര്‍ പോലും കൂടെനിന്നില്ല. സമൂഹം അവളെ 'ഘര്‍ തോഡ്‌നെ വാലി' (കുടുംബം തകര്‍ക്കുന്നവള്‍) എന്ന് വിളിച്ചു. അപ്പോഴും സ്മിത ഒട്ടും കുലുങ്ങിയില്ല.
''കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. കൂടാതെ സമൂഹത്തിന്റെ എതിര്‍പ്പുകളൊന്നും എന്നെ ബാധിക്കുന്നതേയില്ല'', അവര്‍ മറുപടി പറഞ്ഞു. 1986 നവംബറില്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കി. കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ബാക്കിവെച്ച് സ്മിത മരണത്തിലേക്ക് യാത്രയായി. കടുത്ത പനിയുമായി തീരെ വയ്യാതെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുമ്പോഴും അവര്‍ പറഞ്ഞത് ഒരു കാര്യം മാത്രമാണ്, ''എന്റെ കുഞ്ഞിനരികില്‍നിന്ന് എങ്ങോട്ടും പോവണ്ട...'' ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും അവര്‍ കോമയിലായിരുന്നു. കുറച്ചുകഴിഞ്ഞ് മരണത്തിലേക്കും. ഒരു വധുവിനെ പോലെ ഒരുക്കിയാണ് ബന്ധുക്കള്‍ അവരെ യാത്രയാക്കിയത്. സ്മിത മരിച്ചശേഷവും അവരുടെ പത്തോളം സിനിമകള്‍ പുറത്തിറങ്ങി. ആളുകളെല്ലാം ആവേശപൂര്‍വം ആ സിനിമകള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്നും ഇന്ത്യന്‍സിനിമയിലെ മികച്ച അഭിനേത്രിമാരിലൊരാളായാണ് ലോകം അവരെ കണക്കാക്കുന്നത്.
(പുനപ്രസിദ്ധീകരണം)
Content Highlights: remembering smita patil
Published: 14 Dec 2024, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented