
2018 സെപ്‌സംബര്‍ 25...ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കാണ് അന്ന് മലയാളികള്‍ ഉറക്കമുണര്‍ന്നതുതന്നെ. പ്രമുഖവയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് വാഹനാപകടത്തില്‍പ്പെട്ടു. ഏകമകള്‍ തേജസ്വിനി ബാല, അപ്പോള്‍ തന്നെ മരിച്ചു. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും പരിക്കുകളോടെ ആസ്പത്രിയിലാണ്.
വിവരമറിഞ്ഞപ്പോഴും എല്ലാവരും പ്രതീക്ഷയിലായിരുന്നു, ആരാധകരുടെ പ്രിയപ്പെട്ട ബാലു മടങ്ങിവരുമെന്ന പ്രാര്‍ഥന. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഒക്ടോബര്‍ 2-ന്, പ്രതീക്ഷകളൊക്കെ അവസാനിപ്പിച്ചുകൊണ്ട് ബാലഭാസ്‌കറും മടങ്ങി. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞിനൊപ്പം ബാലുവും. തന്റെയുള്ളിലെ സംഗീതമെല്ലാം ഈ ഭൂമിയില്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ആ യാത്ര പ്രിയപ്പെട്ടവരൊന്നും ഇന്നും മറന്നിട്ടില്ല.
ബാലുവിന്റെ മരണത്തിനുപിന്നാലെ കുറേ വിവാദങ്ങളും ഉയര്‍ന്നിരുന്നു. തൃശ്ശൂരിലായിരുന്ന ബാലഭാസ്‌കര്‍, ധൃതിപിടിച്ച് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങിയതും സഞ്ചരിച്ച ഇന്നോവ കാര്‍ വളരെ വേഗത്തിലായിരുന്നതുമൊക്കെ ചര്‍ച്ചയായി. ഇന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
മൂന്നാം വയസ്സിലാണ് ബാലു സംഗീതത്തിലേക്ക് പിച്ചവെക്കുന്നത്. അതിന് കാരണക്കാരനായത് വയലിനിസ്റ്റും സംഗീതജ്ഞനുമായ അമ്മാവന്‍ ബി.ശശികുമാറാണ്. മൂന്നാം വയസ്സില്‍ അദ്ദേഹമാണ് ബാലുവിന് ഒരു വയലിന്‍ സമ്മാനിക്കുന്നത്. സംഗീതത്തിലെ ആദ്യഗുരു അമ്മാവന്‍ തന്നെ. അവിടുന്നങ്ങോട്ട് വയലിനെ നെഞ്ചോട് ചേര്‍ത്തു ബാലഭാസ്‌കര്‍. അതിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി.
പതിനേഴാമത്തെ വയസ്സില്‍ 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അങ്ങനെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകനായി. തൊട്ടുപിറകെ എക്കാലത്തെയും ഹിറ്റ് ആല്‍ബങ്ങളുടെ സംഗീതസംവിധാനവും. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആദ്യമായ്, നിനക്കായ് ആല്‍ബങ്ങളില്‍ ബാലു സംഗീതം കൊടുത്ത പാട്ടുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതുതന്നെ. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, നിനക്കായ് തോഴി പുനര്‍ജനിക്കാം...തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടി ബാലു.
എങ്കിലും സിനിമയേക്കാളും ബാലുവിനെ കൊതിപ്പിച്ചത് വയലിന്‍ തന്നെ. വയലിനുമായി അദ്ദേഹം കീഴടക്കിയ വേദികളെത്ര. വേദികളില്‍നിന്ന് വേദികളിലേക്കുള്ള യാത്ര. പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു മരണം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുന്നതും. തന്റെ ഈണങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ടുള്ള യാത്ര...
Content Highlights: remembering musician balabhaskar
Published: 03 Oct 2024, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented