ബസ് കണ്ടക്ടറെന്ന ഐഡന്റിറ്റിയിൽ നിന്ന് വലിയ താരപദവിയിലേക്കുയർന്നെങ്കിലും ഉള്ളിൽ താനിപ്പോഴും പഴയ ആ ജോലിക്കാരനാണെന്ന് പറയുകയാണ് സൂപ്പർസ്റ്റാർ രജനീകാന്ത്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനീകാന്ത് നായകനാകുന്ന 'ജയിലർ 2' റിലീസ് ചെയ്യാനിരിക്കെ, അണിയറപ്രവർത്തകർ ഒരു ' സൂപ്പർ ഷോ' സൺ നെക്സ്റ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിൽ രജനീകാന്തും നെൽസണും 'ജയിലർ 2'ലെ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെയാണ് രജനീകാന്ത് മനസ്സുതുറന്നത്.

ജന്മനാ എളിമയുള്ളയാളാണോ അതോ മറ്റുള്ളവർക്കായി അത് കാത്തുസൂക്ഷിക്കുന്നതാണോയെന്ന് നെൽസൺ രജനീകാന്തിനോട് ചോദിച്ചു, അതിന്റെ മറുപടി ഇങ്ങനെയായിരുന്നു - "നോക്കൂ, ഞാനൊരു വലിയ താരമാണെങ്കിൽ പോലും.. തീർച്ചയായും എനിക്ക് അഭിനയം ഇഷ്ടമാണ്, അതിലുപരി, എനിക്ക് കണ്ടക്ടർ ജോലിയായിരുന്നു ഇഷ്ടം. ഞാൻ അഞ്ച് വർഷം കണ്ടക്ടർ ജോലി ചെയ്തു, ഇന്നും ഞാനത് മിസ്സ് ചെയ്യുന്നു... എനിക്കെന്നെ ഒരിക്കലും ഒരു സ്റ്റാറായി കാണാൻ കഴിഞ്ഞിട്ടില്ല."

ഇക്കാരണം കൊണ്ടാണ് താൻ പലപ്പോഴും ബംഗളൂരുവിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. "ഈ താരപ്പകിട്ടൊക്കെ കൊള്ളാം. സത്യം പറഞ്ഞാൽ, ഞാനൊരു കണ്ടക്ടറാണെന്ന് സ്വയം തിരിച്ചറിയാനാണ് കൂടുതലിഷ്ടം. അതുകൊണ്ടാണ് ഇടയ്ക്കിടെ ബംഗളൂരുവിൽ പോകുന്നത്, കണ്ടക്ടർമാർ എല്ലാത്തരം ആളുകളുമായും ഇടപഴകുന്നവരാണ്. ഞാനെന്നെ ഒരു ബസ് കണ്ടക്ടറായിട്ടാണ് കാണുന്നത്. അപ്പോൾ, എന്നെപ്പോലെയുള്ള ഒരു ബസ് കണ്ടക്ടർ നിങ്ങളെപ്പോലെയുള്ള ഒരു വലിയ വ്യക്തിയുടെ മുന്നിൽ എങ്ങനെയാണ് പെരുമാറുക?"

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആർപ്പുവിളിച്ചപ്പോൾ നെൽസൺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു, സർ."

രജനീകാന്ത് സിനിമയിലെത്തുന്നത്
ബംഗളൂരുവിലെ ഒരു മറാത്തി കുടുംബത്തിൽ ശിവാജി റാവു ഗെയ്ക്‌വാദ് എന്ന പേരിലാണ് രജനീകാന്ത് ജനിക്കുന്നത്. രാമകൃഷ്ണ മഠത്തിലെ നാടകങ്ങളിൽ പങ്കെടുത്തപ്പോഴാണ് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വളർന്നത്. സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, രജനീകാന്ത് കണ്ടക്ടർ പണിയുൾപ്പെടെ വിവിധ ജോലികൾ ചെയ്തു.

സംവിധായകൻ കെ. ബാലചന്ദർ ശ്രദ്ധിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി. സിനിമയിൽ പുതിയ വഴി തുറക്കുകയായിരുന്നു. ശിവാജി ഗണേശനുമായി ആശയക്കുഴപ്പത്തിലാവാതിരിക്കാൻ അദ്ദേഹത്തിന് സ്റ്റേജ് നെയിം നൽകിയതും ബാലചന്ദറാണ്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രം രജനീകാന്ത് തമിഴ് സംസാരിക്കാൻ പഠിക്കുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi