
മുത്തശ്ശി ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ വെടിയേറ്റുമരിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിക്ക് 12 വയസ്സാണ്. ഏഴുവര്‍ഷത്തിനുശേഷം അച്ഛന്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ 19-ഉം. പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന സമയംമുതല്‍ കോണ്‍ഗ്രസിന്റെ അടുത്ത നേതാവായി ആളുകള്‍ പ്രിയങ്കയെ പ്രതീക്ഷിച്ചിരുന്നു. ചെറുപ്പം മുതലേ, മുത്തശ്ശി ഇന്ദിരയുമായുള്ള സാമ്യം ആളുകള്‍ എടുത്തുപറഞ്ഞു. കുടുംബത്തിനേറ്റ തുടര്‍ച്ചയായ ആഘാതങ്ങളുടെ പശ്ചാത്തലത്തിലാവണം, അമ്മ സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുലിനുമൊപ്പം പ്രിയങ്കയും പൊതുരംഗങ്ങളില്‍ നിന്ന് ഉള്‍വലിഞ്ഞുനിന്നു.
നിരന്തരമുള്ള ആക്രമണഭീഷണികളിലായിരുന്നു പ്രിയങ്കയുടെ കുട്ടിക്കാലം. ഡെറാഡൂണിലും ഡല്‍ഹിയിലുമായി സ്‌കൂള്‍ കാലം ചെലവിട്ടു. ഇന്ദിരാഗാന്ധി വധത്തിനുശേഷം പല കോണുകളില്‍ നിന്ന് വന്ന വധഭീഷണി കാരണം രാഹുലിനും പ്രിയങ്കയ്ക്കും വീട്ടില്‍ വെച്ചായിരുന്നു ഒരുസമയംവരെ വിദ്യാഭ്യാസം. 25-ാം വയസ്സില്‍ ബിസിനസുകാരനായ റോബര്‍ട്ട് വാദ്രയുമായി വിവാഹം. വര്‍ഷങ്ങള്‍ക്കുശേഷം വിവാഹവേളയിലാണ് പ്രിയങ്ക വീണ്ടും ജനശ്രദ്ധ നേടുന്നത്. കാണാന്‍ മുത്തശ്ശിയെപ്പോലെയുണ്ടെന്നും അവരുടെ പിന്‍ഗാമിയായി പ്രിയങ്ക വളരുമെന്നും ആളുകള്‍ വീണ്ടും ഉറപ്പോടെ പറഞ്ഞു.
Also Read
1990-കളുടെ അവസാനത്തില്‍ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് സോണിയ രാഷ്ട്രീയത്തിലിറങ്ങി, കോണ്‍ഗ്രസിനുവേണ്ടി അന്ന് പ്രിയങ്ക തിരശ്ശീലയ്ക്ക് പിന്നിലുണ്ടായിരുന്നു. പ്രിയങ്ക നയിക്കേണ്ടത് പിന്നില്‍ നിന്നല്ല, മുന്നില്‍ നിന്നാണെന്ന് അണികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അമ്മയ്ക്കും സഹോദരനും പിന്നില്‍ നിന്ന് പാര്‍ട്ടിയെ സേവിക്കാനാണ് പ്രിയങ്ക തീരുമാനിച്ചത്. പാര്‍ട്ടികളിലും ഹൈ സൊസൈറ്റി ഇവന്റുകളിലും ഭര്‍ത്താവ് വാദ്രയെ പലപ്പോഴും കാണാറുണ്ടെങ്കിലും, പ്രിയങ്ക അതിലൊന്നും ഉണ്ടാവാറില്ലായിരുന്നു.
വെളിപ്പെടുത്തല്‍
'എനിക്കറിയാവുന്നിടത്തോളം രാഷ്ട്രീയത്തോടുള്ള പ്രിയങ്കയുടെ താല്‍പര്യം ചെറുപ്പത്തിലേ തുടങ്ങിയതാണ്. രാഷ്ട്രീയ സംഭവവികാസങ്ങളും രാഷ്ട്രീയത്തിന്റെ ഭാഷയും മനസ്സിലാക്കാന്‍ അവള്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. ഇതിന് തെളിവ് എന്റെ പക്കലുണ്ട്, പക്ഷേ ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല. 1990-ല്‍ അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു, മകള്‍ക്ക് രാഷ്ട്രീയമായി ചിന്തിക്കാനുള്ള മനസ്സുണ്ടെന്ന്'-2014ല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന ജനാര്‍ദന്‍ ദ്വിവേദിയുടെ ഈ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനകത്തും പുറത്തും വലിയ വിവാദവും ചര്‍ച്ചകളുമുണ്ടാക്കി.
വാരാണസിയില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരേ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് താത്പര്യമുണ്ട്, പക്ഷേ പാര്‍ട്ടി ഹൈക്കമാന്‍ഡ് അത് വിലക്കി എന്നുള്ള വാര്‍ത്ത ആയിടെ പ്രചരിച്ചിരുന്നു. പതിവുപോലെ പ്രിയങ്കയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് വലിയരീതിയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി പ്രിയങ്ക നേരിട്ടെത്തി. 'തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നത് വ്യക്തിപരമായ തീരുമാനമാണ്, മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ കുടുംബം പൂര്‍ണപിന്തുണ നല്‍കുമായിരുന്നു, രാഹുല്‍ പലതവണ തവണ മത്സരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു'-പ്രിയങ്ക പറഞ്ഞു. പാര്‍ട്ടിയില്‍ എന്തു പങ്ക് എപ്പോള്‍ വഹിക്കണമെന്നത് പ്രിയങ്കയുടെ തീരുമാനമാണെന്നും മത്സരിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും തടയാനാവില്ലെന്നും അന്നത്തെ പാര്‍ട്ടി വക്താവ് വിശദീകരണവും നല്‍കി.
പിന്‍ഗാമി രാഹുല്‍ഗാന്ധി
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്കയ്ക്കുമാത്രമേ കഴിയൂ എന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇന്ത്യ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം ഉറ്റുനോക്കുന്ന സമയം, അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടു. പ്രിയങ്ക തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍, അമേഠിയില്‍ ജനവിധി തേടുന്ന രാഹുല്‍ ആയിരിക്കും നെഹ്‌റു കുടുംബത്തിലെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് ഏകദേശം ഉറപ്പായിരുന്നു. ഇന്ദിരയുടെ പിന്‍ഗാമിയായി മനസ്സില്‍കണ്ട പ്രിയങ്ക മാറിനില്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കി.
പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമായാല്‍ അധികാരതര്‍ക്കം കുടുംബബന്ധത്തെ ബാധിക്കുമോ, കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയമൂല്യം കല്പിക്കുന്ന പ്രിയങ്കയെ അതിജീവിച്ച് നേതൃത്വത്തില്‍ തുടരാന്‍ രാഹുലിനാവുമോ, അമ്മയുടെ തീരുമാനം കണക്കിലെടുത്ത് ജ്യേഷ്ഠനു പിന്നിലൊതുങ്ങി രാഷ്ട്രീയം കളിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ അന്ന് വൃത്തങ്ങളില്‍ ഉയര്‍ന്നു. നെഹ്‌റുവിന്റെ ഏകമകളെന്ന നിലയില്‍ ഇന്ദിരയുടെ രാഷ്ട്രീയപ്രവേശം പിന്‍ഗാമിത്വചര്‍ച്ചകളില്‍ കുരുങ്ങിയിരുന്നില്ല. ഇന്ദിരാഗാന്ധിയാവട്ടെ, പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്നത് സഞ്ജയ് ഗാന്ധിയെയാണ്. സഞ്ജയുടെ മരണത്തിനുശേഷം മാത്രമാണ് പൈലറ്റായി ജോലിചെയ്യുകയായിരുന്ന രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമായത്. അമേഠി മണ്ഡലം രാജീവ് ഏറ്റെടുത്തു. രാജീവ് ഗാന്ധിയുടെ മരണശേഷം സോണിയ അവിടെ സ്വാഭാവിക പിന്‍ഗാമിയായി. രാഹുല്‍ ഗാന്ധിക്ക് മണ്ഡലം വിട്ടുകൊടുത്തതിലൂടെ സോണിയ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് വ്യക്തമായി. ആദ്യമായി മത്സരത്തിനിറങ്ങിയ 1999-ല്‍ അമേഠിക്കൊപ്പം കര്‍ണാടകയിലെ ബെല്ലാരിയിലും സോണിയ മത്സരിച്ചിരുന്നു. രണ്ടിടങ്ങളിലും വിജയിച്ചു. ബെല്ലാരിയില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാകുമെന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ വന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല.
പിതാവിന്റെ കൊലയാളിയെ ജയിലില്‍ കാണുന്നു
രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനെ പ്രിയങ്ക ജയിലില്‍ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലിലായിരുന്നു നളിനി. തികച്ചും സ്വകാര്യസന്ദര്‍ശനമാണതെന്നും സ്വയം താത്പര്യമെടുത്താണ് അതിന് അവസരമൊരുക്കിയതെന്നും പ്രിയങ്ക വെളിപ്പെടുത്തി. 'ഞാന്‍ വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കുന്നില്ല. അവ എന്നെ കീഴടക്കാന്‍ അനുവദിക്കുകയുമില്ല. എനിക്ക് നേരിട്ട നഷ്ടത്തിനും അതിനിടയാക്കിയ അക്രമത്തിനും പകരം സമാധാനത്തിന്റെ വഴിയോടാണ് താത്പര്യം. എന്റെ സന്ദര്‍ശനം തികച്ചും സ്വകാര്യമായി കണ്ടാല്‍ വളരെ നന്ദിയുണ്ട്'- പ്രിയങ്ക അന്ന് പറഞ്ഞു. അതീവരഹസ്യമായി നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി മാസങ്ങള്‍ക്കുശേഷമാണ് അവര്‍ തുറന്നുപറഞ്ഞത്.
ഒന്നര മണിക്കൂറോളം നീണ്ട പ്രിയങ്ക-നളിനി കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നുവെന്ന് മാധ്യമങ്ങളെഴുതി. ഒരു നല്ല വ്യക്തിയായിരുന്ന അച്ഛനെ എന്തിന് കൊലപ്പെടുത്തിയെന്ന് പ്രിയങ്ക നളിനിയോടു ചോദിച്ചുവെന്ന് നളിനിയുടെ അഭിഭാഷകന്‍ പറഞ്ഞു. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമായിരുന്നുവെന്നും. എന്നാല്‍ രാജീവ് വധം നടന്ന സ്ഥലത്ത് താനുണ്ടായിരുന്നെങ്കിലും അവസാനനിമിഷം വരെ അതേക്കുറിച്ച് ഒന്നുമറിഞ്ഞില്ലെന്ന് നളിനി പ്രിയങ്കയോടു പറഞ്ഞു. രാജീവ് വധക്കേസില്‍ നളിനിക്കും വധശിക്ഷ ലഭിച്ചതാണ്. എന്നാല്‍ പിഞ്ചുകുട്ടിയായ അവരുടെ മകളെക്കരുതി സോണിയാഗാന്ധി അഭ്യര്‍ഥിച്ചതുപ്രകാരം വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു.
പ്രചാരണങ്ങളില്‍ സജീവം
പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രചാരണത്തിന് ഊര്‍ജസ്വലതയോടെ പ്രിയങ്കയിറങ്ങി. ഗ്രാമീണരുമായുള്ള അവരുടെ ബന്ധം ആഴത്തിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും സജീവമായി. കോണ്‍ഗ്രസിന്റെ ചത്ത പ്രചാരണത്തിന് ഉശിരുവരുന്നത് പ്രിയങ്ക വരുമ്പോഴാണെന്ന് എതിര്‍പാര്‍ട്ടിക്കാരും അടക്കം പറഞ്ഞു. ചുണയുള്ള പ്രിയങ്കയുടെ വാക്കുകളെ എല്ലാവരും വാഴ്ത്തി. പാര്‍ട്ടിക്കുള്ളിലെ ചില തമ്മിലടികള്‍ക്ക് പരിഹാരം കണ്ടെത്തിയതും പ്രിയങ്കയായിരുന്നു. അപ്പോഴും രാഷ്ട്രീയസ്വഭാവമുള്ള ദൗത്യങ്ങളോ സ്ഥാനങ്ങളോ പ്രിയങ്കയ്ക്ക് നല്‍കിയിരുന്നില്ല. പ്രിയങ്കാഗാന്ധി സജീവരാഷ്ട്രീയത്തിലേക്കെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ നിരന്തരം വന്നെങ്കിലും പാര്‍ട്ടി ഔദ്യോഗികസ്ഥാനങ്ങളിലൊന്നും അവരെത്തിയില്ല. രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നു പറഞ്ഞ് സ്വയം മാറിനിന്നു. അമ്മയേയും സഹോദരനെയും തിരഞ്ഞെടുപ്പില്‍ സഹായിക്കുന്നതില്‍ ഒട്ടും വിമുഖത കാണിച്ചിരുന്നുമില്ല. തിളങ്ങാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാതെ വന്ന അവസരങ്ങളിലെല്ലാം പ്രിയങ്കയ്ക്കായി അണികള്‍ മുറവിളി കൂട്ടി.
പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ അഭാവത്തില്‍ അവരുടെ മണ്ഡലമായ റായ്ബറേലിയുടെ കാര്യങ്ങള്‍ നോക്കുകയെന്ന ചുമതല പാര്‍ട്ടി അവരെ ഏല്‍പ്പിച്ചിരുന്നു. രാഷ്ട്രീയമില്ലാതെതന്നെ ജനങ്ങളെ സേവിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ ബിബിസിക്കുനല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. അത് അവസാനവാക്കായി ആരുമെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രിയങ്ക നല്ലൊരു സംഘാടകയാണെന്ന് പലതവണ തെളിയിച്ചതാണ്. എന്തിനെക്കാളുമുപരി പുതിയതായി പരീക്ഷിക്കാന്‍ തങ്ങളുടെ പക്കലുള്ള നിധിയായിട്ടാണ് പ്രിയങ്കയുടെ നേതൃത്വത്തെ കോണ്‍ഗ്രസുകാര്‍ കണ്ടത്. പ്രിയങ്ക ഉത്തര്‍പ്രദേശിലെ ഫൂല്‍പുരില്‍ മത്സരിക്കണമെന്ന് 2013-ല്‍ ആവശ്യമുയര്‍ന്നിരുന്നു. പ്രമേയവും കത്തുമുണ്ടായി. ഭാവി നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് ഉറപ്പിച്ചിരിക്കെ ഇങ്ങനെയൊരു ആവശ്യം പാര്‍ട്ടി മനപ്പൂര്‍വം അവഗണിച്ചുവെന്ന് വലിയൊരു വിഭാഗം വിലയിരുത്തുന്നു.
2019-ല്‍ രാഷ്ട്രീയത്തിലേക്ക്
2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രചാരണചുമതലയേറ്റപ്പോഴാണ് പ്രിയങ്കയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. അനുഭാവികള്‍ ആഹ്ലാദത്തിമിര്‍പ്പിലായിരുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു റോഡ് ഷോയില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിങ്ക് വസ്ത്രമിട്ട് പ്രിയങ്ക സേനയെന്ന പേരില്‍ തെരുവിലിറങ്ങി. ആ പൊതുതിരഞ്ഞെടുപ്പിലും 2022-ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മോശം പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും പ്രിയങ്കയെ അധികമാരും കുറ്റംപറഞ്ഞില്ല. 2019-ല്‍ ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും പ്രിയങ്ക ചുമതലയേറ്റു.

ഉത്തര്‍പ്രദേശിലെ സ്റ്റാര്‍ കാമ്പയിനര്‍
സോണിയാ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയില്‍ ഇത്തവണ ജനവിധി തേടാനിറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കരുത്തുപകര്‍ന്നത് ഗ്രാമങ്ങളിലെ പ്രിയങ്കയുടെ അടിവേരുകളും പ്രവര്‍ത്തനശൈലിയും തന്നെയാണ്. സോണിയയുടെ ഭൂരിപക്ഷ റെക്കോഡ് തകര്‍ത്ത് രാഹുല്‍ വിജയക്കൊടി പാറിച്ചപ്പോള്‍ കരുത്തായി പിന്നില്‍ നിന്നത് പ്രിയങ്കയുടെ വ്യക്തിപ്രഭാവം കൂടിയാണ്. കഴിഞ്ഞ തവണ രാഹുലിന് സ്മൃതി ഇറാനിയോട് അടിയറവു പറയേണ്ടിവന്ന അമേഠിയില്‍ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും സഖ്യത്തിന് വോട്ടുറപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ താരപ്രചാരകയ്ക്ക് ആളുകള്‍ കൈയടിച്ചു. ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എ. സഖ്യത്തെ 62 സീറ്റില്‍ നിന്ന് 32-ലേക്കൊതുക്കാന്‍ ഇന്ത്യാ സഖ്യത്തിനായത് വലിയൊരു മുന്നേറ്റമാണ്.

സമാജ് വാദി പാര്‍ട്ടിക്കൊപ്പമുള്ള സഖ്യത്തിന് ബലംപകരുന്നതിലും പ്രിയങ്കയുടെ കൈകളുണ്ടായിരുന്നു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ ഒരു പുതിയ സഖ്യത്തിന് സാധ്യതയേ ഉണ്ടായിരുന്നില്ല. പക്ഷേ പ്രിയങ്ക കൃത്യസമയങ്ങളില്‍ ഇടപെട്ടു. സീറ്റുവിഭജനസമയത്തെ തര്‍ക്കം പരിഹരിക്കാനും സമവായത്തിലെത്താനും അഖിലേഷ് യാദവുമായി സംസാരിച്ചത് പ്രിയങ്ക നേരിട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ നീക്കിയതിനൊപ്പം കോണ്‍ഗ്രസിന് പ്രധാനമായിരുന്ന സീറ്റുകളുറപ്പിക്കാനും പ്രിയങ്കയ്ക്കായി. പൊതുജനങ്ങളുമായി ആഴത്തില്‍ ബന്ധമുണ്ടാക്കാനും, അവരിലൊരാളായി തോന്നിപ്പിക്കാനും പ്രിയങ്ക ശ്രമിച്ചുകൊണ്ടേയിരുന്നു. വോട്ടര്‍മാരുമായി, പ്രത്യേകിച്ച് സ്ത്രീകളുമായി നേരിട്ട് ഇടപഴകി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും കണ്ടുവരുന്ന പരമ്പരാഗത, സ്റ്റേജ് റാലികളില്‍ നിന്ന് മാറി, ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ചെറിയ യോഗങ്ങള്‍ നടത്തി. വീടുകള്‍ തോറും കയറിയിറങ്ങി അവരെ അടുത്തറിഞ്ഞു. അത് ജനങ്ങളിലും വോട്ടിലും പ്രതിധ്വനിച്ച് വിജയമായി മാറിയെന്നുവേണം കരുതാന്‍.
Content Highlights: priyanka gandhi vadra and her political career
Published: 05 Jun 2024, 04:43 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented