ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങിനിന്ന താരമാണ് പ്രീതി സിന്റ. ബിസിനസുകാരന്‍ നെസ് വാദിയയുമായുണ്ടായ പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ചിരുന്നു. 2016-ലാണ് അമേരിക്കക്കാരനായ ജീന്‍ ഗുഡ്ഇനഫ് എന്നയാളെ പ്രീതി വിവാഹം കഴിക്കുന്നത്. 2021-ല്‍ ഇരുവര്‍ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. വാടകഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. വാടഗര്‍ഭപാത്രം സ്വീകരിക്കുന്നതിനു മുമ്പ് ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയാകാന്‍ താന്‍ ശ്രമിച്ചിരുന്നെന്ന് പറയുകയാണ് താരമിപ്പോള്‍. 

ഐ.വി.എഫ്. ചികിത്സാവേളയില്‍ താന്‍ കടന്നുപോയ മാനസികപ്രയാസങ്ങളെപ്പറ്റി വോഗിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നുപറഞ്ഞു. 'എല്ലാവരെയും പോലെ എനിക്കും നല്ല ദിനങ്ങളും ചീത്ത ദിനങ്ങളുമുണ്ടായിരുന്നു. യഥാര്‍ഥജീവിതത്തില്‍ എപ്പോഴും സന്തോഷത്തോടെയിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍. എന്റെ ഐ.വി.എഫ്. ചികിത്സാവേളയില്‍ എനിക്ക് അങ്ങനെയൊരു സാഹചര്യമായിരുന്നു.'

ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രീതി പങ്കുവെക്കാറുണ്ട്. ഇതില്‍ ഭൂരിഭാഗവും താന്‍ തന്നെ പകര്‍ത്തുന്നതും എഡിറ്റ് ചെയ്യുന്നതുമാണെന്ന് പ്രീതി പറയുന്നു. 

2004-ല്‍ ഇറങ്ങിയ പ്രീതിയുടെ 'വീര്‍ സാറ' എന്ന ചിത്രം ഈ മാസം റീറിലീസിനൊരുങ്ങുകയാണ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകവേഷത്തിലെത്തുന്നത്. സണ്ണി ഡിയോളിനൊപ്പം ഭയ്യാജി സൂപ്പര്‍ഹിറ്റ് എന്ന ചിത്രത്തിലാണ് പ്രീതി ഒടുവിലഭിനയിച്ചത്. രാജ്കുമാര്‍ സന്തോഷിന്റെ 'ലാഹോര്‍ 1947' ആണ് വരാനിരിക്കുന്ന ചിത്രം.