1999-ല്‍ പുറത്തിറങ്ങിയ 'മഴവില്ല്' എന്ന മലയാളംസിനിമ. കുഞ്ചാക്കോ ബോബനും വിനീതും പ്രധാനകഥാപാത്രങ്ങളായ സിനിമ. അതില്‍ കുഞ്ചാക്കോ ബോബന്റെ നായികയായത് മുംബൈ സ്വദേശിയായ പ്രീതി ജംഗിയാനിയാണ്. ഭര്‍ത്താവിനുപിന്നാലെ മരണത്തിലേക്ക് കടന്നുപോകുന്ന, വീണ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായി. മലയാളത്തിനുശേഷം തെലുഗു, ഹിന്ദി, കന്നഡ, സിന്ധി, പഞ്ചാബി, രാജസ്ഥാനി സിനിമകളുടെയും ഭാഗമായി പ്രീതി.
മുംബൈയിലാണ് പ്രീതി ജനിച്ചുവളര്‍ന്നത്. മോഡലിങ് തന്നെയായിരുന്നു ചെറുപ്പം മുതലേ താത്പര്യം. അവിചാരിതമായിട്ടാണ് 'യേ ഹെ പ്രേം' എന്ന മ്യൂസിക് വീഡിയോയില്‍ അബ്ബാസിന്റെ ജോഡിയായെത്തുന്നത്. തൊട്ടുപിന്നാലെ കുറേ പരസ്യവീഡിയോകളില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. നിമ സാന്ഡല് സോപ്പിനുവേണ്ടിയുള്ള പരസ്യമാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ആ പരസ്യമാണ് സിനിമയിലേക്കുള്ള വഴിതെളിക്കുന്നതും.
ബിരുദത്തിന് പഠിക്കുമ്പോഴാണ്, 'മഴവില്ലി'ലേക്കുള്ള അവസരം കിട്ടുന്നത്. ഓസ്ട്രിയയിലായിരിക്കും ഷൂട്ടിങ് എന്നറിഞ്ഞപ്പോഴാണ് ഓകെ പറഞ്ഞതെന്ന് പ്രീതി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു നല്ല വെക്കേഷന് ആഘോഷിക്കാമല്ലോ എന്നായിരുന്നു ചിന്ത. മലയാളംസിനിമ കഴിഞ്ഞതോടെ, 'ഹലോ' എന്ന തമിഴ് സിനിമയില്‍ പ്രശാന്തിന്റെ നായികയായി. തൊട്ടുപിറകെ 'മൊഹബ്ബത്തേന്‍' എന്ന ബോളിവുഡ് സിനിമയിലും അഭിനയിച്ചു. അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, ഐശ്വര്യ റായ് തുടങ്ങിയവര്‍ പ്രധാനതാരങ്ങളായ സിനിമയില്‍, പ്രീതിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ സജീവമായതോടെ ബിരുദം പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല.
പക്ഷേ നല്ല തുടക്കമായിരുന്നിട്ടും, വ്യത്യസ്തമായ വേഷങ്ങളൊന്നും പിന്നീട് പ്രീതിയെ തേടിയെത്തിയില്ല. എല്ലാം ഒരുപോലുള്ള കഥാപാത്രങ്ങള്‍. പെട്ടെന്നൊരു നാള് അവര്‍ സിനിമയില്‍നിന്ന് അപ്രത്യക്ഷയായി. ''എനിക്കിഷ്ടപ്പെട്ട റോളുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല. എല്ലാ സിനിമയിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കണമെന്നല്ല. ആളുകളുടെ മനസ്സിലെന്നും നിലനില്‍ക്കുന്ന കഥാപാത്രം വേണമെന്നതായിരുന്നു ആഗ്രഹം. അത് കിട്ടുന്നില്ലെന്ന് മനസ്സിലായപ്പോഴാണ് സിനിമയില്‍നിന്ന് മാറാന്‍ തീരുമാനിച്ചത്'', പ്രീതി ഒരിക്കല്‍ പറഞ്ഞതിങ്ങനെ. 2023-ലാണ് പിന്നീടവര്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. ഇത്തവണ 'കഫാസ്' എന്ന വെബ്സീരീസിലൂടെയായിരുന്നു.
അതിനിടയില്‍ ബിസിനസിലേക്കും കടന്നു പ്രീതി. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ആം-റെസ്ലിങ് ലീഗായ പ്രൊ പഞ്ച ലീഗിനു (പി.പി.എല്‍)പിന്നിലും പ്രീതിയും ഭര്‍ത്താവായ പര്‍വീണ്‍ ദബസുമാണ്. നടന് കൂടിയായ പര്‍വീണും പ്രീതിയും 2008-ലാണ് വിവാഹിതരാവുന്നത്. പി.പി.എല്ലിന്റെ തിരക്കുകളിലാണ് പ്രീതി ഇപ്പോള്‍.
Content Highlights: preeti jhangiani is wellknown for her roles in mazhavillu and mohabbatein
Published: 02 Mar 2025, 03:06 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented